കണ്ടസ്വാമിയുടെ ഒറ്റച്ചെണ്ടയുടെ ശബ്ദം കേട്ടാൽ ഞങ്ങൾക്കറിയാം തമ്പി ടാക്കീസിൽ പടം മാറിയിട്ടുണ്ടാവും. കോലാഹലമില്ലാത്ത ഉച്ചനേരത്ത് ദൂരെ നിന്നേ ചെണ്ടയുടെ മുഴക്കം ഞങ്ങൾ പിടിച്ചെടുക്കും. ചെണ്ട കഴുത്തിലിട്ട് പ്രത്യേക താളത്തിൽ, ഇരുകൈയും ഉയർത്തിയും താഴ്‌ത്തിയും ചിലപ്പോൾ ചെണ്ടക്കോൽ മേലോട്ടെറിഞ്ഞും ശരവേഗത്തിൽ അത് തിരിഞ്ഞു വരുമ്പോൾ ചാടിപ്പിടിച്ചും വായിൽ കടിച്ചുനിർത്തിയും കസർത്തുകാട്ടി, കൊട്ടിയാടി, കണ്ടസ്വാമിക്കുമാത്രം കഴിയുന്ന മെയ്‌വഴക്കത്തിൽ നൃത്തം ചവുട്ടിയുള്ള വരവ് ഉത്സാവന്തരീക്ഷത്തിന്റെ ഉണർവിലേക്ക് ഞങ്ങളെ കൈ പിടിച്ചു നടത്തും. ചിലപ്പോൾ വില്ലുപോലെ അയാൾ മുന്നിലേക്കു വളയും. അതേ ആക്കത്തിൽ പിന്നോട്ട് മലരും. പുറകിലേക്ക് കൈ പിണച്ച് മയിലിനെപ്പോലെ ചുവടുവെക്കും. തലയും കണ്ണും വെട്ടിക്കും. ചില തമിഴ് പാട്ടുകൾ പാടും. എംജിആറിന്റെയും ശിവാജി ഗണേശന്റെയും സിനിമയിലെ പാട്ടുകൾ.
അസുഖകരമായ കഞ്ചാവുപുകയുടെ വാട അയാളുടെ കടുംവർണ കുപ്പായങ്ങളിൽ പറ്റിപിടിച്ചിട്ടുണ്ടാവും. ആരെങ്കിലും ഏറെക്കാലം ഉപയോഗിച്ച് , പിഞ്ഞിത്തുടങ്ങുമ്പോൾ ഉപേക്ഷിച്ച് ദാനം കൊടുക്കുന്ന ചുവപ്പോ പച്ചയോ കറുപ്പോ നിറമുള്ള ഷർട്ടും കാക്കി പാന്റസുമായിരിക്കും കണ്ടസ്വാമിയുടെ വേഷം. കാക്കി പാന്റ്സ് പൊലീസിൽ നിന്ന് പിരിഞ്ഞ് , സെക്യൂരിറ്റി പണിക്കു പോകുന്ന വറീതുകുട്ടിയുടേതാവും. കാക്കിപാന്റസിടുന്ന ആളുകൾ നാട്ടിൽ വേറെയില്ല.
ഏതോ കാലത്ത് സേലത്തുനിന്ന് നിന്ന് വണ്ടിത്താവളത്ത് കുടിയേറിപ്പാർത്തവരാണ് കണ്ടസ്വാമിയുടെ പൂർവികരെന്നും എന്നാൽ ആളൊരു മലയാളിയാണെന്നും നാടുവിട്ട് പൊള്ളാച്ചിയിൽ സ്ഥിരവാസമാക്കി തമിഴ് വഴങ്ങിതാണെന്നും നാട്ടുകാരിൽ ഭിന്നാഭിപ്രായമുണ്ട്. അവിടെ പെണ്ണുകെട്ടി. മക്കളും മരുമക്കളുമായി. കഞ്ചാവടി മൂത്ത് പേരക്കുട്ടികളെ കൈവെക്കാൻ തുടങ്ങിയപ്പോൾ സഹികെട്ട് നാട്ടുകാർ അടിച്ചോടിച്ചതാണ് . ഏതായാലും, എന്തായാലെന്ത്? ആരും ഗൗനിക്കാറില്ല.
