കരയെ വിഴുങ്ങാൻ പാങ്ങുള്ള കടലാണെന്ന ഭയമൊന്നും ഈ പുലിമുട്ടുകൾക്കില്ല. ഒറ്റക്ക് ആഴത്തിലേക്കിറങ്ങിച്ചെന്ന് ഭീകരൻ തിരകളെ നേരിടുന്നത് കണ്ടിട്ടില്ലേ? സുന്ദരമായ ഒരു ജീവിതം കിട്ടിയ നിങ്ങളെന്തിനാണ് മരണമാഗ്രഹിക്കുന്നത്?
പുലിമുട്ടിന്റെ ആദ്യ കല്ലിൽ എഴുതിയിട്ടിരുന്ന വരികളുടെ, ഉടമ ആരെന്നറിയാൻ സാന്ദ്ര സൂക്ഷിച്ചുനോക്കി.പേരിന്റെ ഭാഗത്ത് ‘തീ’യെന്നത് മാത്രമേ മാഞ്ഞുപോകാനുള്ളു. മരിക്കാനുള്ള അവളുടെ തീരുമാനം എരിക്കാൻ ‘തീ’യുള്ള ആ പേരിനും കഴിഞ്ഞില്ല.
മരണയിടമായി പുലിമുട്ടിനെയാണ് സാന്ദ്ര തിരഞ്ഞെടുത്തത്.അതിന്റെ അറ്റത്തെ പാറക്കല്ലുകളും പതിവ് തിരകളുമാണ് അവളുടെ തകർന്നുപോയ പ്രണയത്തിന്റെയും ആദ്യ ചുംബനത്തിന്റെയും സാക്ഷികൾ. ഒരു ചാട്ടം. തമ്മിൽത്തല്ലുന്ന കല്ലുകൾക്കും തിരകൾക്കുമിടയിൽ നിന്നും അടിയൊഴുക്ക് അവളെ നിത്യതയിലേക്ക് കൂട്ടും.
കാറ്റിന്റെ കൈയിൽ തൂങ്ങി ഒരു നോട്ടീസ് സാന്ദ്രയുടെ കാലിനരികിൽ വന്നുനിന്നു. നാടകം: പെണ്ണുങ്ങളുടെ ഭൂമി, പ്രദർശനം: അഞ്ചുമണിക്ക്. പുലിമുട്ടിന്റെ ഇടതുവശത്ത് ഒരുങ്ങുന്ന പന്തൽ, നിരത്തിയിട്ട നീലക്കസേരകൾ. വിശാലമായ വേദി. കടലിനെക്കാൾ ഉച്ചത്തിലാകാൻ കൊതിയുള്ള സിനിമാ ഗാനം. വികൃതിയായ നോട്ടീസ് ഇറങ്ങിവന്നത് അവിടെ നിന്നാകുമെന്ന് സാന്ദ്ര ഊഹിച്ചു. കുനിഞ്ഞൊന്ന് എടുക്കാത്ത പെണ്ണിനെ ഉപേക്ഷിച്ച് നോട്ടീസ് പറന്നുപോയി.
“എവിടേക്കെടീന്ന്” മുഴക്കമുള്ള ഒരു ചോദ്യം. സാന്ദ്ര തിരിഞ്ഞു നിന്നു. സൈക്കിളിലെ ഐസുപെട്ടിയിൽ കോലൈസ് നുണയുന്ന കോമാളിയുടെ ചിത്രം. ഹാൻഡിലിൽ തൂങ്ങിക്കിടന്ന് ചെമ്പൻമണി അതേ ചോദ്യം പലപല താളങ്ങളിൽ ആവർത്തിക്കുന്നു. നീ ചാടിച്ചത്താലും എനിക്കൊന്നുമില്ലെന്ന ഭാവത്തിൽ മണിയുടെ കഴുത്തിലെ പിടിവിട്ട് വിയർത്ത നെറ്റിയിൽ തൂവാല ഒപ്പുന്ന ഐസുകാരൻ.
