Thursday, May 22, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home LITERATURE

വാഴ്‌വേമായം-ആഷ് അഷിത എഴുതിയ കഥ

by NEWS DESK
March 12, 2024
in LITERATURE
0
വാഴ്‌വേമായം-ആഷ്-അഷിത-എഴുതിയ-കഥ
0
SHARES
33
VIEWS
Share on FacebookShare on TwitterShare on Whatsapp

മരുതൻകുഴിയിൽ നിന്നും കിളിയാർ കടന്ന് ഓട്ടോ തെന്നിത്തെറിച്ചു കൊണ്ട് ഒരു ഇടവഴിയിലേക്ക് ഇറങ്ങി.   .

“സാർ റൂട്ട് കറക്റ്റ് അല്ലേ? പോകൂലല്ലോ?” 

പൊടിമണ്ണിലൂടെ തട്ടിക്കൂട്ടി വെട്ടിയെടുത്ത വഴിയാണ്. എപ്പോൾ വേണമെങ്കിലും നിന്നുപോകുമെന്ന പേടി ഡ്രൈവർക്കുണ്ട്.

പറഞ്ഞാലുടനെ വണ്ടി തിരിക്കാൻ തയ്യാറെന്ന മട്ടിൽ അയാൾ തടിയൻ ശരീരം പാതി ചെരിച്ചുവെച്ചാണ് സീറ്റിൽ ഇരിക്കുന്നത്.    

ഉറക്കത്തിൽ നിന്നും മുഴുവനായും വിട്ടുപോരാതെ തന്നെ ഞാൻ ചെറുപ്പക്കാരന്റെ മെസേജ് ഫോണിൽ തപ്പി.

അടച്ചിട്ട ഒരു മില്ല് കഴിഞ്ഞിട്ട് ഒരു തെങ്ങിൻത്തോപ്പ്. അതു തീരുന്നിടത്ത് ഓടിട്ട വീട്. അവിടെ ചോദിച്ചാൽ മതിയെന്നാണ്.

“ഗൂഗിൾ മാപ്പിലൊന്നും ഇല്ലാത്ത സ്ഥലമാണല്ലോ സാറേ. ”

ഡ്രൈവർ ഉറക്കെ പറഞ്ഞു ചിരിച്ചു.

തെങ്ങുകൾക്കിടയിൽ പമ്മി നിൽക്കുന്ന കൊച്ചുവീട് കണ്ടപ്പോൾ അയാൾ ബ്രേക്ക് ചവുട്ടി. പെയിന്റടിക്കാത്ത ചുമരിന്റെ അഭംഗി പല ജാതി  വള്ളിച്ചെടികൾ ഒളിപ്പിച്ചിരിക്കുന്നു. തലയ്ക്ക് മുകളിൽ പൂവിട്ട് നിൽക്കുന്നുണ്ട് ചെമ്പരത്തി.

ഡ്രൈവർ ചെടി പിടിച്ച് കുലുക്കിക്കൊണ്ട് തൊണ്ടയനക്കി ചുമച്ചു. അകത്തുനിന്നും അനക്കമില്ല.

“ഇവിടെങ്ങും ആരെയും കാണാനില്ലല്ലോ സാറേ… ഈ  നേരത്തൊക്കെ മനുഷ്യരെവിടെ പോയി ഒളിച്ചിരിക്കുന്നു?”

അയാൾ മുണ്ട് മാടിക്കുത്തി, പനിക്കൂർക്കയുടെ ഇല രണ്ടെണ്ണം പൊട്ടിച്ചെടുത്ത്, കയ്യിലിട്ട് ഞെരടി വായിലേക്കിട്ടു.  

അതിന്റെ മുരട് പിടിച്ചുവലിക്കാൻ നോക്കുമ്പോളാണ് “ആരാദ്?…” എന്നും ചോദിച്ചു കൊണ്ട് അവൾ വീടിന്റെ പുറകിൽ നിന്നും പൊങ്ങി വന്നത്.

അലകുതടി പോലെ ഒരുത്തി. കയ്യിൽ നനഞ്ഞ തുണികൾ തൂങ്ങിക്കിടക്കുന്നു. ഉടുമുണ്ടിലും  ബ്ലൗസിലും വെള്ളത്തിന്റെ വരകൾ.  

“വഴി ചോദിക്കാൻ കേറിയതാ പെങ്ങളേ…”

ഡ്രൈവർ കൂർക്കവേര് ചെടികൾക്കിടയിലേക്ക് തന്നെ തിരുകി വെച്ചിട്ട് എന്റെ നേരെ കൈ വീശി.

“ചോദീര് സാറേ..”

ഞാൻ മറഞ്ഞുപോയ മെസേജ് വീണ്ടും തോണ്ടിയെടുത്ത് അവരെ കാണിക്കാനായി നീട്ടിപ്പിടിച്ചു.

“അങ്ങേരെ കാണാനാല്ലേ? എളുപ്പം ചെല്ലാനാണേൽ ഈ തോട് കടന്നാൽ മതി. അല്ലേൽ ഈ റോഡ് ചുറ്റി ഒരു കിലോമീറ്റർ പോകണം.”

അവൾ തിരിഞ്ഞു നിന്ന് തുണികൾ അയയിലേക്ക് മാറ്റിയിട്ടു.  

സിനിമ കാണുന്ന കൗതുകത്തോടെ ഞാനും ഡ്രൈവറും അത് നോക്കി നിന്നു.

