മാടമ്പ് കുഞ്ഞുകുട്ടനുമായി ഏകദേശം ആറ് പതിറ്റാണ്ടോളം നീണ്ട ബന്ധമാണ്. കലഹിച്ചും കൂട്ടുകൂടിയും ഉള്ള ദീർഘ സൗഹൃദമായിരന്നു മാടമ്പും ഞാനുമായുള്ളത്. എത്ര വഴക്കിട്ടാലും പിണങ്ങിയാലും വീണ്ടും ഒന്നാകുന്ന എന്തോ ഒരു ‘രസക്കൂട്ട്’ എക്കാലത്തും ഞങ്ങൾ തമ്മിലുണ്ടായിരുന്നു.
മാടമ്പിനെ ഞാൻ ആദ്യമായി കാണുന്നത് 1973 ലാണ് എന്നാണ് എന്റെ ഓർമ്മ. കെ ആർ മോഹനൻ പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠനം കഴിഞ്ഞ് തിരികെ വന്ന് സ്വന്തമായി സിനിമ ചെയ്യണം എന്ന ആഗ്രഹവുമായി നടക്കുന്ന കാലം. ഞാനും സിനിമാ മോഹമുള്ളയാളാണ്. അന്ന് ഗൾഫിലാണ് ഞാൻ. ഞാൻ പ്രൊഡ്യൂസറായും മോഹനൻ സംവിധായകനായും ചിത്രം ചെയ്യാൻ തീരുമാനിച്ചു. മാടമ്പിന്റെ ‘അശ്വത്ഥാമാവ്’ എന്ന നോവൽ സിനിമാക്കുന്നതിനെ കുറിച്ച് ആലോചിച്ചു.
ഞങ്ങൾ അദ്ദേഹത്തെ പോയി കണ്ടു. മാടമ്പിന് അന്ന് ഞങ്ങളെ പരിയമില്ല. മോഹനനെ എം ടി പറഞ്ഞ് കേട്ടിട്ടുണ്ട് എന്ന് പറഞ്ഞു. എന്നെ ഒരുവിധത്തിലും അറിയുകയുമില്ല. അക്കാലത്തെ മാടമ്പ് കുറച്ച് ഗൗരവം കൂടിയ ആളാണ്. അന്ന് മാടമ്പ് കത്തിനിൽക്കുന്ന കാലമാണ്. ‘ഭ്രഷ്ട്’ ഒക്കെ വലിയ ചർച്ചയായ കാലം. മാടമ്പിനോട് ഞങ്ങൾ ‘അശ്വത്ഥാമാവ്’ സിനിമായാക്കാനുള്ള ആശയം പങ്കു വച്ചു. ‘എന്റെ നോവലിന്റെ മാറ്റുരയ്ക്കൽ അല്ല സിനിമ. സിനിമ നിങ്ങളുടെ ആവശ്യമാണ്, എന്റെ ആവശ്യമല്ല. അതു കൊണ്ട് പൈസ തന്നാൽ തരാം. പിന്നെ നിങ്ങൾ എന്ത് ചെയ്യുന്നു എന്നത് എന്റെ പ്രശ്നമല്ല.’ എന്നായിരുന്നു മറുപടി.
