ഒന്ന്
സർക്കാർ ലാവണത്തിൽ നിന്നും സ്വമേധയാ വിടുതൽ വാങ്ങിയ ശേഷം വീണ എന്നെ വിളിച്ചു: “ഡാ, ഞാനിപ്പോ ഫ്രീ ആയെഡാ. നമുക്കൊന്ന് ചുറ്റണ്ടേ?”
ഞാൻ പ്രചോദിപ്പിച്ചു “പിന്നെ വേണ്ടേ? നീ ഇങ്ങോട്ട് വാ. എന്തുവേണമെന്ന് ഇരുന്നാലോചിക്കാം.”
രണ്ടുദിവസം കഴിഞ്ഞപ്പോൾ അവൾ ചാടിത്തുള്ളി ഫ്ലാറ്റിൽ വന്നു. മെറൂണിൽ ഗോൾഡൻ ലൈൻ വർക്കുള്ള സാരിയിലാണ് വരവ്. ഉടുക്കാൻ അറിയില്ല. വയർ മുഴുവൻ കാണാം. ബോബ് ചെയ്തിരുന്ന മുടി ഇക്കുറി മൊട്ടയാക്കിയിട്ടുണ്ട്. കാതിൽ മൊട്ടുകമ്മൽ. ലിപ്സ്റ്റിക്.
അവധിയായതിനാൽ ചിത്ര ഉണ്ടായിരുന്നു. അവൾ ചോദിച്ചു “മൊട്ടയാക്കിയതെന്തിനാ?”
വീണ തലയിലൂടെ കയ്യോടിച്ചു “ഇതാ സുഖം. ഇപ്പഴെന്തൊരു ആശ്വാസമാണെന്നോ. കുളിച്ചു. തുവർത്തി. ഉണങ്ങി.”
അവൾ ചിത്രയുടെ കസേരക്കയ്യിൽ ചെന്നിരുന്നു “ഞാൻ വീയാറസെടുത്തു. ഇവൻ പറഞ്ഞില്ലേ?”
“ഉവ്വ്. നിനക്കിനി എത്രകൊല്ലം കൂടി കിട്ടുമായിരുന്നു?”
“മൂന്ന് കൊല്ലം കൂടിയുണ്ട്. പക്ഷേ വയ്യ. ഒരേ മടുപ്പ്.”
“ഇനിയെന്താ ഇന്ദുചൂഢന്റെ ഫ്യുച്ചർ പ്ലാൻ. കൃഷിയും കാര്യങ്ങളും തന്നെയാണോ?”
“അദന്നെ. ഒരു കാര്യസ്ഥനെ വേണം. ഇവനെ വിട്ടുതരുമോ?”
ചിത്ര എന്നെ നോക്കി.
“രണ്ടും കൂടെ എന്നെ ഒഴിവാക്കി എങ്ങോട്ട് മുങ്ങാനാ ആലോചന?”
വീണ ഇടപെട്ടു “അതാലോചിക്കാനാഡേ വന്നത്. നീ വരുന്നുണ്ടോ?”
ചിത്ര ഒഴിഞ്ഞു “ഞാനില്ലേ. ഓഫീസിൽ ഓഡിറ്റിങ് നടക്കുവാ. എങ്ങോട്ടാണെങ്കിലും കൊണ്ടുപോകുന്ന സാധനം അതേപോലെ തിരിച്ചെത്തിച്ചേക്കണം.”
വീണ അവളെ ഉമ്മ വച്ചു “ഏറ്റു.”
ചിത്ര അസഹ്യത നടിച്ച് കവിൾ തുടച്ചു “ഏ..നിനക്ക് ഭ്രാന്തുണ്ടോ?”
“ഭ്രാന്തും ഉണ്ട്.”
രണ്ട്
കാർ ഓടിക്കൊണ്ടിരുന്നു.
വീണ പറഞ്ഞു “എനിയ്ക്ക് 53 വയസായെന്ന് ഓർക്കാൻ വയ്യെഡാ. ആദ്യത്തെ മൂന്ന് വർഷം വിട്ടേക്കാം. പിന്നത്തെ അരനൂറ്റാണ്ട്. ഹോ. എന്താല്ലേ…?”
ഞാൻ പറഞ്ഞു “എനിയ്ക്കുമായി അത്രയും.”
അവൾ മുഖം വക്രിച്ചു കാണിച്ചു “നീ ചുള്ളൻ. ഇച്ചിരി കഷണ്ടി കയറി എന്നേയുള്ളൂ. ഞാനങ്ങനാണോ.”
“നീ വണ്ണിച്ചു.”