തമ്പി ടാക്കീസിന്റെ മുതലാളി ചേറുട്ടി, പക്ഷേ കണ്ടസ്വാമിയിലെ പരസ്യമോഡലിന്റെ സാധ്യത തിരിച്ചറിഞ്ഞു. ടാക്കീസിൽ പടം മാറുമ്പോൾ ചെട്ട്യാരുടെ കാളവണ്ടിക്കൊപ്പം അഞ്ചുരൂപ കൂലി കൊടുത്താണ് കണ്ടസ്വാമിയെ നടത്തുന്നത്. അതിൽ ലക്ഷ്യമുണ്ട്. സിനിമ മോശമാണെങ്കിലും കണ്ടസ്വാമിയുടെ പ്രകടനം കാണാൻ ആളുകൾ കൂടുമെന്ന് ചേറുട്ടിക്കറിയാം. സിനിമ മാറിയ വിവരം അങ്ങനെയെങ്കിലും അറിയാതിരിക്കില്ല.
മിക്കവാറും വെള്ളിയാഴ്‌ചകളിലാണ് പുതിയ സിനിമയുടെ ബോർഡ് വെച്ച് ചെട്ട്യാരുടെ കാളവണ്ടി വരാറ്. നിലംതൊടാതെ പോവുന്ന പടമാണെങ്കിൽ ചൊവ്വാഴ്‌ച തന്നെ മാറും. രണ്ടോ മൂന്നോ പടങ്ങൾ തുടരെ നിന്നനിലയിൽ പൊട്ടിയാൽ ചേറുട്ടിക്കറിയാം ആളെ കൂട്ടാനുള്ള വഴി. സിൽക്കിന്റെ ഡാൻസ് പോസ്‌റ്ററുമായി പുതിയ പടമെത്തും.
കണ്ടസ്വാമിയുടെ നൃത്തച്ചുവടിന് അകമ്പടിയായി, ആടിയാടി ചെട്ട്യാരുടെ കാള. അതിന്റെ ശുഷ്‌കിച്ച, നീണ്ട കഴുത്തിലെ ഒറ്റക്കുടമണിയുടെ ശബ്ദം വേറിട്ടു നിൽക്കും. അതിനു പിന്നിൽ നാലടി മാറി, ഒട്ടിക്കാനുള്ള പോസ്‌റ്ററും പശപ്പാത്രവുമായി ചെമ്പൻ കുട്ടൻ മുടന്തി നടക്കുന്നുണ്ടാവും.
കാളവണ്ടിയുടെ മുന്നിലിരുന്ന് ചാട്ടവാറും കയറും പിടിച്ച് ചെട്ട്യാർ ഏതാണ്ട് അർധമയക്കത്തിലാവും. ചെട്ട്യാരുടെ നിയന്ത്രണമില്ലെങ്കിലും ഏറെക്കുറെ വഴി നിശ്‌ചയമുള്ള, എല്ലും കോലുമുന്തിയ ആ വെള്ളക്കാള കല്ലും കുഴികളും നിറഞ്ഞ ചിരപരിചിതമായ നാട്ടുവഴിയിലൂടെ അതിന്റെ നടത്തം തുടരും.