വെള്ളം ചീറ്റുന്ന മുടി പലവട്ടം കെട്ടഴിഞ്ഞുവീഴുന്നു. അവളത് ചാഞ്ഞും ചെരിഞ്ഞും നിന്ന് കെട്ടിവെക്കുന്നു.

Ashitha Story

സത്യം പറഞ്ഞാൽ, ‘താഴ്വാര’ത്തിലെ സുമലതയെ പോലൊരു പെണ്ണ് യഥാർത്ഥജീവിതത്തിൽ വന്നുപെട്ടിരുന്നെങ്കിലെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഡ്രൈവറുടെ നോട്ടം കണ്ടപ്പോൾ അത്തരം ആഗ്രഹങ്ങളൊക്കെ ഉള്ള ഒരു സാധാരണ മനുഷ്യനാണ് അയാളും എന്ന് തോന്നി.

നാട്ടുമ്പുറത്തെ പെണ്ണുങ്ങൾ ചെയ്യുന്ന പോലെ പച്ചിലകളിട്ട് കാച്ചിയെടുത്ത ഏതോ എണ്ണ അവളും മുടിയിൽ പുരട്ടുന്നുണ്ടാവാം. നല്ല മണം.      

“വണ്ടി പോകില്ല.”

കരിമ്പനടിച്ച തോർത്തിലെ വെള്ളം പിഴിഞ്ഞൂറ്റിക്കൊണ്ട് അവൾ പറഞ്ഞു.

“അങ്ങോട്ട് വണ്ടി പോകില്ലെന്ന്.”

അത് കേൾക്കാത്ത മട്ടിൽ നിന്നിരുന്ന ഡ്രൈവറോട് ഞാൻ കുറച്ച് ശബ്ദം കൂട്ടി പറഞ്ഞു. അയാൾ ചോദിച്ചതിനെക്കാൾ അമ്പത് രൂപ ഞാൻ കൂടുതൽ എടുത്തുവെച്ചിരുന്നു.

“സാറേ വേണേൽ ഞാനിവിടെ വെയിറ്റ് ചെയ്യാം. ഇവിടുന്ന് തിരിച്ചുപോകാൻ വണ്ടി കിട്ടുംന്നു തോന്നുന്നില്ല…”

അയാൾ വണ്ടി തിരിക്കുന്നതിനിടയിൽ പറഞ്ഞു.  

“പക്ഷേ പരിപാടി വേഗം തീർക്കണം.”

അയാൾ ഒരു മിനിറ്റ് കൂടി ചവുട്ടിപ്പിടിച്ച് നിന്നു. ഭാര്യയെ  ആശുപത്രിയിൽ കൊണ്ടുപോവാനുണ്ടെന്നും അധികം ദൂരെ പോവാൻ പറ്റില്ലെന്നും അയാൾ വണ്ടിയിൽ കേറിയപ്പോൾ പറഞ്ഞിരുന്നു.

ഞാൻ മറുപടിയൊന്നും പറയാതെ തോട്ടിലേക്കിറങ്ങി. മുട്ടിന് താഴെ മാത്രമേ വെള്ളം ഉണ്ടായിരുന്നുളളൂ. ഉച്ചവെയിലിൽ കിടന്ന് സുഖം പിടിച്ചതിന്റെ ഇളംചൂട്. എത്രയോ വർഷങ്ങൾക്ക് ശേഷമാണ്  ഇങ്ങനെ വെള്ളത്തിലിറങ്ങി നിൽക്കുന്നത്.

വാടകയ്ക്ക്  താമസിക്കുന്ന നാലുനില അപ്പാർട്ട്മെന്റിന്റെ മുക്കിലും മൂലയിലുമെല്ലാം ഓരോ തുള്ളിയും വിലപ്പെട്ടതെന്ന് പേടിപ്പിക്കുന്ന നോട്ടീസ് ബോർഡുകൾ പതിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് അത്യാവശ്യക്കുളി കഴിഞ്ഞ് ഒരു കപ്പ് വെള്ളം കൂടുതൽ കാലിൽ കോരിയൊഴിക്കുന്ന ശീലം എപ്പോഴും കുറ്റബോധമുണ്ടാക്കിയിരുന്നു.

“അതില് മുങ്ങിച്ചാവാൻ മാത്രം വെള്ളമൊന്നുമില്ല സാറേ..”

കൈതച്ചെടികൾക്ക് പുറകിൽ നിന്നും അവളുടെ ഒച്ച.  

“ആ വരമ്പിലൂടെ കേറിച്ചെന്നാൽ മതി. അങ്ങേരുടെ ശിഷ്യന്മാര് വല്ലവരും കാണും അവിടെ.”  

തിരിഞ്ഞുനോക്കാനുള്ള പ്രലോഭനത്തിൽ പെട്ട് ഒരു നിമിഷം വെള്ളത്തിൽ കാലുകൾ കുരുങ്ങി നിന്നു. ഇനിയും വൈകിയാൽ ഇവിടെ നിന്നും സിറ്റിയിലേക്ക് തിരികെ പോകാൻ പാടാണ്.  

തോട് കടന്നപ്പോൾ തന്നെ കണ്ടു. വരമ്പിന്റെ അറ്റത്ത് കൊക്ക് പോലെ മെലിഞ്ഞുനീണ്ട ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു.  

“ശാന്തിയക്കന്റെ വീടിന്റെ മുന്നിൽ ഓട്ടോ വന്നത് കണ്ടാരുന്നു.”