“ചുമ്മാതാണോ. രണ്ടു പെറ്റില്ലേ?”
“അതുകൊണ്ടെന്താ. വല്ല ഗുണവുമുണ്ടോ? ഒരുത്തൻ ജർമ്മനി. ഒരുത്തൻ അയർലൻഡ്. അവരെ നീയിനി കാണുമോ?”
“ഓ… കണ്ടിട്ടെന്തിനാ?”
“എന്നാലും?”
“ഒരെന്നാലുമില്ല. നരേന്ദ്രനെ ഇനിയൊന്നു കാണണമെന്ന് വിചാരിച്ചിട്ടു കാര്യമുണ്ടോ? ജനനത്തിനു മുൻപും മരണത്തിനു ശേഷവുമുള്ള കാര്യത്തെക്കുറിച്ചൊക്കെ നമ്മളെന്തിന് ചിന്തിക്കുന്നു സാറേ… നീ വണ്ടി ചവിട്ടി വിട്. വാഴ്‌വേ സത്യം.”
“ഒരരനൂറ്റാണ്ട് കൂടി കിട്ടിയിരുന്നെങ്കിൽ പൊളിച്ചേനെ.”
“എന്നാത്തിനാ? അരനാഴികനേരം കൂടിയില്ല.”
“അയ്യോ അങ്ങനെ പറയാതെ. എഴുപതിലാരുണ്ടു താങ്ങിനായി? എഴുപതിലുണ്ടായ കൂട്ടുകാരോ? അതിനു മുൻപതിനു പിൻപുള്ളോരാണോ? അതുമല്ലിനിയും വരുന്നൊരാണോ? എന്നെങ്കിലുമറിയണ്ടേ?”
“നാല്പതിലേതോ ഭ്രാന്തൻ മുട്ടിയോ തലച്ചോറിൽ? നാല്പതിലേതോ കള്ളൻ തൊലിയിൽ പതുങ്ങിയോ? ആ മുട്ടലും പതുങ്ങലും. അതുവല്ലതും അറിഞ്ഞാരുന്നോ?”
“ഇച്ചിരിയൊക്കെ…”
“ദതുമതി”
“മധൂ… മതി”
മൂന്ന്
കാർ ഓടുന്നില്ല. നിർത്തിയിട്ടിരിക്കുകയാണ്. മുന്നിൽ വിജനപാത. മേലെ വഴിമരത്തിന്റെ തണൽ. ഓർക്കാൻ ഒരുപാടുണ്ട്.
“എഡാ മധുവേ…”
“എന്താ?”
“നീ ചിത്രയെ സ്നേഹിക്കുന്നുണ്ടോ?”
“ഇല്ല.”
“പ്രണയമുണ്ടോ?”
“ഒട്ടുമില്ല. ഒരിഷ്ടമുണ്ട്. പിന്നെ സൗഹൃദവും.”
“എത്രകാലമായി നിങ്ങൾ ഒന്നിച്ചു കഴിയുന്നു? ഒരിരുപത്തഞ്ച്?”
“ഉം. നീ നരേന്ദ്രനെ കെട്ടിയ ഉടനെ ഞാനും കെട്ടിയല്ലോ.”
“25 വർഷം. എന്നിട്ടും സൗഹൃദമേയുള്ളൂ?”
“അതെ. ദാമ്പത്യത്തിന് അതുപോരേ?”
“കുട്ടികൾ ഉണ്ടായിരുന്നുവെങ്കിൽ കൂടുതൽ നന്നായേനെ.”
“പറഞ്ഞുകൂടാ.”
“നീയെന്നെ ഇപ്പഴും പ്രേമിക്കുന്നുണ്ടോ?”
“ആവോ. അതൊക്കെ ആലോചിക്കാൻ നേരമെവിടെ? നീ ഒപ്പമുള്ളപ്പോൾ എനിക്കൊരു കനക്കുറവുണ്ട്. അതാണോ പ്രേമം?”
“അറിയില്ലെഡാ. കഴിഞ്ഞ വർഷങ്ങൾ മുഴുവനും ഞാനും ആലോചിക്കുന്നത് അതുതന്നെ.”
“ജീവിക്കാൻ എത്രപേർ ഒപ്പം വേണം?”
“ഒരു പ്രണയം. ഒരു കൂട്ട്. ബാക്കിയൊക്കെ പരിചയങ്ങൾ. അത്ര മതി.”
“മതിയോ. ഉറപ്പാണോ.”
“അത്ര ഉറപ്പില്ല. എന്നാലും, ഏറെക്കുറെ…”
നാല്
“ആ ഡയലോഗ് പണ്ടും നീ എന്നോട് പറഞ്ഞിട്ടുണ്ട്.”