സൈക്കിളിന്റെ ഫ്രെയിമിൽ കെട്ടിയിട്ട പട്ടങ്ങൾ കാറ്റിന്റെ കരുത്ത് കവിളിൽ കാണിക്കുന്നുണ്ട്. പുലിമുട്ടിൽ ചാരിവച്ചിരിക്കുന്ന സ്റ്റാൻഡിൽ കണ്ണാടികൾ കളിപ്പാട്ടങ്ങൾ കാറ്റാടികൾ. അതിന്റെ തണലിൽ ഉറക്കത്തിലായിരുന്ന മുലകൾ തൂങ്ങിയ ഒരു പട്ടി സാന്ദ്രയെ തലയുയർത്തി നോക്കി.
സാന്ദ്ര അടുത്തേക്ക് വരുന്നത് കണ്ട ഐസുകാരനും കോമാളിക്കും ചിരിയിൽ ഒരേ അളവ്. ഐസുപെട്ടിയുടെ അടപ്പ് തുറന്ന അയാളെ ഞെട്ടിച്ച് അവൾ പട്ടത്തിന് കൈനീട്ടി.
‘പട്ടവും പെണ്ണും നട്ടുച്ചനേരവും തമ്മിൽ പൊരുത്തമില്ലെന്ന്’ ഐസുകാരന്റെ നെറ്റിയിലെ മടക്കിലിരുന്ന വിയർപ്പുതുള്ളി കവിളിലേക്ക് ഒറ്റച്ചാട്ടം.പട്ടത്തിന് ഒരു കട്ട നൂലുകോർത്ത് അയാൾ അവളെ ഒരാവർത്തി നോക്കി.ഇത്ര നിരാശയോടെ പട്ടം വാങ്ങിയ ഒരാളെ കണ്ടിട്ടില്ലെന്ന് ആരോടെങ്കിലും പറയാൻ അയാളാഗ്രഹിച്ചു.
തുക നീട്ടിയ സാന്ദ്രയെ കാണിക്കാനായി നൂലിൽ കെട്ടിയിട്ട ലാമിനേറ്റുചെയ്ത ചികിത്സാ സഹായ അഭ്യർത്ഥന ഐസുകാരൻ കോമാളിയുടെ മുഖത്തേക്കിട്ടു. വീൽച്ചെയറിലിരുന്ന് പട്ടങ്ങൾ നിർമ്മിക്കുന്ന പെണ്ണിന്റെ മഞ്ഞിച്ച പത്രവാർത്തയും സാന്ദ്രയുടെ നേർക്ക് നീട്ടി. അവളതിലെ ചിത്രത്തിൽ സൂക്ഷിച്ചുനോക്കി.”മകളാണ്, അവളുണ്ടാക്കുന്നതാണ്.”പട്ടത്തിന്റെ ബാക്കി തുക നീട്ടിയ അയാൾ തനിക്ക് പറയാനുള്ള കഥയെല്ലാം ഒറ്റവരിയിലൊതുക്കി.
എന്റെ ബാക്കി തുക വാങ്ങിക്കരുതെന്ന് സാന്ദ്രയോട് പട്ടം വാലാട്ടി. ‘ആ തുക നീ വച്ചോന്ന്.’
അവളുടെ ഇടതുകൈ നിവർന്നു നിന്നു. ഐസുകാരൻ പത്രവാർത്ത വാങ്ങി മടക്കിവച്ചു. സഞ്ചിയിൽ നിന്നെടുത്ത പെണ്ണുങ്ങളുടെ പേഴ്സിലേക്ക് തുക ഭദ്രമായി വയ്ക്കുന്നതും നോക്കി സാന്ദ്ര നിന്നു. സഹായ അഭ്യർത്ഥന മാറ്റി. കോമാളിയുടെ ചിരി മടങ്ങിവന്നു. ‘പോകണമെന്ന്’ ഐസുകാരന്റെ കണ്ണുകളിൽ തിരക്ക്. തിരിഞ്ഞു നോക്കാനാഗ്രഹിച്ച സാന്ദ്ര, ചെമ്പൻമണിയുടെ ചിരികളെ “പറ്റിച്ചെടീ, നിന്നെ പറ്റിച്ചെന്ന്”കേട്ടു.
സാന്ദ്ര കടലിനോട് അയാളെന്നെ പറ്റിച്ചതാണോന്ന് ചോദിച്ചു. കടൽ ഒരല്പം പിന്നോട്ട് പോയി.