എവിടെ നിൽക്കണം എപ്പോൾ നടക്കണം എന്നെല്ലാം കാളയ്‌ക്ക് നല്ലപോലറിയാം. എങ്കിലും ശീലത്തിനുവേണ്ടി ചെട്ട്യാർ ചില ശബ്ദങ്ങൾ പുറപ്പെടുവിക്കും. ഇടത്തോട്ടു തിരിയാൻ കാളയുടെ വലംതുടയിൽ ഒന്നു തട്ടും. വലത്തോട്ടു തിരിയാൻ ഇടംതുടയിലും. നിൽക്കാനും നടക്കാനും വേഗം കൂട്ടാനും പെട്ടന്ന് ബ്രേക്കിടാനും വേറെ വേറെ ശബ്ദങ്ങളാണ്. അണ്ണാക്കും ചുണ്ടും കോട്ടിപടിച്ചുള്ള ആ വിചിത്ര ശബ്ദങ്ങളുടെ സ്വരവ്യഞ്ജനങ്ങളിൽ, വ്യത്യസ്‌തകളിൽ അനുസരണയുടെ നേർവഴിയേ മാത്രം കാള നടന്നുകൊണ്ടിരുന്നു. ഒരിക്കൽപോലും ചാട്ടവാർ ചുഴറ്റി ചെട്ട്യാർക്ക് തന്റെ അരുമയെ അടിക്കേണ്ടി വന്നില്ല.
കവലകളിൽ കടകൾക്കു മുന്നിലെത്തിയാൽ കാളയ്‌ക്ക് വിശ്രമത്തിനുള്ള നേരമാണ്. തണലോരം ചേർന്ന് അത് എന്തോ അയവിറക്കി നിൽക്കും. ചീഞ്ഞുണങ്ങി വിൽക്കാൻ പറ്റാതായ പഴമോ അൽപം കാടിവെള്ളമോ കൊള്ളിക്കഷ്‌ണമോ പീടികക്കാരിൽ ആരെങ്കിലും കൊടുത്തെന്നിരിക്കും. പിന്നിട്ട വഴികളിൽ എവിടെയോ വീണുപോയ പ്രസാദമധുരമായ ഭൂതകാലമോ നടപ്പു ജീവിതത്തിലെ നിരന്തരമായ ദുരനുഭവമോ ഭാവി കുലുങ്ങുന്ന ആശങ്കകളോ, ഇതിലേതായിരിക്കും ആ പാവം അയവിറക്കുന്നുണ്ടാവുക?
ചെട്ട്യാരുടെ വണ്ടിക്കാളയുമായി മൂകഭാഷണത്തിൽ ഏർപ്പെടാറുള്ളത് ചീരോത്തെ ചന്ദ്രനാണ്. അവന് മിണ്ടാപ്രാണികളോട് പ്രിയം കൂടും. മനുഷ്യരേക്കാൾ ഇഷ്ടം നാൽക്കാലികളോടാണെന്ന് ചന്ദ്രൻ പറയും. പൂച്ച, പട്ടി, പോത്ത്, എരുമ, പശു, ആട് ഇവയെല്ലാം അവന്റെ വീട്ടിലുണ്ട്. അതുകൊണ്ടാണ് ആ വീടു കഴിയുന്നത്. പോത്തിനെക്കൊണ്ട് അവന്റെ അച്ഛൻ കുട്ടപ്പേട്ടൻ പാടത്ത് പണിക്കുപോവും. എരുമയെ കറന്ന് ചേട്ടൻ വിനയൻ ഹോട്ടലുകളിൽ അതിരാവിലെ പാലെത്തിക്കും. പശുവിനെ അമ്മയും ആട്ടുങ്ങളെ ചന്ദ്രനും കറക്കും. രണ്ടുനേരവും വീടുകളിൽ പാലെത്തിക്കൽ ചന്ദ്രനും അമ്മയും വീതിച്ചെടുക്കും. ചാണകവും ആട്ടിൻകാട്ടവും വിറ്റുകിട്ടുന്ന പണം ഓണക്കാലത്ത് പുതിയ ഉടുപ്പുകൾ വാങ്ങാനുള്ളതാണ്.
ചന്ദ്രൻ പറയും: അവറ്റയുടെ വേദനയും സങ്കടങ്ങളും സന്തോഷങ്ങളും തിരിച്ചറിയാൻ പറ്റും. വേണമെങ്കിൽ നമുക്ക് മിണ്ടാം. ഇഷ്ടംപോലെ വർത്തമാനം പറയാം.
