കൊച്ചി: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായ സാഹചര്യത്തിൽ മലങ്കര ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾക്ക് പുറമേ ഒരു ഷട്ടർ കൂടി ഉയർത്താൻ തീരുമാനമായി. ശനിയാഴ്ച രാവിലെ എട്ട് മണിയോടുകൂടിയാണ് മൂന്നാമത്തെ ഷട്ടറും തുറക്കുക. മുന്നു ഷട്ടറുകളും 50 സെന്റി മീറ്റർ വീതം ഉയർത്തി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് നൽകിയിരിക്കുന്നത്.
തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് അധിവസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
മലങ്കരഡാമിന്റെ മുന്നു ഷട്ടറുകളും (ഷട്ടർ 3, 4, 5) 50 സെ.മീ. വീതം ഉയർത്തി ജലം പുഴയിലേയ്ക്ക് ഒഴുക്കി ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനാണ് ശ്രമിക്കുന്നത്. അതേസമയം, അതിതീവ്ര മഴ ഉണ്ടാവുകയാണെങ്കിൽ ഷട്ടറുകൾ ആവശ്യാനുസരണം ഘട്ടം ഘട്ടമായി ഒരു മീറ്റർ വരെ ഉയർത്തി നിയന്ത്രിതമായ അളവിൽ ജലം പുഴയിലേയ്ക്ക് ഒഴുക്കുന്നതിനും ദുരന്തനിവാരണ അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്.
ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നത് സംബന്ധിച്ച് പുഴയുടെ ഇരുവശങ്ങളിലും താമസിക്കുന്നവർക്ക് മൈക്ക് അനൗൺസ്മെന്റിലൂടെയും പ്രാദേശിക മാധ്യമങ്ങൾ മുഖേനയും ആവശ്യമായ സുരക്ഷാ മുന്നറിയിപ്പുകൾ യഥാസമയം നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അടിയന്തിര സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ദുരന്തനിവാരണ സേന നിർദ്ദേശിച്ചു.
അതേസമയം മാർത്താണ്ഡവർമ, മംഗലപുഴ, കാലടി, മൂവാറ്റുപുഴ, കാളിയാർപുഴ, കോതമംഗലം എന്നീ പുഴകളിൽ നിലവിൽ താഴ്ന്ന ജലനിരപ്പാണെന്നും വെള്ളപ്പൊക്ക സാധ്യത മുന്നറിയിപ്പിന് താഴെയാണ് നിലവിലെ ജലനിരപ്പെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.
അടിയന്തിര സാഹചര്യം നേരിടാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രോഗ്രാം ഓഫീസർമാരുടെയുംദ്രുതകർമ്മ സേനയുടെയുംസർവെയ്ലൻസ് യൂണിറ്റിന്റെയുംആരോഗ്യ സ്ഥാപനങ്ങളിലെ സൂപ്രണ്ടുമാരുടെയും അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
Content Highlights:cyclone tauktae malamkara dam shutters will open