“ചെറോളം പാലത്തിന്റെ മൂട്ടിലിരുന്ന് നമ്മള് കുടിച്ച് കുടിച്ച് ഛർദിച്ചത് ഓർമ്മീണ്ടാ?” പൂത്ത് പെറാനായി നിൽക്കുന്ന മാവിന്റെ കവരത്തിരുന്ന് മജീദ് ദാസനോട് ചോദിച്ചു.
“പാതിരക്ക് വീടെത്തിയപ്പോ ഗൗരി പുൽപ്പായ എടുത്ത് മുറ്റത്തേക്കെറിഞ്ഞത് ഓർമ്മീണ്ട്” മാമ്പൂക്കൾ ഓരോന്നായി തല്ലിക്കൊഴിച്ചുകൊണ്ട് ദാസൻ ചിരിച്ചു.
“അന്ന് വാവാരുന്നെടാ, നിന്റപ്പന് ആത്ത് വച്ചുകൊടുത്തേല് പിന്നെയാ നമ്മള് കന്നാസ്സും തൂക്കി തോട്ടിലേക്ക് പോയത്. നിന്റപ്പന് പോർന്നു വച്ച കള്ളിന്റെ ബാക്കി നമ്മളാ കുടിച്ച് തീർത്തത്” മജീദ് ഒരു മാമ്പൂ പറിച്ചെടുത്ത് മൂക്കിലേക്ക് തൊട്ടു.
“ആ പാതിരക്കല്ലേ കാവിന്റെ മീത്തലെ ദച്ചൂട്ടി തൂങ്ങിച്ചത്തത്. എന്തൊക്കെയാ മ്മടെ ആൾക്കാര് പരത്തീത്. വാവായതോണ്ട് ഓളെ ചത്തോയ പുരുവൻ വന്ന് കൊണ്ടോയതാന്നല്ലേ..ചത്തോര് വാവിന് ജീവൻ വെച്ച് എത്തുംന്ന്… നമ്മളെ നാട്ടാര് വലിയ കഥയെഴുത്തുകാരാ.” മാമ്പൂ തല്ലിയിടുന്നത് നിർത്തി ദാസൻ ഉച്ചത്തിൽ ചിരിച്ചു.
മണക്കാനെടുത്ത മാമ്പു മജീദിന്റെ കയ്യിൽനിന്ന് ഊർന്നുവീണു. ദാസൻ കൊഴിച്ചിട്ട മറ്റ് മാമ്പൂക്കളുടെ മടിയില് കിടന്ന് അത് കരഞ്ഞു.
“ദാസാ. നമ്മള് ഇന്ന് വാവായതോണ്ട് വന്നതല്ലേടാ… നമ്മള് ചത്തോരല്ലേടാ?”
മജീദ് കവരത്തൂന്ന് താഴേക്ക് ചാടി അലർച്ചയോടെ ദാസനെ പിടിച്ച് കുലുക്കി. ദാസൻ ഉലഞ്ഞു. ഇരുട്ടിന്റെ കടുംകറുപ്പിലും മജീദിന്റെ കണ്ണ് നിറഞ്ഞത് ദാസനും ദാസന്റെ കണ്ണ് നിറഞ്ഞത് മജീദും കണ്ടു.
“ഗൗരി വാവ് വിളമ്പിയിട്ടുണ്ടാവും. നമുക്ക് പോവാ…” മജീദ് ഇടർച്ചയോടെ പറഞ്ഞു. ദാസൻ നിലത്തേക്കിരുന്ന് മാമ്പൂക്കളെ കയ്യിലേക്ക് വാരിയെടുത്ത് ഉച്ചത്തിൽ കരഞ്ഞു.
“നീ വാ…” മജീദ് ദാസനെ പിടിച്ചെഴുന്നേൽപ്പിച്ച് പുഴയിലേക്കിറങ്ങി.
2
വെള്ളത്തിന് തണുപ്പുണ്ടായിരുന്നു. മജീദും ദാസനും അക്കരയോളം നീന്തി. മേല് കുളിർന്നപ്പോൾ ദാസനിൽ വല്ലാത്തൊരു കെൽപ്പ് പൊന്തി. കരയിലേക്ക് അണഞ്ഞപ്പോൾ ചത്തുപോയതോർത്ത് ദാസന് പിന്നെയും കരച്ചിൽ പൊട്ടി. മജീദ് അൽപ്പം നേരത്തെ നീന്തിയണഞ്ഞിരുന്നു. കരയിൽ മലർന്ന് കിടന്ന മജീദിന്റെ വയറ്റിൽ മുഖം പൂഴ്ത്തി ദാസൻ കരഞ്ഞു.
“നമ്മക്കൊരു തൊണ്ണൂറ് വയസ്സ് വരെ ജീവിക്കാരുന്നെടാ, നാൽപ്പത് തികയുന്നേനു മുന്നേ ചത്തുപോവണ്ടാരുന്നു” ദാസൻ കരച്ചിലിനിടയിലൂടെ പറഞ്ഞു.
“നീയെന്തിനാ അന്ന് നെഞ്ചുവേദനയും കൊണ്ട് തെങ്ങില് കേറിയത്? അതോണ്ടല്ലേ?” മജീദ് ചോദിച്ചു.
“കേറുമ്പോ വേദനയൊന്നും ഉണ്ടായിരുന്നില്ലെടാ… അങ്ങ് മോളിലെത്തീട്ട് കള്ള് എടുക്കാൻ തുടങ്ങുമ്പഴാ ഒരു കൊളുത്തിപിടിക്കല്. പിന്നൊന്നും ഓർമ്മീലാ” ദാസൻ വീണ്ടും കരഞ്ഞു.
“വാവുണ്ണാൻ പോവാ…” മജീദ് പറഞ്ഞു. ദാസൻ മജീദിന്റെ ദേഹത്തൂന്ന് എഴുന്നേറ്റ് മാറി. അതേ കാലം പുഴക്കരയിലെ മരത്തിൽ രണ്ട് കൊല്ലക്കൊളവൻ പക്ഷികൾ ഇണചേരുന്നുണ്ടായിരുന്നു. ദാസനും മജീദും വീട്ടിലേക്ക് നടക്കുന്നത് അവർ കണ്ടു. രതിയ്ക്കിടയിലും പെൺപക്ഷി കൗതുകത്തോടെ ദാസന്റെ വീട്ടിലേക്ക് എത്തിനോക്കി.
