“പല കൂളികൾ ചുറ്റിലുമാർക്കും ഇക്കാലപ്പെരുവഴികളിലും അവരേകിയ തെച്ചിക്കുലകൾ തേനോടേ പൂക്കുന്നല്ലോ!” അരു ആലഞ്ചേരി എഴുതിയ കവിത
അടരുകളോരോന്നും മറവിയിൽ നിന്നുമുയർന്നുരുവാകുമുറക്കം തോറും
വെള്ളിടി പോലെക്കേറി വരുന്നൂ കള്ളുമണം, മുള്ളൻ ചുട്ടമണം
തേറ്റകളിൽ ചിരിചാറിയ,
ചോരക്കണ്ണുകളിൽത്തോട്ടുപരൽ കുതറിച്ചാടുമ്പോലെ,
സ്നേഹമിടയ്ക്കിടെ പൊന്തും നോട്ടവുമായി മഠപ്പുരമുത്തപ്പൻ.
വെള്ളാട്ടിൻ താടിച്ചോപ്പൊരു തെച്ചിപ്പൂക്കുലവട്ടം.
തലകീഴെ ഞാറുകൾ നാട്ടും, കുലദൈവക്കുട്ടിച്ചാത്തൻ.
ആടാട് വിറച്ചാട്,
അലറിക്കൊണ്ടേയോട്,
വിറകൈയാൽ ഒരുപിടി ഭസ്മം
തെച്ചിപ്പൂ തുളസിപ്പച്ച വച്ചോതും തൈവങ്ങൾ,
‘കുഞ്ഞീ, പൂങ്കുഞ്ഞീ നീ പുലരോളമുറങ്ങിക്കോ’
ഒരു തൂവൽത്തോണിയില്,
കബനിപ്പുഴയോളത്തിൽ,
മുളവീശിയ കാറ്റേറ്റ്
കോടപ്പാളികൾ കീറി,
വെയിൽവെട്ടം വരുവോളം
കുഞ്ഞീ പൂങ്കുഞ്ഞീ നീ”
നടുനെറ്റിയിലൊരുകുറി ഭസ്മം,
വിരൽ നക്കി നുണയ്ക്കും ബാക്കി.
തെച്ചിപ്പൂ ഞെട്ടിന്നുള്ളിൽ
പറ്റിയ തേനീമ്പും ബാല്യം.
ദൈവങ്ങൾ ചുറ്റും തുള്ളും
കള്ളിത്തിരി തേവും കൈയിൽ
ജീവിതമൊരു സുഖതരലഹരി,
അവർ കാക്കും കൂളിവരാതെ.
പല കൂളികൾ ചുറ്റിലുമാർക്കും
ഇക്കാലപ്പെരുവഴികളിലും
അവരേകിയ തെച്ചിക്കുലകൾ
തേനോടേ പൂക്കുന്നല്ലോ!
ബോധമബോധങ്ങൾ
ഓർമകളോർമ്മത്തെറ്റുകളുമ്മകൾ നുള്ളൽച്ചോപ്പുകൾ
നോവുകൾ നിനവുകളെല്ലാമങ്ങനെ തിങ്ങിപ്പാർക്കും കാവേ,
വള്ളിഞരമ്പുകൾ തോറും തുള്ളിമറിഞ്ഞൂ കുസൃതിക്കൂട്ടം,
ധിമിധിമിയെന്നൊരു ഹൃദയച്ചെണ്ട
മൂവന്തിക്കോലാൽ കൊട്ടുന്നാരോ
രാവിന്നു പഴുത്തു വരുന്നൂ
ചെങ്കദളിത്തേനിമ്പത്തിൽ,
ചുടുചോരത്തുള്ളികളിറ്റും നാവുള്ള കരിങ്കാളീ,
മുല രണ്ടും തുള്ളുന്നു
കണ്ണിൽത്തീയാളുന്നൂ
മുടിയിൽ നിന്നിറ്റുന്നൂ രാവിന്റെ കരിഞ്ചായം
ഓരോരോ തൂവലുകൾ പറിയുമ്പോൾ ചോര തൊടും വേദനയിൽ പുളയുന്നൂ
എൻ നേർച്ചക്കോഴി ഞാൻ
പായുമ്പോൾ പോലും പിറകേ പോരുവതെന്തെന്തേ നിങ്ങൾ
ചാരുതയോടെന്നരികിൽ ചേരുവതെന്തേ നിങ്ങൾ?
കനകാംബരമൊട്ടുകൾ സന്ധ്യകൾ വിടരുന്നൂ കണ്ണുകളിൽ
കളവുപോയകാലമേ നീ
തിറയാടി, കുടി കൂട്ടൂ…
Read More