കഥകൾ ആത്മാവിൽ നിന്നൊഴുകുമ്പോൾ കവിതകളാകുന്നു എന്നു പറഞ്ഞു വെച്ചത് എം.ടി. വാസുദേവൻ നായരാണ്. പക്ഷെ അതു യാഥാർത്ഥ്യത്തിലാക്കിയ ഒരാൾ നമ്മുക്കിടയിൽ ഉണ്ട്. മറ്റാരുമല്ല പി.ഭാസ്കരൻ. അദ്ദേഹത്തിൻ്റെ ‘ഒറ്റക്കമ്പിയുള്ള തംബുരു’ എന്ന നീണ്ട കവിത സ്വഗതാഖ്യാനരൂപത്തിൽ തൻ്റെ കാവ്യലോകത്തിലെ ദശാപരിണാമങ്ങളെയും ദിശാപരിണാമങ്ങളെയും സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. പരിണാമങ്ങളിലേക്കു നയിച്ച സാഹചര്യങ്ങളെയും കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. അങ്ങിനെ എല്ലാ ഞരമ്പും പിണച്ചൊരു കമ്പിയായെന്നിൽ നിബന്ധിച്ചൊരെൻ്റെയീ തംബുരുവുമായി ഇഷ്ടസംഗീതത്തോട് ചേർന്ന് നടക്കെ ഒന്നേ ആ കവി ഇച്ഛിച്ചുള്ളൂ- നിലനിൽപ്പിന്നത്യന്ത ഗൂഢമാമർത്ഥങ്ങൾ പൂക്കുന്ന സത്യശിവസുന്ദരങ്ങൾ തൻ നിസ്തുല നിത്യ പ്രശാന്തിയിൽ ചെന്നു ലയിക്കണം, മൃത്യു എത്തും വരെ പാടി നടക്കണം. അതദ്ദേഹം സാധിക്കുകയും ചെയ്തു. മറവി ചിതൽ തിന്നാൻ തുടങ്ങുമ്പോൾ തൻ്റെ സ്മൃതിയുടെ മായികപ്പേടകത്തിലെ ഛായാചിത്രങ്ങളാണ് എൻ്റെ ചിരകാല സമ്പാദ്യ വിൽപ്പത്രങ്ങൾ എന്നദ്ദേഹം പറഞ്ഞുവെച്ചു (ആൽബം).
“ജീവിതമിതിവൃത്തം
ജീവരക്തം താൻ മഷി
ഭാവിയെ രചിക്കുന്ന
കാവ്യം താൻ മഹാകാവ്യം” (കവിയുടെ ആത്മകഥ) എന്ന് 1945ൽ എഴുതിയ കവിതയിൽ അദ്ദേഹം കുറിക്കുകയുണ്ടായി. ആ നിലപാട് അദ്ദേഹം പാലിക്കുകയും ചെയ്തു.
1944ൽ പി. ഭാസ്കരൻ ‘എൻ്റെ തൂലിക’ എന്ന കവിത രചിക്കുമ്പോൾ മലയാള സാഹിത്യത്തിൽ ജ്വലിച്ചു നിൽക്കുന്ന കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയാണ്. ആ ഒരു സാഹിത്യ സമീപനങ്ങളെ ഉൾക്കൊള്ളുമ്പോഴും, തൻ്റെ ചുറ്റുമുള്ള ജീവ ചൈതന്യങ്ങളെ കണ്ണീർ കലരുന്ന ചായക്കൂട്ടാൽ, ആയ പോലെ, ചിത്രീകരിക്കുവാൻ തയ്യാറാകുമ്പോഴും കവി ഒന്നേ പ്രാർത്ഥിച്ചുള്ളു,
” വൻപരിവർത്തനകാറ്റടിച്ചീടുമ്പോൾ
സംഭവ മേഘങ്ങൾ വർഷിക്കുമ്പേൾ
ഭീതിയാൽച്ചൂളിപതുങ്ങാതെ, യോടിപ്പോയ്
ഭൂതത്തിനുള്ളിലൊളിച്ചിടാതെ
നിശ്ചയം മുന്നോട്ടു നീങ്ങീടുമെങ്കിലോ
നിത്യസംതൃപ്തമീക്കൊച്ചുപേന!”
