1. പുലർച്ച
ഈശോപ്പ് അതിരാവിലെ എഴുന്നേറ്റ് തന്റെ ചടച്ചു മെലിഞ്ഞ ശരീരത്തിലേക്ക് ഡിസംബറിന്റെ തണുപ്പ് രിയൊഴിക്കുകയായിരുന്നു. മൺതൊട്ടിയിലേക്ക് ഇറങ്ങിയിരുന്നപ്പോൾ ഈശോപ്പിന് ലോകമാകെ ജ്ഞാനസ്നാനം ചെയ്യപ്പെട്ടതായും താൻ കുളികഴിഞ്ഞിറങ്ങാൻ പോകുന്നത് മറ്റൊരു കാലത്തിലേക്കുമാണെന്ന് തോന്നി.
‘’ഈശോപ്പേ… ഇനി നീയാണീ ലോകത്തിന്റെ തൊട്ടപ്പൻ.’’
റബർക്കാടുകളിൽ അടർന്നുവീഴുന്ന ഇലകൾ പോലെയും വെട്ടിയ മുറിവിൽ നിന്ന് ഊറിവരുന്ന മരക്കറ പോലെയും അശരീരികൾ ഈശോപ്പിന്റെ തണുത്ത ചെവിക്കുടകളെ വലയം ചെയ്തു.
ഈശോപ്പ് തോർത്ത് പിഴിഞ്ഞ്, കഷണ്ടി കേറിയ ഉച്ചിയിൽ അമർത്തി തുടച്ച് ഇരുട്ടിലേക്ക് നോക്കി. നിനച്ചിരിക്കാത്ത നേരത്ത് തന്റെ ഭവനത്തിലേക്ക് കർത്താവ് കയറി വരുമെന്ന് പണ്ടുകാലം തൊട്ടേ അയാൾ കരുതി പോന്നിരുന്നു. ഈശോപ്പ് പ്രതീക്ഷയോടെ നോക്കിയിരിക്കുമ്പോൾ ആ വീടിന്റെ ഏകാന്തതയെ പറ്റി എല്ലായ്‌പ്പോഴും സ്മരിക്കുന്ന കാറ്റ്, ചാഞ്ഞു വീശി അയാളുടെ ചിന്തകളെ ആസിഡ് വെള്ളത്തിൽ മുക്കിയെടുത്തു. ഒരിക്കൽ ഓർക്കാട് പള്ളിയിലെ കുമ്പസാരക്കൂട്ടിലിരിക്കുമ്പോൾ സോളമൻ പാതിരി പറഞ്ഞത് ഈശോപ്പ് ആ സമയം ഓർത്തെടുത്തു.
’ ഈശോപ്പേ, എനിക്ക് നിന്നെ എന്തിഷ്ടമാണെന്നോ? നിനക്കറിയാമോ, ഈ മരങ്ങൾ കരയുന്നത് വേദനിച്ചിട്ടല്ല. മനുഷ്യരുടെ ചെയ്തികൾ കണ്ട് പൊറുക്കാഞ്ഞിട്ടാണ്. അവരുടെ പാപങ്ങൾ നീയടിക്കുന്ന റബർഷീറ്റു പോലെയാ ഈശോപ്പേ. പാപത്തിന്റെ കറ ഉണക്കി കഴിഞ്ഞാൽ എന്തിനും വഴങ്ങും. നീട്ടിയും പരത്തിയും പറഞ്ഞ് അതൊരു സന്മാർഗഗീതമാക്കാം. അതുപോലെ നിനക്കെന്നെ സ്നേഹിക്കാമോ ഈശോപ്പേ?’’
ഈശോപ്പ് ടാപ്പിങ്ങിനുള്ള കത്തി അണച്ച് മൂർച്ച കൂട്ടി, നെറ്റിടോർച്ചു കെട്ടി തയ്യാറായി. റബർ മരങ്ങളുടെ തണ്ണിപ്പടകളിലപ്പോൾ രോമാഞ്ചമുണ്ടായി.
