തങ്ങളേക്കാള്‍ കായികക്ഷമതയും പ്രകൃതിയുമായി പൊരുത്തപ്പെടാനുളള കഴിവും ഒക്കെ ഉണ്ടായിരുന്ന നീയണ്ടര്‍ത്തല്‍ മനുഷ്യരെ പിന്തളളി ഭൂമിയുടെ അധിപന്മാരാകാന്‍ ഹോമോ സാപിയന്‍സിനെ സഹയിച്ചത്, ഭാഷയിലൂടെ കെട്ടുകഥകള്‍ (ഫിക്ഷന്‍ എന്നും പറയാം) ഉണ്ടാക്കി സംഘശക്തി ആര്‍ജ്ജിച്ചതാണ് എന്ന് യുവാല്‍നോവ ഹരാരി നിരീക്ഷിക്കുന്നുണ്ട്. അതയത് സിംഹത്തെയോ മരങ്ങളേയോ ഇടിമിന്നലിനെയോ സൂചിപ്പിക്കാന്‍ ഭാഷ ഉപയോഗിക്കുന്നതിനപ്പുറം, ആ സിംഹം ഒരു ദൈവസൃഷ്ടിയാണെന്നോ, ഈ പുഴയില്‍നിന്ന് വെളളം കുടിക്കുന്നവരൊക്കെ ഒരു വിഭാഗമണെന്നോ ഒക്കെ പറഞ്ഞു പിടിപ്പിക്കാന്‍ ഭാഷ ഉപയോഗിക്കാനുളള സിദ്ധിയാണ് സാപിയന്‍സിനെ അജയ്യരാക്കിയത്. ഇന്നത്തെ മനുഷ്യജീവിതത്തിന്റെ ആണിക്കല്ലുകളായ പണം, ഭരണഘടന, രാഷ്ട്രം, നിയമം, എന്നിങ്ങനെയുളള പല വ്യവഹാരങ്ങളും ഇതു പോലെ തന്നെ imagined construct ആണെന്ന് ഹരാരി ഓര്‍മിപ്പിക്കുന്നു.
ബാഹ്യലോകത്തിന്റെ വിവരണങ്ങള്‍ക്കു പകരം എഴുത്തുകാരന്റെ/കാരിയുടെ/വായനക്കാരന്റെ/ക്കാരിയുടെ മനസ്സില്‍മാത്രം നിലനില്‍ക്കുന്ന അദൃശ്യമായ ഒരു ലോകം ആവിഷ്‌ക്കരിക്കുന്ന ഫിക്ഷൻ ആണ് ആസ്ട്രേലിയന്‍എഴുത്തുകാരനായ ജെറാള്‍ഡ് മര്‍നെയിനിന്റെ (Gerald Murnane) കാഴ്ച്ചപ്പാടിലെ ഉദാത്തമായ എഴുത്ത്. ഒരുപക്ഷെ, ഇത് ഫിക്ഷനില്‍ റിയലിസം കൂടുതലായി കടന്നു കയറുന്നതിനോടുളള വിമര്‍ശനമാകാനും മതി.
സ്വഭാവികമായും മെര്‍നെയിനിന്റെ നോവലുകൾ പ്ലോട്ടില്ലാത്ത, എളുപ്പത്തിലുളള വിശദീകരണങ്ങള്‍ക്ക് വഴങ്ങാത്തവയാണ്. എന്തു സംഭവിച്ചു; എന്തു സംഭവിച്ചില്ല; എന്തു സംഭവിക്കമായിരുന്നു; എന്തു സംഭവിക്കില്ല എന്നൊകെയുളള ആഖ്യാതാവിന്റെ മനോവ്യാപരങ്ങളുടെ രേഖപ്പെടുത്തലാണ് എഴുത്ത് എന്നാണ് മര്‍നെയ്‌നിന്റെ നിലപാട്. “Contemplation of what did happen or what did not happen or what might have happened or what can never happen.”