(എൻ്റെ തൂലിക)
സ്വാതന്ത്ര്യസമര പ്രകമ്പനങ്ങളും, വിപ്ലവാവേശങ്ങളും കവിയെ സ്വാധീനിക്കുകയും അതിൻ്റെയെല്ലാം അനുരണനങ്ങൾ അദ്ദേഹം വാക്കുകളിൽ മുദ്രിതമാക്കുകയും ചെയ്തു. ആദർശം പ്രസംഗിക്കുക മാത്രം ചെയ്യുന്ന ഒരു വ്യക്തിയായിരുന്നില്ല പി. ഭാസ്കരൻ, ആദർശത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു. തൻ്റെ യൗവനത്തെ ബലികഴിച്ചു. അതിനു വേണ്ടി അദ്ദേഹം നടന്ന കനൽവഴികളും അനുഭവിച്ച ഉള്ളുരുക്കങ്ങളും നിരവധിയാണ്. ‘ദീർഘപ്രതീക്ഷ’, ‘ഗ്രാമത്തിൽ’,’ ഇരുട്ടിനുശേഷം’, ‘ആത്മബലി’ തുടങ്ങി നിരവധി കവിതകളിൽ ഇതു സൂചിതമാകുന്നുണ്ട്. ‘ചോദ്യചിഹ്നങ്ങൾ’, ‘മർദ്ദിതന്മാർ’, ‘ഒരു ഗ്രാമീണ ഗാനം’, തുടങ്ങി നിരവധി കവിതകളിൽ സമൂഹത്തിലെ ദാരുണാവസ്ഥകൾ കടന്നു വരുന്നു. കരിവെള്ളൂർ കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ ചരിത്രത്തിലെ സുപ്രധാന ഇടമാണ്. അതിലേക്കു വെളിച്ചം വീശുന്ന ദീർഘദർശന സ്വഭാവമുള്ള കവിതയാണ് ‘രണ്ടു കണ്ണുകളുടെ കഥ’ . അത്തരമൊരു അവസ്ഥ കവി മനസ്സിനെ വേദനിപ്പിക്കുക മാത്രമല്ല, പീഢിപ്പിക്കുകയും ചെയ്തു. പതനങ്ങളിൽ നിന്ന് ചുറ്റുമുള്ള നിസ്സഹായരായ ജനതതിയെ രക്ഷിക്കുവാനുള്ള പ്രത്യാശാഭരിതമായ പ്രവർത്തനങ്ങൾക്കിടയിലും ഉറുദു കവിയായ ജോഷ് മലിഹാബാദിയുടെ രചനകളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് അദ്ദേഹം,
“ഉടനുണർന്നുയരുവിൻ
മൂടുപടംനീക്കിടുവിൻ
നടക്കുവാൻ പാഞ്ഞീടുവാൻ
മനുജൻ്റെ യഭിമാന-
ജയങ്ങളെയുൾക്കൊള്ളുവ-
നണഞ്ഞുപോയ് വിപ്ലവത്തിൻ
വിഭാതവേള”
(വിപ്ലവം)
എന്നു കുറിച്ചു. വിപ്ലവത്തിൽ വിശ്വാസം അർപ്പിക്കുന്ന കവിതകൾ ഇക്കാലത്ത് ആദ്ദേഹം രചിക്കുകയുണ്ടായി. തൻ്റെ പാത ഏതാണെന്നതിൻ്റെ പ്രഖ്യാപനം തന്നെയാണ് ‘കൽത്തുറുങ്കിൽ നിന്നു വന്ന കത്ത്’. അതോടെ,
“വില്ലാളിയാണു ഞാൻ ജീവിതസൗന്ദര്യ
വല്ലകിമീട്ടലല്ലെൻ്റെ ലക്ഷ്യം
കാണാമെൻ കൈകളിൻ പാവനാദർശത്തിൻ
ഞാണാൽ നിബന്ധിച്ച ഭാവനയെ”
(വില്ലാളി)
എന്നദ്ദേഹം കുറിക്കുന്നു. മാത്രമല്ല,
“കോകിലത്തിൻ്റെ കോമളാലാപ-
മേകുന്നില്ലെനിക്കാനന്ദം
ഭീഷണമാണുലകിൻ നീതികൾ
ചൂഷണം നരഭൂഷണം
പാടിടും ഞാനിന്നീപരവശ
കോടികളിലൊരുത്തനായ്”
(ക്ഷമിക്കുക)
എന്നും,
” കണ്ടതില്ല ഞാൻ കാനന ദീപ്തി!