ഈശോപ്പിന്റെ യൗവ്വനകാലത്ത് ഈ മരങ്ങളെല്ലാം ശിശുക്കളായിരുന്നു. അപ്പൻ വച്ച തൈമരങ്ങൾക്കിടയിൽ കാട്ടുമുയലുകളുടെ പെരുക്കം കണ്ടാണ് ഈശോപ്പ് പുരുഷനായത്. വലിയ വാരിക്കുന്തം ലാക്കാക്കി പിടിച്ച് പൊന്തകളിൽ അവനും അപ്പനും ഒളിച്ചിരുന്നു. ഇണചേരുന്ന മുയലുകളെ സുരതമൂർച്ഛയെത്തുന്ന നിമിഷത്തിൽ അപ്പൻ ഒറ്റ കുത്തിന് കുന്തത്തിൽ കോർത്തെടുത്തു. ഈശോപ്പ് ആകാശത്തേക്ക് നോക്കി. നിലാവുദിച്ചിരിക്കുന്നു. രേതസിറ്റുന്ന ഒരാൺമുയൽ അന്തരീക്ഷത്തിൽ ക്രൂശിതനായ പോലെ. അടുത്തത് ഈശോപ്പിന്റെ ഊഴമായിരുന്നു. റബറിന്റെ വേരുകൾക്കിടയിൽ നക്ഷത്രങ്ങൾ അടർന്നു വിണതുപോലെ രണ്ടു മുയലുകൾ. ഈശോപ്പിന്റെ ഹൃദയം മർമ്മരപ്പെട്ടു. മുയലുകൾ പടുതകൾ ചാടിമറഞ്ഞപ്പോൾ ഈശോപ്പിന് ആദ്യമായി സ്ഖലനമുണ്ടായി.
“കഴുവേറിമോനേ…” അപ്പൻ അവനെ നിലത്തിട്ട് ചവിട്ടി.
കുറച്ചു മുതിർന്നപ്പോഴേക്കും ഈശോപ്പ് ഓർക്കാട്ടെ അറിയപ്പെടുന്ന റബറുവെട്ടുകാരനായി കഴിഞ്ഞിരുന്നു. കഴുവേറീടെമോനേന്ന് മാത്രം വിളിച്ചു ശീലിച്ച അപ്പനടക്കം അയാളെ ആരാധനയോടെ നോക്കി. പുലർച്ചകളിൽ, പാലുവറ്റി തോട്ടക്കാരൻ മറന്ന മരങ്ങൾ വരെ ഈശോപ്പിന്റെ കൈക്രിയയിൽ സ്ഖലിച്ചു.
‘’എന്നാ പിടിയാടാ നീ പിടിക്കുന്നേ..’’
കടുംവെട്ടുകഴിഞ്ഞൊരു റബർതോട്ടത്തിൽ കിടന്ന് ഈനാശു ഈശോപ്പിനോട് കുറുകി. റബർക്കാട്ടിലക്കാലത്തൊക്കെ വെളുത്ത ശലഭങ്ങൾ പറക്കുമായിരുന്നു. അവ ആകാശത്തേക്കുയർന്ന് മനുഷ്യരുടെ രഹസ്യങ്ങളെ മറച്ചു. ഒരുനേരം അഞ്ഞൂറു മരങ്ങൾ വെട്ടിയിട്ടും തളരാത്ത ഈശോപ്പിന്റെ കൈത്തണ്ടകൾ അന്വേഷിച്ച് ദൂരദിക്കുകളിൽ നിന്നും മുതലാളിമാർ വന്നു. ഈശോപ്പ് അവരുടെ തണുത്ത പുറംതൊലികളിൽ നേർത്ത വടുക്കളുണ്ടാക്കി. കിനിയുന്ന ജീവരസം ചിരട്ടകളിലേക്ക് പകരുന്നതും നോക്കി നേരം പുലർത്തിയെടുത്തു. പുകപ്പുരകളിൽ പാപക്കറയിൽ നിന്നുള്ള മോക്ഷപ്രാപ്തിക്കായി പ്രാർത്ഥന ചെയ്തു. അങ്ങനെ ഈശോപ്പ് പ്രശസ്തനായതോടെയാണ് അപ്പൻ മകനെ പിടിച്ച് കെട്ടിച്ചത്.
കൊച്ചുലാലിയെ പെരക്കകത്തേക്ക് കൈപിടിച്ചു കയറ്റിയ നേരം, മഴക്കോളു കണ്ട് ചെരട്ട കമിഴ്ത്തി വച്ചേച്ചും വരാം എന്നു പറഞ്ഞു പോയ ഈശോപ്പ് ആഴ്ച രണ്ടു കഴിഞ്ഞാണ് തിരിച്ചു വന്നത്. അപ്പന് പഴയതു പോലെ മകനെ തല്ലാനുള്ള ആവതില്ലായിരുന്നു. അയാൾ ഇട്ടിപ്പടി വരെ നടന്നുപോയി കൊച്ചുലാലിയുടെ അപ്പന്റെ കാലേൽ വീണും ഇനിയാവർത്തിക്കേലെന്ന് കരഞ്ഞു മറിഞ്ഞും മരുമകളെ തിരിച്ചു വിളിച്ചോണ്ടു വന്നു.
