സ്വപ്നത്തിൽ മാത്രം
കാണാറുള്ള ഒരു വീടുണ്ട്
മനസ്സിനെ കെട്ടിയിടാൻ
കെൽപ്പുള്ളൊരു വീട്
ഇന്നലെ രാത്രി
വഴി തെറ്റിയലഞ്ഞ്
വീണ്ടും അവിടെയെത്തി.
വഴി തെറ്റിയല്ലോ
നേരം വൈകിയല്ലോ
എന്നുള്ള പതിവ്
വേവലാതികളോടെ.
പടിക്കലെത്തിയപ്പോൾ
എന്നത്തേയും പോലെ
എന്റെ വീട്… എന്റെ വീട്
എന്ന് മനസ്സ് തുള്ളിച്ചാടി.
വാതിൽ തുറന്ന്
അകത്തു കയറി
പഴയ സ്വപ്നങ്ങളിലെ
പരിചയം പുതുക്കി,
ഓരോരോ മുറികളിലൂടെ
കയറിയിറങ്ങി.
വന്നവരും പോയവരും
ഒരു പകുതിച്ചിരിയിലോ
തലയനക്കത്തിലോ
തല കുനിച്ചു നടപ്പിലോ
കണ്ട ഭാവം നടിക്കുകയോ
നടിക്കാതിരിക്കുകയോ ചെയ്തു.
അവരിൽ
കച്ചവടക്കാരും
ബന്ധുക്കളും പിരിവുകാരും
ഭിക്ഷാംദേഹികളുമുണ്ടായിരുന്നു.
അവസാനമാണ്
ആ മുറിയുടെ
വാതിൽക്കലെത്തിയത്
വാതിൽ തുറന്നു.
രണ്ടാമത്തെ കട്ടിലിൽ
അതേ വിരിപ്പ്
കാൽക്കൽ ഉടുത്തിട്ട്
മടക്കി വച്ച സാരി
മേശപ്പുറത്ത്
പഴയ പത്രക്കടലാസ്
അതിനു മേലെ
ഇപ്പോൾ മടങ്ങി വരുമെന്ന്
പറഞ്ഞു പോയ കണ്ണട
അന്നോളം
അടക്കി വച്ചിരുന്ന
അലമുറകളുടെ
കെട്ടഴിഞ്ഞു
അമ്മയുടെ മണം
അടിമുടി പൊതിഞ്ഞു.