അവൻ വിരലുകൾ കൊണ്ട് കത്രിക കാണാത്ത താടിരോമത്തെ മെരുക്കിക്കൊണ്ട് ചിരിച്ചു.  

“ഇവിടേയ്ക്കുള്ള വഴിയൊക്കെ ഒന്ന് നന്നാക്കിയെടുത്തുകൂടെ?”

“ഓഹ് …വഴി കഷ്ടിയാണെലും സാറിങ്ങെത്തിപ്പെട്ടില്ലേ? ആവശ്യമുള്ളവർ ഉണ്ടാക്കിയെടുക്കുന്നതല്ലേ സാറേ എല്ലാ വഴികളും. അല്ലെങ്കിത്തന്നെ നമുക്കുള്ള വഴി നമ്മൾ തന്നെ കണ്ടെത്താൻ നോക്കുന്ന പരിപാടി ആണല്ലോ ഈ ജീവിതം എന്ന് പറയുന്നത്.”

അവന് കഷ്ടിച്ച് ഇരുപത്തഞ്ച് വയസ്സ് കാണും. വേറെ ഏതോ ലോകത്തുനിന്നും പൊട്ടിവീണ പോലെ മണ്ണിൽ കാലുറപ്പിക്കാതെയാണ് നടത്തം.    

“ഇതൊന്നും ഞാനുണ്ടാക്കി പറയുന്നതല്ല കേട്ടോ. അദ്ദേഹത്തോട് നിങ്ങളൊരു പത്തുമിനിറ്റ് സംസാരിച്ചു നോക്കിയാൽ നിങ്ങളുടെ കാഴ്ചകളും മാറിപ്പോകും”

ഫോണിൽ മിണ്ടിയപ്പോളും ഇങ്ങനെയൊക്കെ തന്നെയാണ് അയാൾ പറഞ്ഞത്. കാണാൻ പോകുന്ന ആൾ ദിവ്യനോ ചെപ്പടിവിദ്യക്കാരനോ അല്ല, നമുക്കൊന്നും കാണാൻ പറ്റാത്ത കാഴ്ചകൾ കാണുന്നൊരാൾ മാത്രമാണെന്നവൻ ആവർത്തിച്ചു.          

ചെറുപ്പക്കാരൻ മരം കൊണ്ടുണ്ടാക്കിയ ഗേറ്റ് തള്ളിത്തുറന്നപ്പോൾ വലതുവശത്തെ തൊഴുത്തിൽ നിന്നും പയർ പോലെ മെലിഞ്ഞൊരു സാരിക്കാരി തല പുറത്തേയ്ക്കിട്ടു. അഞ്ചോ ആറോ പശുക്കൾ ഉണ്ട്. മുറ്റത്ത് നിന്നും പെറുക്കിത്തിന്നുന്ന കോഴികൾ ഒച്ചവെച്ചുകൊണ്ട് പറമ്പിലേക്കിറങ്ങിപ്പോയി.  

രണ്ടു മുറികളും അടുക്കളയും മാത്രമുള്ള പഴഞ്ചൻമട്ടിലുള്ള ഒരു മൺവീട് ആയിരുന്നു അത്. രണ്ട് പടികൾ കയറിയാൽ നേരെ അകമുറിയിലേക്കെത്താം.

ചെറുപ്പക്കാരൻ ഒരു മരക്കസേര നീക്കിയിട്ടിട്ട് പുറത്തേയ്ക്ക് പോയി.

മരിച്ചുപോയ കുറെ വൃദ്ധരെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമുകളിലാക്കി ചുമരിൽ തൂക്കിയിട്ടുണ്ട്. ചില്ലിട്ട അലമാരയിൽ നടു മടങ്ങിയ പഴഞ്ചൻവാരികകൾ. അരിഷ്ടത്തിന്റെയും പലതരം മരുന്നുകളുടെയും കുപ്പികൾ. പ്ലാസ്റ്റിക് വള്ളി കുപ്പിയിൽ ചുറ്റിയുണ്ടാക്കിയ പൈനാപ്പിളുകൾ കാണാൻ രസമുണ്ട്.  

അകത്തെ മുറിയിലേക്കുള്ള വാതിൽ അടഞ്ഞുകിടപ്പായിരുന്നു. ഉള്ളിൽ നിന്ന് എന്തെങ്കിലും ശബ്ദം വരുന്നുണ്ടോ എന്നറിയാൻ ഞാൻ എത്തി നോക്കി.

പെട്ടെന്നാണ്, പുറത്തെ വൈകുന്നേരവെയിലിൽ നിന്നും അയാൾ കയറിവന്നത്. മടക്കിക്കുത്തിയ മുണ്ട് മാത്രമായിരുന്നു വേഷം.

“കുറച്ച് വൈകിയല്ലേ?” എന്നും പറഞ്ഞുകൊണ്ട് അയാൾ മുറിയുടെ വാതിൽ തള്ളിത്തുറന്നു.  

“ഈ നേരത്ത് പാൽ കറവയുണ്ട്. സൊസൈറ്റിയിൽ കൊണ്ടുപോയി കൊടുക്കണം. പെട്ടെന്നാവാം.”

അയാൾ ഉള്ളിലേയ്ക്ക് കയറിപ്പോയി.

അകത്തേയ്ക്ക് ക്ഷണിച്ചതാണോ കാത്തുനിൽക്കാൻ പറഞ്ഞതാണോ എന്നറിയാതെ ഞാൻ അവിടെ തന്നെ നിന്നു.