ഞങ്ങൾ നല്ല ചെറുപ്പം ആണ്. എന്താണ് പറയുക എന്ന ആലോചിച്ചു. അന്ന് രണ്ടായിരം രൂപ പറഞ്ഞു. അന്ന് രണ്ടായിരം രൂപ എന്നൊക്കെ പറഞ്ഞാൽ വലിയ തുകയാണ്. അപ്പോൾ മാടമ്പ് ചോദിച്ചു, ‘ഗുണകോഷ്ഠം പഠിച്ചിട്ടുണ്ടോ’?. പിന്നെ ഇങ്ങനെ തുടർന്നു, ‘എങ്കിൽ അതിനെ നാല് കൊണ്ട് ഗുണിക്കുക അത് തന്നാൽ നിങ്ങൾക്ക് റൈറ്റ് തരാം. അല്ലെങ്കിൽ നമുക്ക് സംഭാരമൊക്കെ കുടിച്ച്, സംസാരിച്ച്, സ്നേഹത്തോടെ പിരിയാം.’ അടുക്കാൻ പറ്റുന്ന വർത്തമാനമല്ല പറഞ്ഞത് എന്ന് എനിക്ക് ഉറപ്പായി. എന്നിട്ടും ഞങ്ങൾ കുറേനേരം അവിടെയിരുന്ന് ഞങ്ങൾ സംസാരിച്ചു. പോരുന്ന നേരത്ത് ‘കൈപറപ്പിൽ എന്റെ അമ്പലത്തിൽ ഒരു ഉത്സവം ഉണ്ട് അന്ന് അവിടെ വരുമോ?’ എന്ന് മാടമ്പ് ഞങ്ങളോട് ചോദിച്ചു. ‘വരാൻ എന്താ കുഴപ്പം വരാമല്ലോ,’ എന്ന് ഞങ്ങൾ മറുപടിയും പറഞ്ഞു.
ഞങ്ങൾ ഉത്സവത്തിന് പോയി. അദ്ദേഹത്തിന്റെ അമ്പലമാണ് അത്. ഞങ്ങൾ അവിടെ ചെല്ലുമ്പോൾ മാടമ്പ് പരിവാരുമായി ഇരുന്നു സംസാരിക്കുകയാണ്. ഞങ്ങളോട് സ്നേഹത്തിലും ബഹുമാനത്തിലും ഉള്ള സംസാരമായി, മടങ്ങാൻ വരാൻ നേരത്ത് എന്തായി തിരക്കഥ എന്ന് ചോദിച്ചു. പിന്നീട് ഒരു കാലത്തും ഞാൻ കൊടുത്തത് അല്ലാതെ അതിനായി മാടമ്പ് പൈസ ചോദിച്ചിട്ടില്ല.
സുകുമാരന് പകരം വന്ന നായകൻ
മാടമ്പിന്റെ ‘അശ്വത്ഥാമാവ്’ എന്ന നോവൽ ആസ്പദമാക്കി കെ ആർ മോഹനൻ സംവിധാനവും ഞാൻ നിർമ്മാണവും നിർവ്വഹിക്കുന്ന സിനിമയിൽ നായകനായതും മാടമ്പായിരുന്നു. അതും വളരെ രസരകരമായ ഒരു കഥയാണ്. വേണമെങ്കിൽ സിനിമയിലെയും ജീവിതത്തിലെയും വഴിത്തിരിവ് എന്നും പറയാം.
‘അശ്വത്ഥമാവിൽ’ നായകനായി തീരുമാനിച്ചത് അന്നത്തെ വലിയ താരങ്ങളിലൊരായിരുന്ന സുകുമാരനെയാണ്. നായിക വിധുബാലയും. ഷൂട്ടിങ്ങ് തുടങ്ങി നാല് ദിവസം സുകുമാരൻ ഉണ്ടായിരുന്നു. നാല് ദിവസം കഴിഞ്ഞപ്പോൾ സുകുമാരൻ ‘ബന്ധനം’ എന്ന എം ടി സിനിയമിൽ അഭിനയക്കാൻ പോയി.