ചന്ദ്രൻ വാത്സല്യത്തോടെ തലോടുമ്പോൾ കാള കഴുത്തുപൊക്കി കൊടുക്കും. കവിളിൽ പറ്റിപ്പിടിച്ച ചെള്ളെടുത്ത് നുള്ളും. മറ്റാരുമറിയാതെ വീട്ടിൽ നിന്ന് കടലാസിൽ പൊതിഞ്ഞു കൊണ്ടുവരാറുള്ള കപ്പലണ്ടിപ്പിണ്ണാക്ക് നനച്ച് അവൻ അതിന്റെ വായിൽ വെച്ചുകൊടുക്കും.
“എന്തൊരു ഒരപ്പാണ് ഇതിന്റെ നാക്കിന്. കൈ വെച്ച് നോക്ക്…” ചന്ദ്രൻ ഞങ്ങളെ ക്ഷണിക്കും. ഒരക്കടലാസുകൊണ്ട് ഉരസുംപോലെയാണ്. കാള അവന്റെ കൈത്തണ്ടയിൽ നക്കിക്കൊണ്ടിരിക്കും.
സ്‌കൂളില്ലാത്ത ദിവസമാണെങ്കിൽ കവലകളിൽ ചെട്ട്യാരുടെ കാളവണ്ടിയെ കാത്ത് ഞങ്ങളുണ്ടാവും. ആ സമയത്ത് ആരെങ്കിലും തമ്മിൽ വാതുവെപ്പും നടക്കും.
“നീ നോക്കിക്കോ, ഇന്ന് നസീറിന്റെ പടമാണ്…”
സത്യന്റെ ആരാധകനായ സതീശനോട് ചിറയത്തെ പ്രകാശൻ വാതുവെക്കും.
കറവക്കാരൻ പരമുവിന്റെ പറമ്പിൽനിന്ന് കശുവണ്ടി കട്ടുവിറ്റ പൈസ കൈയിലുണ്ട്. അതിന്റെ ഹുങ്കാ.
എന്റെ ചെവിയിൽ പട്ടത്തെ ഗോപു അടക്കം പറയും “പ്രകാശൻ കേക്കണ്ട. നെന്റെ കൂമ്പിടിച്ച് നെരത്തും. അവൻ കരാട്ടെക്ക് പോണണ്ട്.”
“പിന്നെ അവന്റെയൊരു കരാട്ടെ. കരിക്കട്ടയാണ്. നീ പോടാ. കരാട്ടെക്കൊക്കെ പോണങ്കിൽ കാശ് എത്ര വേണംന്നറിയ്വോ? അവന്റച്ഛന് അരിയങ്ങാടീല് എന്താ പണീന്നറിയ്വോ? അരിച്ചാക്കിറക്കല്. തലേല് ചോന്ന തോർത്തും കെട്ടി ഇന്നാള് ചാക്കിറക്കണ കണ്ടു നമ്മടെ തറയിൽ ജോസുട്ടി. അവൻ പറഞ്ഞതാ. ജോസുട്ടി അവന്റമ്മേടെ എടവകയിലെ പെരുന്നാളിന് മുക്കാട്ടരയ്‌ക്ക് ബസ് കേറാൻ പോയതാ സ്‌റ്റാന്റില്. അപ്പോ നിക്കണു, കാക്കി ട്രൗസറും നീല ഷർട്ടും ചോന്ന തലേക്കെട്ടുമായി നമ്മടെ ഈ മൊതലിന്റെ അപ്പൻ.” ഗോപു ഉറക്കെ ചിരിച്ചു.