ഒരു മാസം വലിയ തട്ടുകേടില്ലാതെ പോയി. ഈശോപ്പിനെ പായിൽ പിടിച്ചു കിടത്താൻ കൊച്ചുലാലി ഒരുമ്പെട്ടപ്പോഴൊക്കെ അയാൾ കത്തിയുമെടുത്ത് തോട്ടത്തിലേക്കിറങ്ങി. നട്ടുച്ചക്ക് നിന്ന് റബറ് വെട്ടുന്ന ഈശോപ്പിനെ കണ്ട് ഇടവകക്കാർ കുരിശുവരച്ചു കടന്നുപോയി. ഒരു പെണ്ണു വന്നാ ഇതുപോലാവോ ആമ്പെറന്നോന്മാരെന്ന് ചട്ടയും മുണ്ടുമിളക്കി പെണ്ണുങ്ങൾ കുശുകുശുത്തു. ഈശോപ്പ് പക്ഷെ കൊച്ചുലാലിയുമൊത്തുള്ള ഓരോ നിമിഷത്തെയും തന്റെ ജീവിതത്തിന്റെ തൊലിപ്പുറത്തു നിന്ന് ചീവിക്കളയാനുള്ള വ്യഗ്രതയിലായിരുന്നു. ഒരുച്ചനേരത്ത് അപ്പനുള്ള ചോറും ബോട്ടിക്കറിയും എടുത്ത് വച്ച്, മുണ്ടും തുണിയും പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞെടുത്ത്, കൊച്ചുലാലി മുറ്റത്തേക്കിറങ്ങി.
‘’മോളേ…’’
അപ്പൻ കൊച്ചുലാലിയെ വിളിച്ചു. അവൾ നടന്നുപോയ വഴിയെ, റബറിലിലകളിൽ തട്ടി പ്രതിധ്വനിച്ച് കരഞ്ഞും പേർത്തും ആ പ്രാർത്ഥന തിരിച്ചു വന്നു.
ഇശോപ്പ് ടോർച്ച് വെളിച്ചം തെളിച്ച് റബർത്തോട്ടത്തിലൂടെ നടന്നു. മരനീരിൽ നിന്ന് ഉരുവം കൊണ്ട വലിയ സൗധങ്ങളിൽ ചിലതിലെങ്കിലും വെളിച്ചമുണ്ടാകേണ്ടതാണല്ലോ എന്നയാൾ ചിന്തിച്ചു. അവയിൽ ഭൂരിഭാഗത്തിലും ഇപ്പോൾ ആൾപ്പാർപ്പില്ലെന്ന് ഈശോപ്പിനറിയില്ലായിരുന്നു. കൊച്ചുവറീത് മാപ്ലയും പ്ലാത്തോട്ടത്തിൽ കറിയായും ഇപ്പോഴും ആ വലിയ വീടുകൾക്കുള്ളിൽ താമസിക്കുണ്ടെന്നും പ്രായാധിക്യത്താൽ അവരൊന്നും വെളിയിൽ വരാത്തതാണെന്നും അയാൾ കരുതിപ്പോന്നു.
‘’തലമുറകളെ ഈ മണ്ണിൽ പ്രൗഢിയോടെ പിടിച്ചു നിർത്തിയ മരത്തിന്റെ ശക്തി ക്ഷയിച്ചിരിക്കുന്നു ഈശോപ്പേ…’’
അശരീരികൾ ഈശോപ്പിനെ കിടിലം കൊള്ളിച്ചു.
കടുംവെട്ടിനു കൊടുത്തും ശേഷം മൾട്ടിവുഡ് കമ്പനികൾ ലേലത്തിലെടുത്തും റബർക്കാടുകൾ മിക്കതും വെളുത്തു കഴിഞ്ഞതായി ഈശോപ്പിനപ്പോൾ വെളിപാടുണ്ടായി. തൊട്ടടുത്തു കണ്ട ഒരു മരത്തിൽ ഇറുകെ കെട്ടിപ്പിടിച്ച് അയാൾ തെല്ലുനേരം നിന്നു. വെളിച്ചം എന്നന്നേക്കുമായി അണഞ്ഞുപോയ വലിയ വീടുകളിലേക്ക് അയാൾ പരവശനായി നോക്കി. പിന്നെ പതിയെ കത്തി കൈയ്യിലെടുത്ത് വെട്ടാൻ തുടങ്ങി. വൃക്ഷത്തിന്റെ ആത്മാവപ്പോൾ പുറത്തേക്കൊഴുകി സകലസ്നേഹത്തോടെയും ഇശോപ്പിന്റെ മനസ്സിനെ നനച്ചു.