3
ദാസന്റെ മുറ്റത്ത് ഒരു മുല്ലപ്പന്തൽ ഉണ്ട്. കുരുമുല്ലയും മാലാമുല്ലയും മൊട്ടുമുല്ലയും കാട്ടുമുല്ലയും വള്ളിമുല്ലയും ഒന്നിച്ച് പൂക്കുന്ന പന്തൽ. ദാസൻ മരിക്കുന്നതിന്റെ തലേദിവസം ഒരു മുല്ലമാല കോർത്ത് ഗൗരി മുലകളിലേക്ക് ചേർത്തുവച്ചു. മുല്ലയിതളുകൾ മുലക്കണ്ണിൽ കടിക്കുന്നതായും, പാല് കുടിച്ച് വറ്റിക്കുന്നതായും അവൾക്ക് തോന്നി. അന്ന് ഗൗരി മണിക്കൂറുകളോളം കരഞ്ഞു. അതിന്റെ പിറ്റേന്ന് ദാസൻ മരിച്ചു.
മുല്ലപ്പന്തലിനടുത്ത് ഗൗരി നിൽക്കുന്നുണ്ടായിരുന്നു. അവളെ കടന്ന് അകത്തേക്ക് പോകുമ്പോൾ ദാസന്റെ നിയന്ത്രണം വിട്ടു. ഗൗരിയെ കെട്ടിപ്പിടിക്കണമെന്ന് ദാസന് തോന്നി. മുല്ലപ്പൂക്കൾ പരിഹസിച്ചു ചിരിച്ചു.
“ദാസാ, ചത്തോർക്ക് ചത്തോരെയേ തൊടാൻ പാടു. ജീവിച്ചിരിക്കുന്നോരെ പറ്റൂലാ…”
ദാസന്റെ ആഗ്രഹം മനസ്സിലായപ്പോൾ മജീദ് പറഞ്ഞു. ഒന്നും മിണ്ടാതെ ദാസൻ അകത്തേക്ക് നടന്നു. നിലവിളക്കിനടുത്ത് മൂന്ന് ഇലകളുണ്ടായിരുന്നു. അപ്പൻ വന്നിട്ടില്ല. അപ്പൻ വരില്ലെന്ന് ദാസന് അറിയാമായിരുന്നു. അപ്പന് മക്കള് വേറെയും ഉണ്ട്. അങ്ങ് തെക്ക്നാട്ടില്. അപ്പൻ അവിടെയാണ്. ചത്തതിൽ പിന്നെയാണ് ദാസന് അത് മനസ്സിലായത്. അവരുടെ വാവാണ് അപ്പന് പ്രിയം. പാവം ഗൗരി. എല്ലാ വാവിനും ഇതറിയാതെ അപ്പന് വിളമ്പുന്നു.
“മനുഷ്യരുടെ ഭാഷ മറന്നുപോയി. ഓർമ്മയുണ്ടായിരുന്നെങ്കിൽ ഗൗരിയോട് പറയാമായിരുന്നു. ഇനി അപ്പന് വാവ് വേണ്ടെന്ന്.” ദാസൻ മജീദിനോട് പറഞ്ഞു. മജീദ് കൂളിയുടെ ഭാഷയിൽ മൂളി.
“ഈ മൂന്നാമത്തെ ഇല നിനക്കാ.” ദാസൻ പറഞ്ഞു.
“എനിക്കോ?” മജീദ് അതിശയിച്ചു.
“ഈ രണ്ട് ഇലയിലും ചന്ദനം തൊട്ടിട്ടുണ്ട്. മൂന്നാമത്തേതില് ഇല്ല. ഇത് നിനക്ക് വെച്ചതാടാ.”
ഗൗരി ഉണ്ടാക്കിയ ഭക്ഷണം ഇന്നേവരെ കഴിച്ചിട്ടില്ലല്ലോ എന്ന് മജീദ് ഓർത്തു. പലപ്പോഴും ദാസൻ വിളിച്ചിട്ടുണ്ട്. പോകാൻ തോന്നിയിട്ടില്ല. മജീദ് കുറ്റബോധത്തോടെ പലകയിലേക്ക് ഇരുന്നു. ഇലയിൽ ചോറും ഞണ്ടിറച്ചിയും ഉണ്ടായിരുന്നു. അടുത്ത് മൂന്ന് വലിയ സ്റ്റീൽ കപ്പുകളിൽ നിറയെ കള്ളും.
ഓരോന്നോരോന്നായി മരിച്ചു പോയ ആ മനുഷ്യർ രുചിച്ചു നോക്കി.
ഞണ്ടുകറി കുഴച്ച് ഒരു ഉരുള കഴിക്കുമ്പോൾ, ഞണ്ടിനെ പിടിക്കാൻ ഗൗരിയ്ക്കുള്ള വിരുതിനെക്കുറിച്ച് ദാസൻ ഓർത്തു. പുഴവക്കത്ത് വളർന്ന തന്നേക്കാളും, പുഴയുമായി ഒരു ബന്ധവുമില്ലാത്ത ഗൗരി ഞണ്ട് പിടിക്കുന്നത് കണ്ട് അയാൾ അന്തം വിട്ടിട്ടുണ്ട്. കെട്ട് കഴിഞ്ഞ് രണ്ടാമത്തെ ആഴ്ചയാണ് ചോറിന് കൂട്ടാൻ ഞണ്ട് വേണമെന്ന് അവൾക്ക് പൂതി തോന്നിയത്. ഞണ്ടിനെ പിടിക്കണമെങ്കിൽ വലയൊക്കെ കുടുക്കണം, നാളെ മജീദിനോട് പറയാമെന്ന് ദാസൻ പറഞ്ഞപ്പോൾ “ഒരു കൊള്ളിക്കഷണവും തടയും താ ഞാനിപ്പം പിടിക്കാന്ന്” ഗൗരി. ദാസൻ അന്തിച്ചു നിക്കുമ്പോ ലുങ്കി മുട്ടോളം കയറ്റിയുടുത്ത് “ഈ ചോറിവിടെ പൊത്തി വച്ചേക്ക്, ഞണ്ട് കറി കൂട്ടിട്ട് ബാക്കി തിന്നോളാം” എന്ന് പറഞ്ഞ് അവൾ പുഴവക്കത്തേക്ക് നടന്നു. ദാസൻ പിന്നാലെ ഓടി.