സത്യന്റെയും നസീറിന്റെയും മധുവിന്റെയും പേരിൽ അഞ്ചുപൈസയുടെ കടലമിട്ടായിക്കാണ് വതുവെപ്പ്. ചെമ്പൻ പോസ്‌റ്ററൊട്ടിക്കുന്നത്
ഞങ്ങൾ ആകാംക്ഷയോടെ നോക്കും. വലിയ പോസ്‌റ്ററുകൾ അവൻ നിഷ്‌പ്രയാസം നാലോ ആറോ കഷ്‌ണങ്ങളാക്കി തലങ്ങും വിലങ്ങും കീറും. സത്യനും ശാരദയും ജയഭാരതിയും നസീറും ഷീലയും വിജയശ്രീയും കൺമുന്നിൽ തുണ്ടം തുണ്ടമാവുന്നത് ചങ്കിടിപ്പോടെ കാണേണ്ടിവരും. എന്നാൽ എത്രയോ സർവസാധാരണം എന്നമട്ടിൽ അനായാസമായി അവനാ കഷ്ണങ്ങൾ നിമിഷനേരംകൊണ്ട് പനമ്പട്ടയിൽ ഒട്ടിച്ചു ചേർക്കുന്ന വിരുതിൽ ഞങ്ങൾ ആഹ്‌ളാദിക്കും.
തുണ്ടങ്ങൾ ചേരുംപടി ചേർത്ത് ഒട്ടിക്കുമ്പോൾ ശരീര ഭാഗങ്ങൾ പരസ്‌പരം മാറിപോയാലോ എന്നോർത്ത് ചിരിക്കാറുണ്ട്. കണ്ണും ചുണ്ടും മൂക്കും മാറും സ്ഥാനം തെറ്റിയാൽ സംഭവിക്കുന്ന കോമാളിത്തം ചെമ്പനോട് പറയാറില്ല.
പോസ്‌റ്റർ ആദ്യം പല തുണ്ടമാക്കി കീറി, വീണ്ടും അത് പരസ്‌പരം യോജിപ്പിച്ച് ഒട്ടിക്കുന്നതിലെ രഹസ്യം അവനൊരിക്കൽ വെളിപ്പെടുത്തി. അല്ലെങ്കിൽ ഒട്ടിച്ചപാടെ ആളുകൾ കീറും. ആടുകൾ കടിക്കും. പശയും കടലാസും ചേർന്ന് ഭാരക്കൂടുതലിൽ അടർന്നു വീഴാനും എളുപ്പം. ഒരോ ചെറിയ ജോലിയിലും എന്തെല്ലാം രഹസ്യങ്ങൾ. ഞങ്ങൾ അത്ഭുതപ്പെടും. അവൻ വിദഗ്‌ധമായി ഒട്ടിച്ചുപോവുന്ന പോസ്‌റ്ററുകളിൽ അന്നുതന്ന ബ്ലേഡുകൊണ്ട് കീറി നായകന്മാരുടെ മുഖം വികൃതമാക്കാനും നായികമാരുടെ പൊക്കിൾച്ചുഴി ചുരണ്ടി കുളം പോലെയാക്കാനും ഞങ്ങൾ മത്സരിക്കാറുണ്ട്.
ചെമ്പൻ ഞങ്ങളുടെ സ്‌കൂളിൽ തന്നെയാണ് പഠിക്കുന്നത്. അതിന്റെ സൗമനസ്യത്തിൽ അവൻ ഞങ്ങളോട് ചിരിക്കും. നസീറോ ഷീലയോ ചിരിച്ച പോലെ തോന്നും. അത്ര അന്തസും ഗർവുമാണ് ആ ചിരിക്ക്. അവനെ പക്ഷേ സ്‌കൂളിൽ അങ്ങനെ സ്ഥിരം കാണാറില്ല. കവലകളിലും കടകളുടെ ഇറയത്തും സിനിമ പോസ്‌റ്റർ ഒട്ടിക്കുന്ന പണി ഇല്ലാത്ത ദിവസങ്ങളിൽ അവൻ ചെട്ട്യാരുടെ സഹായിയായി അങ്ങാടിയിൽ പോവും. നാട്ടിലെ കടക്കാർക്കെല്ലാം അങ്ങാടിയിൽനിന്ന് അരി, മുളക് ,പരിപ്പ് , ശർക്കര തുടങ്ങീ പലവ്യഞ്ജനങ്ങളും സോപ്പും ചീർപ്പും പൗഡറും കണ്ണാടിയും പോലുള്ള സ്‌റ്റേഷനറി സാധനങ്ങളും എണ്ണമില്ലിൽ ചെന്ന് പിണ്ണാക്കും കൊണ്ടുവരുന്നത് ചെട്ട്യാരാണ്. പണിയില്ലാത്ത ദിവസങ്ങളിൽ മാത്രം ചടങ്ങുപോലെ ചെമ്പൻ സ്‌കൂളിൽ വന്നു.
