ഇന്ത്യന്‍ പ്രീമിയർ ലീഗ് കരിയറില്‍ ഏറ്റവും മികച്ച ഫോമിലേക്കുയർന്ന് മലയാളി താരം സഞ്ജു സാംസൺ. സഞ്ജു ഇതുവരെ കളിച്ചതിൽ വച്ച് ഏറ്റവും കൂടുതൽ റൺസ് വ്യക്തിഗതമായി നേടിയ സീസണായി 2024 മാറി. ചെപ്പോക്കില്‍ സിഎസ്കെയ്ക്ക് എതിരെ ഇറങ്ങുമ്പോള്‍ ഈ സീസണില്‍ 471 റണ്‍സായിരുന്നു സഞ്ജുവിനുണ്ടായിരുന്നത്.
ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ 19 പന്തുകളില്‍ 15 റണ്‍സ് നേടി പുറത്തായെങ്കിലും ഈ സീസണിലെ റണ്‍ സമ്പാദ്യം 486ലെത്തിച്ച സഞ്ജു 2021ലെ 484 റണ്‍സിന്‍റെ സ്വന്തം റെക്കോർഡ് തകർത്തു. രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ 2013ലാണ് ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചത്. 2021ല്‍ 14 മത്സരങ്ങളില്‍ നിന്ന് നേടിയ 484 റണ്‍സായിരുന്നു ഇതുവരെയുള്ള മികച്ച റൺവേട്ട. അരങ്ങേറ്റം കുറിച്ച 2013ല്‍ 11 മത്സരങ്ങളില്‍ നിന്ന് 206 റൺസാണ് സഞ്ജു നേടിയത്.
2014ല്‍ 13 മത്സരങ്ങളില്‍ 339, 2015ല്‍ 14 മത്സരങ്ങളില്‍ 204, 2016ല്‍ 14 മത്സരങ്ങളില്‍ 291, 2017ല്‍ 14 മത്സരങ്ങളില്‍ 386, 2018ല്‍ 15 മത്സരങ്ങളില്‍ 441, 2019ല്‍ 12 മത്സരങ്ങളില്‍ 342, 2020ല്‍ 14 മത്സരങ്ങളില്‍ 375, 2021ല്‍ 14 മത്സരങ്ങളില്‍ 484, 2022ല്‍ 17 മത്സരങ്ങളില്‍ 458, 2023ല്‍ 14 മത്സരങ്ങളില്‍ 362 എന്നിങ്ങനെയാണ് ഓരോ സീസണിലും സഞ്ജു സ്കോർ ചെയ്തത്.
അതേസമയം, ഇന്ന് ചെപ്പോക്കിൽ നായകനെന്ന നിലയിൽ മറ്റൊരു സുവർണ നേട്ടം കൂടി സഞ്ജു സാംസണെ തേടിയെത്തി. ഷെയ്ൻ വോൺ മുതൽ രാഹുൽ ദ്രാവിഡ് വരെ നിരവധി പ്രമുഖർ നയിച്ച രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഈ ഫ്രാഞ്ചൈസിയെ നയിച്ച ക്യാപ്ടനെന്ന ബഹുമതിയാണ് ഇന്ന് സഞ്ജുവിനെ തേടിയെത്തിയത്.
രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടനെന്ന നിലയിൽ സഞ്ജു കളിക്കുന്ന 57ാമത്തെ ഐപിഎൽ മത്സരമായിരുന്നു ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഇന്ന് നടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടിയുള്ള സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തുന്നതായി. 19 പന്തുകൾ നേരിട്ട് 15 റൺസ് മാത്രമെ സഞ്ജുവിന് നേടാനായുള്ളൂ.
Read More Sports News Here
- ‘രാഹുൽ അവർ നിങ്ങളെ അർഹിക്കുന്നില്ല’; സ്വന്തം നാട്ടിലേക്ക് തിരികെവിളിച്ച് ഫാൻസ്
- ഹൈദരാബാദിൽ ഫഹദിന്റെ ‘ആവേശം’ കാണാനെത്തി സഞ്ജു സാംസൺ
- സഞ്ജു തന്നെയോ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ? പരിഗണിക്കാനുള്ള 5 കാരണങ്ങൾ
- സഞ്ജുവിന് വിലക്ക് വരും; അപ്രതീക്ഷിത തിരിച്ചടി ഭയന്ന് രാജസ്ഥാൻ റോയൽസ്
- ഐപിഎൽ മത്സരങ്ങൾ എപ്പോൾ, എവിടെ കാണാം?