പുഴയില് വെള്ളം കുറവാരുന്നു, അലക്കും കുളിയും ഉള്ള കടവത്തൂന്ന് ഗൗരി പടിഞ്ഞാട്ടേക്ക് നടന്നു. ചെളി പൊന്തി കിടക്കുന്നിടത്തെത്തിയപ്പോ ഒരു കൊള്ളി തരാമോ എന്ന് ചോദിച്ചു. ഉണങ്ങിയ ഒരു വട്ടമരത്തിന്റെ കൊള്ളി പൊട്ടിച്ച്കൊടുക്കുമ്പോ ഗൗരിക്ക് എന്തെങ്കിലും ആപത്ത് വരുമോയെന്ന് ദാസൻ പേടിച്ചു. ഗൗരി കൊള്ളീടെ മേൽഭാഗം കീറി അതില് ലുങ്കീല് ചെരുതിയ മീനിന്റെ തട വച്ചു, ശേഷം ഒരു വള്ളി പൊട്ടിച്ചെടുത്ത് തടയും കൊള്ളിയും കൂട്ടി മുറുക്കിക്കെട്ടി. ഈ വിദ്യയൊക്കെ ഇവൾക്കെവിടുന്നെന്ന് ദാസൻ കണ്ണ് മിഴിച്ചു. ഭർത്താവിനെ നോക്കി കണ്ണടച്ച് ചിരിച്ച് അവൾ പുഴയിലേക്കിറങ്ങി.
“ഞണ്ടിനെ പിടിച്ചിട്ട് ഇപ്പൊ വരാമേന്ന്” പറഞ്ഞ് ഗൗരി കൊള്ളിയുമായി നീന്തിതുടങ്ങിയപ്പോ ഞണ്ടിനെക്കാളും വലിയ വില്ലൻ പുഴയില് കാത്തിരിക്കുന്നതോർത്ത് ദാസന് കൈകാൽ വിറച്ചു. അവനെക്കുറിച്ച് ഗൗരിയോട് പറഞ്ഞില്ലല്ലോ എന്ന് അയാൾക്ക് ആധി കേറി. എന്നാൽ വിറയൊടുങ്ങും മുൻപേ അവൾ തിരികെ നീന്തി കരയ്ക്കെത്തി. പുതുപ്പെണ്ണിന്റെ കള്ളച്ചിരിയോടെ അവൾ ലുങ്കി കുടഞ്ഞപ്പോൾ ദാസൻ അത്ഭുതപ്പെട്ടു. പിടക്കുന്ന മൂന്ന് ഞണ്ടുകൾ!
അന്ന് കുരുമുളകിട്ട് വരട്ടിയ കറിയുടെ അതേ രുചിയാണ് ഈ കറിക്കുമെന്നോർത്തപ്പോൾ ദാസന് സങ്കടം വന്നു. ഞണ്ട് കറി ആർത്തിയോടെ അയാൾ കഴിച്ചു. കഴിക്കുംതോറും പാത്രത്തിൽ കറി നിറഞ്ഞു. മജീദ് മെല്ലെ ചോറുണ്ണുകയായിരുന്നു. അയാൾ വേറെന്തോ ചിന്തയിലാണെന്ന് ദാസന് മനസ്സിലായി.
ഞണ്ടുകറിയും ചോറും ഇലയിലേക്ക് തിരികെ നിറഞ്ഞു. വേണ്ടപ്പെട്ടവര് വച്ചുവിളമ്പുന്നത് രുചിക്കാൻ വേണ്ടീട്ട് മരിച്ചവര് തിരികെ വരുന്ന ദിവസം മോളിലുള്ളോൻ ഒപ്പിച്ചു വയ്ക്കുന്ന മായാജാലം കണ്ട് ദാസൻ കരച്ചിലിനിടയിലൂടെ മജീദിനെ നോക്കിച്ചിരിച്ചു.
ദാസനാണ് ആദ്യം മുറ്റത്തേക്കിറങ്ങിയത്. മജീദ് പിന്നാലെ ഇറങ്ങി. ഗൗരി അപ്പോഴും മുല്ലപ്പന്തലിൽ നിൽക്കുകയായിരുന്നു.
“ഗൗരിക്ക് അവളുടെ വീട്ടില് പൊയ്ക്കൂടേ ദാസാ. ഇവിടിങ്ങനെ ഒറ്റയ്ക്ക്?” മജീദ് ദാസനെ നോക്കി.
“ആങ്ങള കുടുംബമായി ജീവിക്കുന്നിടത്തേക്ക് പോകണ്ടാന്ന് വിചാരിച്ചിട്ടാരിക്കും.” ദാസൻ ഇടർച്ചയോടെ പറഞ്ഞു.
“ഇവിടിങ്ങനെ ഒന്നും ചെയ്യാനില്ലാണ്ട്…” മജീദ് നിസ്സഹായതയോടെ പറഞ്ഞു.
“നീ ജീവനോടെയുണ്ടെങ്കില് ഓൾക്ക് ആരേലുമുണ്ടെന്ന് എനിക്ക് സമാധാനിക്കായിരുന്നു മജീദേ.” ദാസൻ വീണ്ടും കരഞ്ഞു. സാരമില്ലെന്ന് തോളിൽ തട്ടിക്കൊണ്ട് മജീദ് ചങ്ങാതിയുടെ കൈ പിടിച്ച് മുല്ലപന്തലിലേക്ക് നടന്നു. പണ്ട് അവരുടെ കല്യാണത്തിനും കൈപിടിച്ച് പന്തലിലേക്ക് ദാസനെ കൊണ്ടോയത് മജീദ് ഓർത്തു.
നീലയിൽ വെള്ളപൂക്കളുള്ള നൈറ്റിയിൽ മുല്ലപ്പൂകൾക്കിടയിൽ നിൽക്കുന്ന ഗൗരിയെ ദാസൻ ഏറെ നേരം നോക്കി നിന്നു. മജീദ് ദാസന്റെ കയ്യിൽ മുറുക്കെപ്പിടിച്ചിട്ടുണ്ടായിരുന്നു. ഗൗരി പ്രതിമകണക്കെ പുഴയിലെ ഇരുട്ടിലേക്ക് നോക്കുകയായിരുന്നു.
“നമുക്ക് പോവാം ദാസാ…” മജീദ് മെല്ലെപറഞ്ഞു.
“സമയമായി, പാതിരയായി…” മജീദ് തുടർന്നു.