“ഈ ഭൂമിയിൽ രണ്ടേ രണ്ടുതരം മനുഷ്യരേയുള്ളൂ, പറ്റിക്കുന്നവരും പറ്റിക്കപ്പെടുന്നവരും. ഇരു കൂട്ടർക്കും മാറി മാറി അവസരങ്ങൾ കിട്ടുന്നു. അവസരങ്ങളുടെ ആകെത്തുകയാണ് ജീവിതം.” കൂറ്റൻ തിരയായി വന്ന്, പുലിമുട്ടിലടിച്ച് കടൽ സത്യം ചെയ്തു. സാന്ദ്രക്ക് നിരാശ തോന്നി.
എന്തൊരു പ്രണയമായിരുന്നു. രണ്ടര വർഷം പോയതറിഞ്ഞില്ല. എന്നിട്ടും, എന്നിട്ടും, എന്നിട്ടും നിങ്ങൾക്കിടയിൽ എന്താണുണ്ടായത്? ‘സാന്ദ്ര ചിന്തിച്ചതിന്റെ ബാക്കിയറിയാൻ നൂലിന്റെ അറ്റത്തെ പട്ടം പിന്നിലേക്ക് വലിച്ചു. ‘ഞാനങ്ങു വിട്ടുകളയും.’ സാന്ദ്ര പട്ടത്തിനെ കൂർപ്പിച്ചൊന്നു നോക്കി.
ക്ഷമ ചോദിക്കുന്ന വിധം പട്ടം ഒരു തവണ വട്ടം കറങ്ങി. വലിയ കല്ലിൽ കയറിയിരുന്ന സാന്ദ്ര, ബാഗിന്റെ വള്ളിയിൽ അതിന്റെ നൂല് കെട്ടിയിട്ടു. ഇനി അവളെന്താണ് ചെയ്യാൻ പോകുന്നതെന്ന് പറക്കലിനിടയിലും പട്ടം എത്തിനോക്കിക്കൊണ്ടിരുന്നു.
രണ്ടോ മൂന്നോ കല്ല് കഴിഞ്ഞാൽ കടലായി. വീഴുന്ന നിമിഷം തിരകൾ കോരിയെടുത്ത് കല്ലിൽ ഒരടി, എല്ലാം കഴിയും. പിന്നെ താനും കടലിന്റെ ഭാഗമായി. ചിന്തകളെ മുറിച്ചിട്ട് സാന്ദ്ര എഴുന്നേറ്റു. ചാടാൻ തയാറായി. കാറ്റ്, ‘അരുതെന്ന്’ ചെവിയിൽ മൂളി. കല്ലുകളും കണ്ണുരുട്ടി. കടൽ, പക്ഷേ കൈ വിരിച്ചുനിന്നു.
താഴെ, രണ്ട് കല്ലുകൾക്കപ്പുറത്ത് ഒരു സ്ത്രീ. പട്ടത്തിന്റെ മുകളിൽ കല്ലെടുത്ത് വച്ചിട്ട്, അതിൽ തലവച്ചു കിടക്കുന്നു. അവർക്ക് സംശയമുള്ള നോട്ടം. അവരുടെ പട്ടം കുതിർന്ന് പറക്കാൻ കഴിയാതെയായിരിക്കുന്നു. സാന്ദ്ര ഇരുന്നു. ഒരല്പം കഴിഞ്ഞ് തലയുയർത്തി നോക്കി. അവർ കൈവീശി അവളെ അടുത്തേക്ക് ക്ഷണിക്കുന്നു. സാന്ദ്ര കുനിഞ്ഞിരുന്നു.
വഴുക്കൻ കല്ലുകളിൽ സൂക്ഷിച്ചു നടന്ന സ്ത്രീ സാന്ദ്രയുടെ അടുത്തിരുന്നു. ഹസ്തദാനത്തിന് അവർ നീട്ടി. അവരിലും തിരകളുടെ നനവ്.
“എന്താണ് നിന്റെ പേര്.?” മറുപടി പറയാൻ സാന്ദ്ര മടിച്ചു.
