ലോകത്തിലെ ഏറ്റവും ഭാരമേറിയ മാങ്ങയെന്ന ഗിന്നസ് റെക്കോഡിന് അർഹമായിരിക്കുകയാണ് കൊളംബിയയിലുണ്ടായ ഒരു മാങ്ങ. കൊളംബിയയിലെ ഗ്വൊയാറ്റയിലുള്ള കർഷകദമ്പതികളായ ഒർലാൻഡോ നോവ ബാരെറ, റീന മരിയ മറോക്വീൻ എന്നിവരുടെ ഫാമിലുള്ള മാങ്ങയാണ് റെക്കോഡ് സ്വന്തമാക്കിയത്.
ഈ മാങ്ങയുടെ ഭാരം എത്രയെന്നോ? 4.25 കിലോ! മുമ്പ് ഈ റെക്കോഡിന് അർഹമായത് ഫിലിപ്പീൻസിൽ നിന്നുള്ള മാങ്ങയ്‍ക്കായിരുന്നു. 3.43 കിലോ ഭാരമുണ്ടായിരുന്നു ആ മാങ്ങയ്‍ക്ക്. വളരെ അപ്രതീക്ഷിതമായിട്ടാണ് മാങ്ങയുടെ വളർച്ച ഈ ദമ്പതികൾ കണ്ടത്. ഫാമിലെ മറ്റു മാങ്ങകളിൽനിന്ന് വ്യത്യസ്തമാണ് ഈ മാങ്ങയെന്നും അസാധാരണമായ വളർച്ച അതിനുണ്ടെന്നും അവർ തിരിച്ചറിഞ്ഞു.
ഇവരുടെ മകളായ ഡാബെജി ഇന്റർനെറ്റിൽ മാങ്ങകളുടെ റെക്കോഡ് തിരയുകയും ലോകത്തിലെ ഏറ്റവും ഭാരമുള്ള മാങ്ങ തങ്ങളുടെ വീട്ടിലേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഏഷ്യയിലാണ് മാങ്ങ കൂടുതലായി കാണപ്പെടുന്നത്. കൊളംബിയയിൽ വളരെ കുറഞ്ഞ തോതിൽ മാത്രമേ മാവ് വളർത്തുന്നുള്ളൂ. റെക്കോർഡ് ബുക്കിൽ ഇടംനേടിയ ശേഷം ആ കുടുംബം മാമ്പഴം രുചിച്ചു. വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമായ മാമ്പഴമായിരുന്നു അതെന്ന് കുടുംബം അറിയിച്ചു. ചരിത്രപ്രാധാന്യമുള്ളതുകൊണ്ട് ഈ മാങ്ങയുടെ ഒരു മാതൃക നിർമിച്ച് മുൻസിപ്പാലിറ്റിക്ക് നൽകാനും ഇവർ മറന്നില്ല.
Content highlights :worlds heaviest mango get guiness records in colombia