“ഏത് ഡയലോഗ്?”
“കനക്കുറവും പ്രേമവും.”
“ഓ. ഞാനോർക്കുന്നില്ല. ഈ നശിച്ച കാൽപനികത ആഞ്ഞു കുടഞ്ഞിട്ടും പോകാത്തതെന്നാ? എ. ഐ. കാലമായല്ലോ?”
“നാരായണൻ നമ്പ്യാർ സാർ ഷെല്ലി സ്‌പെഷ്യൽ ക്ലാസുകൾ നീട്ടിനീട്ടി എടുത്തത് ചുമ്മാതാണോ? പാവം നരേന്ദ്രൻ. അവൻ എം.ടി. സ്പെഷ്യലായിരുന്നു. സേതൂന് സേതൂനോട് മാത്രേ ഇഷ്ടമുണ്ടായുള്ളൂ.”
“നിന്നെ?”
“എന്നെ ജീവനായിരുന്നു.”
“എന്നിട്ടും അയാൾ അറുപതാം വയസ്സിൽ ആത്മഹത്യ ചെയ്തു ജീവൻ കളഞ്ഞു.”
“ഹ..ഹ..ഹ.. ആത്മഹത്യാക്കുറിപ്പ് നിനക്ക് ഞാൻ വാട്സാപ്പ് ചെയ്താരുന്നല്ലോ. കണ്ടില്ലേ?”
“ഓ… കണ്ടു, കണ്ടു… അവസാനത്തെ ആഗ്രഹമാണ് കലക്കൻ. മരിച്ചുകിടക്കുമ്പോ രാമായണം വായിക്കണ്ട. എം.ടി.യുടെ കഥയോ നോവലോ വായിച്ചാൽ മതിയെന്നല്ലേ. നീ അന്നെന്താ വായിച്ചത്?”
“രണ്ടാമൂഴം.”
“അവനു സന്തോഷമായിക്കാണും.”
“വഴിയില്ല.”
“അതെന്താ?”
“എന്റെ മലയാളം തീരെ മോശമാഡാ…”
“നിനക്കങ്ങനെ വല്ല അന്ത്യാഭിലാഷവുമുണ്ടോ?”
“ഉണ്ട്. ഞാൻ ചത്തുകിടക്കുമ്പോ നീ വന്ന് തലയ്ക്കലിരുന്ന് ബുവ്വയുടെ ‘സെക്കൻഡ് സെക്സ്’ വായിക്കണം. അല്ലെങ്കിൽ ‘ചാറ്റർലീസ് ലവർ.’ ‘മീശ’ വായിച്ചാലും ‘ചാവുനിലം’ വായിച്ചാലും ‘ഖസാക്ക്’ വായിക്കല്ലേ. സഹിക്കില്ല. ഒന്നും കിട്ടിയില്ലെങ്കിൽ വീക്കേയെന്നോ കുഞ്ചൻനമ്പ്യാരോ ആയാലും സന്തോഷം തന്നെ. നിനക്കോ?”
“ഒന്നുമില്ലേ. സ്വസ്ഥമായി ചത്തുകിടക്കാൻ സമ്മതിച്ചാൽ മാത്രം മതി.”
“ചത്തോ. പക്ഷേ സ്വസ്ഥത പ്രതീക്ഷിക്കണ്ട.”
അഞ്ച്
കാറോടുന്നു. ഓട്ടുന്നത് വീണ. അവളുടെ നോട്ടം റോഡിൽ. ശ്രദ്ധ എന്നിൽ.
ഞങ്ങൾക്കിടയിൽ ജോണി ക്ലെഗ് പാടുന്നു
‘Their eyes shone with the fire and the steel
The General told them of the task that lay ahead
To bring the People of the Sky to heel…’
വീണ “നീയൊരു വങ്കനാണ് മധൂ.”
ഞാൻ “ഒറപ്പല്ലേ. അല്ലെങ്കി നിന്റെ കൂടെ ഇങ്ങനെ വരുമോ?”
വീണ “ചിത്രയും വേണമായിരുന്നു.”
ഞാൻ “അവൾ വരില്ല. ചില നേരത്തെ അവളുടെ ഓഞ്ഞ ഗൗരവം എനിക്കിഷ്ടമല്ല. ഈ ട്രിപ്പ് തന്നെ അവളുണ്ടെങ്കിൽ ഓലക്കൊട്ടകയിൽ സ്പിൽബെർഗ് കളിക്കുമ്പോലെ ആയേനെ.”