“സീത.” പുതിയ പേരോർത്ത് സാന്ദ്രയുടെ ചുണ്ടിൽ ഒരു ചിരി തുളുമ്പാനാഞ്ഞു. അവൾ മുഖത്തേക്ക് ദുപ്പട്ട പിടിച്ചിട്ടു.
“അങ്ങനെയെങ്കിൽ ഞാൻ ശീലാവതി” മറുപടിക്കൊപ്പം അവരുടെ ചിരികളും കടലിലേക്ക് തൂവിപ്പോയി.
“ചാകാനാരേലും പട്ടവും വാങ്ങിക്കൊണ്ട് വരുമോടീ.” അവർ ദുപ്പട്ട ഉയർത്തി സാന്ദ്രയുടെ മുഖം കണ്ടു.
“അപ്പോൾ ഒരു ശീലാവതി വന്നതോ?” ചോദ്യവും ഉത്തരവും ചിരികളും ഒരുഗ്രൻ തിരയും ഒന്നിച്ച് വന്നു. കല്ലിനടിയിൽ നനഞ്ഞൊട്ടിയിരുന്ന പട്ടത്തിന്റെ വാലും മുറിച്ചെടുത്ത് തിര പിൻവലിഞ്ഞു.ബാഗിന്റെ വള്ളിയിലെ പട്ടത്തിന്റെ കെട്ട് സാന്ദ്ര മുറിച്ചുവിട്ടു.അത് കടലിൽ വീണ് മരിച്ചു.
“കള്ളി സീതേ, നിന്റെ ശരിക്കുള്ള പേരെന്താ.” സാന്ദ്ര വായപൊത്തി. “സാന്ദ്ര.” എന്നാൽ ഞാൻ “അഗതാ കുര്യൻ വണ്ടാനം. അഗത, സാന്ദ്രയുടെ കൈപിടിച്ചു കുലുക്കി. പുലിമുട്ടിന്റെ അങ്ങേ അറ്റത്തെ വേദിയിൽ നിന്ന് ‘കുര്യൻ വണ്ടാനമെന്ന’ പേര് മൈക്കിൽ വിളിച്ചു പറയുന്നത് കേട്ടു. സാന്ദ്രയുടെ പുരികം ചോദ്യാകൃതിയിൽ വളഞ്ഞു.
“സംശയിക്കണ്ടാ എന്റെ പേരിന്റെ ചില്ലയിൽ തൂങ്ങിക്കിടക്കുന്നത് ആ കുരങ്ങൻ തന്നെയാണ്. നാടകത്തിന്റെ ആശാനാണ്. ഇന്ന് പൗരസമിതി വക സ്വീകരണം. പെണ്ണുങ്ങളുടെ ഭൂമിയെന്ന നാടകത്തിന്റെ പ്രദർശനവുമുണ്ട് “കൈയ്ക്കുള്ളിൽ മടക്കിവച്ചിരുന്ന കുതിർന്ന നോട്ടീസ് അഗത സാന്ദ്രയ്ക്ക് നീട്ടി. ചുവന്ന അക്ഷരങ്ങളിൽ പെണ്ണുങ്ങളുടെ ഭൂമിയെന്ന എഴുത്ത്, ഒരു പെണ്ണിന്റെ പല കാലങ്ങൾ അവതരിപ്പിക്കുന്ന ചിത്രങ്ങൾ.
“അല്ല, ചാകാനുള്ള നിന്റെ കാരണമെന്താണ് ?” ആ നോട്ടീസ് പിടിച്ചുവാങ്ങി കടലിലേക്ക് കളഞ്ഞിട്ട് അഗത ചോദിച്ചു.
“പ്രേമം.” തിരകളിൽ മുറിവുണ്ടാക്കി സാവധാനം നീങ്ങുന്ന കപ്പലിന്റെ പുകക്കുഴൽ സാന്ദ്ര നോക്കിയിരുന്നു. അഗത ഒന്ന് തൊട്ടതേയുള്ളു, സാന്ദ്ര മടിയിലേക്ക് വീണ് കരയാൻ തുടങ്ങി. കപ്പൽ മുറിച്ചിട്ട തിരകൾ പാതിജീവനോടെ വന്നോണ്ടിരുന്നു.
