“പക്ഷിയുടെ രാപ്പാട്ടിൽ അവൻ മുഖം പൂഴ്ത്തിയുറങ്ങി, ആമ്പൽ മൊട്ടു പോലെ. പിന്നെ സൂര്യൻ ഉദിച്ചില്ല” ലളിത ഗൗരി എഴുതിയ കവിത
സെപ്തംബർ രണ്ട് ഒരോർമ്മദിനമാണ്. അയ്‌ലാൻ കുർദിയുടെ മരണം. സിറിയൻ ആഭ്യന്തരകലാപത്തിന്റെ തുടർക്കഥയായ കുർദിഷ് ജനതയുടെ സഹനവും പലായനവും അനധികൃത അഭയാർത്ഥിക്കടത്തും വരുത്തിയ ബോട്ടപകടത്തിൽ അയ്‌ലാൻ കുർദിയും അവന്റെ അമ്മയും സഹോദരനും മരണപ്പെട്ടു. 2015 സെപ്തംബർ 2, വെളുപ്പിന് തുർക്കിയുടെ കടൽത്തീരത്ത് അടിഞ്ഞുകയറിയ രണ്ടുവയസ്സുകാരന്റെ കുഞ്ഞുശരീരം ലോകമെമ്പാടുമുള്ള അഭയാർത്ഥി ദുരന്തങ്ങളുടെ മുഖചിത്രമായി. സിറിയയിൽ ഒരു കുർദിഷ് കുടുംബത്തിൽ ജനിച്ചു എന്നതുകൊണ്ടു മാത്രം ജീവിക്കാൻ അവകാശം ഇല്ലാതെപോയ കുരുന്നുജീവൻ.
ചുവന്ന മുത്ത്
കടൽ കഴുകിയുണക്കിയ
പഞ്ചാര മണൽ
ചുവന്ന് തിളങ്ങി
അസ്തമയം ആയിരുന്നില്ല, ഉദയവും.
ഇരുട്ടിൽ അദൃശ്യം ആ രൂപം.
ശബ്ദം നഖം പോലെ മൂർച്ചയുള്ളത്
ഒരായിരം മനസ്സുകളിൽ കുത്തിയിറങ്ങി
ചോര പൊടിഞ്ഞു.
മണൽ തരികൾ ചുവന്നു
തിരകൾ അവനെ ഉണർത്തിയില്ല, ഉറക്കിയതുമില്ല.
താരാട്ടും തേങ്ങലും അവൻ കേട്ടില്ല
ആ കുഞ്ഞു ചെവികളിൽ മണൽ നിറച്ചു കളിച്ചു
ഞാനും നീയും.
കൊതിച്ചു വാങ്ങിയ പുതിയ ഷൂസിട്ട്
മണൽവീട് കെട്ടികളിക്കാൻ ഓടിവന്ന അവനോട്
കളിക്കേണ്ടെന്ന് നീ പറഞ്ഞു, ഞാനും.
ഒരു മൺതരി പോലും തരില്ലെന്ന്
ധാർഷ്ട്യത്തിന്റെ കുന്തമുനയിൽ,
അവനെ കോർത്തെടുത്ത്
ഞാനും നീയും.
ഭൂമിയിലെ എല്ലാ മൺതരിയും
ഇനി അവനെന്നു കടൽ പറഞ്ഞു.
പക്ഷിയുടെ രാപ്പാട്ടിൽ
അവൻ മുഖം പൂഴ്ത്തിയുറങ്ങി,
ആമ്പൽ മൊട്ടു പോലെ.
പിന്നെ സൂര്യൻ ഉദിച്ചില്ല.
മുറിവിലെ ചോര കരിനീലയായി,
ഉറയാതെയൊഴുകുന്നു.