സിനിമയെ കുറിച്ച് അന്വേഷിക്കാൻ ചെന്നപ്പോൾ നിലമ്പൂർ ബാലൻ പറഞ്ഞു അയാൾ സിനിമ (ബന്ധനം) കഴിഞ്ഞേ ഇനി വരൂ എന്ന്. എന്ത് ചെയ്യണമെന്ന് ചോദിച്ച് മാടമ്പ്, മുല്ലനേഴി, മോഹനനും കൂടെ നിലമ്പൂരിൽ ഷൂട്ടിങ്ങിനായി വീട് എടുത്ത് താമസിക്കുന്ന എന്റെ അടുത്ത് എത്തി. ഒന്നുകിൽ ഷൂട്ടിങ് നിർത്തി വെക്കണം അല്ലങ്കിൽ വേറെ ഒരാളെ വച്ച് ഷൂട്ടിങ് തുടരണം. പകരം ഒരാളെ വച്ച് ഷൂട്ടിങ് തുടങ്ങിയാലോ. അപ്പോൾ മോഹനനാണ് മാടമ്പിനെ നായകനാക്കാനുള്ള അഭിപ്രായം മുന്നോട്ട് വച്ചത്. നിർമ്മാതാവ് എന്ന നിലയിൽ തീരുമാനം എടുക്കേണ്ടിയിരുന്നത് ഞാനാണ്. സുകമാരനെ മാറ്റി മാടമ്പിനെ നായകനാക്കി സിനിമയെടുക്കാനുള്ള തീരുമാനം ഞാൻ വ്യക്തമാക്കി. അന്ന് സുകുമാരനെ മാറ്റി മാടമ്പിനെ നായകനാക്കാനുള്ള തീരുമാനം വലിയ ചർച്ചയായി. കേരളം മുഴുവൻ ആ വിഷയം ചർച്ച ചെയ്തു. അന്ന് വലിയ താരമാണ് സുകുമാരൻ. ആ സുകുമാരനെ മാറ്റിയാണ് മാടമ്പിനെ നായകനാക്കിയത്. ഞങ്ങളുടെയെല്ലാം ജീവതത്തിലെ പ്രധാന മൂഹൂർത്തിലെടുത്ത തീരുമാനം ആയിരുന്നു അത്. ഇതേ തുടർന്ന് സുകുമാരന് മോഹനനോട് ഒരു ഗൗരവം ഉണ്ടായിരുന്നു.
മാടമ്പിന് അഭിനയത്തിന്റെ ആദ്യ ദിവസം സഭാകമ്പം ഉണ്ടായി. എന്നാൽ, വളരെ പെട്ടെന്ന് അദ്ദേഹം അതെല്ലാം മറികടന്ന് സ്വാഭാവികമായി സിനിമാ അഭിനയവുമായി ഇഴുകി ചേർന്നു. അത്തവണ ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാർഡ് സുകുമാരനാണ് കിട്ടിത്. ആ അവാർഡ് പരിഗണയിൽ അവസാനം വരെ മാടമ്പും ഉണഅടായിരുന്നു എന്നതാണ് അതിലെ രസകരമായ വസ്തുത.
‘അശ്വത്ഥാമാവിൽ’ നിന്നൊരു ആത്മബന്ധം
അതായിരുന്നു തുടക്കം. പിന്നീട് അത് വലിയ ദീർഘകാലം ആത്മ ബന്ധമായി തുടർന്നു. ഞങ്ങളുടെ കുടുംബങ്ങളിൽ എന്ത് ആവശ്യമുണ്ടെങ്കിലും മാടമ്പ് ഉണ്ടാകും. തിരികെ ഞങ്ങളെയും വിളിക്കും. നിരവധി തവണ അഭിപ്രായവ്യത്യാസം ഉണ്ടായി. വ്യത്യസ്ത രാഷ്ട്രീയ ചേരികളിലേക്ക് പോയി. എന്നിട്ടും ഞങ്ങളുടെ ബന്ധത്തിലൊരു മാറ്റവും ഉണ്ടായിട്ടില്ല. മാടമ്പ് അനുഭവം രസകരമായിരന്നു. എന്റെ വിവാഹത്തിലൊക്കെ മാടമ്പ് പങ്കെടുത്തിരുന്നു.
തൃശൂർ, കുന്ദംകുളം ഭാഗങ്ങളിൽ മുമ്പ് ഒരു കൂട്ടായ്മ ഉണ്ടായിരുന്നു. മാടമ്പ്, കെ ആർ മോഹനൻ, മുല്ലനേഴി, ശ്രീരാമൻ, സിവി ശ്രീരാമൻ, കെ എൻ ശശിധരൻ, പവിത്രൻ, എഴുത്തുകാര്‍ സിനിമാക്കാർ തുടങ്ങിയവര്‍ ചേര്‍ന്ന സാംസ്കാരിക കൂട്ടായ്മ. ഒന്നിച്ചു ചേരുകയും കലഹിക്കുകയും തെറ്റിപ്പിരിയുകയും വീണ്ടും ഒന്നിക്കുകയും ചെയ്യുമായിരുന്നു കൂട്ടായ്മ.