“പോവാം.” ദാസൻ മന്ത്രിച്ചു.
തിരിഞ്ഞുനോക്കാതെ രണ്ടുപേരും പുഴയിലേക്കിറങ്ങി. നീന്തുമ്പോൾ ദാസൻ പൊട്ടിക്കരഞ്ഞു. ഒഴുക്കിന്റെ ഒച്ചയിൽ മജീദ് ആ കരച്ചിൽ കേട്ടതേയില്ല. നീന്തുന്നതിനിടയ്ക്ക് തലയ്ക്ക് എന്തോ കുരുങ്ങിയതായി മജീദിന് തോന്നി. അയാൾ കയ്യെത്തിച്ചു നോക്കി. അതൊരു മുല്ലപൂവായിരുന്നു. അത് ഉള്ളംകയ്യിൽ മുറുക്കെപ്പിടിച്ചു മജീദ് ദാസനോടൊപ്പം നീന്തി.
4
കൊല്ലിക്കൊളവൻ പക്ഷികൾ രതിക്ക് ശേഷം മരക്കൊമ്പിൽ വിശ്രമിക്കുകയായിരുന്നു. ചങ്ങാതിമാർ നീന്തുന്നത് കണ്ടപ്പോൾ “സുന്ദരീ നീയിവരുടെ കഥ കേട്ടുകൊൾ”കെന്ന് ആൺപക്ഷി പാടി.
• ആൺപക്ഷി ഇണയോട് പറഞ്ഞ കഥ
ദാസൻ ജനിച്ചത് ഈ പുഴക്കരയിലാണ്. മലമ്പനി പ്രാന്ത് പിടിച്ചപോലെ പടർന്ന കാലമായിരുന്നു. അതിൽ കുടുങ്ങി അപ്പനും അമ്മയും മരിച്ചതിൽപ്പിന്നെ ദാസനെ വളർത്തിയത് അമ്മാമനാണ്. ദാസന് പതിമൂന്ന് വയസ്സ് കഴിഞ്ഞപ്പോ അയാളും മരിച്ചു. ദഹിപ്പിക്കലൊക്കെ കഴിഞ്ഞ് രാത്രി വീട്ടിൽ നിന്ന് ആൾക്കാരൊക്കെ ഒഴിഞ്ഞപ്പോൾ ദാസൻ കിടുകിടാ വിറക്കാൻ തുടങ്ങി. വീടിന്റെ പിന്നാമ്പുറത്ത് പട്ടി പെറ്റു കിടക്കുന്നുണ്ടായിരുന്നു. ഓൻ ഓടിപ്പോയി അതിന്റേം മക്കളുടേം കൂടെ ഇരുന്നു. വിറയല് ചെറുതായി കുറഞ്ഞു. ഇരുന്നിടത്തൂന്ന് ഉറക്കം തൂങ്ങി ദാസൻ വീണത് ഒരു പട്ടിക്കുഞ്ഞിന്റെ മേലേക്കായിപ്പോയി. തള്ളപ്പട്ടി കുരച്ചുകൊണ്ട് ഓന്റെ നേർക്ക് ചാടി. എങ്ങോട്ടെന്നില്ലാണ്ട് ദാസൻ ഓടി. എത്തിയത് അതിന് രണ്ട് ദിവസം മുൻപ് ആ നാട്ടില് പൊറുതി തുടങ്ങിയ അയ്ദുമാപ്പിളേടെ വീട്ടിലാണ്. കാര്യം അന്വേഷിച്ച മാപ്പിളയോട് ഒറ്റയ്ക്ക് കിടക്കുമ്പോ മേല് വിറക്കുന്നു എന്നാണ് ഓൻ പറഞ്ഞത്. നീ ഒറ്റക്ക് കിടക്കണ്ട എന്റെ മോന്റെ കൂടെ കിടന്നോന്ന് പറഞ്ഞ് അയ്ദുമാപ്പിള രണ്ടുമുറി വീട്ടില് ഒരു മൂലക്ക് പായിട്ട് കിടക്കുന്ന മജീദിന്റെ കൂടെ ദാസനെ കിടത്തി. അയ്ദുമാപ്പിളക്ക് മൂന്ന് മക്കളാരുന്നു. മൂത്ത രണ്ടെണ്ണം ഉമ്മയുടെ വീട്ടിലായിരുന്നു. മജീദ് ഇളയതായിരുന്നു. ആ രാത്രീല് മുഖം കാണാതെ മജീദ് ദാസനെ കെട്ടിപ്പിടിച്ചു കിടന്നതാണ്. അന്ന് തുടങ്ങിയ ചങ്ങാത്തം പിന്നെ മല പോലെ, പുഴ പോലെ, ആകാശം പോലെ വളർന്നു. മജീദ് ദാസന്റെ മരുന്നായി. കുപ്പായം പങ്കുവച്ച്, ഭക്ഷണം പങ്കുവച്ച്, ഉമ്മാന്റേം ഉപ്പാന്റേം സ്നേഹം പങ്കുവച്ച് അവരൊന്നിച്ചു വളർന്നു. പഠിക്കാൻ മടിയാനായതോണ്ട് മജീദ് അയ്ദുക്കയുടെ കൂടെ മരംമുറിക്കാൻ പോകുന്നുണ്ടാരുന്നു. ദാസനും സ്കൂളിൽ പോകാൻ താല്പര്യമുണ്ടായിരുന്നില്ല. മരംമുറിക്കലിന് ദാസനും കൂടെപ്പോകാൻ തുടങ്ങിയത് പക്ഷേ അവന്റെ ജാതിക്കാർക്ക് പിടിച്ചില്ല. ഒരു ദിവസം രണ്ടുപേരെയും കൂട്ടി അയ്‌ദുമാപ്പിള പണിക്ക് പോകുമ്പോൾ ഒരു കൂട്ടം ആൾക്കാർ വഴി തടഞ്ഞു.
“ഇവൻ ചെയ്യണ്ടത് മരംവെട്ടല്ല ഇക്കാ, ഓന്റെ കുലത്തൊഴിലാ.” അവർ ഒച്ചയുയർത്തി.
നാട്ടില് പുതിയതായത് കൊണ്ടും ദാസനെചൊല്ലി ഒരു പ്രശ്നം വേണ്ടെന്ന് കരുതിയും ദാസന്റെ ഇഷ്ടം പോലെ ചെയ്യട്ടേന്ന് അയ്ദുക്ക പറഞ്ഞു. തന്റെ പേരും പറഞ്ഞ് നാട്ടിൽ കുഴപ്പമുണ്ടാകരുതെന്ന് കരുതി ദാസൻ കള്ള്ചെത്താൻ തയ്യാറായി.