വീണ നീ” അതുവിട്. റേയും ഘട്ടക്കും സെന്നും മൾട്ടി സ്റ്റാർ തീയറ്ററിലും ഓടും മോനേ.”
ഞാൻ “ചിത്രയും വരുമെങ്കിൽ നമ്മൾ വെയിൽസിലോ ഫിൻലൻഡിലോ പോകുമായിരുന്നു.”
വീണ (ചിരിയോടെ) “അതൊന്നും വേണ്ട. അറിയാത്ത സമുദ്രത്തേക്കാൾ അറിയുന്ന നിളയാണ് എനിക്കിഷ്ടം.”
ഞാൻ “നരേന്ദ്രനെ വെറുതെ വിടെടി. പാവം മരിച്ചില്ലേ?”
വീണ “ശരി. ഞാനുദ്ദേശിച്ചത് വിദേശം വേണ്ടെന്നാണ്. ഇമ്മക്ക് ഇമ്മടെ ഇന്ത്യ മതി. സന്താൾ ഗ്രാമങ്ങളിൽ പോവുക. അവിടെ രാപ്പാർക്കുക. ബാവുൾ ഗായകരെ കാണുക. പാട്ട് കേൾക്കുക. അളകനന്ദയും ഭാഗീരഥിയും ഒന്നിച്ചൊഴുകുന്ന ലയം അനുഭവിക്കുക. അജന്തയിലേയും എല്ലോറയിലേയും ഗുഹകളിൽ ചെന്നിരിക്കുക. അങ്ങനെയങ്ങനെ.”
ഞാൻ “മഹാനഗരങ്ങൾ?”
വീണ “വേണ്ട.”
ഞാൻ: ഗാന്ധി മ്യുസിയം?
വീണ “ഒട്ടും വേണ്ട”
ഞാൻ “അതെന്താ?”
വീണ “അത്രയും ഉൾവലിച്ചിൽ എനിക്കിഷ്ടമല്ല.”
ഞാൻ “ഗയയിലേയ്‌ക്കുള്ള വഴിയരികിലെ ചായമക്കാനിയിൽ നിന്ന് വേപ്പിലയിട്ട് തിളപ്പിച്ച ആട്ടിൻപാൽ കുടിക്കണ്ടേ?”
വീണ “അതു വേണം.”
ഞാൻ “രാജസ്ഥാനിലെ പൊടിക്കാറ്റിൽ നടക്കണ്ടേ?”
വീണ “നീ കൂടെയുണ്ടെങ്കിൽ. ഒറ്റ പുതപ്പുകൊണ്ട് ചെവിമൂടി നടക്കണം.”
ഞാൻ “നമ്മൾ ഇപ്പഴെവിടെയെത്തി?”
വീണ “തോപ്പുംപടി പാലം കേറുന്നു.”
ഞാൻ “അങ്ങെത്തുമോ? വല്ലോം നടക്കുമോ?”
വീണ “ആവോ!”
ക്ലെഗ് ഇപ്പഴും പാടുന്നുണ്ട്.
Mud and sweat on polished leather
Warm rain seeping to the bone
They rode through the season’s wet weather…
എനിയ്ക്ക് ഉറക്കം വരാൻ തുടങ്ങി.
കണ്ണടച്ചപ്പോൾ വീണ തോളിൽത്തട്ടി “ഉറങ്ങല്ലേ… ഉറങ്ങല്ലേ…”
ആറ്
വീണയുടെ ഫ്ലാറ്റ്. വൃത്തിയുണ്ട്. സമാധാനം. കഴിഞ്ഞതവണ വന്നപ്പോൾ ഒക്കെയും വലിച്ചുവാരി ഇട്ടിരിക്കുകയായിരുന്നു. കഴുകാത്ത പാത്രങ്ങൾ കുറേ ഞാനാണ് കഴുകി വച്ചത്. ഇന്നെന്ത് പറ്റി ആവോ?
വന്നപാടെ അവൾ കുളിക്കാൻ കയറി. കുളി പകുതിയായപ്പോൾ വിളിച്ചു ചോദിച്ചു “നീ വരണ്ടോ? ഒന്നിച്ചു കുളിക്കാം. ഞാൻ പുറം തേച്ചു തരാം.”
“വേണ്ട. ഞാൻ കുളിച്ചതാ.”
നരേന്ദ്രന്റെ പുസ്തകങ്ങൾ ഇരിക്കുന്ന അലമാരയ്ക്ക് ഉള്ളിലേയ്ക്ക് എത്തിക്കുത്തി നോക്കുമ്പോൾ കുളിമുറിയുടെ വാതിൽ ഝടുതിയിൽ തുറക്കുന്ന ശബ്ദം. ബെഡ് റൂമിലേയ്ക്ക് ഓടുന്ന വീണ. അവളുടെ നനഞ്ഞ അനാവൃത പിൻവിസ്തൃതി.
