1
മുടിയഴിച്ച് മുലയുലച്ച്
പുഴ കലക്കി കുളിയതുണ്ട്,
പരൽ മീനുകൾ ഇടമുറിയാതീ
പുഴതൻ പൂവായും
മുടിയലയിൽ ചീകുന്നേ
നാരൻ1
കിഴക്കോട്ട് പിടച്ചീടും
കരിമേഘക്കൊടി, മീതേ
താഴേ,മുടിയിഴയിൽ
പുഴയിരുളും മഴമേഘക്കടല്
മാതയ്ക്ക്2 മതിച്ചീടാൻ
പുഴ നീളേയൊഴുകും,
പല കൈവഴിയായി പിരിയും
ജലധാരയിൽ പുളയും
അരയന്നപ്പിടയോ മുടിയിഴയെ
വലയെന്ന് നിനയ്ക്കും
ചെന്താളിയിൽ തല മുക്കിക്കഴുകുന്നേ
നാരൻ
കസ്തൂരി തൈലങ്ങളു മേലാകെ
പൂശുന്നേ.
പൂമ്പാറ്റകൾ,പൂത്തുമ്പികൾ
തല മേലെ പാറുന്നെ
പൂങ്കാറ്റും പുഴയും പൂമുടിയിൽ
മുത്തുന്നേ
2
നരി പായും കാട്ടിൽ
കരിവീരനുമുണ്ട്
ചെറുമാനുകൾ പല വഴിയേ
ചെറുപുള്ളികൾ
പൂശുന്നേ
ഒരു വെള്ള കുതിര തൻ
മുതുകിൽ കേറി
വരവുണ്ടെ, രാജാവിത്
നായാട്ടിന് വിളയാടീടാൻ
കിളി പാറും തുരുതുരെയാ
ക്കുരയിൽ മരമൊക്കെ-യിടയും
വേട്ടയ്ക്കൊരു ഹരമാകാൻ
ഉശിരുള്ളൊരു പട നായയും
“ദിക്കൊന്നിൽ നിന്നെത്തിയ
കാറ്റെന്തൊരു കസ്തൂരി
പോയൊന്ന് നോക്കെന്റെ
പടവേട്ടക്കാരാ”
ദിക്കൊന്നും നിജമാക്കി
പടനായൊരു മിന്നായം
ശരവേഗം പായുന്നീ
പടനായിൻ ശീൽക്കാരം
3
മുടിയഴിച്ച് മുലയുലച്ച്
പുഴ കലക്കി കുളിയതുണ്ട്,
പരൽ മീനുകൾ ഇടമുറിയാതീ
പുഴ തൻ പൂവായും
മുടിയലയിൽ ചീകുന്നേ
നാരൻ
കിഴക്കോട്ട് പിടച്ചീടും
കരിമേഘക്കൊടി, മീതേ
താഴേ,മുടിയിഴയിൽ
പുഴയിരുളും മഴമേഘക്കടലായി
നീരാടും നേരം
പിന്നിൽ തല നീട്ടിയ
പടനായ,
നാരന്റെ മുടി കണ്ടു
നാരന്റെ മുടിയിലെ മീൻ കണ്ടു
കുരകുരയായി പടനായ ഉശിരോടെ
യജമാനന് സ്തുതി പാടി
ഉടലാകെ വിറപ്പിച്ചും
കോമ്പല്ലുകൾ നീട്ടീടും
ഗതികെട്ടു തിരിഞ്ഞരിശം പൂണ്ടെ
നാരൻ,മുടിയാകെയുലഞ്ഞു
കൊടുവാളായിത്തീരും
പടനായുടെ കാലൊന്നിലുടക്കി
പടനായുടെ ലീക്കം3
മൺപറ്റി,ചോന്നൂ തീരം
വാൽ പൂട്ടി മടങ്ങീ പടനായ
രാജാവിനിത് കണ്ടരിശം പൂണ്ടു;
“ആർക്കുണ്ടിവിടിത്ര ധിക്കാരം
ആരുണ്ടിവിടിത്രയ്ക്കഹങ്കാരി”
കലി തുള്ളി രാജാവതാരെന്ന്
നോക്കാനായി പട പതിനെട്ടു
കണ്ടൊരു കുതിരയെ വിട്ടൂ
കുതിരക്കുളമ്പടി കേട്ടൂ നാരൻ
ഉടനെ തിരിഞ്ഞൊന്ന് നോക്കിയപ്പോ
മുടി കൊണ്ട് മുറിയുന്നൂ
കുതിര തൻ ലീക്കം
കുതിരയും രാജാവിൻ
പക്കലെത്തി
“ആർക്കുണ്ടിത്രയ്ക്കഹമ്മതി
പതിനെട്ട് പട കണ്ട കുതിരയെ
വെട്ടുവാൻ
നാടിന്നുടയോനെ നാണം
കെടുത്തുവാൻ
ശരി,ഞാനേ വന്നേക്കാം
നിന്റെയീ ധിക്കാരം ഇനിയും
പൊറുക്കുന്ന കാര്യമില്ല”
വാൾ വീശിയുലയുന്നെ രാജാവപ്പോൾ