ആദ്യമായി ദാസൻ തളപ്പ് കെട്ടുമ്പോൾ കാവലായി മജീദ് ഉണ്ടായിരുന്നു. ദാസൻ തെങ്ങിൽ കേറുമ്പോഴും ഇറങ്ങുമ്പോഴും മജീദിന്റെ നെഞ്ച് പിടക്കുമായിരുന്നു. തുടക്കത്തിലൊക്കെ ദാസന്റെ കാല് എപ്പോഴും തെങ്ങിൽ ഉരഞ്ഞു തൊലി പോകും. രാത്രിയിൽ ഉമ്മ തൈലം ചൂടാക്കും. അത് കാലില് പുരട്ടിക്കൊടുക്കുന്നത് മജീദായിരുന്നു. ദാസൻ പുകച്ചിലെടുത്തു കരയുമ്പോഴൊക്കെ മജീദും കൂടെ കരയും. തൊലി ഉരിഞ്ഞിടത്ത് ഊതി ഉമ്മ വയ്ക്കും. രണ്ടുമൂന്നു മാസം കഴിഞ്ഞപ്പോഴേക്കും തൊലി ഉരിയാതെ തെങ്ങിൽ കേറാനും കള്ള് പാകം അറിയാനുമൊക്കെ ദാസനും പഠിച്ചു. അപ്പോഴും ദാസന്റെ നിഴൽ മജീദ് തന്നെയായിരുന്നു.
രാത്രികളിൽ മണിക്കൂറുകളോളം രണ്ടുപേരും പുഴയിൽ നീന്തും. ദാസന്റെ ചുരുണ്ട് കറുത്ത മുടികൾ വെള്ളത്തിൽ കുറേ നേരം കിടന്ന് കഴിഞ്ഞാൽ തലയോട്ടിയിലേക്ക് ഒട്ടിപ്പിടിക്കും. നീന്തിക്കഴിഞ്ഞാൽ ദാസനെ മടിയിലേക്കിരുത്തി മജീദ് മുടിയിഴകൾ ഓരോന്നായി ഇഴപിരിച്ചെടുക്കും. മജീദിന്റെ പൂച്ചക്കണ്ണ് ഇരുട്ടിലും ദാസന് നേരെ തിളങ്ങും. അപ്പോഴൊക്കെ തനിക്ക് മജീദ് മാത്രം മതി, വേറെയാരും വേണ്ടെന്ന് ദാസൻ ഓർക്കും. കുറച്ച് വർഷം കഴിഞ്ഞ് ഗൗരിയെ കണ്ടപ്പോഴാണ് കൂട്ടുകാരൻ മാത്രം പോരാ, ജീവിതത്തിൽ ഭാര്യയും വേണമെന്ന് ദാസന് തോന്നിയത്.
തെയ്യക്കാവിൽ നിന്നാണ് അവർ ഗൗരിയെ ആദ്യം കണ്ടത്. തെയ്യം കാണാൻ താല്പര്യം തോന്നാത്തത് കൊണ്ട് ചട്ടിക്കളിയിൽ രസം പിടിച്ചു നിന്നതാണ് മജീദും ദാസനും. പലതരം ആൺക്കൂട്ടങ്ങൾക്കിടയിലേക്ക് നടന്നു വരുന്ന പെണ്ണിനെ കണ്ട് എല്ലാവരും അമ്പരന്നു. മെലിഞ്ഞ് വാലിട്ട് കണ്ണൊക്കെ എഴുതിയ ഇരുപതിന് താഴെ പ്രായം പറയുന്ന ഒരു പെൺകുട്ടി.
നിലത്ത് വിരിച്ച ഉറുമാലിൽ ഡയമണ്ടും ക്ലാവറും ഇസ്‌പേഡുമൊക്കെ ഉണ്ട്. അവൾ അതിലേക്ക് കൗതുകത്തോടെ നോക്കി. “എന്താ മോളേ?” എന്ന് കൂട്ടത്തിലാരോ ചോദിച്ചുപ്പോൾ എനിക്കും ഇതൊന്ന് കളിക്കണം എന്ന് ഉറുമാലിലേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു. കൂടിനിന്നവരുടെയൊക്കെ മുഖത്ത് അത്ഭുതമായിരുന്നു.
ചട്ടി ഉടമയും കൂട്ടാളികളും അതിലും അത്ഭുതത്തോടെ ഗൗരിയെ നോക്കി. അവൾ കയ്യിൽ കരുതിയ പേഴ്സിൽ നിന്ന് ഇരുപതു രൂപ നോട്ട് എടുത്തത് കണ്ടതോടെ ചട്ടിയുടമ ആവേശത്തിലായി. ഇരിക്ക് പെങ്ങളേ എന്ന് അയാൾ ആവേശത്തോടെ പറഞ്ഞു. ഗൗരി ഉറുമാലിന് മുന്നിൽ മുട്ടുകുത്തിയിരുന്നു. എല്ലാവരും കയ്യടിക്കാനും ആർപ്പുവിളിക്കാനും തുടങ്ങി. ഇവളിതെന്ത് ഭാവിച്ചാണെന്ന് മജീദും ദാസനും പരസ്പരം നോക്കി.
“ഇതിലെ ഏതെങ്കിലും ചിഹ്നത്തിലേക്ക് പൈസ ഇട്ടോ.” എന്ന് ചട്ടിയുടമ പറഞ്ഞു. ഗൗരി ഇസ്‌പേഡിന്റെ മുകളിലേക്ക് ഇരുപതു രൂപ ഇട്ടു. ചട്ടിയുടമ ഉണ്ട എടുത്ത് ഗൗരിക്ക് നേരെ നീട്ടി. “ഇത് ചട്ടിയിലേക്ക് ഇട്ട് ചുഴറ്റിക്കോ.” എന്ന് പറഞ്ഞു. ഗൗരി കാവിലേക്ക് തിരിഞ്ഞുനോക്കി പ്രാർത്ഥിച്ചു. പിന്നെ ഉണ്ട ചട്ടിയിലേക്ക് ഇട്ട് ചുഴറ്റി. ഉണ്ട നിശ്ചലമായപ്പോൾ എല്ലാവരും ഒരുപോലെ നോക്കി. എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ഉണ്ട നിന്നത് ഇസ്പേഡിന്റെ മീതെയായിരുന്നു. ചട്ടിയുടമ ഞെട്ടിപ്പോയി. പക്ഷേ ഗൗരി ശ്രദ്ധിക്കുന്നതിന് മുൻപേ അയാൾ കൈകൊണ്ട് ചട്ടി ഒന്നനക്കി. ഉണ്ട തെന്നിമാറി. “അയ്യോ പെങ്ങളേ… കളി തോറ്റല്ലോ” എന്നും പറഞ്ഞ് അയാൾ ചിരിച്ചുകൊണ്ട് പൈസ എടുക്കാൻ തുടങ്ങിയപ്പോൾ ഗൗരിക്ക് കരച്ചിൽ വന്നു.