അവൾ പറഞ്ഞു “ടവ്വലെടുക്കാൻ മറന്നു.”
ഞാൻ ഫ്രിഡ്ജ് തുറന്നു നോക്കി. ഒന്നര നൂറ്റാണ്ടിന്റെ പ്രതാപവുമായി ദാ ഇരിക്കുന്നു ഓൾഡ് ഫോറസ്റ്റർ. കഴുത്തിന് പിടിച്ചപ്പോൾ കൂളായി പൊങ്ങിവന്നു.
രണ്ടു ചെയറെടുത്ത് ബാൽക്കണിയിലിട്ടു. കുളി മതിയാക്കി വീണ വന്നപ്പോൾ ചോദിച്ചു “നീ നിർത്തിയെന്ന് പറഞ്ഞിട്ട്?”
‘നിർത്തിയാലല്ലേ തുടങ്ങാൻ പറ്റൂ. നീയിരി. എന്നിട്ടൊഴി.’
രണ്ടു റൗണ്ട് കഴിഞ്ഞപ്പോൾ അവൾക്ക് പാട്ടുവന്നു:
‘അരിമുല്ല പൂക്കുന്ന രാവ്
അതിൻ നറുഗന്ധമാകും കിനാവ്
അതിലോലമീറൻ നിലാവ്
അകലേ മുഴങ്ങും മിഴാവ്
അനുരാഗമെന്തൊരു നോവ്
ഈ അനുരാഗമെന്തൊരു നോവ്’
പല്ലവി തീർന്നപ്പോൾ ഉഗ്രൻ എന്ന് ഞാൻ മുദ്ര കാണിച്ചു ”വ്… വ്… വ്…”
‘കാവിലെ പൂരത്തിനാളുകൂടും
കൂത്തമ്പലത്തിൽ തിരക്കു കൂടും
കാതിലീ കാറ്റു നിൻ പേരു പാടും
കാണുവാൻ കൺകൾ തിരഞ്ഞോടും
ഒന്നു കാണുവാൻ കൺകൾ തിരഞ്ഞോടും’
അനുപല്ലവി നിർത്തി അവളൊരു സിപ്പെടുത്തു. ഞാൻ പറഞ്ഞു: ‘ടും… ടും… ടും…
‘പിന്നൽ തിരുവാതിരയ്ക്ക് ശേഷം
പിൻവാതിൽ ചാരരുതേ അശേഷം
പിന്നെപ്പറയാം ഒരു വിശേഷം
പിന്നിലൂടിങ്ങനെ ഈ ആശ്ലേഷം,
സഖീ, പിന്നിലൂടിങ്ങനെ ഈ ആശ്ലേഷം.’
ഇടയ്‌ക്കെഴുന്നേറ്റ് അവളെന്റെ പിന്നിലൂടെ വന്ന് ആശ്ലേഷിച്ചു. കൈവിടുവിച്ച് ഞാൻ അന്ത്യപ്രാസാക്ഷരം ആവർത്തിച്ചു “ഷം…ഷം… ഷം…”
“എങ്ങനേണ്ട് സാധനം? നരേന്ദ്രൻ എഴുതിയതാണ്.”
“അവനിത് എപ്പോ എഴുതിയതാ? പതിനെട്ടാം നൂറ്റാണ്ടിലോ? ഇതിലുണ്ട് അവന്റെ കുഴപ്പം മുഴുവൻ. നീയെങ്ങനെ സഹിച്ചെടി അവനെ. ചത്തതു നന്നായി. അല്ലെങ്കിൽ കൊല്ലേണ്ടിവന്നേനെ.”
“അദ്ദാണ്.”
ഏഴ്
രാത്രി. ചിത്ര വിളിച്ചു:
“എവിടെത്തി രണ്ടാളും?”
ഞാൻ ഫോൺ സ്പീക്കറിലിട്ടു. വീണ പറഞ്ഞു:
“ഞങ്ങളെങ്ങും പോയില്ല. ദേ എന്റെ ഫ്ലാറ്റിലുണ്ട്.”
“കാശി രാമേശ്വരം ഗോൽകൊണ്ട ഹംപി എന്നൊക്കെ പറഞ്ഞിട്ട്. പോയില്ലേ? ഭയങ്കര പ്ലാനിംഗ് ആയിരുന്നല്ലോ രണ്ടുംകൂടെ.”