ദിക്കൊന്ന് നോക്കി നടന്നിടുന്നെ
ആരിത്ര ധിക്കാരി
ആർക്കിത്രഹമ്മതി
4
ദിക്കൊന്നിൽ രാജാവും
ചെന്നെത്തിയ നേരം
ചെന്താളിയിൽ തല മുക്കിക്കഴുകുന്നേ
നാരൻ
കസ്തൂരി തൈലങ്ങളു മേലാകെ
പൂശുന്നേ
“പെണ്ണേ നീയേതെന്റെ പടനായെ
ഛേദിക്കാൻ
പെണ്ണേ നീയാരെന്റെ
കുതിരയ്ക്കൊരു വെട്ടേകാൻ
നാടിന്നുടയോൻ ഞാനേ
കണ്ടോട്ടെ നിന്മുഖം,
മടിയില്ലാഞ്ഞിട്ടല്ലീ തല വെട്ടാൻ
പെണ്ണെന്ന് നിനച്ചൂ ഞാൻ
കൊല്ലാതെ ക്ഷമിച്ചേക്കാം
നീ വേഗം തിരി നീയാര്”
ഞൊടിയിടയിൽ തല തിരിയും
പുഴയിൽ നിന്നുയരും മുടി
പടവാളിനെയുലയ്ക്കും
ഉടവാളത് ദൂരേക്ക് തെറിച്ചങ്ങും
പോകുന്നേ
മുടി കൊണ്ടുടയോന്റെ
ലീക്കം മുറിയുന്നേ
മണ്ണിൽ പിടയുന്നെ
മുടി കൊണ്ട കെട്ടി
പടി കേറി നാരൻ,
മുഖമാകെ വെളിച്ചം
എന്തിത്ര സുഗന്ധം
തിരുരൂപം കണ്ടയ്യോ
രാജാവും ഞെട്ടി
ഉടനെ കാൽ പിടിയായി;
“നാരൻ പൊറുക്കേ
കവ്ടിക്കരുതേ4 നീ
ആരു ദേവീ”
“ ഞാനാര് ലോകം
ചന്ദ്രായിക്കും5 വെക്കം
നീയീക്കഥയും നാടറിയിക്കവേണം
ഇനി വരും
കുറെയേറെ പേർ മണ്ണിൽ
വഴി കാട്ടാൻ ഞാനുണ്ട്,
തുണയായും ഞാനേ”
1 പെണ്ണ് (ഈ കവിതയിലെ ചില വാക്കുകൾ കോത്തി ഭാഷയിൽ നിന്നെടുത്തവയാണ്. ഹിജ്റകൾക്കിടയിൽ പ്രചാരത്തിലുള്ള രഹസ്യ ഭാഷയാണ് ഇത്.)
2 സന്തോഷിമാത-ഹിജ്റ സംസ്കാരം ആരാധിക്കുന്ന ദേവി
3 ലിംഗം
4 മോശം
5 കാണും
*ഹിജ്റ സംസ്കാരത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാമൊഴിക്കഥയെ മുൻനിർത്തിയാണ് ഈ കവിത എഴുതിയിട്ടുള്ളത്. കാട്ടിൽ വേട്ടനായയ്ക്കും പടകുതിരയ്ക്കും ഒപ്പം നായാട്ടിനെത്തിയ രാജാവ് ദൂരെ നിന്ന് ഒരു പ്രകാശവും സുഗന്ധവും വരുന്നത് തിരിച്ചറിയുന്നു. എന്താണ് കാര്യമെന്ന് അറിയാൻ ആദ്യം വേട്ടനായയെ ആ ദിക്കിലേക്ക് അയക്കുന്നു. നായ കുളിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ കാണുന്നു. നായ കുരച്ചു ശല്യം ചെയ്തപ്പോൾ ആ സ്ത്രീ തിരിഞ്ഞുനോക്കുകയും സ്ത്രീയുടെ മുടി കൊണ്ട് നായയുടെ ലിംഗം ഛേദിക്കപ്പെടുകയും ചെയ്യുന്നു. രണ്ടാമത് രാജാവ് കുതിരയെ അയക്കുന്നു. കുതിരക്കും സമാനമായ അവസ്ഥയുണ്ടാകുന്നു. അരിശം വന്ന രാജാവ് നേരിട്ട് കാര്യം തിരക്കാൻ പോയപ്പോൾ രാജാവിന്റെ ലിംഗവും ഛേദിക്കപ്പെടുന്നു. കുളിച്ചുകൊണ്ടിരുന്ന സ്ത്രീ കരയ്ക്ക് കേറി ഞാൻ ആരെന്നും എന്തെന്നും നീ ലോകത്തെ അറിയിക്കണമെന്നും എന്നെ ആരാധിക്കണമെന്നും അറിയിക്കുന്നു.