വെയിലിന്റെ ചൂട് കുറഞ്ഞു. കപ്പലിനെ കാണാനില്ല. സാന്ദ്രയുടെ കണ്ണീരിനെ കാറ്റ് പാറ്റിയെടുത്തു. അഗതയുടെ വിരൽ സാന്ദ്രയുടെ മുടിയിഴയിൽ അപ്പോഴും ഞാവി നടന്നു.
“നീ ഈ തിരകളെ കാണുന്നുണ്ടോ പെണ്ണേ?”
“ഉം.”
“അത് കണക്കാ പ്രേമോം. ഓഞ്ഞത് വന്നാ മേലും കാലിന്റടിയും ഇത്തിരി നനച്ചിട്ടങ്ങ് മടങ്ങും, ഒത്തത് വന്നാലുണ്ടല്ലോ, നമ്മളെയും കൊണ്ടേ പോവൂ.”
സാന്ദ്ര എഴുന്നേറ്റ് അഗതയുടെ കവിളിൽ ഉമ്മവച്ചു. അഗതയ്‌ക്ക് പാൽക്കടലിളകി. സാന്ദ്രയെ നെഞ്ചിൽ അമർത്തിപ്പിടിച്ച് ഇത്തിരി ഇരുന്നപ്പോൾ ആ കടല് പതിയെ ശാന്തമായി.
“ഒരു കടലിലും തിര തീർന്ന് പോവൂല മോളെ, മനുഷ്യർക്ക് പ്രേമോം.” സാന്ദ്ര കണ്ണുതുറന്ന് അഗതയെത്തന്നെ നോക്കി കിടക്കുകയാണ്.
“എന്നിട്ടും നിങ്ങളെന്തിനാ പട്ടം വാങ്ങിയത്?” ചോദ്യത്തിന്, അഗത സാന്ദ്രടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
“പ്രായം കൂടുന്തോറും പെണ്ണുങ്ങൾക്ക് ചാകാനുള്ള കാരണങ്ങളും കൂടും.” കടല് പെട്ടെന്ന് പിൻവലിഞ്ഞു. പുലിമുട്ടിന്റെ അടിയിൽ ചിപ്പികൾ കടിച്ചുപിടിച്ച കല്ലിൽ തകർന്ന ബോട്ടിന്റെ ഭാഗങ്ങൾ കുടുങ്ങിക്കിടക്കുന്നു.
കരയിൽ ചടങ്ങുകൾ തുടങ്ങുന്നതിന്റെ സ്വാഗതം പറയലുകൾ.’ കുര്യൻ വണ്ടാന’ത്തിന്റെ പേരിനൊപ്പം കരഘോഷത്തിരമാല. വെള്ളിവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന വേദി. അവിടേക്ക് തുറിച്ചു നോക്കുന്ന അഗതയുടെ തോളിൽ സാന്ദ്ര തൊട്ടു.
“പട്ടം വാങ്ങിയതിന്റെ കഥ പറഞ്ഞു തരാം വാ.” അഗതയുടെ കൈപിടിച്ച് സാന്ദ്ര ഒരല്പം താഴേക്കിറങ്ങി. നനഞ്ഞ പട്ടത്തിന്റെ ഭാഗത്ത് രണ്ടാളും കാലുകൾ നീട്ടിയിരുന്നു.തിരയിൽ കരുത്തുള്ളവർ ആ പെണ്ണുങ്ങളുടെ കാലിൽ തൊടുന്നുണ്ട്. നാടകത്തിന്റെ വേദിയിൽ നിന്നുള്ള ശബ്ദങ്ങൾ അവ്യക്തമായി മാത്രം കേൾക്കാം.
സാന്ദ്രയ്ക്ക് കഥറിയാൻ തോന്നിയില്ല. തോളിൽ ചാരിയിരുന്നതേയുള്ളൂ. കടലിനും കല്ലിനുമിടയിൽ വന്നിരുന്ന രണ്ട് കറുത്ത കുഞ്ഞൻ ഞണ്ടുകളോട് അഗത ആ കഥ പറയാൻ തുടങ്ങി.
