“ഓർമ്മയായൊരു കാലം വിരിഞ്ഞിറങ്ങുമ്പോൾ തിരികെപ്പറക്കുന്നു ഉരുവായ നനവിലേക്കുതന്നെ ” രഗില സജി എഴുതിയ കവിത
തെച്ചിയുടെ കൊമ്പിൽ
ഒരു കുരുവിക്കൂട്.
കാണാം അതിനുള്ളിൽ
ഗോട്ടി വലിപ്പത്തിൽ മുട്ടകൾ.
മുട്ടകൾക്കുള്ളിൽ
നമ്മുടെ
ഭൂതകാലം മിടിക്കുന്നു.
പൂക്കളിൽ
തേനുറുഞ്ചിക്കുടിക്കുവാനെത്തും
പക്ഷികൾ
കൂട്ടിലേക്കെത്തി നോക്കുന്നു.
തല വെട്ടിച്ചുള്ള നോട്ടത്തിൽ
ഒളിച്ച് വെക്കാത്ത ഓമനത്തം.
മുട്ടകൾക്കു മീതേ
കൊക്ക് നീണ്ടൊരു കുരുവി
അമർന്നിരിക്കുന്നു. ഉടലിലെച്ചൂടാകെ
പകുത്ത് നൽകുന്നു.
പലനാൾ കഴിഞ്ഞ്
ഒരിളം കരച്ചിലിൻ താളം
കാതിൽ അലയടിക്കുന്നു
ഒന്ന് രണ്ടാവുന്നു
രണ്ട് മൂന്നും നാലുമാവുന്നു.
നാല് നിറങ്ങൾ
ഒരേ ഛായയിൽ
ഒന്നായി പാടുന്നു.
തീറ്റയൊന്ന് എങ്കിലും
നാലായ് നുണഞ്ഞിറക്കുന്നു.
നമുക്കുള്ളിൽ നാം
ആയിരം മുട്ടകൾ
കാത്തുവക്കുന്നു.
ഓർമ്മയായൊരു കാലം
വിരിഞ്ഞിറങ്ങുമ്പോൾ
തിരികെപ്പറക്കുന്നു
ഉരുവായ നനവിലേക്കുതന്നെ