ആശങ്കയോടെ അവൾ എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് മജീദ് മുന്നോട്ടേക്ക് വന്ന് ചട്ടിയുടമയുടെ തോളിൽ പിടിച്ചത്. “നാല്പത് രൂപ അവർക്ക് കൊടുക്കെടോ” എന്ന് മജീദ് അയാളെ തുറിച്ചുനോക്കി. അടിക്ക് നിന്നാൽ തനിക്ക് കൊള്ളുമെന്ന് മനസ്സിലായതുകൊണ്ട് ചട്ടിയുടമ രണ്ട് ഇരുപത് രൂപ നോട്ട് ഗൗരിക്ക് നീട്ടി. കളിക്കാൻ വരുമ്പോൾ കളിയുടെ നിയമം മാത്രം പഠിച്ചാൽ പോരാ തട്ടിപ്പും ഉണ്ടോന്ന് കണ്ടുപിടിക്കാനും കഴിയണം എന്ന് മജീദ് പറഞ്ഞു. അവൾ ചിരിക്കാൻ ശ്രമിച്ചു.
അന്ന് തിരിച്ചുവരുമ്പോൾ ദാസൻ അവളെക്കുറിച്ച് വാ തോരാതെ മജീദിനോട് പറഞ്ഞോണ്ടിരുന്നു. എനിക്കവളെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട് എന്ന് ദാസൻ പറഞ്ഞപ്പോൾ മജീദ് അമ്പരന്നു. അതൊക്കെ പതിയെ ആലോചിക്കാമെന്ന് മജീദ് നിരുത്സാഹപ്പെടുത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങളിലൊക്കെ ദാസൻ ആ ആവശ്യം ഓർമിപ്പിച്ചു.
ഒടുവിൽ ഒരു രാത്രിയിൽ മജീദ് അയ്ദുമാപ്പിളയോട് വിവരം പറഞ്ഞു. അയ്ദുമാപ്പിളയും മജീദും കൂടിയാണ് ആ നാട്ടിലേക്ക് പോയി ഗൗരിയെ അന്വേഷിച്ചു കണ്ടുപിടിച്ചത്. ഗൗരിക്കും വീട്ടുകാർക്കും സമ്മതക്കുറവൊന്നും ഉണ്ടായിരുന്നില്ല. തീയതി നിശ്ചയിച്ചപ്പോൾ ദാസൻ വീട് പുതുക്കിപ്പണിയാൻ തുടങ്ങി. മജീദ് എല്ലാത്തിനും കൂടെയുണ്ടായിരുന്നു.
കല്യാണത്തിന്റെ തലേ ദിവസം വരെ മജീദിന്റെ കൂടെ മജീദിന്റെ മുറിയിൽ ദാസൻ കിടന്നുറങ്ങി. പിറ്റേന്ന് ആ മുറിയിൽ ഒറ്റയ്ക്ക് കിടന്നപ്പോൾ ഉറക്കം വരാതെ പുലർച്ചയോളം ജനലിനുള്ളിലൂടെ മജീദ് പുഴയെ നോക്കി.
കല്യാണശേഷം ദാസന്റെ വരവും പോക്കും കുറഞ്ഞെങ്കിലും അവരുടെ സ്നേഹത്തിന് ഉടവ് തട്ടിയിരുന്നില്ല. അതിനിടയിൽ അയ്ദുമാപ്പിള സുഖമില്ലാതെ കിടപ്പിലായി. മൂത്ത മക്കൾ വന്ന് ഉപ്പയെയും ഉമ്മയെയും അങ്ങോട്ടേക്ക് കൊണ്ടുപോയപ്പോൾ മജീദ് തനിച്ചായി. ചില രാത്രികളിൽ മജീദ് ഒറ്റയ്ക്കല്ലേ എന്ന് സങ്കടം വരുമെങ്കിലും ഗൗരിയെ തനിച്ചാക്കി മജീദിന്റെ വീട്ടിലേക്ക് പോകാൻ ദാസന് കഴിഞ്ഞില്ല. ഒരു കല്യാണം കഴിക്കാൻ പറയുമ്പോഴൊക്കെ ഞാൻ ഒറ്റയ്ക്ക് ജീവിച്ചോളാമെന്ന് മജീദ് തടസ്സം പറഞ്ഞു.
ദാസനും ഗൗരിയും ഒന്നിച്ചു ജീവിക്കുമ്പോൾ മജീദ് ഒറ്റയ്ക്ക് ജീവിച്ചു. കൊല്ലങ്ങൾ കഴിയുംതോറും ദാസൻ നിരാശനായി വരുന്നത് മജീദ് കണ്ടു. മക്കളില്ലാത്ത കാര്യം പറഞ്ഞ് ദാസൻ കരയുമ്പോഴൊക്കെ ഗൗരിയെ ഇതും പറഞ്ഞ് വിഷമിപ്പിക്കരുതെന്ന് മജീദ് ഓർമിപ്പിച്ചു. ദാസൻ എക്കാലവും തന്റെ കൂടെയുണ്ടായിരിക്കും എന്ന് മജീദ് വിശ്വസിച്ചിരുന്നു. ആ വിശ്വാസമാണ് അയാളെ ജീവിപ്പിച്ചത്. അതുകൊണ്ടാണ് ദാസൻ മരിച്ചു എന്ന് പൂർണബോധ്യം വന്നപ്പോൾ അന്ന് രാത്രി അതാ ആ മരക്കൊമ്പില് മജീദ് തൂങ്ങിയത്.
