“ഓരോ വായനയും ഓരോ മരണമാണെന്ന നിനവിൽ അനുഭൂതിയുടെ അവസാനത്തെ വരിഞ്ഞു മുറുകൽ കാംക്ഷിച്ച് ഒരൂഞ്ഞാലിലെന്നപോലെ അതു കിടന്നു.” വീരാൻകുട്ടി എഴുതിയ കവിത
ചിത്രീകരണം : വിഷ്ണു റാം
വലയിലകപ്പെട്ട ശലഭം
എട്ടുകാലിയോടു പറഞ്ഞു:
നിന്റെ വല
ഒരുഗ്രൻ കലാവസ്തുവെന്നു തോന്നി
അതിൽ മുഴുകിയില്ലാതാകാനായി വന്നു ഞാൻ.
കലയ്ക്ക്
നമ്മെ വരിഞ്ഞു മുറുക്കി കൊല്ലാനുള്ള
കരുത്തുവേണം.
ഓരോ വായനയിലും
ചോര വറ്റി,
ശ്വാസംമുട്ടി പിടയണം
നിന്റെ വലയിൽനിന്നു ഞാനതു പൂർണ്ണമായി നേടട്ടെ.
ചിറകുള്ള വായനക്കാരീ,
മരണത്തിനു തൊട്ടുമുമ്പും
നിനക്ക്
ഇങ്ങനെയൊക്കെ ആലോചിക്കാൻ പറ്റുന്നുണ്ടല്ലൊ
എന്നു ചിരിച്ച്
എട്ടുകാലി അതിനെ
പതിയെ വരിഞ്ഞുമുറുക്കാൻ തുടങ്ങി.
“മാരകമായ രീതിയിൽ എന്നെ ഉൾക്കൊള്ളൂ”,
കണ്ണടച്ചിരുന്ന് ശലഭം പ്രോത്സാഹിപ്പിച്ചു.
“കലാവസ്തുവുമായി
വായനയിൽ പുലർത്തേണ്ട ഭദ്രമായ ഒരകലമുണ്ട് “
വലയിൽ പെടാതെ ചുറ്റും പാറുന്ന
പ്രാണികൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത്
ശലഭം കേട്ടില്ല.
ഓരോ വായനയും
ഓരോ മരണമാണെന്ന നിനവിൽ
അനുഭൂതിയുടെ
അവസാനത്തെ വരിഞ്ഞു മുറുകൽ കാംക്ഷിച്ച്
ഒരൂഞ്ഞാലിലെന്നപോലെ
അതു കിടന്നു.