പ്രൊഫൈൽ ലേഔട്ടിൽ പുത്തൻ പരീക്ഷണവുമായി ഇൻസ്റ്റഗ്രാം. നിലവിലെ ലേഔട്ടിൽ വലിയ മാറ്റം വരുത്താൻ സാധ്യതയുള്ള അപ്ഡേറ്റിനായാണ് കമ്പനി ഒരുങ്ങുന്നത്. ചതുരത്തിൽ ചിത്രങ്ങൾ കാണിക്കുന്ന തരത്തിലുള്ള നിലവിലെ പ്രൊഫൈൽ ഗ്രിഡിന് പകരമായി, കുത്തനെയുള്ള ദീർഘചതുരങ്ങളിൽ ചിത്രം കാണിക്കുന്ന ലേഔട്ട് വരുന്നമെന്നാണ് റിപ്പോർട്ട്.
പുതിയ പ്രൊഫൈൽ ഗ്രിഡ് നിലവിൽ കുറച്ച് ഉപയോക്താക്കളിലാണ് പരീക്ഷിക്കുന്നത്. മാറ്റം നിലവിൽ വരുന്നതിന് മുൻപ് ഉപയോക്താക്കളുടെ ഫീഡ്‌ബാക്ക് പരിഗണിക്കുമെന്ന് ദി വെർജിന് നൽകിയ പ്രസ്താവനയിൽ ഇൻസ്റ്റാഗ്രാം വക്താവ് ക്രിസ്റ്റിൻ പൈ പറഞ്ഞു.
ഇന്ന് ഇൻസ്റ്റാഗ്രാമിൽ ഭൂരിഭാഗം ആളുകളും വെർട്ടിക്കലായാണ് കണ്ടന്റുകൾ അപ്‌ലോഡ് ചെയ്യുന്നത്. ചിത്രങ്ങളെ സമചതുരമാക്കി വെട്ടിമുറിക്കുന്നത് ക്രൂരമാണെന്നാണ് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ ചതുരത്തിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്ന കാലത്തുള്ളതാണ് പ്രൊഫൈലിലെ ചതുരങ്ങളെന്നും, മാറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു സ്റ്റോറിയിൽ, ഇൻസ്റ്റാഗ്രാം മേധാവി പറഞ്ഞു.
ഉപയോക്താക്കളെ അവരുടെ ലൊക്കേഷനിൽ അപ്‌ഡേറ്റ് ചെയ്യാൻ സഹായിക്കുന്ന പുതിയൊരു ഫീച്ചർ ഇൻസ്റ്റാഗ്രാം അടുത്തിടെ പരീക്ഷിച്ചിരുന്നു. സ്നാപ്ചാറ്റിൽ സ്നാപ് മാപ്പ് പ്രവർത്തിക്കുന്നതിന് സമാനമായാണ് പുതിയ ഫീച്ചറിന്റെ പ്രവർത്തനം.