അപ്പൻ മരിച്ചുപോയ പകലിലാണ് ഈശോപ്പിന് ആദ്യമായി ഏകാന്തത അനുഭവിക്കാൻ കഴിഞ്ഞത്. അത്രകാലവും ഒറ്റയ്ക്ക് നടന്നിട്ടും തോന്നാത്തൊരു പകപ്പ് പൊടുന്നനെ അയാളെ ബാധിച്ചു. ഏതെങ്കിലും ഒരു മനുഷ്യജീവിയോട് മിണ്ടാനും ഒപ്പമിരിക്കാനും ഈശോപ്പിന് കലശലായ ആഗ്രഹമുണ്ടായി. പക്ഷേ, ആരുമാരും ഈശോപ്പിനൊപ്പം ഇരിക്കുകയുണ്ടായില്ല.
അടക്കു കഴിഞ്ഞ് പിരിഞ്ഞു പോയ മനുഷ്യരെ ഓരോരുത്തരെയും ഓർത്തുകൊണ്ട് ഈശോപ്പ് കരഞ്ഞു. അയാൾ കൊച്ചുലാലിയെ ഓർത്തു. അപ്പനെ ഓർത്തു. ഈനാശുവിനെയും സോളമൻ പാതിരിയേും ഓർത്തു. അപ്പന് താനെന്ന പോലെ. തനിക്കൊരു മകനുണ്ടായിരുന്നെങ്കില്ലെന്ന് ഈശോപ്പന്ന് ആദ്യമായി ആശിച്ചു.
ഓർക്കാട്ട് പള്ളിസെമിത്തേരിയുടെ കല്‍മതിൽ ചാരിയുള്ള ഇടവഴി അവസാനിക്കുന്നിടത്തായിരുന്നു ചലഞ്ചർ ശോശന്നയുടെ വീട്. നനുത്ത പട്ടുമീശ മുളയ്ക്കുന്ന കാലത്ത് ആ ഇടവഴി കയറാത്ത ആണുങ്ങൾ ഓർക്കാട്ടും പരിസരത്തും വിരളമായിരുന്നു. ചലഞ്ചർ ശോശന്ന പകൽസമയങ്ങളിൽ വട്ടയപ്പവും പോത്തിറച്ചിയും വിളമ്പി അവരെ ആകർഷിച്ചു. രാത്രിയിൽ ഇടവഴി കയറിവന്ന കൗമാരം നിറഞ്ഞ കണ്ണുകൾക്ക് മുന്നിൽ സ്വയം വിളമ്പി. അപ്പോൾ മാത്രം കയറ്റിറക്കങ്ങളിൽ ഗിയറുകൾ മാറി ഇരമ്പിക്കുതിക്കുന്ന ചലഞ്ചറായി അവൾ രൂപം മാറി.
ഏദൻതോട്ടം എന്നു ചുവന്ന വലിയ അക്ഷരങ്ങളിൽ അലേഖനം ചെയ്ത ആ ചായപ്പുരയിലേക്ക് ഒരിക്കൽ പോലും കയറിയിട്ടില്ലാത്ത ആണൊരുത്തനായിരുന്നു ഈശോപ്പ്. പക്ഷെ അപ്പന്റെ അടക്കു കഴിഞ്ഞതിന്റെ മൂന്നിറ്റന്ന് രാത്രി ആകാശത്തു തെളിഞ്ഞ ഒരു നക്ഷത്രം ഈശോപ്പിനെ ഏദൻതോട്ടത്തിലേക്ക് നയിച്ചു. ചുവപ്പും പച്ചയും അലങ്കാരബൾബുകൾ കണ്ണടച്ചും തുറന്നും, ഒരു കാബറേ സംഗീതത്തിനൊപ്പം ചുവടുവെക്കുന്ന ഏദൻതോട്ടത്തിന്റെ വാതിൽക്കൽ, കനത്ത ഹെഡ് ലാമ്പുകൾ പ്രകാശിപ്പിച്ചു കൊണ്ട് ശോശന്ന നിന്നു.
‘’എന്നാ വേണം ഈശോപ്പേ?’’ ശോശന്ന നിന്ന നിൽപ്പിൽ ഇരമ്പി.
‘’വിശക്കുന്നുണ്ട് ‘’
ഈശോപ്പ് തിണ്ണയിലിരുന്നു കൊണ്ട് പറഞ്ഞു. തണുത്ത് വാടിയ വട്ടയപ്പവും കുറുകിയ പോത്തിൻചാറും കഴിക്കുമ്പോൾ ഈശോപ്പിന്റെ കണ്ണുകൾ നിറഞ്ഞു വന്നു.