“പള്ളുരുത്തി, മട്ടാഞ്ചേരി, കുമ്പളങ്ങി തമ്മനം, വരാപ്പുഴ, ഇടപ്പള്ളി വഴി ദേ ഇവിടെത്തി.”
ചിത്ര ആർത്തുചിരിക്കുന്ന ഒച്ച ലോകം മുഴുവൻ കേട്ടു. ചിരി അടങ്ങിയപ്പോൾ അവൾ വീണയെ ഉപദേശിച്ചു.
“ഒരു മുറീൽ കെടക്കണ്ട കേട്ടോ. അവൻ ഭയങ്കര കൂർക്കം വലിയാ. നീയും മോശമല്ല. ഉറക്കത്തിൽ നിനക്കുമുണ്ട് ചവിട്ടും തൊഴിയും.”
ചിത്ര ഫോൺ വച്ചപ്പോൾ എനിയ്ക്ക് സംശയമായി.
“ഞാൻ മദ്യപിച്ചത് അവൾക്ക് മനസിലായിക്കാണുമോ?”
വീണ എന്നെ ആശ്വസിപ്പിച്ചു “ഏയ്.”
ബാൽക്കണിയുടെ കൈവരിയിൽ ചാരിനിന്ന് അവൾ ആത്മഗതിച്ചു: “ഹോ… ഈ ജീവിത നാടകം…”
“ജീവിതനൗകയല്ലേ?”
“അതൊരു സിനിമ. ഇത് നാടകം.”
“രണ്ടും കണക്കാ. ഒരാൾ മറ്റൊരാളായി നടിക്കുന്നു. അയാളുടെ നടിപ്പ് നന്നായോ എന്ന് പരിശോധിക്കുന്നതായി പ്രേക്ഷകർ നടിയ്ക്കുന്നു. മൊത്തം നാട്യം. ബോർഹസിന്റെ ‘Everything and Nothing’ വായിച്ച ശേഷം എനിക്കതിനോടൊക്കെയുള്ള പ്രതിപത്തി പോയി.”
“പ്രതിപത്തി. അങ്ങനെയൊരു വാക്കുണ്ടോ മലയാളത്തിൽ?”
“പ്രതിയുണ്ടല്ലോ. സോ സിംപിൾ. കൂടെ പത്തി ചേർത്താൽ പോരേ.”
“മതി, മതി.”
എട്ട്
രാത്രി. (തുടർച്ച). മേലെ ചന്ദ്രൻ. നക്ഷത്രങ്ങൾ. അരൂപികൾ. (അവയും തുടർച്ച)
ബാൽക്കണിയിലേയ്ക്കുള്ള വാതിലും ജനലും തുറന്നിട്ടതിനാൽ ഉള്ളാകെ നല്ല വെളിച്ചമുണ്ട്. അതുകൊണ്ടു ലൈറ്റിട്ടില്ല. സോഫയിൽ വന്നുകിടന്നപ്പോൾ നല്ല സുഖം. വീണ വന്നു താഴെയിരുന്നു മടിയിൽ തലവച്ചു. അവൾക്ക് പണ്ടേ മുടി പിടിച്ചു വലിച്ചുള്ള മസാജിംഗ് ഇഷ്ടമാണ്. തൊട്ടപ്പോൾ വെറും മൊട്ട. വിരൽത്തുമ്പിൽ കുറ്റിമുടിയുടെ ഘർഷണം.
ഞാൻ ചോദിച്ചു “ഇനി നീയെങ്ങനെ പൂചൂടും?”
അവൾ പറഞ്ഞു “വളരുമല്ലോ. എന്നിട്ട് ചൂടാം.”
കുറേനേരം ചുറ്റും മൗനം തളംകെട്ടി. (ഹായ്, ഹായ്. എന്താ പ്രയോഗം. എന്തൊരു തളംകെട്ടൽ).
അവളാ മൗനം ഭഞ്ജിച്ചു. (വീണ്ടും ഹായ്, ഹായ്. എന്താ പ്രയോഗം. എന്തൊരു ഭഞ്ജനം).
“നീ ഓർക്കുന്നുണ്ടോ. പണ്ട് നമ്മൾ ഇരിങ്ങോൾ കാവ് കാണാൻ പോയത്?”
“പിന്നില്ലേ? നമ്മള് കുട്ടികളായിരുന്നു.”
“അതെയതെ. നമ്മുടെ രണ്ടുപേരുടേം പപ്പായും മമ്മിയും കൂടെ ഉണ്ടായിരുന്നു.”
“നിന്റെ പപ്പായല്ലേ ആദ്യം മരിച്ചത്. പിന്നെ എന്റെ മമ്മി.”