പോസ്‌റ്റർ പതിച്ച് ബാക്കി വരാറുള്ള കൊള്ളിപ്പശ രണ്ടച്ച് ശർക്കരയിട്ട് കുറുക്കി കഴിക്കുന്നതാണ് ചെമ്പന്റെ വീട്ടിലെ രാത്രിഭക്ഷണം. ചെമ്പനും അമ്മയും രണ്ടുപെങ്ങമാരും പായസം പോലെ സ്വാദിഷ്ടമായ വിഭവം പോലൊണ് അതു കഴിച്ചിരുന്നത്. കൊള്ളിപ്പശ കഴിച്ചാണ് ചെമ്പന്റെ മുടി ചെമ്പിച്ചതെന്നും കട്ട പിടിച്ചതെന്നും ഞങ്ങൾ കളിയാക്കും. ചെമ്പുകമ്പിയുടെ നിറത്തിൽ ശൂലം പോലെ എഴുന്നേറ്റു നിൽക്കുന്ന കോലൻമുടിയാണ് അവന് ചെമ്പനെന്ന ചെല്ലപ്പേരു വീഴ്‌ത്തിയത്. ശരിയായ പേര് മുരളി. എന്നാൽ മുരളിയെന്നു കേട്ടാൽ ചേമ്പൻതന്നെ പകച്ചു നോക്കും.
ചെട്ട്യാർക്ക് ചാക്കുകെട്ട് വണ്ടിയിൽ കേറ്റാനും കടകളിൽ ഇറക്കാനും സഹായിക്കലാണ് മറ്റു ദിവസങ്ങളിൽ ചെമ്പന്റെ പണി. നിത്യം രണ്ടു രൂപ കിട്ടും. പോസ്‌റ്റർ ഒട്ടിക്കുന്ന വകയിൽ ചെമ്പന് തമ്പി ടാക്കീസിൽ ഫ്രീ പാസുണ്ട്. ആഴ്‌ചയിൽ ഒരു വട്ടം ബെഞ്ചിലിരുന്ന് നാലാൾക്ക്, ഫ്രീയായി സിനിമ കാണാം. ശനി ഞായർ തുടങ്ങിയ മുടക്കു ദിവസങ്ങളിൽ ആളുകൾ കൂടുതൽ കേറും. അന്ന് സൗജന്യ പാസുകാർക്ക് പ്രവേനമില്ല. ചെമ്പന്റെ പാസ് ഞങ്ങളിൽ ആരെങ്കിലും പാതി കാശിന് വാങ്ങും. അതും അവനൊരു വരുമാനമായിരുന്നു.
“കുടുംബം പൊലർത്താനാ പാസ് വിൽക്കണേ.” ഗോപു പറയും. അവന്റമ്മ വീട്ടുപണിക്ക് പോയിരുന്നു. വാതം വന്ന് കെടപ്പായി. കൈയും കാലും തളർന്നു. ഒന്നിനും പറ്റാതായി. ചെമ്പനു താഴെ രണ്ടു പെൺകുട്ടികൾ.