ഇടർച്ചയോടെ ആൺപക്ഷി കഥ പറഞ്ഞു നിർത്തി. പെൺപക്ഷി സങ്കടത്തോടെ അവരെ നോക്കി. മരത്തിന്റെ താഴെ ദാസൻ കിടക്കുകയായിരുന്നു, അടുത്ത് മജീദ് ഇരിക്കുന്നുണ്ടായിരുന്നു. അവൾ തലയുയർത്തി അക്കരയിലേക്ക് നോക്കി. ഗൗരി മുല്ലപ്പന്തലിൽ ഉണ്ടായിരുന്നില്ല. അവൾ ഇണയെ നോക്കി ചിരിച്ചു.
“ഇതിൽ ഇല്ലാത്ത, നീ കണ്ടിട്ടില്ലാത്ത ഒരു കഥ ഞാൻ പറയട്ടെ? ” അവൾ ചോദിച്ചു. അവൻ അത്ഭുതത്തോടെ ഇനിയെന്തെന്ന് അവളെ നോക്കി. സുന്ദരാ നീ കേട്ടുകൊൾകെന്ന് അവൾ പാടി.
• പെൺപക്ഷി ഇണയോട് പറഞ്ഞ കഥ
മലമ്പനി വന്ന് പുഴക്കരയിൽ ആൾക്കാർ ഒടുങ്ങിയ സമയത്താണ് പുഴയിലേക്ക് മറ്റൊരാൾ വന്നത്. മുഴുത്തൊരു ചീങ്കണ്ണി! പലപ്പോഴും മനുഷ്യന്റെ മാംസമണം പിടിച്ച് ചതുപ്പിൽ നിന്നും അവൻ തലയുയർത്തി. ദാസന്റെ കുട്ടിക്കാലത്തെങ്ങോ വമ്പൻ കരുത്തുള്ള ഒരു നാടൻ എരുമയെ നാട്ടുകാർ എവിടെ നിന്നോ കൊണ്ടുവന്നു. പക്ഷേ ആ സാധുവിന് വില്ലന്റെ ഈർച്ചവാൾ പോലെ കൂർത്തു മൂർത്ത പല്ലുകളോട് സന്ധി ചെയ്യാൻ കഴിഞ്ഞില്ല. കത്തിരിപ്പൂട്ട് പോലെ ചീങ്കണ്ണി ആ സാധുവിനെ പല്ലുകൾക്കിടയിലെക്കെടുത്തു. ചരക്കുവഞ്ചിയോളം വലിപ്പമുള്ള ചീങ്കണ്ണി പുഴയോരം ജീവിക്കുന്നവരെ എന്നും പേടിപ്പിച്ചു. ആദ്യം വന്ന ചീങ്കണ്ണി തന്നെയാണോ അതോ അതിന്റെ കുഞ്ഞാണോ എന്ന് നാട്ടുകാർക്ക് തിരിച്ചറിയാനാവാത്ത വിധം അവനെല്ലാക്കാലത്തും പുഴയിൽ മദിച്ചു നടന്നു.
കല്യാണം കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞപ്പോഴും ചീങ്കണ്ണിയുടെ കാര്യം ഗൗരിയോട് പറയാൻ ദാസൻ മറന്നു. ഒരിക്കൽ ഉച്ചനേരത്ത് അലക്കാനുള്ള തുണിയും എടുത്ത് ഗൗരി പുഴയിലേക്കിറങ്ങി. ചതുപ്പിൽ ആളനങ്ങി. ഗൗരിയെ ലക്ഷ്യമിട്ട് ഇഴഞ്ഞു നീങ്ങുന്ന ചീങ്കണ്ണിയെ കണ്ടത് മജീദാണ്. അക്കരെ കുളിക്കാനിറങ്ങിയതായിരുന്നു അയാൾ. ചീങ്കണ്ണി ഗൗരിയെ തൊടാൻ ഒരു നിമിഷം ബാക്കിയുള്ളപ്പോൾ അയാൾ ഗൗരീന്ന് അലറി വിളിച്ചു. ചീങ്കണ്ണിയും ഗൗരിയും ഒരേപോലെ ഞെട്ടി. കയ്യിൽ തടഞ്ഞ മൂർച്ചയുള്ള കമ്പെടുത്ത് മജിദ് വീശിയെറിഞ്ഞു. ഒരാന്തലോടെ ചീങ്കണ്ണി വശം മാറി. ആ നിമിഷത്തിൽ സമനില വീണ്ടെടുത്ത ഗൗരി കരയിലേക്ക് പിടഞ്ഞുകേറി ഓടി. അലക്കുമ്പോ നൈറ്റി അഴിച്ച് മാറിന് മീതേ മുണ്ട് ഉടുത്തിരുന്നു. ഓടുമ്പോൾ അത് അഴിഞ്ഞു വീണു. പാലം കടന്ന് കിതച്ചെത്തിയ മജീദ് കണ്ടത് നൂൽബന്ധമില്ലാത്ത ഗൗരിയെയാണ്. അയാൾ പൊടുന്നനെ തന്റെ ലുങ്കി അഴിച്ച് എറിഞ്ഞുകൊടുത്തു. അത് വാരിച്ചുറ്റി ഗൗരി അയാളെ നോക്കി.
“ഈ ഭാഗത്ത് നനക്കാനും കുളിക്കാനും ഒരുമ്പെടണ്ട… ദാസൻ പറഞ്ഞിട്ടില്ലേ?” മജീദ് ചോദിച്ചു. ഇല്ലെന്ന് ഗൗരി തലയാട്ടി.
“ആ… ഇനി സൂക്ഷിക്കണം. ഇങ്ങോട്ട് പോരണ്ട…” അയാൾ പറഞ്ഞു. ഗൗരി മൂളി. കടുത്ത പകയോടെ ചീങ്കണ്ണി വെള്ളത്തിൽ നിന്ന് തല പൊക്കി രണ്ടുപേരെയും നോക്കി. ഗൗരി മുന്നിലൂടെ കടന്നുപോകുമ്പോൾ മജീദ് അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണിന് താഴെയുള്ള കരിവാളിപ്പും മുഖത്തെ തിളക്കമില്ലായ്മയും അയാൾ ശ്രദ്ധിച്ചു.
“നിനക്കെന്താ ഗൗരീ സൂക്കേട് ഉണ്ടോ?” മജീദിന്റെ ചോദ്യം പിന്നീന്ന് കേട്ടപ്പോൾ ഗൗരി നിന്നു.