“കുര്യന്റെ തിരക്കഥയിൽ ഞാനോ വീടോ ഉണ്ടായിരുന്നില്ല. വീട്, സീസണുകൾ കഴിയുമ്പോൾ അയാൾക്ക് വന്നിരിക്കാൻ ഒരിടം. അത്രയേയുള്ളൂ. അതിനിടയിലാണ് ഫേസ് ബുക്കുവഴി ഒരാളെന്നിലേക്ക് വന്നത്. കുര്യന്റെ വരവോ പോക്കോ എന്നെ ബാധിക്കാതായി. അയാളെന്റെ തിരക്കഥ എഴുതി, ഞങ്ങൾ.”
കരയിലെ നാടകവേദിയിൽ കൈയടിയുടെ ശബ്ദം. അഗത അല്പനേരം നിർത്തി. ഒരു ഞണ്ട് തിരയിൽ പെട്ട് വെള്ളത്തിലേക്ക് വീണു. ചുവന്ന വലിയ മറ്റൊന്ന് കയറിവന്നു. കുഞ്ഞൻ ഞണ്ട് ഭയന്ന് കല്ലിന്റെ മറ്റൊരു ഭാഗത്തേക്ക് നീങ്ങി.
“ഒരിക്കൽ അയാളെന്നെ വരച്ചത് ഞാൻ കുര്യനെ കാണിച്ചു. പക്ഷേ കണ്ട ഭാവം നടിച്ചില്ല.
എന്റെ ഫോണെടുത്ത് പരിശോധിക്കുന്ന കാര്യം ഞാനും ശ്രദ്ധിച്ചില്ല. ഇന്നലെ…” അഗത നിർത്തി. ചുവന്ന ഞണ്ട് കുഞ്ഞൻ ഞണ്ടിന്റെ അരികിലേക്ക് നീങ്ങി. സാന്ദ്ര അഗതയുടെ അരികിലേക്ക് കൂടുതൽ ചേർന്നിരുന്നു.
“ഇന്നലെ…?” സാന്ദ്ര അറിയാതെ ചോദിച്ചുപോയി.
അഗതയുടെ മുഖത്ത് വക്രിച്ച ഒരു ചിരി. കടലും കരയിലെ വേദിയും നിശബ്ദം. ചുവന്ന ഞണ്ട് കുഞ്ഞൻ ഞണ്ടിനെ മലർത്തിയിട്ട് പുറത്ത് കയറിയിരുന്ന് ഇറുക്കുകൈകൾ ഉയർത്തിപ്പിടിച്ചു.
“ഇന്നലെ രാത്രി കുര്യൻ എന്റെ പുറത്തിരുന്നു ചെയ്യുകയായിരുന്നു. ഏറെ നാളുകൾക്ക് ശേഷം ഞാനും വല്ലാതെ സന്തോഷിച്ചു. കണ്ണടച്ച് കുര്യന്റെ മുഖം വിരലുകൾ കൊണ്ട് പരതി. എനിക്കപ്പോൾ ഞങ്ങളുടെ പഴയ കാലം ഉള്ളിൽ കാണാം.
പലപ്പോഴും കുര്യന് ഈ രംഗങ്ങൾ ഫോണിൽ പകർത്തുന്ന കുസൃതിയുണ്ട്. പക്ഷേ ഇത്തവണ…”കുഞ്ഞൻ ഞണ്ടിന്റെ ഒരു കൈ ഒടിച്ചെടുത്ത് ചുവന്ന വലിയ ഞണ്ട് വിജയം പ്രഖ്യാപിച്ചു.
“ഫോണിന്റെ സ്‌ക്രീനിൽ ആ മനുഷ്യന്റെ ചിത്രം. കുര്യനത് എന്റെ മുഖത്തിന് നേരെ പിടിച്ചു. എന്റെ കണ്ണു തുറിച്ചുപോയി. “ഇവനെയല്ലേടീ നീ എന്റെ മുഖത്ത് തപ്പുന്നത്…” എന്നിട്ടും കുര്യൻ ചെയ്യുന്നത് തുടർന്നു. വായിൽ നിന്ന് രക്തം വരുന്നത് കണ്ടിട്ടാണ് കഴുത്തിലെ പിടുത്തവും കവിളിലെ അടികളും അവസാനിപ്പിച്ചത്.”