രണ്ടു മിനുട്ട് കഴിഞ്ഞപ്പോൾ ഒരു കുപ്പി ഗ്ലാസ്സിൽ പാലും തൂക്കുപാത്രത്തിന്റെ അടപ്പിൽ കുറച്ച് കപ്പലണ്ടിയും കൊണ്ട് സ്ത്രീ വന്നു. അവർ നേരത്തെ കണ്ടതിനേക്കാൾ ഉണങ്ങിപ്പോയെന്ന് തോന്നി. ലോകത്ത് നടക്കുന്ന ഒരു കാര്യവും അവരെ അത്ഭുതപ്പെടുത്താൻ പോന്നതല്ലെന്ന മട്ടായിരുന്നു അവർ.  

മറ്റൊരാൾ അവിടെ ഉണ്ടെന്ന ഭാവമില്ലാതെ അവർ മടങ്ങിപ്പോയപ്പോൾ ഞാൻ മുറിയ്ക്കുള്ളിലേക്ക് കയറി.  

ജനലിലൂടെ പിശുക്കി വരുന്ന വെട്ടം മാത്രമേ മുറിയിലുള്ളൂ. തലയ്ക്ക് പിടിക്കുന്ന മണമുള്ള പുക നിറഞ്ഞുനില്ക്കുന്നതിനാൽ ഉള്ളിലുള്ളതൊന്നും വ്യക്തമായില്ല.

വെള്ളനിറത്തിലുള്ള ഒരു തുണിയിൽ ഇരുന്നപ്പോൾ അയാൾ ഒരു മെഴുകുതിരി കത്തിച്ച് നടുവിൽ വെച്ചു.

“ആദ്യമായാണ് ഒരു പത്രപ്രവർത്തകൻ കാണാൻ വരുന്നത്. അങ്ങനെയെങ്കിൽ കുറച്ച് പൊതുവിജ്ഞാനമൊക്കെ കൈമാറാമല്ലോ എന്ന് വിചാരിച്ചു.”

അയാൾ ഗ്ലാസിലെ പാൽ നീട്ടി. കുങ്കുമപ്പൂവിന്റെ ഇതളുകൾ ഇട്ടത് കൊണ്ടാവാം ഓറഞ്ചുമഞ്ഞ നിറം.  

ഞാൻ വേണ്ടെന്ന് തലയാട്ടി. അയാൾ വേറെ വല്ലതും അതിൽ കലക്കിയിട്ടുണ്ടാകുമോ എന്ന സംശയം എനിക്കുണ്ടായിരുന്നു.

“നാട്ടിലെ പുല്ല് മാത്രം തിന്നുന്ന ജീവിയുടേതാണ്. നിങ്ങൾക്ക്   ഉറക്കക്കുറവ് നല്ലവണ്ണം ഉണ്ടല്ലോ.”  

അയാൾ ഗ്ലാസ് വീണ്ടും നീട്ടി.    

Ashitha Story

അയാളുടെ  ചില പുസ്തകങ്ങളും വീഡിയോകളും ചെറുപ്പക്കാരൻ അയച്ചു തന്നിരുന്നു. ജൈവകൃഷിയെ കുറിച്ചാണ് ചിലത്. അതൊന്നുമായിരുന്നില്ല കൗതുകം. കുഗ്രാമത്തിൽ ജീവിക്കുന്ന ഒരു കർഷകൻ സമാന്തരപ്രപഞ്ചത്തെ കുറിച്ചും ബഹുപ്രപഞ്ചത്തെ കുറിച്ചുമൊക്കെ  സംസാരിക്കുന്നു. പാരലൽ വേൾഡിലൊക്കെ പോയിവരുന്നുണ്ടെത്രെ. ദൈവവുമായി സ്ഥിരം മിണ്ടുന്ന ഏർപ്പാടുമുണ്ട്.  

“ദൈവം എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ കാണുന്നത് ഒരു വെളിച്ചം മാത്രം. രൂപമില്ലാതെ സങ്കൽപ്പം എളുപ്പമല്ലല്ലോ. അതുകൊണ്ട് മനുഷ്യർ തോന്നിയ വേഷമെല്ലാം കെട്ടിക്കുന്നു.”

മെഴുകുതിരിയുടെ ചാഞ്ചാട്ടങ്ങൾക്കനുസരിച്ച്  അയാളുടെ മുഖം തെളിയുകയും മങ്ങുകയും ചെയ്തുകൊണ്ടിരുന്നു. അകത്തേയ്ക്ക് വെളിച്ചമെത്തിക്കുന്ന കൊച്ചുജനാലയുടെ നേരെ അയാൾ വിരൽ ചൂണ്ടി.

“അതിലൂടെയാണ് വെളിച്ചം ആദ്യമായി എന്നെ തേടിയെത്തിയത്. ഒരിക്കൽ ഈ അടച്ചിട്ട മുറിയിൽ ഞാൻ അഞ്ചുദിവസങ്ങൾ കഴിഞ്ഞു.  ഓർമ്മിപ്പിക്കാതെ ഇരുന്നാൽ ശരീരം ഭക്ഷണത്തെ മറക്കും. നേരത്തിന് കഴിക്കുന്നത് കൊണ്ടാണ് ശരീരം അങ്ങനെ പ്രതീക്ഷിക്കുന്നത്. സെക്സ് പോലെ തന്നെയാണ്. അവഗണിക്കാൻ തുടങ്ങിയാൽ പിന്നെ ശരീരം മനസ്സിന് കീഴ്‌പ്പെട്ട് ജീവിച്ചുതുടങ്ങും. അഞ്ചു ദിവസങ്ങളും ഞാൻ ഉറങ്ങിയിരുന്നില്ല.  അപ്പോൾ ഉണർന്നിരിക്കുകയായിരുന്നോ എന്ന് ചോദിച്ചാൽ അതുമല്ല. എന്റെ ശരീരം പരിചിതമല്ലാത്ത ഒരിടത്ത് പാറിനടക്കുന്നത്  പോലെയായിരുന്നു  സമയത്തെക്കുറിച്ച് സൂചനകൾ ഇല്ലാത്ത ഒരിടം.