“ഇല്ല” അവൾ തിരിഞ്ഞുനോക്കി ചിരിക്കാൻ ശ്രമിച്ചു.
“അങ്ങനെ തോന്നി” മജീദ് പറഞ്ഞു. ഗൗരി ഒന്നും മിണ്ടാതെ നടന്നു.
കൊല്ലങ്ങൾ കഴിഞ്ഞ് ചീങ്കണ്ണിയുടെ അഴുകിനാറിയ ശവം കരയ്ക്കടിഞ്ഞിട്ടും ഗൗരി പിന്നൊരിക്കലും പുഴയിലേക്ക് ഇറങ്ങിയതേയില്ല.
ഇണ കഥ പറഞ്ഞു നിർത്തി.
“ഈ കഥ ദാസന് അറിയോ?” കൊല്ലിക്കൊളവൻ ചോദിച്ചു. ഇല്ലെന്ന് പെൺപക്ഷി മൂളി.
5
“ചത്ത് കഴിഞ്ഞിട്ട് ജീവിച്ചിരിക്കുന്നോരെ കാണാനുള്ള പോക്ക് നെറികെട്ടതാ. അവരെയൊന്ന് തൊടാനാവാണ്ട്, മിണ്ടാനാവാണ്ട്, അവരുടെ ഏത് ഓർമേലാണ് നമ്മളിപ്പോ ഉള്ളതെന്ന് അറിയാൻ പറ്റാണ്ട്… അവനവനോട് ചെയ്യുന്ന നെറികേട്…” ദാസൻ മലർന്നു കിടന്ന് കറുത്ത രാത്രിയിലേക്ക് നോക്കി ഇടർച്ചയോടെ പറഞ്ഞു. മറുപടി പറയാതെ മജീദ് കയ്യിലെ മുല്ലപ്പൂ വിടർത്തി നോക്കി. അതിന്റെ ഇതളുകളൊന്നും വാടിയിരുന്നില്ല.
ദാസന്റെ അടക്കം കഴിഞ്ഞ രാത്രിയിൽ ഗൗരിയെ കാണാൻ പോയത് അയാളോർത്തു. മുറിയിൽ അവളൊറ്റയ്ക്കായിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണോടെ അവൾ മജീദിനെ നോക്കി.
“അവനൊറ്റയ്ക്ക് കിടന്നാല് സൂക്കേട് വരും ഗൗരീ…” മജീദിന് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല.
ഗൗരി പരിഹാസത്തോടെ ചിരിച്ചു.
“അതറിയാവുന്നത് കൊണ്ട് മാത്രമാ ഇത്രയും കാലം ഞാൻ ഈ മുറിയിൽ കിടന്നത്.” വല്ലാത്ത മൂർച്ചയിൽ അവൾ പറഞ്ഞു. മജീദ് അവിശ്വസനീയതയോടെ ഗൗരിയെ നോക്കി.
“ഒരു കാര്യം ഞാൻ ചോദിക്കട്ടെ?” ഗൗരി ചോദിച്ചു. മജീദ് മൂളി.
“എനിക്ക് നിങ്ങളോട് ഇഷ്ടാരുന്നൂന്ന് നിങ്ങക്കെപ്പഴെങ്കിലും തോന്നീട്ടുണ്ടോ?”
മജീദ് അന്ധാളിപ്പോടെ ഇല്ലെന്ന് തലയാട്ടി.
“അന്ന് തെയ്യക്കാവീന്ന് കണ്ടപ്പോ തൊട്ട് ഇഷ്ടാരുന്നു. അത് ഞാൻ പറയാത്തത് നിങ്ങള് മുസ്ലീം ആയതോണ്ടല്ല.”
മജീദ് ഗൗരിയുടെ കണ്ണുകളിലേക്ക് പരിഭ്രമത്തോടെ നോക്കി.
“നിങ്ങള് എന്നെ കെട്ടൂലാന്ന് എനിക്കൊറപ്പാരുന്നു. ഒരു പെണ്ണിനേം കെട്ടൂലാന്ന് അറിയാരുന്നു. ആ അറിവ് ഇല്ലാണ്ട് പോയോനാ ഇപ്പൊ ആ ചുടുകാട്ടില് എരിയുന്നത്.” അതും പറഞ്ഞുകൊണ്ട് ഗൗരി തലയിണയിലേക്ക് മുഖം പൂഴ്ത്തി.
പിന്നൊരു നിമിഷം പോലും അവിടെ നിൽക്കാൻ തോന്നിയില്ല. പുഴയിലേക്ക് ഓടുകയായിരുന്നു. പുഴ നീന്തുമ്പോൾ മേലാകെ ചുട്ടുപൊള്ളി. ആ പൊള്ളല് മാറിയത് ഈ മരത്തില് കെട്ടിയ കയറീന്ന് കനം വാർന്നുപോയപ്പോഴാണ്.
“മജീദേ…” ദാസൻ വിളിച്ചു.
“എന്തേ?” മജീദ് വിളി കേട്ടു.
“നിനക്ക് കുരുമൊളക് ഇഷ്ടല്ലാന്ന് ഗൗരീനോട് പറയണമെന്ന് ഞാൻ എപ്പോഴും ഓർക്കും. പറയാൻ പറ്റുന്നതിനു മുൻപേ നമ്മള് ചത്തുപോയില്ലേ. ഇന്നത്തെ ഞണ്ടില് നെറയെ കുരുമൊളകായിരുന്നു. നിനക്ക് പിടിച്ചുകാണില്ല അല്ലേ?”
മജീദ് അന്നേരം ആകാശത്തേക്ക് നോക്കി. കരിവാവായിട്ടും ഒരു നക്ഷത്രം ആകാശത്ത് വിരിഞ്ഞു. അത് മജീദിനെ നോക്കിചിരിച്ചു. തനിക്ക് വിളമ്പിയ ഞണ്ടില് കുരുമുളക് ചേർത്തിട്ടില്ലെന്ന് ദാസൻ ഒരിക്കലും അറിയരുതേയെന്ന് മജീദ് നക്ഷത്രത്തോട് നിശബ്ദമായി പറഞ്ഞു. ആ നേരത്ത് പുഴയിലൂടെ ഒരു മുല്ലമാല ലക്ഷ്യമില്ലാതെ ഒഴുകി നടന്നു. മജീദിന് ചുറ്റും അതിന്റെ പരിമളം പരന്നു.