മസ്കത്ത് > 2024 ലെ പാരീസ് ഒളിമ്പിക്സിലേക്ക് ഒമാൻ ഒളിമ്പിക് കമ്മിറ്റി (ഒ ഒ സി ) നാല് അത്ലറ്റുകളെ തെരഞ്ഞെടുത്തു. അലി അൻവർ അൽ ബലൂഷി, വനിതാ സ്പ്രിന്റർ മസൂൺ അൽ അലവി (100 മീറ്റർ) ഈസ അൽ അദാവി (നീന്തൽ) സഈദ് അൽ ഖാത്രി (ഷൂട്ടിംഗ്) എന്നിവരെയാണ് തെരഞ്ഞെടുത്തത്.
മസൂൺ അൽ അലവി മൂന്നാം തവണയാണ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. റിയോ ഡി ജനീറോയിലും (2016), ടോക്കിയോയിലുമാണ് (2020) മുമ്പ് പങ്കെടുത്തത്. നൂറ് മീറ്റർ ഫ്രീ സ്റ്റൈൽ ഇനത്തിൽ മത്സരിക്കുന്ന അൽ അദവിക്കിത് രണ്ടാം ഒളിമ്പിക്സാണ്. മുമ്പ് ടോക്കിയോയിൽ പങ്കെടുത്തിരുന്നു. പുരുഷന്മാരുടെ ട്രാപ്പ് ഷൂട്ടിംഗ് ഇനത്തിൽ മത്സരിക്കുന്ന സഈദ് അൽ ഖാത്രി സമ്മർ ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് ആദ്യമായാണ്. ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെയാണ് പാരീസ് ഒളിമ്പിക്സ് നടക്കുന്നത്. 10,500 കായികതാരങ്ങൾ പങ്കെടുക്കും.
ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ 100 മീറ്റർ പുരുഷ വിഭാഗത്തിൽ ഗെയിംസിന് യോഗ്യത നേടിയ ഏക ഒമാൻ കായികതാരം അലി അൻവർ അൽ ബലൂഷിയാണ്. അലി അൻവർ അൽ ബലൂഷി ഒഴികെയുള്ള മറ്റ് മൂന്ന് പേരും എൻഒസിയുടെ സാർവത്രിക ക്വാട്ട സ്പോട്ടുകളെ അടിസ്ഥാനമാക്കിയാണ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. 1984ൽ ലോസ് ഏഞ്ചൽസിൽ ആദ്യ സമ്മർ ഒളിമ്പിക്സ് നടന്ന ശേഷം ഇത് 11ാം തവണയാണ് ഒമാൻ ഗെയിംസിൽ പങ്കെടുക്കുന്നത്.