ശബ്ദമില്ലാത്ത സിനിമയിൽ പെട്ട പോലെ. അഞ്ചാമത്തെ ദിവസം ഒരു വെളിച്ചം ഭൂമിക്ക്  മീതെ പരക്കുന്നത് ഞാൻ കണ്ടു. കണ്ണടച്ചപ്പോളും വെളിച്ചം. കണ്ണ് തുറന്നാലും വെളിച്ചം. അപ്പോളാണ് ഞാനത് മനസ്സിലാക്കിയത്.  ഞാൻ മറ്റൊരു ലോകത്ത് നിന്നാണ് ഭൂമിയെ കാണുന്നത്. ഞാൻ എന്റെ നാടും വീടും കണ്ടുപിടിക്കാൻ ശ്രമിച്ചു. നിങ്ങൾ ഇപ്പോൾ കാണുന്ന രൂപത്തിൽ ഞാൻ ഈ വീട്ടിൽ ജീവിക്കുന്നത് കണ്ടു. ഭാര്യയെയും മകളെയും കണ്ടു. പരിചയമുള്ളവരും അല്ലാത്തവരുമായ മനുഷ്യർ എന്തിനൊക്കെയോ വേണ്ടി ഓടിനടക്കുന്നത് കണ്ടു. ആളുകൾ മോഷ്ടിക്കുന്നതും ഭോഗിക്കുന്നതും യുദ്ധം ചെയ്യുന്നതും കണ്ടു.”

അയാളുടെ ശബ്ദത്തിന് ഒരു കുഴിയിൽ നിന്നും പൊന്തിവരുന്നത് പോലെ മുഴക്കമുണ്ടായി.

ഇയാളെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ ക്രൈം ബീറ്റ് ചെയ്യുന്ന ശ്രീജിത്ത് ചിരിക്കുകയാണ് ചെയ്തത്. ഇയാൾ പശുക്കൾക്ക് പുല്ല് കൊടുക്കുന്ന ഒരു ഫോട്ടോ ആയിരുന്നു കയ്യിൽ. “ഇവനൊക്കെ ചവയ്ക്കുന്ന  പുല്ല് ഏതാണെന്ന് ചോദിച്ചു നോക്ക്. നല്ല കിക്ക് കിട്ടുന്ന എന്തോ ആണ്. കിട്ടിയാൽ കുറച്ച് കൊണ്ടുപോരേ.”

അവൻ ഫോട്ടോ ചവറ്റുകുട്ടയിലേക്ക് ഇട്ടു.  

ഇയാളെ കാണാൻ പോകാണോ എന്ന സംശയത്തിൽ ഇരിക്കുമ്പോൾ നിമ്മി വിളിച്ചു.

ഡിവോഴ്സ് പേപ്പർ ഫയൽ ചെയ്യാൻ വൈകുന്നതിനെപ്പറ്റി മാത്രമേ സംസാരമുള്ളൂ. മകളുടെ തലച്ചോറ് കാർന്നു തിന്നുന്ന കാൻസറാണ് നിമ്മിയുടെ പ്രശ്നം. ചിലപ്പോൾ തോന്നും, മായ എന്ന്  മരിക്കുമെന്ന് തീർച്ചപ്പെടുത്താൻ പറ്റാത്തതിന്റെ വിഷമമാണെന്ന്.  

പെട്ടെന്ന് നെഞ്ചിൽ ഒരു പിടുത്തം പോലെ തോന്നി. സ്ട്രെസ്സ് ആണെന്നാണ് ഡോക്ടർ പറഞ്ഞത്.

ഞാൻ ഗ്ലാസിലെ പാൽ ഒറ്റ വീർപ്പിന് കുടിച്ചു.

“പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. ഒരാൾ എന്നെക്കുറിച്ചു ചിന്തിക്കുമ്പോൾ എനിക്കത് അറിയാനാകും. വേണമെങ്കിൽ അവിടെ എത്തിപ്പെടാനുമാകും.”

അയാൾ പറഞ്ഞു.

“ഞാൻ പക്ഷെ നിങ്ങളെ കുറിച്ചൊന്നുമല്ല ഇപ്പോൾ ആലോചിച്ചത്.”  

അങ്ങനെ വിട്ടുകൊടുക്കാൻ തോന്നിയില്ല.

“ഈ ലോകത്ത് ഒരു വിധപ്പെട്ട മനുഷ്യരെല്ലാം കൂടുതലും ചിന്തിക്കുന്നത് സ്വന്തപ്പെട്ടവരുടെ രോഗങ്ങളെക്കുറിച്ചാണ്.”

നേരത്തെ കണ്ട ചെറുപ്പക്കാരനോട് സംസാരത്തിനിടയിൽ മായയെ  കുറിച്ച് പറഞ്ഞുപോയോ എന്നെനിക്ക് സംശയം തോന്നി.

