തിരുവനന്തപുരം: അറബിക്കടലിലെ അതിതീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 120 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 300 കിമീ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറുമായാണ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി(Severe Cyclonic Storm) മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 62 കി.മീ മുതൽ 88 കി.മീ ആകുന്ന ഘട്ടമാണ് ചുഴലിക്കാറ്റ് എന്ന് വിളിക്കുന്നത്. ചുഴലിക്കാറ്റായി മാറിയ ശേഷം വടക്ക്, വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും മെയ് 18 നോട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗുജറാത്ത്, ദിയു തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവിടെനിന്ന് രാജസ്ഥാനിലേക്കു കടക്കാൻ സാധ്യതയുണ്ട്.
ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരും. കനത്തമഴയും കാറ്റും വെള്ളിയാഴ്ച പലയിടത്തും നാശംവിതച്ചു.ന്യൂനമർദം വെള്ളിയാഴ്ച രാത്രി കണ്ണൂർ തീരത്തുനിന്ന് 300 കിലോമീറ്റർമാത്രം അകലെയായിരുന്നു. അതിനാൽ വടക്കൻ കേരളത്തിലാണ് മഴയും കാറ്റും കൂടുതൽ ലഭിച്ചത്. അഞ്ച് വടക്കൻ ജില്ലകളിലാണ് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചത്,. മഴയും കാറ്റും ഞായറാഴ്ചയും തുടരും.
റെഡ് അലർട്ട്
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഓറഞ്ച് അലർട്ട്
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ
യെല്ലോ അലർട്ട്
തിരുവനന്തപുരം, പാലക്കാട്
LIVE BLOG
Conent Highlight; Cyclone Tauktaeform over Arabian Sea