ഞാൻ 1994 ൽ തിരഞ്ഞെടുപ്പി നിൽക്കുമ്പോള്‍ സംസ്കാരിക പ്രവർത്തകരുടെ പ്രസ്താവന എന്നെ വിജയിപ്പിക്കാനായി ഇറക്കി. മാടമ്പ് ആ പ്രസ്താവനയിൽ ഒപ്പിടാൻ തയ്യാറായില്ല. എന്നാൽ മാടമ്പ് ഒരു കഠിന ബി ജെ പിക്കാരനായിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്. മാടമ്പ് ഒരു കമ്മിറ്റഡ് രാഷ്ട്രീയക്കാരൻ ആയിരുന്നില്ല. മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് വരുമ്പോൾ അദ്ദേഹത്തിന്റെ ബന്ധിവിന് ഗുരുവായൂർ വോട്ട് ഉണ്ട്. അവിടെ മത്സരിക്കുന്ന സി പി എം സ്ഥാനാർത്ഥി കൃഷ്മദാസിന് വോട്ട് ചെയ്യാൻ ബന്ധുവിനോട് പറയാനായി ഞാൻ വിളിക്കും. ഇത്തവണയും ആറ് മാസം മുമ്പും കൃഷ്ണദാസിന് വോട്ട് ചെയ്യാൻ മാടമ്പിനെ കൊണ്ട് വിളിപ്പിച്ചു. അങ്ങനെ പറയുന്ന ഒരു ആവശ്യം അത് ഒരു കാലത്തും മാടമ്പ് നിരസിച്ചിട്ടില്ല. അങ്ങനെയുള്ള ബന്ധം മാടമ്പ് കഞ്ഞുകുട്ടനുമായി ഉണ്ടായിരുന്നു.
പ്രസിദ്ധനായ എഴുത്തുകരാനായിരുന്നപ്പോഴും റിബലിന്റെ സ്വഭാവം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ആളുകളോട് സ്കൂളിൽ പോയിട്ടില്ല എന്നൊക്കെ പറയുന്ന രീതിയിൽ തുടങ്ങും അത്. കെ ആർ മോഹനൻ മരിക്കുന്നത് വരെ ഞങ്ങൾ രണ്ട് പേരും സ്ഥിരമായി മാടമ്പിന്റെ അടുത്ത് പോകും. ഏറെ നേരം മാടമ്പുമായി വർത്തമാനം പറഞ്ഞ് തിരികെ പോരും. സുഖമില്ലാതായപ്പോൾ മാടമ്പിനെ പോയി കണ്ടിരുന്നു. കോവിഡ് വന്നതിന് ശേഷം പോകാൻ കഴിഞ്ഞില്ല.
ചെറിയ ചില സദിരുകളിൽ ഞാൻ ഓരോന്ന് പറഞ്ഞ് പ്രകോപിപ്പിക്കുമ്പോൾ പാകിസ്ഥാനിലേക്ക് പോകാൻ എന്നോട് പറയും. ഒരു കണ്ടീഷൻ ഉണ്ടെന്ന് ഞാനും പറയും. ആദ്യം ശ്രീരാമനെയും കെ ആർ മോഹനനെയും ശ്രീലങ്കയലേക്ക് വിടണം. ആദ്യം അവരെ പറഞ്ഞ് അയക്കണം അങ്ങനെയെങ്കിൽ പിന്നാലെ ഞാനും പോകാം ഇങ്ങനെയുള്ള തമാശ വർത്തമാനങ്ങൾ ഒരുപാടുണ്ട്.