‘’എരിയുന്നോ ഈശോപ്പേ’’
ശോശന്ന അരുമയോടെ ഗിയർ ഡൗൺ ചെയ്തു. പിന്നെ എന്നും ഈശോപ്പിന്റെ അത്താഴം ഏദൻതോട്ടത്തിലായി. അയാൾ റബർചുള്ളിക്കെട്ടുകളുമായി ഇടവഴി കയറുമ്പോൾ ചെറുപ്പക്കാർ കൂക്കി വിളിച്ചു. ഈശോപ്പ് പക്ഷെ അതൊന്നും കേട്ടതേയില്ല. ഏകാന്തത അകറ്റാനുള്ള തത്രപ്പാടിൽ അയാൾ സ്വയം മറന്നു നടന്നു. ഒരു രാത്രിയിൽ പോർക്കിറച്ചിയും വെള്ളയപ്പവും വിളമ്പുമ്പോൾ ഈശോപ്പ് ധൈര്യം സംഭരിച്ച് ശോശന്നയോടതു ചോദിച്ചു. ശോശന്ന അതുകേട്ട് സഡൺബ്രേക്കിടാൻ മറന്നു നിന്നു. തന്റെ ചെങ്കുത്തായ ഇറക്കത്തിലേക്ക് ഊർന്നിറങ്ങി വന്ന ശോശന്നയെ ഈശോപ്പ് വിലക്കി.
‘’എന്നാലും നിയെനിക്കത് ചെയ്തു തരികയില്ലേ? നിന്നോടല്ലാതെ ആരോടുമെനിക്കിത് ചോദിക്കാനില്ല.’’
അവളപ്പോൾ പരവശയായി കാണപ്പെടുകയും എഞ്ചിൻ തണുത്ത് ഏദൻതോട്ടത്തിന്റെ മണ്ണിൽ വെറും ശോശന്നയായി ശയിക്കുകയും ചെയ്തു.
2. പ്രഭാതം
ഈശോപ്പ് അന്നത്തെ പണി അവസാനിപ്പിച്ച് തിരിച്ച് വീടെത്തിയപ്പോൾ വെളിച്ചം വീണിരുന്നു. കർത്താവില്ലാത്ത കുരിശു നോക്കി അയാൾ വികാരരഹിതനായി നിന്നു. തെല്ലുസമയം അങ്ങനെ തുടർന്ന ശേഷം ഷർട്ടെടുത്തിട്ട് പള്ളിയിലേക്ക് നടന്നു. ഓർക്കാട് പള്ളിയിൽ കുർബാന നടത്തിപ്പ് സംബന്ധിച്ച് തർക്കം നടക്കുകയാണ്. ഇടവകക്കാർ ചേരിതിരിഞ്ഞ് വെല്ലുവിളിയും തമ്മിൽത്തല്ലുമായി കാലം അങ്ങനെ കഴിഞ്ഞു പോകുന്നു.
പൊലീസുകാർക്ക് ഇരുവശത്തുമായി നിലയുറപ്പിച്ച ഇരുപക്ഷവും, ആക്രോശങ്ങൾ തുടങ്ങുമ്പോൾ ഈശോപ്പ് കാഴ്ചക്കാരനായി കടത്തിണ്ണയുടെ ചുമരു ചാരിനിന്നു. കർത്താവിനെ ആർക്ക് കിട്ടുമെന്നറിയാനാണ് ഈശോപ്പ് കാത്തുനിന്നത്. കാലം പോകെ താനും കർത്താവും പരസ്പരം അഭിമുഖമായി നിന്ന് ഏകാന്തതയെ അനുഭവിക്കുകയാണെന്ന് ഈശോപ്പിനു തോന്നി. ഓർക്കാട്ടെ പള്ളിമേടക്കുള്ളിൽ അനാഥനായ കർത്താവ്. പുറത്തെ കടത്തിണ്ണയിൽ അനാഥനായ ഈശോപ്പ്. എല്ലാവരെയും കണ്ടുകൊണ്ട് അപാരമായ അനാഥത്വം അനുഭവിക്കുന്ന പരിശുദ്ധാത്മാവ്. ഈശോപ്പ് കടത്തിണ്ണയിൽ നിന്ന് കർത്താവിനു വേണ്ടിയും സകലലോകർക്കു വേണ്ടിയും കരഞ്ഞു.