അവളെ ഈ ഒഴിവുദിവസം ആശുപത്രിയിൽ പോയി കാണാനിരുന്നതാണ്. റിട്ടയർ ചെയ്തതിന് ശേഷം അച്ഛനുമമ്മയുമാണ് അവളുടെ കാര്യങ്ങളെല്ലാം നോക്കുന്നത്.  

അയാൾ പറഞ്ഞത് ശരിയാണ്. മായയ്ക്ക് അസുഖമാണെന്നറിഞ്ഞതിന് ശേഷം ലോകത്തിലെ മറ്റ് കാര്യങ്ങളൊന്നും മനസ്സിൽ പതിയാറില്ല. സിനിമകളൊന്നും സന്തോഷിപ്പിക്കുന്നില്ല. പുസ്തകങ്ങൾ ആശ്വസിപ്പിക്കുന്നില്ല. ക്രിക്കറ്റോ ഫുട്ബോളോ ആവേശം കൊള്ളിക്കുന്നില്ല. ആളെക്കൊല്ലി യുദ്ധങ്ങളൊന്നും ഒരു പ്രതിഷേധവുമുണ്ടാക്കുന്നില്ല. പെണ്ണുങ്ങളെ കാണുമ്പോളോ, ഹൃദയം ചത്തുകിടക്കുന്നു! 

അയാൾ കണ്ണുകളടയ്ക്കാൻ ആംഗ്യം കാണിച്ചു. എത്ര നിമിഷങ്ങൾ അങ്ങനെ പോയെന്ന് മനസ്സിലായില്ല. അയാൾ ഒന്നും പറയുന്നതായി തോന്നിയില്ല. കണ്ണുകൾ തുറന്നാലോ എന്ന ചിന്ത വന്നപ്പോൾ അയാളുടെ ചൂണ്ടുവിരൽ നെറ്റിയിൽ മുട്ടി. പുരികങ്ങൾക്കിടയിലെ ഇടത്ത് അയാൾ ചെറിയ വട്ടങ്ങൾ വരച്ചു. ഉറക്കത്തിന്റെ കുഴിയിലേയ്ക്ക് ഇറങ്ങി പോകുന്നത് പോലെയാണ് തോന്നിയത്.  

രക്തമൂർന്നുപോയ മായയുടെ ശരീരം വെറുങ്ങലിച്ചു കിടക്കുന്നത് കണ്ടു.  

വെള്ളത്തുണിയിൽ പൊതിഞ്ഞ അവളുടെയടുത്ത് നിമ്മി തറയിൽ ചുരുണ്ടുകൂടി കിടക്കുന്നുണ്ട്. ഉറങ്ങിപ്പോയത് പോലെയാണ് മിക്കപ്പോളും.  ഇടയ്ക്കിടെ ഓർമ്മ വന്നത് പോലെ എഴുന്നേറ്റിരുന്നു കരയുന്നു.    

രണ്ടുമുറി ഫ്ലാറ്റ് ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. കൂടി നില്ക്കാൻ സ്ഥലമില്ലാത്തത് കൊണ്ട് പുതുതായി വരുന്നവരെല്ലാം ഒന്നെത്തിനോക്കിയിട്ട്, ബോഡി കണ്ടെന്ന പോലെ മടങ്ങുന്നു.

മനു എവിടെപ്പോയി എന്ന് ചിലർ ചോദിക്കുന്നത് കേട്ടു. എനിക്കിപ്പോൾ എന്നെയും കാണാം. കുളിമുറിയിലെ ക്ളോസറ്റിൽ ഇരുന്നുകൊണ്ട് ഞാൻ മൊബൈലിൽ തോണ്ടുന്നു. തോറ്റവരുടെ കളി. പുറത്ത് വന്നാൽ കുട്ടിയുടെ അച്ഛൻ കരയാത്തതെന്തെന്ന് എല്ലാവരും ആശ്ചര്യപ്പെടും.  മറ്റുള്ളവർ വിചാരിക്കുന്ന നേരത്ത് അത് പോലെ പെരുമാറാൻ എനിക്ക് കഴിയാറില്ല.

ഒരിക്കൽ കണ്ട സിനിമ വീണ്ടും കാണുമ്പോൾ ഉള്ള അലസതയോടെയാണ് ഞാൻ ആ നിമിഷങ്ങളിൽ ജീവിക്കുന്നത്. സത്യം പറഞ്ഞാൽ, അറിവില്ലായ്മയാണ് ജീവിതത്തിന്റെ രസം. സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള ആകാംക്ഷ, പ്രതീക്ഷ, ഭയം ഒന്നുമില്ലെങ്കിൽ പിന്നെങ്ങിനെയാണ് മനുഷ്യൻ ദിവസങ്ങളും രാത്രികളും തള്ളി നീക്കുക?

മായ മരിച്ചുപോകുമെന്ന് ഉറപ്പായിരുന്നു. മരണത്തെ അംഗീകരിച്ച് കഴിഞ്ഞാൽ പിന്നെ വേദനയുടെ അളവ് കുറയും.  ഇന്ന ദിവസം മരിക്കുമെന്ന അറിവോടെ എല്ലാവരും ജീവിക്കുകയാണെങ്കിൽ മരണത്തിന് ആരെയും ഞെട്ടിപ്പിക്കാൻ കഴിയില്ല.  

