ന്യൂഡല്‍ഹി: വ്യാജ കോവിഡ് വാക്സിന്‍ റജിസ്ട്രേഷന്‍ ആപ്ലിക്കേഷനുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‍പോണ്‍സ് ടീം (സിഇആര്‍ടി). വാക്സിനേഷന് അവസരം ലഭിക്കുന്നതിനായി നിരവധി ആളുകള്‍ ബുദ്ധിമുട്ട് നേരിടുകയാണ് രാജ്യത്ത്. ഈ സാഹചര്യം ഹാക്കര്‍മാര്‍ മുതലെടുക്കുകയും വ്യാജ പതിപ്പുകള്‍ പുറത്തിറക്കുകയും ചെയ്യുന്നു. കോവിഡ് വാക്സിന്‍ റജിസ്റ്റര്‍ ചെയ്യാനായി ആപ്ലിക്കേഷന്‍ വാക്ദാനം ചെയ്തുകൊണ്ട് നിരവധി സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്.
“ഇത്തരം സന്ദേശങ്ങളില്‍ ഒരു ലിങ് ഉണ്ടായിരിക്കും. ഇത് വ്യാജ ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ളതാണ്. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനായി അനുമതി ആപ്ലിക്കേഷനിലൂടെ ഹാക്കര്‍ക്ക് ലഭിക്കും,” സിഇആര്‍ടി മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ലഭിക്കുന്ന സന്ദേശങ്ങള്‍ എല്ലാം വ്യത്യസ്തമായിരിക്കാം. പക്ഷെ എല്ലാം ആവശ്യപ്പെടുന്നത് ഓരേ വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനാണ്.
സിഇആര്‍ടിയുടെ വിശകലനം അനുസരിച്ച് അഞ്ച് വ്യാജ കോവിഡ് വാക്സിന്‍ റജിസ്ട്രേഷന്‍ ആപ്പുകളാണ് നിലവില്‍ ഉള്ളത്. Covid-19.apk, Vaci__Regis.apk, MyVaccin_v2.apk, Cov-Regis.apk, and Vccin-Apply.apk എന്നിവയാണ് വ്യാജ പതിപ്പുകള്‍. ഉപയോക്താക്കള്‍ പ്രസ്തുത ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും ഇത്തരം സന്ദേശങ്ങളോ കോളുകളോ ലഭിക്കുകയാണെങ്കില്‍ ജാഗ്രത പാലിക്കണമെന്നും സിഇആര്‍ടി നിര്‍ദേശിച്ചിട്ടുണ്ട്.
കോവിഡ് വാക്സിന്‍ റജിസ്ട്രേഷന്‍ കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും ചെയ്യാം.
കോവിന്‍ പോര്‍ട്ടല്‍
- കോവിന്‍ വെബ്‌സൈറ്റില്‍ (https://www.cowin.gov.in) ‘റജിസ്റ്റര്‍/സൈന്‍ ഇന്‍ യുവേഴ്‌സെല്‍ഫ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
- മൊബൈല്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തി ഒടിപി ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
- മൊബൈലില്‍ ലഭിക്കുന്ന ഒടിപി നമ്പര്‍ വെബ്‌റ്റൈില്‍ രേഖപ്പെടുത്തി ‘വെരിഫൈ’ എന്നതില്‍ ക്ലിക്ക് ചെയ്യുക
- തുടര്‍ന്ന് ‘റജിസ്‌ട്രേഷന്‍ വാക്‌സിനേഷന്‍’ പേജില്‍ പേര്, ലിംഗം, ജനന തിയതി, ഫൊട്ടൊ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ മറ്റു വിവരങ്ങള്‍ എന്നിവ രേഖപ്പെടുത്തി ‘റജിസ്റ്റര്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക
- രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, അപ്പോയിന്റ്‌മെന്റ് ഷെഡ്യൂളിനുള്ള ഓപ്ഷന്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്ത വ്യക്തിയുടെ പേരിന് അടുത്തുള്ള ‘ഷെഡ്യൂള്‍’ എന്നതില്‍ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ പിന്‍ കോഡ് നല്‍കി തിരയുക. പിന്‍ കോഡിലെ കേന്ദ്രങ്ങള്‍ ലഭ്യമാവുന്നതോടെ തിയതിയും സമയവും തിരഞ്ഞെടുത്ത് ‘കണ്‍ഫേം’ എന്നതില്‍ ക്ലിക്ക് ചെയ്യുക
ആരോഗ്യ സേതു ആപ്പ്
- ആരോഗ്യ സേതു ആപ്പ് സന്ദര്‍ശിച്ച് ഹോം സ്‌ക്രീനിലെ കോവിന്‍ ടാബില്‍ ക്ലിക്ക് ചെയ്യുക
- ‘വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍’ തിരഞ്ഞെടുത്ത് ഫോണ്‍ നമ്പര്‍ നല്‍കുക
- തുടര്‍ന്ന് ഫോണില്‍ ലഭ്യമാകുന്ന ഒടിപി നമ്പര്‍ നല്‍കിയശേഷം ‘വെരിഫൈ’ എന്നതില്‍ ക്ലിക്ക് ചെയ്യുക
- ‘റജിസ്‌ട്രേഷന്‍ വാക്‌സിനേഷന്‍’ പേജില്‍, കോവിന്‍ പോര്‍ട്ടല്‍ വഴിയുള്ള രജിസ്‌ട്രേഷനുവേണ്ടി പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങളിലെ ഘട്ടങ്ങള്‍ പാലിക്കുക.
The post കോവിഡ് വാക്സിൻ റജിസ്ട്രേഷൻ: വ്യാജ ആപ്ലിക്കേഷനുകൾ സൂക്ഷിക്കുക appeared first on Indian Express Malayalam.