ഓർക്കാട് പള്ളിക്കുശിനിയിൽ നായ്ക്കൾ അതിക്രമിച്ചു കയറി മട്ടൻസ്റ്റൂവിലും പാലപ്പത്തിലും വെരകിയ രാത്രിയിലാണ് സോളമൻ പാതിരി ആദ്യമായി ചലഞ്ചർ ശോശന്നയുടെ വട്ടയപ്പത്തിന്റെ രുചി അറിയുന്നത്. അന്നുപകൽ തന്നെയായിരുന്നു ഈശോപ്പ് ആദ്യമായി കുമ്പസരിക്കാൻ പള്ളിയിൽ വന്നതും. പാതിരി ഈശോപ്പിലേക്കും തിരിച്ച് ശോശന്നയിലേക്കും സഞ്ചരിച്ച് പാപങ്ങളുടെ നേർത്ത പാലം പണിതു. ശോശന്നയുടെ രുചിയിലും ഈശോപ്പിന്റെ ഏകാന്തതയിലും ഒരുപോലെ വ്യാപരിക്കാൻ സോളമൻ പാതിരിക്ക് കഴിവുണ്ടായിരുന്നു.
ശോശന്നയുടെ ഏദൻതോട്ടത്തിൽ വിലക്കപ്പെട്ട ഫലങ്ങൾ പഴുത്തു പാകമാകുന്നത് ഭ്രാന്തമായ അഭിനിവേശത്തോടെ അയാൾ കണ്ടുനിന്നു. പാപങ്ങളുടെ നീണ്ട രാത്രികൾ. സോളമൻ ആ രാത്രികളെ ഉറയൊഴിച്ച് നിലാവു കടഞ്ഞെടുത്തു. ശോശന്നക്ക് കുളിതെറ്റിയ ദിവസം പാതിരി ലോഹ ഉപേക്ഷിച്ച് ഓർക്കാട് വിട്ടു. ഇടവകക്കാർക്കാതൊരു അതിശയമായിരുന്നു. സ്നേഹസമ്പന്നനും പരമഭക്തനുമായൊരു പാതിരി ഒരു പാതിരാവിൽ ലോഹ ഉപേക്ഷിച്ച് പലായനം ചെയ്തതിനെ ചൊല്ലി അവർ പലമട്ടിൽ വ്യാകുലപ്പെട്ടുകൊണ്ടിരുന്നു.
ഈശോപ്പ് ഗർഭശുശ്രൂഷകളുമായി ഏദൻത്തോട്ടത്തിൽ അലഞ്ഞു നടക്കുന്ന കാലമായിരുന്നു അത്. ഒമ്പതുമാസവും ഇരുപതു ദിവസവുമെത്തിയപ്പോൾ ശോശന്ന ഒരാളുടെയും തുണകൂടാതൊരു ആൺകുഞ്ഞിനെ ഈശോപ്പിന്റെ കൈകളിലേക്ക് പ്രസവിച്ചിട്ടു. പിന്നെ ഭാവഭേദമേതുമില്ലാതെ ക്ലച്ചമർത്തി, ഗിയറിട്ട്, ആക്സിലേറ്ററിൽ കാലമർത്തി സ്വന്തം ഭൂതകാലത്തിലേക്ക് പറപ്പിച്ചു പോയി.
ഈശോപ്പ് തന്റെ ഭവനത്തിൽ ആദ്യമായൊരു ക്രൂശിതരൂപവും പ്രാർത്ഥനാമുറിയുമൊരുക്കി. കരഞ്ഞൊഴുകുന്ന മെഴുകുതിരികൾക്കൊപ്പം പ്രാർത്ഥിച്ച് സ്വയം ഉരുകിയൊഴുകി. ജിസ്മോൻ തൊട്ടിലിൽ കൈകാലുകളിളക്കി വിരൽ നുണഞ്ഞ് ഉറങ്ങിയും ഉണർന്നും അപ്പന്റെ പ്രാർത്ഥനാസ്വരങ്ങൾ കേട്ടാനന്ദിച്ചു. ദൈവമേ എന്നയാൾ കേണപ്പോഴൊക്കെയും ജിസ്മോൻ തൊണുകാട്ടി നിഷകളങ്കമായി ചിരിച്ചു.
ഈരേഴുകര തോർത്തിൽ ജിസ്മോനെ നെഞ്ചിൽ ചേർത്തുകെട്ടി ഈശോപ്പ് റബറുവെട്ടുകയാണ്. മരം ചുരത്തുമ്പോഴൊക്കെ ജിസ്മോൻ അനാദിയായ ദാഹത്തോടെ വാപിളർന്നു. ഈശോപ്പപ്പോൾ അശക്തനായി ആകാശത്തേക്ക് നോക്കി വിലപിക്കയും മരങ്ങളെല്ലാവരും അവരാലാവും വിധം പാൽ ചുരത്തുകയും ചെയ്തു.