മാടമ്പും ഞാനും കൂടി ഒരിടത്ത് പ്രസംഗിക്കാൻ പോയി. ഞാനന്ന് എം എൽ.എ. മാടമ്പ് ഉദ്ഘാടനകനും ഞാൻ അധ്യക്ഷനും. ‘വോട്ട് ചെയ്യുന്നത് അത്ര കേമമായ കാര്യമല്ല. വോട്ട് ചെയ്തില്ലെങ്കിലും ജീവിക്കാം. ഇയാൾ എം എൽ എ ആണല്ലോ’ എന്നൊക്കെ പരിഹസിച്ച് മാടമ്പ് പ്രസംഗിച്ചു. കുരുത്തക്കേട് കൂടുതലായതിനാൽ ഇതിന് മറുപടിയായി ഞാൻ പ്രസംഗിച്ചത് ഇങ്ങനെയാണ്: ഭീരുക്കളാണ് വോട്ട് ചെയ്യാത്തവർ, തങ്ങൾ വോട്ട് ചെയ്തവർ തോറ്റാൽ തങ്ങൾക്ക് എന്തെങ്കിലും നഷ്ടകമാകുമെന്ന ഭയത്താലാണ് അവർ വോട്ട് ചെയ്യാത്തത്. എന്റെ മറുപടി കേട്ട മാടമ്പ് ചിരിച്ചു കൊണ്ട് ‘തന്നെ കൊണ്ട് തോറ്റു,’ എന്ന് പറഞ്ഞു. അതു പോലെ ശ്രീരാമന്റെ വീട്ടിലൊക്കെ സംഭാഷണങ്ങൾ നടക്കുമ്പോൾ ആ സദിരിനിടയിൽ വഴക്ക് ഉണ്ടാകും. മാടമ്പ് ഇറങ്ങി പോകും. കൊമ്പുകോർക്കലും സൗഹൃദവും ഒക്കെ ഞങ്ങളുടെ ഇടയിൽ പതിവ് സംഭവങ്ങളാണ്.
വ്യത്യസ്ത ചിന്താധാരകളിലൂടെ സഞ്ചരിക്കുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഗുരുവായൂർ വരുമായിരുന്നു. ഒരിക്കൽ അമ്പലത്തിൽ വന്നിട്ട് വീട്ടിൽ വന്നു. എന്നിട്ട് എന്നോട് പറഞ്ഞു. ‘അമ്പലത്തിൽ പോയി തൊഴാൻ നോക്കി ഭഗവാന്റെ മുന്നിൽ നിന്നപ്പോൾ എനിക്ക് ഒരു തോന്നൽ ഞാൻ തൊഴാൻ മാത്രം നീയുണ്ടോ. സംശയിച്ചു പോയി അങ്ങനെ തൊഴാതെ തന്റെ അടുത്തേക്ക് വന്നു.’ ഇങ്ങനെ വളരെ ദാർശനികമായ ചോദ്യം ഉന്നയിച്ചു മാടമ്പ് നമ്മളെ ചിന്താലോകത്തേക്ക് തള്ളിയിടും. ഇങ്ങനെ അമ്പലത്തിൽ നിന്നും ഇറങ്ങി വന്ന ദാർശനിക ചോദ്യം ഉന്നയിച്ച മാടമ്പ് വീണ്ടും അവിടെ പോയി ഭക്തിയോടെ തൊഴുകയും ചെയ്യും. അദ്ദേഹത്തിന്റേതായ ദാർശനികമായ കാഴ്ചപ്പാടിൽ രൂപപ്പെടുത്തിയെടുക്കുന്ന സമീപനങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. ഉള്ളിലെ റിബൽ എപ്പോഴും ഉണ്ടായിരുന്നു.
വലിയ സ്നേഹമുള്ള, മൂല്യങ്ങളുള്ള ആളുകൾ നഷ്ടമാകുന്നു. ജീവിതത്തെ വ്യത്യസ്തമായി നോക്കിക്കാണാൻ ശ്രമിച്ച വ്യക്തിയാണ് മാടമ്പ്. പ്രലോഭനങ്ങൾക്ക് വഴിപ്പെടുന്ന ആളായിരുന്നില്ല. സ്വന്തം അഭിപായം എക്കാലത്തും നിർഭയം തുറന്നു പറയുന്ന ആളായിരുന്നു അദ്ദേഹം.
Read Here: വിട; മാടമ്പിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാലോകം
The post മാടമ്പ് കുഞ്ഞുകുട്ടൻ: കലഹവും വിശ്വാസവും appeared first on Indian Express Malayalam.