ഇതൊക്കെ ആരോ എന്നോട് പറയുന്നതാണോ അതോ ഞാൻ തന്നെ ഓർക്കുന്നതാണോ എന്നെനിക്ക് തീർച്ചപ്പെടുത്താനായില്ല.

കുളിമുറിയിൽ നിന്നും പുറത്തിറങ്ങിയപ്പോൾ നിമ്മി കട്ടിലിൽ ഇരിപ്പുണ്ട്. സമയം പാലിച്ചുള്ള പുതിയ തരം ഡയറ്റിങ് ചെയ്ത് അവൾ വണ്ണം കുറച്ചിട്ടുണ്ട്. കൊന്ന പൂത്ത പോലെയുള്ള മഞ്ഞസാരി എപ്പോൾ വേണമെങ്കിലും അവളുടെ ശരീരത്തിൽ നിന്നും പൊഴിഞ്ഞുപോകുമെന്ന് തോന്നിപ്പിച്ചു.

എനിക്കൊട്ടും ഇഷ്ടമില്ലാത്ത നിറമാണ്. സന്ദർഭത്തിന് യോജിക്കാത്ത വേഷം ധരിക്കുന്നത് അല്ലെങ്കിലും അവളുടെ ശീലമാണ്.

സത്യം പറഞ്ഞാൽ, അവൾ സാരി ഉടുക്കണമെന്ന് നിർബന്ധം പിടിച്ച് ഒരുമിച്ചുള്ള ചടങ്ങുകളുടെ സന്തോഷമെല്ലാം ഞാൻ ഉടച്ചുകളഞ്ഞിട്ടുണ്ട്. അതേപ്പറ്റി നിരന്തരം പറഞ്ഞ് അവൾ ബാക്കിയുള്ള ദിവസങ്ങളേയും കൊന്നുകളയും.

ഇക്കാലത്ത് ജീവിക്കുന്നെങ്കിലും മിക്ക ആണുങ്ങളും എൺപതുകളിലെ സ്ത്രീകളെയാണ് പ്രേമിക്കുന്നതെന്നാണ് പരിഹാസം.  

തുടയിൽ ഒട്ടിപ്പിടിച്ച ജീൻസും ടീഷർട്ടും ഇട്ടാണ് അവൾ ഒരു കല്യാണത്തിന് വന്നത്. അതേക്കുറിച്ച് ചോദിച്ച ബന്ധുവിനോട്  സാരിയുടുക്കണമെന്ന് ഭരണഘടനയിലുണ്ടോ എന്ന് തിരിച്ചുചോദിക്കുകയും ചെയ്തു. ചുരുണ്ട മുടി അവൾ കോലുപോലെ നീട്ടിയെടുത്തതിനും മുലയുടെ മീതെ ഞണ്ടിന്റെ ടാറ്റൂ പതിപ്പിച്ചതിനും ശേഷം ഞങ്ങൾ കിടക്ക പങ്കിടുന്നത് പൂർണ്ണമായും നിന്നിരുന്നു.

മാസത്തിൽ ഒരിക്കലെങ്കിലും സെക്സ് ഇല്ലെങ്കിൽ ഡിവോഴ്സിന് കാരണമാകും എന്ന് ശ്രീജിത്ത് ഉപദേശിക്കും. വിവാഹിതരായ രണ്ടുപേർക്ക് ഉമ്മ വെയ്ക്കാൻ കിടക്ക മാത്രം പോരല്ലോ.

ഞാൻ പതിവ് പോലെ കാലുകളിൽ ഉമ്മ വെച്ചുകൊണ്ട് തുടങ്ങുമ്പോൾ അവൾ ചാടിയെണീക്കും. ഇക്കിളി ആക്കിയുള്ള പരിപാടിയൊക്കെ നിർത്താനായില്ലേ എന്ന് പരിഹസിക്കും. കഴുത്തിൽ ഉമ്മ വെയ്ക്കുന്നത് എല്ലാ സ്ത്രീകൾക്കും ഇഷ്ടമാണെന്ന് ഞാൻ വായിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ തുടങ്ങുന്ന ദിവസങ്ങളിൽ വെറുതെ തൊട്ടും തോണ്ടിയും കളിക്കാതെ കാര്യമുള്ള വല്ലതും ചെയ്തുകൂടെ എന്നവൾ ചോദിക്കും. അതോടെ മടുക്കും.    

മായയുടെ അസുഖത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെങ്കിൽ ഒരുപക്ഷേ എന്നേ അവൾ ജീവനും കൊണ്ട് ഓടിപ്പോയെനെ.

“അത്യാവശ്യനേരത്ത് ബാത്ത്റൂമിൽ കേറി ഒളിച്ചിരിക്കുന്ന സ്വഭാവം മാറ്റാറായില്ലേ നിനക്ക്? അവിടേം ഇവിടേം തത്തിക്കളിക്കാതെ വേഗം കൊച്ചിന്റെ കാര്യങ്ങൾ നടത്താൻ നോക്ക്.”

ഉച്ചത്തിൽ സംസാരിക്കുന്ന സ്വഭാവം അവളും മാറ്റിയിട്ടില്ല.

അടക്കത്തിനുള്ള കാര്യങ്ങളെല്ലാം അവൾ നേരത്തെ ഒരുക്കിയിട്ടുണ്ടായിരുന്നു. പ്ലാൻ ചെയ്യാതെ ജീവിതത്തെ മാത്രമല്ല, മരണത്തെയും വെറുതെ വിടാൻ അവൾക്ക് പറ്റില്ല.