കുറച്ചു കാലമായി നൊബേല്‍ സമ്മാനത്തിന് സാധ്യത കല്‍പ്പിച്ചിരിക്കുന്ന എഴുത്തുകരില്‍ ഒരാളാണ് ആസ്ട്രേലിയക്കാരനായ മര്‍നെയ്ന്‍. ‘അടുത്ത നൊബേല്‍ജേതാവ് ആസ്ട്രേലിയയിലെ ഉള്‍നാട്ടിലെവിടെയോ ബാര്‍ ജോലിക്കാരനോ?’ എന്നായിരുന്നു 2018-ല്‍ന്യൂയോര്‍ക്ക് ടൈംസ് മര്‍നെയ്നെക്കുറിച്ച് എഴുതിയ ലേഖനത്തിന്റെ തലക്കെട്ട്! വിമാനത്തില്‍ കയറിയിട്ടില്ലാത്ത, കംപ്യൂട്ടറോ, സെല്‍ഫോണോ ഉപയോഗിക്കാത്ത, നീന്തലറിയാത്ത, മ്യൂസിയങ്ങളും സിനിമയും താല്പര്യമില്ലാത്ത, ക്യാമറ ഉപയോഗിക്കാത്ത…എന്നിങ്ങനെ മുഖ്യധാരയില്‍നിന്ന് പല തരത്തില്‍ അകന്നു നില്‍ക്കുന്ന ഒരാളായാണ് മര്‍നെയിനെ ടൈംസ് അവതരിപ്പിച്ചത്.
The Plains (1982) എന്ന നോവല്‍ ഏറെ പ്രശസ്തമാണ്. Eternal Plains എന്ന തന്റെ സിനിമ പിടിക്കാന്‍ സമതലങ്ങളില്‍ എത്തിപ്പെടുന്ന ഒരു സംവിധായകനാണ് ആഖ്യാതാവ്. അയാള്‍ സമതലങ്ങളിലെ ജീവിതം പഠിക്കാന്‍ കണ്ണും കാതും തുറന്ന് അവിടുത്ത ആളുകളേയും പ്രകൃതിയേയും നിരീക്ഷിക്കുന്നു. പക്ഷേ, കാണുന്നതിന് അപ്പുറമുളള ദൃശ്യമാണ് അയാള്‍തേടുന്നത്. An elaborate meaning beyond what I see.
തീരദേശങ്ങളും സമതലങ്ങളും; സാധാരണക്കാരും ഭൂവുടമകളും; വെളുത്തവരും തവിട്ടു നിറമുളളവരും; അകവും പുറവും; സമതലങ്ങളുടെ അനന്തമായ പച്ചപ്പുല്‍പ്രദേശങ്ങളുടെ നീല/പച്ച നിറത്തെ ആരാധിക്കുന്നവരും സ്വര്‍ണനിറത്തിന്റെ (ഒരു പക്ഷെ വെയില്‍) ആരാധകരും തമ്മില്‍. ഇങ്ങനെ വൈരുദ്ധ്യങ്ങളുടെ നിറവാണ് നോവലിലെ വിചാരങ്ങൾ.
.അടുത്ത് എപ്പോഴുമുളളത് നമ്മള്‍കാണുന്നില്ല; സ്ഥിരം കാണുന്നത് തിരിച്ചറിയുന്നില്ല. ഒരാള്‍ക്ക് എങ്ങോട്ടാണ് പോകേണ്ടതെന്ന് അറിയാം പക്ഷെ ഒരിക്കലും അവിടെ എത്താന്‍ അയാൾ ശ്രമിക്കുന്നില്ല എന്നു വരാം. സമതലങ്ങളിലെ തന്റെ ഗ്രാമത്തില്‍നിന്ന് ഒരിക്കലും പുറത്തു കടന്നിട്ടില്ലാത്ത ഒരാള്‍ക്ക് താന്‍ പല ദേശങ്ങള്‍ താണ്ടിയ നീണ്ട യാത്ര കഴിഞ്ഞാണ് ഇവിടെ എത്തിയതെന്ന് തോന്നുന്നു; താന്‍ നടത്താത്ത എല്ലാ യാത്രകളും ദേശങ്ങളും തന്റെ ഹൃദയത്തില്‍ അടക്കം ചെയ്തിരിക്കുകയാണെന്നും. ദേശാന്തരം ചെയ്യുന്ന മറ്റൊരാള്‍ക്ക് താന്‍ സമതലങ്ങളിലെ തന്റെ തുടക്കസ്ഥാനത്ത് എത്തിയിരുന്നെങ്കില്‍ എന്നു തോന്നുന്നു.