കേട്ടതില്ല ഞാൻ കോകില സൂക്തി!
കണ്ടു ഞാൻ ചുറ്റും വൈരുദ്ധ്യത്തിൻ്റെ
കൊണ്ടൽ മൂടിയ വാനത്തെമാത്രം”
(വയനാട്ടിൽ)
എന്നും തിരിച്ചറിഞ്ഞു. തുടർന്നാണ് പ്രഖ്യാതമായ ‘വയലാർ ഗർജ്ജിക്കുന്നു’ എന്ന കവിത പ്രസിദ്ധീകൃതമാകുന്നത്. ഇത്ര ശക്തിമത്തായ മറ്റൊരു വിപ്ലവ ഗർജ്ജനവും മലയാളത്തിൽ ഉണ്ടായിട്ടില്ല എന്ന് ഡോ.എം.ലീലാവതി നിരീക്ഷിക്കുന്നുണ്ട്. ശപഥത്തിൻ്റെയും വെല്ലുവിളികളുടേയും സ്വരം നൽകിയ ആ കവിത തൻ്റെ വിശ്വാസപ്രമാണത്തിൻ്റെ രേഖയായിരുന്നു. തുടർന്നു വന്ന ‘ഓടക്കുഴലും ലാത്തിയും’ എന്ന കവിത നിരോധിക്കുകയുണ്ടായി. വിദേശീയർക്കും അതിനു ഒത്താശ നൽകുന്നവർക്കും നേരെ നീട്ടേണ്ട ലാത്തിയെക്കുറിച്ചാണ് അത് ഓർമ്മിപ്പിച്ചത്.
‘ഓടക്കുഴലുകൾ തകർന്നുവെന്നാലും, അധികാരം കെട്ടിയ ലാത്തികളെ പുതുതലമുറ കടലിലേക്കെറിയുമെന്നും അതിനു ശേഷം നാടിൻ ഹൃദയത്തിൽ നിന്നൊരു പുതിയ പുല്ലാങ്കുഴൽ പാട്ടുപാടും’ എന്ന് മുത്തശ്ശിയുടെ പ്രത്യാശാനിർഭരമായ വാക്കുകളോടെയാണ് കവിത അവസാനിക്കുന്നത്. തൻ്റെ വേദനയും വിശ്വാസവും പ്രതീക്ഷയും ‘ഒരു ഗ്രാമീണഗാനം’, ‘പന്തയം’, ‘സേട്ടുവും ഗൂർഖയും’, ‘ആമിന’, ‘പല്ലക്കുചുമക്കുന്നവർ’ എന്നീ കവിതകളിൽ കടന്നുവരുന്നുണ്ട്.