പശുവിൻപാലും ആട്ടിൻപാലും കുടിച്ച് ജിസ്മോൻ വളർന്നു. ഈശോപ്പിന്റെ വീടിനെ പയ്യെ പയ്യെ ഏകാന്തയുടെ കാറ്റ് മറന്നു തുടങ്ങി. ജിസ്മോൻ നടന്നു തുടങ്ങിയപ്പോൾ ഈശോപ്പ് വളപ്പിന് ചുറ്റും ഇല്ലിക്കമ്പുകൾ നിരത്തി വേലി തീർത്തു. നായ്‌ക്കളെയും കുറുക്കന്മാരെയും എറിഞ്ഞയാൾ നാടുകടത്തി. പഴയതു പോലെയൊന്നും റബർമരങ്ങളെ പരിപാലിക്കാതായി. ജിസ്മോൻ മുറ്റത്തു നിന്ന്, റബറിന്റെ പച്ചിലചാർത്തുകൾക്കിടയിലൂടെ ഒലിച്ചു വന്ന പകലിൽ കുളിച്ച് “അപ്പാ…” എന്നാർത്തു വിളിച്ചു. ഈശോപ്പന്നേരം “മകനേ…” എന്ന് സകലസ്നേഹത്തോടെയും വിളികേട്ടു.
3. ഉച്ച
പള്ളിയങ്കണത്തിൽ ആ ദിവസത്തെ വെല്ലുവിളികളെല്ലാം അവസാനിച്ചു കഴിഞ്ഞിരുന്നു. ഇശോപ്പും കർത്താവും മാത്രമായി പള്ളിപരിസരം ശേഷിച്ചു. മനുഷ്യർക്ക് എല്ലായ്‌പ്പോഴും പ്രർത്ഥനയിലും യുദ്ധത്തിലും തുടരാൻ കഴിയില്ലെന്ന് ഈശോപ്പിനപ്പോൾ മനസ്സിലായി.
‘’നിനക്കിതിന് രണ്ടിനും കഴിയുന്നില്ലല്ലോ ഈശോപ്പേ…’’
അശരീരികൾ ഈശോപ്പിനെ നാലുപാടു നിന്നും സമാധാനിപ്പിച്ചു.
ജിസ്മോന് മൂന്നു വയസ്സുള്ള ഒരു പകലിൽ ഈശോപ്പിന്റെ വീട്ടിലേക്ക് പുതുതായി വെട്ടിയ റോഡിലൂടെ ശോശന്ന ശരിക്കുമൊരു ചലഞ്ചറിൽ പറപ്പിച്ചു വന്നു. അപ്പോൾ അവളുടെ ശരീരവും ചലഞ്ചറും രണ്ടായിട്ടു തന്നെ ലോകർക്ക് അനുഭവവേദ്യമായി. ഈശോപ്പ് നോക്കി നിൽക്കെ മുറ്റത്ത് ഇരുന്നു കളിക്കുന്ന ജിസ്മോനെ എടുത്ത് ശോശന്ന ഒക്കത്തു വച്ചു. പരിചിതമായൊരു ശരീരത്തിലേക്ക് പറ്റി ചേർന്ന പോലെ ജിസ്മോൻ സംതൃപ്തനായി കാണപ്പെട്ടു. ശോശന്ന ഏതും മിണ്ടാതെ അവനെയും കൊണ്ട് വണ്ടിക്കരികിലേക്ക് നടന്നു. കുട്ടിയെ ഫ്രണ്ട് സീറ്റിലിരുത്തിയപ്പോൾ ഈശോപ്പ് പരവശനായി വിളിച്ചു..
‘’ശോശന്നേ…’’
ശോശന്ന ഡ്രൈവിങ് സീറ്റിലിരുന്ന് ഈശോപ്പിനെ നോക്കി.