“ഇന്ന്, ഈ പരിപാടിയിൽ അയാൾ ആദരിക്കപ്പെടുന്ന അതേ നേരം ചാടി ചാവാന്ന് കരുതിയതാ. നിന്നെക്കണ്ടപ്പോ വേണ്ടെന്ന് വച്ചു”. സാന്ദ്രയുടെ വിറയ്ക്കുന്ന കൈ അഗത തന്റെ കവിളിൽ ചേർത്തു.
“ഭാര്യയുടെ പ്രണയംപോലും അംഗീകരിക്കാൻ പാങ്ങിലാത്ത വെറും ഭർത്താവാണയാൾ. ഞാനും ചാകുന്നില്ല. നിന്നെ ചാകാനും സമ്മതിക്കില്ല.” രണ്ടാളും ചിരിച്ചു. അഗത ഒരു കല്ലുകൊണ്ട് ആ ചുവന്ന ഞണ്ടിനെ എറിഞ്ഞു. ആ തക്കത്തിന് കുഞ്ഞൻ ഞണ്ട് കടലിലേക്ക് ഇറങ്ങിയോടി.
“മറ്റൊരാളുമായി പ്രണയത്തിലായ തന്റെ പെണ്ണിനോട് ഒരിത്തിരി ബുദ്ധിയുള്ള ആണുങ്ങൾ ആ കാമുകന്റെ ഗുണങ്ങളെക്കുറിച്ചേ ചോദിക്കൂ. വീടും വിലാസവും വായിൽ തെറിവാളുമായി ഇറങ്ങുന്നവർ പൊട്ടന്മാരാണ്. “ഒരു തിര ആ നോട്ടീസിനെ പാറയിൽ ഒട്ടിച്ചുവച്ചിട്ട് പോയി.അഗത, കപ്പൽ മുറിച്ചിട്ട തിരകൾ കരയിൽ ചെന്ന് പിടയുന്നതും നോക്കിയിരുന്നു. സാന്ദ്ര അഗതയുടെ തോളിൽ ഉമ്മ വച്ചു. അവർ ചിരിച്ചു.
അവർ വസ്ത്രങ്ങളിൽ പറ്റിയ നനവും മണലും തട്ടിക്കളഞ്ഞ് എഴുന്നേറ്റു. വേദിയിൽ ഏതോ നേതാവിന്റെ പ്രസംഗം. ആ പെണ്ണുങ്ങൾ തീരുമാനം മാറ്റിയതിന്റെ ആശ്വാസം പുലിമുട്ടിൽ കയറി നിറഞ്ഞ കടലും പ്രഖ്യാപിച്ചു. വന്നുവീഴുന്ന ഓരോ മനുഷ്യരെയും ശ്വാസം മുട്ടിക്കുമ്പോഴും എല്ലുകൾ തകർക്കുമ്പോഴുമുള്ള നൊമ്പരം പുലിമുട്ടും കടലും രഹസ്യമായി പറഞ്ഞു.
ഐസുകാരന്റെ നേർക്ക് അഗത കൈവീശി. കോമാളിയുടെ മുഖത്തു കിടന്ന സഹായ അഭ്യർത്ഥന അയാൾ മാറ്റിയിട്ടു. ഇത്തവണയും ബാക്കി തുക വാങ്ങിച്ചില്ല. ഐസ് ഫ്രൂട്ടും നുണഞ്ഞ് ചുവന്ന കണ്ണാടിയും വച്ച് കാറ്റാടികളും പിടിച്ചു നടക്കുന്ന പെണ്ണുങ്ങളോട് അയാളും കോമാളിയും ചിരിച്ചു. മുല തൂങ്ങിയ പട്ടി അവർക്ക് പിന്നാലെ നടന്നു.
നിറഞ്ഞ സദസിന്റെ നടുവിലെ ചുവന്ന പരവതാനി. ഐസുകൾ നുണഞ്ഞ് കണ്ണാടിയും കാറ്റാടിയുമായി കൂസലില്ലാതെ നടക്കുന്ന പെണ്ണുങ്ങളെയും മുല തൂങ്ങിയ പട്ടിയേയും കുര്യന്റെ നാടകത്തിലെ കഥാപത്രങ്ങളായി സദസ് അംഗീകരിച്ചു. കൈയടികളും ചിരികളും നിറഞ്ഞു.