1948 ഏപ്രിലിൽ രചിച്ച ‘പാടുന്ന മൺ തരികൾ’ എന്ന കവിത ചങ്ങമ്പുഴയ്ക്കുള്ള കാവ്യാർച്ചനയാണ്. കവിയുടെ ഒരു ദശാപരിണാമത്തൻ്റെ സൂചികയായി ഇതിനെ കണക്കാക്കാം. ‘പന്തയം’, ‘ഹിരോഷിമയിലെ അമ്മ’ തുടങ്ങിയ കവിതകളിൽ യുദ്ധത്തിൻ്റെയും കൊലയുടേയും സാംഗത്യത്തെക്കുറിച്ച് ചിന്തിക്കേണ്ടുന്നതിൻ്റെ ആവശ്യകതയുടെ ധ്വനി ഉയരുന്നുണ്ട്.
1950 ലാണ് ‘സൈഗാൾ ഞാനങ്ങയെ സ്നേഹിക്കുന്നു’ പുറത്തുവരുന്നത്. തുടർന്ന് ‘സത്രത്തിൽ ഒരു രാത്രി’, ‘ചതുരംഗം’ എന്നിവ വരുന്നു. ഒരു പരാജിതപ്രേമത്തിൻ്റെ കഥയെന്നു പറയാവുന്ന ‘ഓർക്കുക വല്ലപ്പോഴും’ 1951ലാണ് പുറത്തുവരുന്നത്. ‘പുഴ പിന്നെയും ഒഴുകി,’ ‘തിരിച്ചുവരുന്നു’ എന്നീ കവിതകളിലൂടെ താൻ വിട്ടു പോന്ന ഭാവകാവ്യമേഖലയിലേക്ക് താൻ തിരിച്ചു വരുന്നു എന്ന സൂചന അദ്ദേഹം നൽകുന്നു.
വിശുദ്ധ ദന്തഗോപുരം ചുട്ടെരിച്ചു വീഴ്ത്തിയപ്പോൾ കേൾക്കാനാഗ്രഹിച്ചത് നവയുഗത്തിൻ്റെ കിലുക്കമാണ്. പക്ഷെ തൻ്റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കില്ലേയെന്ന ആശങ്ക പതുക്കെ മനസ്സിനെ ഗ്രഹിക്കുന്നു. “ഒക്കെയും മറന്നോടിയ നെൽവയൽ വക്കിലെത്തിച്ചേരാൻ മനം കൊതിക്കുന്നു” (അത്ഭുതനാഗത്തിൻ്റെ കഥ). ഈ സംഘർഷം ഒട്ടൊക്കെ പ്രതിഫലിക്കുന്ന കവിതയാണ് ‘മുല്ലപ്പൂക്കളും കല്ലുകളും’ .
തൻ്റെ ദശാ പരിണാമത്തിൻ്റെ സൂചന നൽകുന്ന മറ്റൊരു കവിതയാണ് ‘വളർച്ചയുടെ ചരിത്രം’. മാത്രമല്ല കയ്യിന്നു വിറയും, കരളിന് ഇടർച്ചയും ഇല്ലാതെ ഒരു കാവ്യം വ്യക്തമാക്കാൻ കവി തുനിയുന്നു. “പറയേണ്ട കാര്യം പറയേണ്ട കാലമായ് പറയാതിരുപ്പതിന്നാത്മഹത്യ” (എല്ലാ കേരളീയർക്കുമായ് ഒരു തുറന്ന കത്ത്) ഇതിനദ്ദേഹത്തിന് വ്യക്തമായ നീതീകരണമുണ്ട്.
