“കറുത്ത ബിന്ദു അതു വട്ടംവീശി വലുതായി വലുതായി വരുന്നു” പി പി രാമചന്ദ്രൻ എഴുതിയ കവിത
വാക്യം വായിച്ചവസാനിച്ചപ്പോഴേക്കും
അതിന്റെ ആരംഭം മറന്നു
തുടക്കത്തിലെ വാക്കുകൾ ഓർമ്മയില്ല
ആശയം വല്ലതും ഉണ്ടായിരുന്നോ
എന്നും വ്യക്തമല്ല
പൂർണ്ണവിരാമം മാത്രം
കൃത്യം
സ്പഷ്ടം
.
കറുത്ത ബിന്ദു
അതു വട്ടംവീശി
വലുതായി
വലുതായി
വരുന്നു