സമതലങ്ങളില്‍എത്തിയ സംവിധായകൻ രാവിലെ ജനലിലൂടെ സൂര്യന്‍ ഉദിക്കുന്നത് കാണുമ്പോള്‍ എപ്പോഴും കാണുന്ന സൂര്യനെ അല്ല മറിച്ച് ഒരു പുതിയ സൂര്യനെയാണ് അയാള്‍ പ്രതീക്ഷിക്കുന്നത്. നോക്കി നില്‍ക്കുമ്പോള്‍ പുതിയതെന്തോ കാണുന്നത് പോലെ അയാള്‍ക്ക് തോന്നുന്നു. Even in the country, when I wait for the dawn, I hope something more than the usual sun to appear.
അയാള്‍ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നു. ആതിഥേയന്‍ ഫോട്ടോകള്‍ എടുക്കുന്നു. സംവിധായകന്‍ ഫിലിമില്ലാത്ത കാമറയുമായി എന്തോ നോക്കി നില്‍ക്കുന്നതും ഫോട്ടോയില്‍ പതിയുന്നു. കാലങ്ങള്‍ കഴിഞ്ഞ് ആ ഫോട്ടോകള്‍ നോക്കുന്ന ആര്‍ക്കും ആ സീനില്‍ ഉണ്ടായിരുന്ന ആരും ആരൊക്കെ ആണെന്നോ ആളുകള്‍ എന്തിനാണെന്നോ മനസ്സിലാവുകയില്ല. സത്യത്തില്‍ കാമറയ്ക്കു മുന്നില്‍ ഇരുട്ടു മാത്രമാണെന്ന് സംവിധായകന്‍ തിരിച്ചറിയുന്നു.
പൊതുവെ, കടലോ മലനിരകളോ വച്ചു നോക്കിയാല്‍ നീണ്ടു കിടക്കുന്ന പുല്‍മൈതാനങ്ങള്‍ വിരസങ്ങളാണ് എന്നു തോന്നാം. അമേരിക്കന്‍ നോവലിസ്റ്റും കവിയുമായ ബെന്‍ലേണര്‍ ആമുഖത്തില്‍ നിരീക്ഷിക്കുന്നുണ്ട്: “കാലിഫോര്‍ണിയയുടേയും ന്യൂയോര്‍ക്കിന്റേയും ആര്‍ക്കും കണ്ട് ആസ്വദിക്കാവുന്ന അത്ഭുതം ഒന്നും ഭാവനയ്ക്ക് വിട്ടു കൊടുക്കുന്നില്ല. എന്നാല്‍, അമേരിക്കയിലെ തന്നെ Great Plains ആവട്ടെ ഒറ്റ നോട്ടത്തില്‍ വിരസമാണെന്ന് പറയാം. പക്ഷേ, ഭാവനയില്‍ അവ ഒരിക്കലും പിടി തരാത്ത ദൃശ്യവിസ്മയമാണ്. Flat and featureless ആയതില്‍ ഒളിഞ്ഞിരിക്കുന്ന മിസ്റ്ററി. അദൃശ്യമായ, Another plain behind the plains which is invisible.
സംവിധായകന്‍ തന്റെ അന്വേഷണം പൂര്‍ത്തിയാക്കുകയോ സിനിമ നിര്‍മ്മിക്കുകയോ ചെയ്യുന്നില്ല. കാരണം ചെയ്യാനാകാത്തതാണ് (unmakeable) ആ സിനിമ.
വളരെ ദൂരത്ത് ഒരു സ്റ്റേജില്‍നടക്കുന്ന കച്ചേരി കേള്‍ക്കുന്ന ആളുകളെക്കുറിച്ച് നോവലില്‍ പറയുന്നുണ്ട്. അവരില്‍ ചിലര്‍ നടക്കുകയോ ഇരിക്കുകയോ നില്‍ക്കുകയോ ഒക്കെ ചെയ്യുന്നു. ചിലര്‍ ഒരു വാദ്യോപകരണം മത്രം കേള്‍ക്കുന്നു. ചിലര്‍ ഒന്നിലധികം ഉപകരണങ്ങള്‍ കേള്‍ക്കുന്നു മിക്കവരും ഒന്നും കേള്‍ക്കുന്നില്ല.
എല്ലാ കലാരൂപങ്ങളും ജീവിതത്തിന്റെ സമതലങ്ങളെ ആവിഷ്‌ക്കരിക്കാന്‍ശ്രമിച്ച് ആത്യന്തികമായി പരാജയപ്പെടുന്നു എന്നാവാം നോവല്‍പറയുന്നത്.