കുറച്ച് മുൻപ് അയാളുടെ വിവിധ നാടകങ്ങളിലെ പ്രധാന കഥാപാത്രങ്ങൾ സൃഷ്ടികർത്താവിനോടുള്ള ആദര സൂചകമായി ഇതേ വഴിയിലൂടെ നടന്നുപോയതാണ്. സദസിനവരെ പരിചയപ്പെടുത്താൻ മുഴക്കമുള്ള ഒരു പുരുഷ ശബ്ദം ശ്രമിക്കുന്നുണ്ടായിരുന്നു. സ്ക്രിപ്റ്റിൽ പേരെടുത്തു പറയാനാവത്ത കരുത്തുറ്റ പെണ്ണുങ്ങളെ കണ്ടിട്ട് പുരുഷ ശബ്ദം നിശബ്ദമായി.
കുര്യന്റെ നാടകങ്ങളിൽ ഗവേഷണം ചെയ്യുന്ന പ്രൊഫസർ എഴുന്നേറ്റ് നിന്ന് അഗതയോട് “ഏതു നാടകത്തിൽ നിന്നെന്ന്” ചോദിച്ചു.
“ജീവിതത്തിൽ നിന്നെന്ന്” ഉറക്കെപ്പറഞ്ഞിട്ട് സാന്ദ്ര അയാളുടെ കവിളിന് നേരെ കൈയോങ്ങി. എന്തോ മനസിലാക്കിയ ഭാവത്തിൽ ചിരിയോടെ അയാളിരുന്നപ്പോൾ സദസ്സിൽ വീണ്ടും കൈയടി ഉയർന്നു.
രാഷ്ട്രീയ നേതാവിന്റെ അരികിലിരുന്ന കുര്യന്റെ നെറ്റി ചുളിഞ്ഞു. സംഘാടകരിൽ ഒരാളെ അയാൾ അടുത്തേക്ക് വിളിച്ച് രഹസ്യം പറഞ്ഞു.
ചെരുപ്പുകൾ ഊരി സദസിലേക്ക് എറിയുന്ന, ഉറക്കെ കൂവുന്ന ആ പെണ്ണുങ്ങളെ സംഘാടകരും കാക്കികളും വേദിയുടെ പിന്നിലേക്ക് കൊണ്ടുപോയി. മുല തൂങ്ങിയ പട്ടിയുടെ കുര പിന്നെയും നീണ്ടുനിന്നു. കാറിലേക്ക് നടക്കുന്ന കുര്യനെ തല്ലാൻ സാന്ദ്ര കുതിച്ചുനോക്കി. കാക്കികൾ അതും തടഞ്ഞു. മുഴുത്ത തെറിവിളിക്കുന്ന സാന്ദ്രയോട് അഗത “അടങ്ങെടീന്ന്” ചിരിച്ചു. ഗവേഷണക്കാരൻ പ്രൊഫസറിനെ വേദിക്ക് മുന്നിലൂടെ മുല തൂങ്ങിയ പട്ടി കടിക്കാനോടിച്ചു.
ആളൊഴിഞ്ഞ പുലിമുട്ടിന്റെ അറ്റത്ത് രണ്ട് പെണ്ണുങ്ങൾ ചിരിനൂലിൽ കെട്ടിയ പട്ടങ്ങൾ പറത്തുന്നു. മുല തൂങ്ങിയ പട്ടി അവർക്ക് കാവൽ നിൽക്കുന്നു.
“നമുക്കീ പാവം ആണുങ്ങൾക്ക് ഒരവസരം കൂടെ കൊടുത്താലോടീ. നീ ഒരു പങ്കാളിയെ പരീക്ഷിക്കണം. ഞാനിത്തവണ ഒരു കാമുകനെ നോക്കട്ടെ…”
സാന്ദ്ര അഗതയോട് തലകുലുക്കി.
ഒരുഗ്രൻ തിരവന്ന് പുലിമുട്ടിന്റെ മുഖം കഴുകിയെടുത്തു. പക്ഷേ മുല തൂങ്ങിയ പട്ടി അവരുടെ നേർക്ക് നിരാശയോടെ പലവട്ടം കുരച്ചു.