ലണ്ടൻ
ടെന്നീസിൽ കാർലോസ് അൽകാരസിന്റെ കാലം തുടങ്ങുന്നു. 25–-ാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ നൊവാക് ജൊകോവിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തി തുടർച്ചയായ രണ്ടാംതവണയും അൽകാരസ് വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി. സ്കോർ: 6–-2, 6–-2, 7–-6 (7–-4). കഴിഞ്ഞവർഷവും ഇരുവരും തമ്മിലായിരുന്നു പോരാട്ടം.
കാലിനേറ്റ പരിക്കുകാരണം ജൊകോവിച്ചിന് ഇക്കുറി പതിവുതാളത്തിൽ കളിക്കാനായില്ല.ആധുനിക ടെന്നീസിൽ വിംബിൾഡൺ കിരീടം നിലനിർത്തുന്ന ഒമ്പതാമത്തെ താരമാണ്. അവസാനമായി ഈ നേട്ടംകുറിച്ചത് ജൊകോവിച്ചാണ് 2021ലും 2022ലും. റോജർ ഫെഡറർ, പീറ്റ് സാംപ്രസ്, ബോറിസ് ബെക്കർ, ബ്യോൺ ബോർഗ്, റോഡ് ലേവർ തുടങ്ങിയ വമ്പൻമാരാണ് ഈ പട്ടികയിൽ. ഫ്രഞ്ച് ഓപ്പണും വിംബിൾഡണും ഒരേവർഷം നേടുന്ന ആറാമത്തെ താരവും. ഇരുപത്തൊന്നാം വയസ്സിലാണ് നേട്ടം. റെക്കോഡാണിത്.
കളിച്ച ആദ്യ നാല് ഫൈനലിലും കിരീടം സ്വന്തമാക്കാനായി. റോജർ ഫെഡറർക്കുമാത്രമാണ് ഇതിനുമുമ്പ് ഈ നേട്ടമുള്ളത്.
കഴിഞ്ഞവർഷം ഇരുവരും മുഖാമുഖമെത്തിയപ്പോൾ അഞ്ച് സെറ്റ് ത്രില്ലറായിരുന്നു. വാശിയേറിയ കളിയിൽ അൽകാരസ് സെർബിയക്കാരനെ വീഴ്ത്തി. നാലരമണിക്കൂറായിരുന്നു ആ കളി.
ഇക്കുറി ഏകപക്ഷീയമായി ഫൈനൽ. ജൊകോയ്ക്ക് ഒരുഘട്ടത്തിലും പിടിച്ചുനിൽക്കാനായില്ല. രണ്ടുമണിക്കൂർ 27 മിനിറ്റിൽ കളി അവസാനിച്ചു. ആദ്യ ഗെയിം 10 മിനിറ്റോളം നീണ്ടു. ജൊകോയുടെ സെർവായിരുന്നു. അത് ഭേദിച്ചായിരുന്നു അൽകാരസിന്റെ തുടക്കം. പിന്നീട് സ്പാനിഷുകാരൻ തിരിഞ്ഞുനോക്കിയില്ല.
14 തവണയാണ് ജൊകോയുടെ സെർവ് ഭേദിക്കാൻ അൽകാരസിന് അവസരം കിട്ടിയത്. ഇതിൽ അഞ്ചുതവണ ലക്ഷ്യംകണ്ടു. 41 വിന്നറുകൾ തൊടുത്തുമൂന്നാംസെറ്റിൽ ജൊകോ തിരിച്ചുവരവിന് ശ്രമിച്ചു. ജയത്തിന് ഒരു പോയിന്റ് മാത്രം മതിയായിരുന്നു അൽകാരസിന്. എന്നാൽ, ആ ഗെയിമിൽ സ്പാനിഷുകാരന്റെ സെർവ് മുപ്പത്തേഴുകാരൻ ഭേദിച്ചു. കളി ടൈബ്രേക്കിലേക്ക്. അവിടെ അൽകാരസ് ആധിപത്യം കാട്ടി. ഒരു പഴുതും നൽകിയില്ല.
നാലാം ഗ്രാൻഡ്സ്ലാം കിരീടമാണ്. രണ്ട് വിംബിൾഡൺ, ഫ്രഞ്ച് ഓപ്പണിലും യുഎസ് ഓപ്പണിലും ഓരോ കിരീടം.