“രക്തം വറ്റിയ ഗിനികളിൽ ഖനികൾ തേടുന്നവരെ, നിങ്ങളും മനുഷ്യർ!” വിജയരാജമല്ലിക എഴുതിയ കവിത
വാട്സാപ്പിലെ പരിചയമില്ലാത്ത
കോൾ കണ്ടാണ് തിരിച്ചു വിളിച്ചത്.
അമ്മാവന്റെ മകളെന്നൊരാൾ
പരിചയപ്പെടുത്തി
പേരും പറഞ്ഞു
കുഞ്ഞിലേ എന്റെ നെഞ്ചിൽ കിടന്നുറങ്ങി,ഉണർന്നു
മധുരം കൊടുത്താൽ മാത്രം ചിരിക്കുന്ന
പൊന്നും കുടുക്ക.
കാവും കുളവും വിലക്ക് നീട്ടുംവരെ
എന്റെ നിശ്വാസങ്ങളെ
കണ്ണുപൂട്ടി പിന്തുടർന്ന്
തമ്പായിയെ തൊഴുതു,
തീർത്ഥകരയിൽ തുള്ളികളിച്ചവൾ!
വിവാഹമായി കാണും
അതാകും വിളിച്ചത്.
ഞാനോർത്തു.
അവളൊരു ഡോക്‌സ് അയച്ചിരുന്നു
കൂട്ടുകാരി ട്രാൻസ്ജെൻഡറുകളെപറ്റി
പഠിക്കുന്നുണ്ടത്രെ
ആ ഫോമോന്നു പൂരിപ്പിച്ചയക്കാമോ എന്നവൾ.
മറ്റൊന്നുമില്ലവൾക്ക് അറിയേണ്ടതെന്ന തിരിച്ചറിവ്
നെഞ്ചിൽ പകരുന്ന
മൂകപ്രഹരങ്ങൾ.
ആഹാ, രക്തം വറ്റിയ ഗിനികളിൽ ഖനികൾ തേടുന്നവരെ,
നിങ്ങളും മനുഷ്യർ!