ചെമ്പന്റെ ഫ്രീ പാസിൽ തുലാഭാരം സിനിമ കണ്ടുകൊണ്ടിരിക്കെ ഞങ്ങൾ ഏങ്ങിയേങ്ങി കരഞ്ഞു. കുട്ടികളെ വിഷം കൊടുത്തു കൊല്ലുന്ന രംഗമെത്തിയപ്പോൾ സ്വതേ ധൈര്യശാലിയെന്ന് തോന്നാറുള്ള ഗോപു പുറത്തേക്കിറങ്ങിപോയി. നാലണയുടെ ഗോലി സോഡ വാങ്ങി, വിരലമർത്തി വലിയ ശബ്ദത്തിൽ പൊട്ടിച്ച് കുടിച്ചു. പനാമ സിഗരറ്റ് വലിച്ചു. അവൻ തിരിച്ചു വന്നപ്പോഴും ആ സീൻ കഴിഞ്ഞിരുന്നില്ല. ഇഴഞ്ഞിഴഞ്ഞ് , ശാരദ കരഞ്ഞുകരഞ്ഞ്, കുട്ടികളെ വീണ്ടും വീണ്ടും കാട്ടി, വിഷം ചേർത്ത കഞ്ഞിപ്പാത്രത്തിൽ നായ തലയിട്ടപ്പോൾ സഹികെട്ട് ഗോപു ബെഞ്ചിൽ കയറി തെറി വിളിച്ചു. അവന്റെ ശരീരത്തിൽ പ്രൊജക്ടറിൽ നിന്നുള്ള വെളിച്ചം തട്ടി സ്‌ക്രീനിൽ നിഴൽരൂപം തെളിഞ്ഞു.
“ഒന്ന് മതിയാക്കടാ നായിന്റെ മോനെ…” കണ്ണീരിൽ കുതിർന്ന് ഗോപു അലറി.
പിറകിൽ നിന്ന് കല്ലും ബീഡിക്കുറ്റികളും കപ്പലണ്ടിക്കടലാസുകളും ഗോപുവിന്റെ ശരീരത്തിൽ വീണുകൊണ്ടിരുന്നു. ആളകളുടെ തെറിവിളിയും. അടി പേടിച്ച്, സിനിമ തീരും മുന്നേ ഞങ്ങൾ ഇറങ്ങി ഓടി.
ചെമ്പന്റെ കുടുംബവും ഏകദേശം അതുപോലെയാണ് അവസാനിച്ചത്. മറ്റൊരു രാത്രി കൊള്ളിപ്പശയിൽ ശർക്കരക്കൊപ്പം വിഷം ചേർത്ത് അവർ സ്വാദോടെ കഴിച്ചു. അമ്മയും രണ്ടു പെൺമക്കകളും ചെമ്പനും. അതിൽ ഇളയ പെൺകുട്ടിമാത്രം ഛർദിച്ചതുകൊണ്ട് രക്ഷപ്പെട്ടു. ആരാണ് വിഷം കലർത്തിയത്? എന്തായിരിക്കും കാരണം?
ചെമ്പനില്ലാതെ ചെട്ട്യാരുടെ ഒറ്റക്കാളവണ്ടി കുറേകാലംകൂടി ഞങ്ങളുടെ നാട്ടുവഴികളിലൂടെ പുതിയ സിനിമാപ്പരസ്യവുമായി അലഞ്ഞു. നസീറിനും സത്യനും പകരം പുതിയ നായകമാരുടെ പടങ്ങൾ പതിഞ്ഞു. വിൻസെന്റും സുധീറും രാഘവനും, പിന്നെ ജയനും സുകുമാരനും സോമനും വന്നു. കാളവണ്ടിക്കു മുന്നിൽനിന്ന് ഒരുനാൾ കണ്ടസ്വാമിയും അപ്രത്യക്ഷനായി. നിരത്തുകൾ ടാർ ചെയ്‌തപ്പോൾ കാളവണ്ടിക്ക് നിരോധനമായി. ചെട്ട്യാർ എവിടെയും പോവാതായി. പുറത്തേക്കിറങ്ങാതായി. കടകളിലേക്ക് പലചരക്കുമായി ടെമ്പോ വന്നു.
