ഒരു പട്ടണത്തെ
ഒരു പൂ കൊണ്ട് ഓർമിക്കാം:
അത് ജമന്തിയാണ്!
ഞാനത് നിന്റെ കൈകളിൽ കണ്ടിട്ടുണ്ട്
ഞാനത് നിന്റെ മുടിയിൽ കണ്ടിട്ടുണ്ട്
ഞാനത് നിന്റെ കിടക്കയിൽ കണ്ടിട്ടുണ്ട്
ഒരു സമയം, നിന്റെ മാറിൽ
സ്വസ്ഥമായുറങ്ങുന്ന മണമെന്നും
കണ്ടുപിടിച്ചിട്ടുണ്ട്
ഈ രാത്രി, പുരാതനമായൊരു ക്ഷേത്രത്തിന്റെ കൽസ്വരൂപം, നിലാവിൽ
ചിതറുന്നതു കാണുമ്പോൾ
നിന്നെ ഓർക്കുന്നതും അതേ
മണത്തോടെ.
അല്ലെങ്കിൽ ഇങ്ങനെയാണത് :
ഒരു പട്ടണത്തെ ഓർമ്മിക്കാൻ
ഭൂമിയിലെ പ്രേമം മുഴുവൻ നഷ്ടപ്പെടണം.
മരണത്തോളം ആണ്ടുകിടന്ന മറവിയുടെ
തിരിച്ചുവരവ്, എന്തായാലും
വേണം.
നീ എന്നെയോ
ഞാൻ നിന്നെയോ
ഓർക്കാതിരിക്കണം.
പൂക്കാരികളെ സ്വപ്നം കണ്ടിരിക്കണം.
കുയിലിനെ കേട്ടിരിക്കണം.
നിന്റെ നാഭിയിൽ അപ്രത്യക്ഷമായ
എന്റെ ചുംബനങ്ങളെ,
ഏറെ വൈകിയെങ്കിലും,
തിരിച്ചു വിളിക്കണം.
വിരഹത്തെക്കുറിച്ച് ഓർക്കണം.
വിലാപങ്ങൾക്കുമുമ്പിൽ
നിശ്ശബ്ദനാകണം.
ചിലപ്പോൾ കവി പോലുമാകണം.
പക്ഷേ, ഈ മണം
ഈ പട്ടണത്തിൽ ഞാനുപേക്ഷിച്ച
എന്റെ ഉടലിന്റെ മുപ്പതോളം നിഴലുകളെ
ഇപ്പോൾ അത്രയും കരുതലോടെ
വാരിക്കൂട്ടുകയാണ്:
പണ്ടെപ്പോഴോ ചിതറിത്തെറിച്ച
ഉടലിനെ എന്നപോലെ.