‘’കൊച്ചിനെ അതിന്റപ്പൻ ആഗ്രഹിക്കുന്നു ഈശോപ്പേ…’’
ശോശന്ന ഇരമ്പി മറയുന്നത് നോക്കി ഈശോപ്പ് മുറ്റത്തു നിന്നു. റബറിലകളിൽ ഒളിച്ചിരുന്ന കാറ്റ് വീണ്ടും ഈശോപ്പിനരികിലേക്ക് ഇരച്ചു വന്നു. ഈശോപ്പകത്തു കടന്ന് കുരിശിലെ കർത്താവിനെ പറിച്ചെടുത്ത് റബർത്തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം ചലഞ്ചർ പോയ വഴിയെ പാഞ്ഞു പോയി. ശോശന്നയുടെ ഏദൻതോട്ടം തകർന്നു പോയതായി ഓട്ടത്തിനൊടുക്കം അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞു. ഈശോപ്പവിടെ മനുഷ്യരെയാരെയും കണ്ടില്ല. അന്നയാൾക്ക് വഴികാട്ടിയ നക്ഷത്രവും അമ്പേ കെട്ടുപോയിരുന്നു. ഇരുട്ടിൽ അന്തമില്ലാതെ, കരയാൻ മറന്ന് ഈശോപ്പ് ജിസ്മോനേ വിളിച്ചു. ‘’മകനേ…’’
4. സായാഹ്നം
പള്ളിയിൽ നിന്നു തിരിച്ചു വരുമ്പോൾ സോളമൻ പാതിരിയുടെ ചാവറിയിപ്പ് ഒരശരീരിയുടെ രൂപത്തിൽ ഈശോപ്പിനുള്ളിലേക്ക് വന്നു കയറി. ഇക്കഴിഞ്ഞ കാലമത്രയും അശരീരികളെ അനുഭവിച്ച അതേ നിർവികാരതയോടെ ഈശോപ്പതിനും ചെവികൊടുത്തു.
‘’വൈകീട്ടാണ് അടക്ക്. ഇവിടന്ന് പത്തിരുപത്താറ് മൈല് യാത്രയുണ്ട്. ലോഹ കളഞ്ഞ കത്തനാർക്ക് അന്ത്യശുശ്രൂഷകളുണ്ടാവില്ല. ഈശോപ്പ് പോണം.’’
ഈശോപ്പ് കെ എസ് ആർ ടിസി കയറി പരിചയമില്ലാത്തൊരു ദിക്കിൽ ഇറങ്ങി. കിഴക്കോട്ടേക്ക് അന്തമില്ലാതെ നടന്ന് അയാൾ കടപ്പുറത്തെത്തി. പടിഞ്ഞാറ് പകലിന്റെ അടക്ക് നടക്കുന്നത് നോക്കി ഈശോപ്പ് നിന്നു. ആളുകൾ അപ്പോൾ സോളമൻ പാതിരിയെ കുഴിച്ചിട്ട് പിൻവാങ്ങുകയായിരുന്നു. അടയാളത്തിനൊരു കുരിശുപോലുമില്ലാതെ ആഗാധമായ സാഗരം നോക്കി പാതിരി വിശ്രമിക്കുകയാണ്. ഈശോപ്പ് കുഴിമാടത്തിനരികിൽ അശരീരിക്ക് കാതോർത്ത് നിന്നു. പാപക്കറ സന്മാർഗഗീതമാക്കുന്ന രസവിദ്യയോർത്ത് ഈശോപ്പ് ചിരിച്ചു. സ്നേഹിക്കാനാവാത്ത ദുഖത്തിൽ കരഞ്ഞു. അപ്പനും ഈനാശുവും കൊച്ചുലാലിയും ശോശന്നയും ജിസ്മോനും അപ്പോൾ അശരീരികളായി അയാൾക്ക് ചുറ്റിലുമുണ്ടായിരുന്നു.
4. രാത്രി
ഓർക്കാട്ട് ബസ്സിറങ്ങുമ്പോൾ പള്ളിമുറ്റത്ത് വെളിച്ചമുണ്ടായിരുന്നു. കൊടിമരം ചാരി നിന്ന കർത്താവ് ഈശോപ്പിനെ നോക്കി പുഞ്ചിരിച്ചു. കർത്താവിന്റെ കൈകളും പാദങ്ങളും മുറിഞ്ഞിരുന്നു. ഈശോപ്പിനത് കണ്ട് സങ്കടം വന്നു. കർത്താവപ്പോൾ പള്ളിയിലേക്കൊന്നു തിരിഞ്ഞു നോക്കി. പ്രാർത്ഥനകളൊഴിഞ്ഞ അകത്തളത്തിൽ, താനിറങ്ങി വന്ന മരക്കുരിശ് ഏകാന്തതതയോട് സല്ലപിക്കുന്നത് കർത്താവ് കൗതുകത്തോടെ വീക്ഷിച്ചു. മനുഷ്യരുടെ പരീക്ഷണങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേറ്റവണ്ണം കർത്താവ് തിരിഞ്ഞു നിന്ന് ഈശോപ്പിനെ നോക്കി. പിന്നെ ഏറ്റവും ആർദ്രമായി അരുൾചെയ്തു.
‘’ഈശോപ്പേ, ഞാൻ നിന്റെയൊപ്പം വരട്ടെയോ?‘’
ഈശോപ്പന്നേരം പുഞ്ചിരിച്ചു. ‘’മകനേ…’’ അയാൾ അരുമയോടെയും സകലസ്നേഹത്തോടെയും വിളിച്ചു.