തമ്പി ടാക്കീസ് നിന്നിരുന്ന പറമ്പിൽ ഷോപ്പിങ് മാളാണിപ്പോൾ. അതിനകത്ത് മൾട്ടി തിയറ്റർ കോംപ്ലക്‌സ് കൂടിയുണ്ടെന്ന് ചന്ദ്രൻ പറഞ്ഞാണ് അറിയുന്നത്. ചേറുട്ടിയുടെ മകന്റെ നേതൃത്തിൽ ഫിനാൻസ് -ഹയർ പർച്ചേസ് കമ്പനിയാണ് നടത്തിപ്പ്. അവിടെയൊരു സിനിമയ്‌ക്ക് പോവണമെന്ന് ചന്ദ്രനും ഗോപുവും ക്ഷണിച്ചിട്ടുണ്ട്. ഓൺ ലൈനിൽ ഗോപു ടിക്കറ്റ് ബുക്ക് ചെയ്യും. എല്ലാവരും നാട്ടിലുള്ള സമയം നോക്കണം.
ഈയിടെ അതുവഴി നടക്കാനിറങ്ങിയപ്പോൾ, ഓലപ്പഴുതുകൾക്കിടയിലൂടെ വെളിച്ചം വീണിരുന്ന ടാക്കീസ് ഓർമവന്നു. നിർത്താതെ പാട്ടു കേൾപ്പിച്ചിരുന്ന ഇടവേളകൾ. സോഡയും സിഗരറ്റും പാട്ടുപുസ്‌തകവും കപ്പലണ്ടിമിട്ടായിയും രുചിച്ച പരിസരം.
കൗണ്ടറിൽ ടിക്കറ്റ് കീറി ആളെ കേറ്റിയിരുന്ന ശ്രീധരനെ ജോലിയിൽനിന്ന് പിരിച്ചു വിട്ടതിൽ പ്രതിഷേധിച്ച് തിയറ്റിനു മുന്നിൽ ചുവന്ന കൊടി നാട്ടിയപ്പോൾ കലിമൂത്ത് ചേറുട്ടി ഒരുരാത്രി ടാക്കീസിന് തീയിടുകയായിരുന്നു. ടിക്കറ്റില്ലാതെ ആളെ കേറ്റി ശ്രീധരൻ പൈസ പിടുങ്ങുന്നു എന്നായിരുന്നു ആക്ഷേപം. തെളിയിക്കാൻ യൂണിയൻകാർ വെല്ലുവിളിച്ചു. ഒരു സെക്കന്റ് ഷോക്കിടെ ഈറ്റപ്പുലിപോലെ അപ്രതീക്ഷിതമായി ചാടിവീണ് ചേറുട്ടി തിയറ്ററിൽ കേറി കാഴ്‌ചക്കാരുടെ തലയെണ്ണി. വിറ്റ ടിക്കറ്റിന്റെ കണക്കും സിനിമ കണ്ടുകൊണ്ടിരുന്ന തലകളുടെ എണ്ണവും ഒത്തു വരാതായതോടെ ശ്രീധരനെ കൈയോടെ പിരിച്ചു വിട്ടു. പിറ്റേന്ന് കൊടികെട്ടി സമരം തുടങ്ങി. സിനിമയ്‌ക്ക് ആളുകൾ കേറാതായി. ഇടവേളകളിലെ പാട്ടു നിലച്ചു. കച്ചവടക്കാർ വരാതായി. അഞ്ചാംപക്കം ചേറുട്ടി, ടാക്കീസിന് തീയിട്ടു.
ഓലയിലും പനമ്പട്ടയിലും ഒന്നിച്ച് തീയാളുന്നതായി തോന്നി. പുതിയ തിയറ്റർ കോംപ്ലക്സിലെ സിനിമ ഒഴിവാക്കാമെന്ന് ചന്ദ്രനും ഗോപുവിനും ഞാൻ വാട്‌സാപ്പിൽ സന്ദേശമയച്ചു.