” പെറ്റൊരമ്മതൻ സമ്മാനമായിട്ടു
കിട്ടിയ സമ്പാദ്യമൊന്നുമാത്രം
ഇന്നും ലസിക്കുന്നി,തിന്നും വളരുന്നി-
തിന്നും മേലോട്ടു പൊങ്ങുന്നു;
നാല്പാമരാദി,നീതേച്ചിട്ടുഴിഞ്ഞൊരു
നട്ടെല്ലാണതു മാതാവേ
പൊട്ടിച്ചാൽ പൊട്ടാത്ത നട്ടെല്ലാണതു
പൊന്നിലും വിലയുള്ളതാണല്ലോ”
(ഉണ്ണിക്കുട്ടൻ)
പനിനീർ പൂവിതളുകൾ തുന്നിയ പട്ടുടയാടകൾ നീക്കിയ തൻ്റെ കല, സത്യത്തിൻ ചെളിമുണ്ടു ധരിച്ചതു ചോറിനു വേണ്ടിയായിരുന്നില്ല എന്ന് കവി ഓർക്കുന്നു (ചോറിനു മാത്രമല്ല)
” ചോറല്ലെന്നുടെ ലക്ഷ്യം- സോദര
ചോറോ, ചെറിയൊരു മാർഗ്ഗം മാത്രം
പശിയില്ലാത്ത മനുഷ്യരുയർത്തും
പനിനീർപ്പൂവനമെന്നുടെ ലക്ഷ്യം”
എന്നും,
“മന്നിൽ നിത്യവസന്തം വന്നു കി-
നാവു വിളമ്പാൻ കിണ്ണം വെയ്ക്കെ
പുല്ലാങ്കുഴലിതിലൂതാൻ നവമൊരു
സുന്ദരഗാനം അതാണെൻ്റെ ലക്ഷ്യം”
എന്നും പ്രഖ്യാപിക്കുന്നു. സ്വാതന്ത്ര്യ സങ്കലപത്തിൻ പേടകം ഉടഞ്ഞുരിമണ്ണായ് പതിച്ചേക്കുമെന്നു പേടിയാൽ നേതാക്കളോടൊത്തു നവലോകത്തെപ്പറ്റി പൊള്ളച്ചെണ്ട മുഴക്കേണ്ടുന്നതിൻ്റെ വൈപരീത്യത്തെക്കുറിച്ചോർത്തു ദുഖിക്കുന്നു (ഭീരു). ഉത്തരം ലഭിക്കാത്ത ചോദ്യവുമായി,
“അറിവിൻ മുറിവുകൾ
ആത്മാവിൽ നിറകയാൽ
മരുന്നും വെച്ചുകെട്ടി
മൗനിയായിരിക്കുന്ന”
തൻ്റെ അവസ്ഥ കവി പറയുന്നു. അന്നത്തെ ഞാനോ സ്വപ്നമിന്നത്തെ ഞാനോ സ്വപനമെന്ന ചോദ്യത്തിനുത്തരം ലഭിക്കാതെ കവി ഉഴലുകയാണ് (ഉത്തരം ലഭിക്കാത്ത ചോദ്യം). ഈ സംഭവത്തിൽ നിന്നുരിത്തിരിഞ്ഞ കവിതകളാണ് ‘വിണ്ട കാലടികൾ’, ‘ജോർജ്ജ് ചടയൻമുറി,’ ‘ചെങ്കളിയപ്പൻ,’ മുതലായ കവിതകൾ. 1976 ൽ എഴുതിയ ‘താൻസേൻ്റെ പ്രത്യാഗമനം’ ഭാവകവിതയുടെ ലോകത്തിലേക്കുള്ള കവിയുടെ പ്രത്യാഗമനം തന്നെയാണ്. ഗുരുവായൂരപ്പൻ്റെ മുന്നിൽ നിന്നുള്ള അമ്മയുടെ പ്രാർത്ഥന,
” നിഖിലവേദാർത്ഥവുമോതിയോനെ, യെൻ്റെ
മകനുടെ ലക്ഷ്യങ്ങൾ മഹിതമെങ്കിൽ
പടയിൽ പരാജിതനാകാതെ പാദങ്ങൾ
പതറാതെയവനെന്നും മുന്നിലേറാൻ
അവിടുന്നവനുകനിഞ്ഞരുളേണമേ
അണയാത്ത വീറുമനുഗ്രഹവും”
(അമ്മയും മകനും)
കവി ഓർക്കുകയാണ്. “തോക്കാകും മുയൽ തോൽക്കും വീണ്ടും വാക്കാകുമാമ ജയിക്കും” (ആമയും മുയലും) എന്ന വിശ്വാസം വാക്കിൻ്റെ പൊരുളെനിക്കാധാനം എന്ന ഉറച്ച തീരുമാനത്തിലേക്കെത്തിക്കയാണ്. അതുകൊണ്ടുതന്നെ തൻ്റെ വിശ്വാസപ്രമാണങ്ങളെ ബലികൊടുക്കുന്ന ഒരു പ്രത്യയശാസ്ത്ര ചേരികളിലും ചേക്കേറാൻ അദ്ദേഹം തയ്യാറായില്ല. മാനവികതയായിരുന്നു അദ്ദേഹത്തിൻ്റെ പ്രത്യയശാസ്ത്രം.