“അതുകഴിഞ്ഞ് എന്റെ മമ്മി. പിന്നെ പപ്പാ.”
“നാലുപേരും ഊഴമിട്ടങ്ങു പോയല്ലേ?”
“അതെ. മരിച്ചവർക്കെല്ലാം ആത്മശാന്തി. നരേന്ദ്രനും ചിത്രയ്ക്കും ആത്മശാന്തി.”
“അയ്യോ. ചിത്ര മരിച്ചിട്ടില്ല.”
“അവളിപ്പോ ഉറങ്ങിക്കാണും. ഉറക്കവും ഒരുതരം മരണമല്ലേ.”
“വിസ്മൃതിയോ?”
“അതുമതേ.”
“മരിച്ചവർക്കെന്തിനാ ആത്മശാന്തി. ജീവിച്ചിരിക്കുമ്പോഴല്ലേ ആത്മശാന്തി വേണ്ടൂ.”
“എന്നാലും ഇരിക്കട്ടെ ശാന്തി.”
“നമ്മളും മരിക്കും.”
“ഏയ്.ചുമ്മാ.”
“അതുകള. നീയിതുപറ. ഇരിങ്ങോൾ കാവ് കാണാൻ പോയിട്ട്?”
“പറയാം..പറയാം..ആലോചിക്കട്ടെ. ഓൾഡ് ഫോറസ്റ്റർ ബാക്കിയുണ്ടോ?”
“നോക്കണം.”
ഒൻപത്
“മധൂ?”
“പറ”
“എഡാ, നമ്മളന്ന് ഇരിങ്ങോൾ കാവിൽ പോയല്ലോ. അന്ന് പോകാനൊരുങ്ങുമ്പോൾ നീയെനിയ്ക്ക് മുടിയിൽ പിച്ചിപ്പൂ കുത്തി തന്നു.”
“ഞാനോർക്കുന്നില്ല.”
“എനിക്കോർമ്മയുണ്ട്. പിച്ചിപ്പൂവല്ലേ. ഭയങ്കര മണമായിരുന്നു. നടക്കുന്ന വഴിയിലൊക്കെ മണം. ആ ഒറ്റക്കാരണം കൊണ്ട് എന്നെയന്ന് അമ്പലത്തിനുള്ളിൽ കയറ്റിയില്ല.”
“ഓ… ഇപ്പ ഓർമ്മ വന്നു. സുഗന്ധ പുഷ്പങ്ങൾ ദേവിയ്ക്ക് ഇഷ്ടമല്ലെന്ന് നമ്മളറിഞ്ഞോ? തലയിൽ ചൂടിയ പൂ മാറ്റിയിട്ട് കേറിക്കൊള്ളാൻ അനുവാദം തന്നല്ലോ.”
“നീ കുത്തിത്തന്ന പൂവല്ലേ. ഞാൻ കളഞ്ഞില്ല.”
“വെറും പിടിവാശി. പപ്പായും മമ്മിയും പറഞ്ഞിട്ടും നീ കേട്ടില്ല.”
“ഞാൻ കയറാത്തതുകൊണ്ട് നീയും അമ്പലത്തിൽ കയറിയില്ല. നീയെനിയ്ക്ക് പുറത്തു കൂട്ടുനിന്നു.”
“ചുറ്റും കാടാണ്. അൻപതേക്കർ കാട്. കൂറ്റൻ മരങ്ങൾ. ഒറ്റയ്ക്ക് വിട്ടേച്ചു പോകാൻ പറ്റുമോ?”
“ആ കൂറ്റൻ മരങ്ങൾ വെറും മരങ്ങളല്ല മധൂ… ദേവിക്ക് കാവൽ നിൽക്കുന്ന ദേവതകളാണ്.”
“ആയ്ക്കോട്ടെ.”
“അവളൊരുവൾ. ഉഷകാലേ സരസ്വതി. ഉച്ചയ്ക്ക് വനദുര്‍ഗ്ഗ. അത്താഴപൂജയ്ക്ക് ഭദ്രകാളി. രൂപമില്ലാത്ത ശില. സ്വയംഭൂ.”
കാട്ടിലെ തണുപ്പും പക്ഷികളുടെ ചിലപ്പും ക്ഷേത്രത്തിനു പുറത്തെ നിൽപ്പും ഇപ്പോഴും അറിയുന്നപോലെ കണ്ണടച്ചു പിടിച്ചുകൊണ്ട് വീണ തുടർന്നു:
“കാട് കാണാൻ വരുന്നവരുടെ തിരക്കുണ്ടായിരുന്നല്ലോ. എന്നിട്ടും എങ്ങും നിശ്ശബ്ദം. ഇലകൾ തമ്മിലുരയുന്ന ശബ്ദം മാത്രം. അപ്പോൾ, സന്ദർശകർക്കിടയിൽ നിന്നും ഒരു ചെറിയ പെൺകുട്ടി എന്നെ വന്നുതൊട്ടു. അവളുടെ കയ്യിൽ എടണമരത്തിന്റെ ഒരില. ചുരുട്ടിയ ഒരില. അവൾ അതെനിയ്ക്ക് നീട്ടി. ഞാൻ വാങ്ങി. കവിളിലൊന്ന് തൊട്ട് എടണയില തിരികെ നൽകാൻ ആയും മുൻപേ അവളുടെ അമ്മ അവളെ എടുത്തുകൊണ്ടുപോയി.”
“അതു ഞാൻ കണ്ടില്ല.”
“നീ പോത്തൻ. വായ് നോക്കി നിന്നു.”
“എന്നിട്ട്?”
“എന്നിട്ടെന്താ… പിന്നെ എനിക്ക് പിച്ചി വാസനിച്ചില്ല. എടണയിലയുടെ മണം മാത്രം. പപ്പായും മമ്മിയും പുറത്തിറങ്ങിയ ശേഷം നമ്മൾ കാടുമുഴുവൻ നടന്നുകണ്ടല്ലോ. അപ്പഴും കാടാകെ എടണയുടെ മണം മാത്രം. എന്തു രസമായിരുന്നു.”
“എന്നിട്ടിതൊക്കെ ഇപ്പഴാണോ പറയുന്നേ?”
“മധൂ, ഞാനും സ്ത്രീ. രൂപമില്ലാത്ത ശില. ചുറ്റും ജീവിതത്തിന്റെ കാട്. മറവി. നീ പറ. ഞാനാരാണ്?”
ഞാൻ പറഞ്ഞു “പ്രണയഭഗവതി.”
അവളാട്ടി “പോഡാ. എന്റെ മൊലേന്ന് കൈയെടുക്ക്…”
“സോറി.”
“സാരമില്ല.വേണേ വച്ചോ.”
“ഓ.വേണ്ട…”
“വച്ചോന്ന്.”
“വേണ്ടന്ന്.”
പത്ത്
പ്രഭാതം. ട്രാഫിക്കിൽ വാഹനങ്ങളുടെ കൂജനം. ഇന്നും കാറോടുന്നു. ഞങ്ങൾ ഒരിക്കൽക്കൂടി ഇരിങ്ങോൾക്കാവ് കാണാൻ പോവുകയാണ്. കാക്കനാടെത്തിയപ്പോൾ പുഷ്പാലങ്കാര കടയിൽ നിന്നും ഞാനവൾക്കൊരു പിച്ചിപ്പൂ വാങ്ങിക്കൊടുത്തു. കുത്താൻ മുടിയില്ലാത്തതിനാൽ കയ്യിൽപ്പിടിച്ചിരിപ്പാണ്.
“ഇതെന്തിനാ?”
“ചുമ്മാ. ഒരു സ്മൃതിലഹരി.”
ഇത്തവണ സ്റ്റീരിയോയിൽ ശാന്ത പി. നായരുടെ കമുകറയുമാണ് പാടുന്നത്
‘ഒരു മധുര സംഗീതമീ ജീവിതം.’
അവൾ ചോദിച്ചു “ഇതേത് സിനിമയിലെ പാട്ടാ?”
ഞാൻ പറഞ്ഞു “ജയിൽപ്പുള്ളി.”
പാട്ടു തീർന്നപ്പോൾ ഞാനൊന്നു പാടി നോക്കി “സംഗീതമീ ജീവിതം…
അവൾ പറഞ്ഞു “സംഗീതം ഒരു സമയകലയാണ്”
“മേതിലല്ലേ?”
“അതെയതെ. തെറ്റാൻ വഴിയില്ല.”
“തെറ്റിയ വഴിയോളം ശരിയായ വഴിയില്ല…”
“എടീ, എനിക്കൊരു തോന്നൽ…”
“പറ.”
“ഞാൻ മരിച്ചു കിടക്കുമ്പോ മേതിലിനെ വായിച്ചാലോ…
“ഏതുവേണം?”
“ബ്രാ…”
“ചിത്രയെ പറഞ്ഞേൽപ്പിക്കാം. പോരേ?”
“പോരും.”
*സച്ചിദാനന്ദന്റെ 40, 70 എന്നീ കവിതകളുടെ വരികൾ കഥയിലുണ്ട്.