“കണ്ണുനീരിൻ്റെ ഉപ്പ് തിളയ്ക്കും
കഷ്ടപ്പാടിൻ്റെ കയ്പ്പും ചവർപ്പും
കത്തുമെൻ രോഷവായ്പ്പിന്നെരിവും
കല്പനതൻ മധുരവും കൂട്ടി
നാക്കിലയിലെൻ കാവ്യ സങ്കല്പം
നാലുംവെച്ച് നിവേദിക്കട്ടെ”
(നാക്കിലയിലെ നിവേദ്യം)
എന്ന് ഈ ‘പരാജിതരുടെ ബന്ധു’ കൈരളിയോട് പറയുന്നു. തൻ്റെ ചുറ്റുമുള്ള ലോകം താൻ നടന്നു നീങ്ങുന്ന വഴികൾ അതിലെ ശരിതെറ്റുകളെക്കുറിച്ചുള്ള ചിന്ത അപ്പോഴും കവിയെ വിടാതെ പിന്തുടരുന്നുണ്ട്. 1993ൽ രചിച്ച ‘ആത്മകഥാകുറിപ്പിൽ’ ഇത് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മാറിയ ലോകക്രമത്തെ സംബന്ധിച്ചും അതിലെ തൻ്റെ ഇടപെടലുകളെക്കുറിച്ചുമുള്ള സംഘർഷമാണ് ‘വിണ്ട കാലടികൾ വീണ്ടും’ (1992), ‘ഉത്തരം ലഭിക്കാത്ത ചോദ്യം’ (എഴുതിയ വർഷം രേഖപ്പെടുത്തിയിട്ടില്ല; 2007നു ശേഷം) എന്നീ കവിതകളിൽ വരുന്ന മൗനം അഞ്ചാമത്തെ മാനമായി കവി കാണുന്നു (നിശ്ശബ്ദതയുടെ ഗാനം).
പിന്നീടുള്ള കവിതകളിൽ മാനവികതയിലൂന്നിയുള്ള ഒരു ആത്മീയ ഉണർവ് കാണാവുന്നതാണ്. പ്രകൃതിയും അരികുവൽക്കരിക്കപ്പെട്ടവരും അതിൽ കടന്നു വരുന്നു. സമകാല ജീവിതത്തിൻ്റെ തുടിപ്പുകൾ സസൂക്ഷ്മം കവി വാക്കുകളിൽ ഒപ്പിയെടുക്കുന്നു. പൊന്തുന്ന വിഷപ്പുറ്റിൽ തേൻമഴ പെയ്യാൻ പോന്ന സ്നേഹ ഗീതവും അതിൽനിന്നു പൊന്തുന്ന ശാന്തി ശലഭവുമാണ് തൻ്റെ കവിതയിലൂടെ കവി കാംക്ഷിക്കുന്നത് (ആത്മകഥാകുറിപ്പ്).
പി.ഭാസ്കരൻ്റെ കവിതകളിൽ ശ്രദ്ധേയമായ ഒരു വിഭാഗം സ്മരണകളാണ്. പല മണ്ഡലങ്ങളിലും വ്യാപരിച്ച ആ അതുല്യ പ്രതിഭ താൻ ഹൃദയത്തോടു ചേർത്തുവെച്ച നിരവധി വ്യക്തികളെക്കുറിച്ച് കവിതകൾ രചിച്ചിട്ടുണ്ട്. ചരിത്രത്തിൽ രേഖപ്പെടുത്താതെ പോകുന്ന പലരെയും അദ്ദേഹം തൻ്റെ വാക്കുകളിലൂടെ മുദ്രിതമാക്കിയിരിക്കുന്നു. അതുപോലെതന്നെ ചില സ്ഥലസംബന്ധിയായ കവിതകളും പ്രത്യേകം പരാമർശിക്കേണ്ടതാണ്.
ഏതാണ്ട് നാനൂറിനടുത്ത് കവിതകൾ 1219 ചലച്ചിത്രഗാനങ്ങൾ, പ്രദർശനത്തിനെത്താതെ പോയ ചലച്ചിത്രങ്ങളിലെ ഇരുപത്തിനാലു ഗാനങ്ങൾ, 160 ചലച്ചിത്രേതര ഗാനങ്ങൾ, ഒരു ഗാനനാടകം, സംവിധാനം നിർവഹിച്ച 43 ചലച്ചിത്ര ഗാനങ്ങൾ, രചന നിർവഹിച്ച ഏഴു ചലച്ചിത്രങ്ങൾ, നിർമ്മിച്ച പന്ത്രണ്ട് ചലച്ചിത്രങ്ങൾ. ഇതിനെല്ലാമുപരി സഹജീവികളോട് കനിഞ്ഞിറങ്ങുന്ന കാരുണ്യ പ്രവാഹം (യേശുദാസിൻ്റെ അച്ഛൻ മരിച്ച സന്ദർഭത്തിൽ അദ്ദേഹം നല്കിയ സാമ്പത്തിക ധാർമ്മിക പിന്തുണയെക്കുറിച്ച് യേശുദാസ് തന്നെ ഒരിക്കൽ ഒരഭിമുഖത്തിൽ എന്നോട് പറഞ്ഞിട്ടുണ്ട്).
ആരായിരുന്നു മലയാളിക്ക് ഭാസ്കരൻ മാഷ്? വലിയൊരു വടവൃക്ഷം. ഇന്നും ‘വയലാർ ഗർജ്ജിക്കുന്നു’ മികച്ച കവിത തന്നെ. ചാരുതയാർന്ന ബിംബങ്ങളുടെയും നാട്ടുവഴക്കങ്ങളുടെയും മനോഹാരിതകൊണ്ട് എന്നും മലയാളി മൂളിനടക്കാൻ ഇഷ്ട്ടപ്പെടുന്ന ഒട്ടനവധി ചലച്ചിത്രഗാനങ്ങൾ അദ്ദേഹം സമ്മാനിച്ചു.
കൂട്ടാനും കുറയ്ക്കാനും വിഡ്ഢിയായ താൻ മോശമാണ് എന്ന് സമ്മതിക്കുന്ന കവി (യവനിക വീഴാറാകുമ്പോൾ) “ഇളകുമെൻ പ്രജ്ഞയെ മഞ്ജീരമണിയിക്കാൻ കലയും കവിതയുമെത്തിയാൽ ഞാൻ സംതൃപ്തനാണ്” എന്ന് പറഞ്ഞുവെയ്കക്കുന്നു (താളങ്ങൾ). അദ്ദേഹത്തിൻ്റെ ശതാബ്ദിവർഷം കടന്നുപോകുമ്പോൾ ആ മഹാപ്രതിഭയ്ക്കു പ്രണാമം.