പെട്ടെന്ന്, ഇനി സംഭവിക്കാൻ പോകുന്ന ജീവിതത്തിൽ എനിക്ക് താല്പ്പര്യം നഷ്ടപ്പെട്ടു. അവിടെ നിന്നും മടങ്ങുമ്പോൾ വളരെ ചെറുപ്പമായിരുന്ന കാലത്തേയ്ക്ക് ഒന്ന് പോയി നോക്കണോ എന്നാലോചിച്ചു. ഉണ്ണിയപ്പത്തിൽ ഒട്ടിച്ചുവെച്ച പഞ്ചാരത്തരികളെ പോലെ ചില നുറുങ്ങുസന്തോഷങ്ങൾ വേണമെങ്കിൽ തൊട്ടെടുക്കാം.

പക്ഷെ, കഴിഞ്ഞുപോയതിലൊന്നും ഇപ്പോൾ കൗതുകമില്ല.  

സന്തോഷം മാത്രമുള്ള ഒരു ഭൂതകാലം എതെങ്കിലും മനുഷ്യനുണ്ടാകുമോ എന്ന് ഞാൻ ആലോചിച്ചു.

ഭാവിയിൽ ഒരിക്കലും സന്തോഷിക്കുന്ന നിമിഷങ്ങൾ ഉണ്ടാകില്ല എന്നറിഞ്ഞാലും മനുഷ്യർ ജീവിക്കും. ജീവിച്ചുപോകാൻ അത്യാവശ്യമുള്ള കാര്യമൊന്നുമല്ല സന്തോഷം.  

നിമ്മിയുമായി പിരിയുന്ന കാര്യം പറഞ്ഞപ്പോൾ, ഒറ്റയ്ക്ക് ജീവിക്കാൻ ചങ്കുറപ്പില്ലാത്ത ജീവിയാണ് മനുഷ്യനെന്ന് മാത്രം അച്ഛൻ ഓർമ്മിപ്പിച്ചു.

വയസ്സാകും തോറും വിഷാദിയായി മാറിയ ആ മനുഷ്യന്റെ വേരാണ് എന്നിലും ആഴത്തിൽ പടർന്നിരിക്കുന്നത്.

എന്തുകൊണ്ടാണ് സന്തോഷം കണ്ടെത്തുന്നത് ഇത്രയും സങ്കീർണ്ണമായ ഏർപ്പാടാകുന്നതെന്ന് മുമ്പ് എനിക്ക് മനസ്സിലായിരുന്നില്ല. മനുഷ്യന്റെ  സന്തോഷം മറ്റുള്ളവരെ ചുറ്റിപ്പറ്റി കുഴഞ്ഞുമറിഞ്ഞാണ്  കിടക്കുന്നത്.

അന്നേരം, പല ആളുകളുടെ ജീവിതങ്ങളിലേക്ക് ചേക്കേറിയാണ് അയാൾ രസം കണ്ടെത്തുന്നതെന്ന് ഞാൻ കണ്ടുപിടിച്ചു. സ്വന്തം ജീവിതത്തെ പറ്റിക്കുന്ന ഈ സൂത്രപ്പണി കുറച്ചുകൂടി നീട്ടിക്കൊണ്ടുപോയാലോ എന്നെനിക്ക് തോന്നി.    

Ashitha Story

    അയാളുടെ വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ നേരത്തെ കണ്ട മണ്ണും മരങ്ങളും ആകാശവും അല്ല ചുറ്റിനുമെന്ന തോന്നലുണ്ടായി.

ശാന്തി അയയിൽ വിരിച്ചിട്ട തുണികൾ ഓരോന്നായി എടുത്ത്, കുടഞ്ഞു, കയ്യിന്റെ ചില്ലയിൽ തൂക്കിയിടുന്നു.

“ഓഹ് ഇത്രേം നേരത്തെ പോന്നോ?” എന്നും പറഞ്ഞുകൊണ്ട് അവൾ കയ്യിൽ പിടിച്ചുകൊണ്ട് ഉമ്മറത്തേയ്ക്ക് കയറി.

കാലിനെ തണുപ്പിക്കുന്ന മൺനിറക്കല്ലുകൾ പതിപ്പിച്ച നീളൻ വരാന്തയിലൂടെ നടന്നിട്ടാണ് അവളുടെ മുറിയിലേക്ക് എത്തിയത്. തലങ്ങും വിലങ്ങും അയകൾ കെട്ടിയിട്ട് തുണികൾ വിരിച്ചിട്ടിരുന്നതിനാൽ ഇരുളും ഈറൻ മണവും ഉള്ളിൽ കെട്ടിനിന്നിരുന്നു.  

ജനാലയുടെ വിരി കൂടെ താഴ്ത്തിയപ്പോൾ മുറിയിൽ രാത്രിയായി.

അവൾ ഒരു മണ്ണെണ്ണവിളക്കിന് തിരി കൊളുത്തി. നാലഞ്ച് ചന്ദനത്തിരികൾ ഒരുമിച്ച് കത്തിച്ച് ഒരു കുളിസോപ്പിന്റെ മീതെ കുത്തിവെച്ചു.

അവളും ഞാനും ഇരുന്നപ്പോൾ മരക്കട്ടിൽ ഒച്ചയുണ്ടാക്കി. അപ്പോൾ അവൾ അതിനേക്കാൾ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു.

ആരെങ്കിലും കേൾക്കില്ലേ എന്ന ആശങ്കയിൽ ഞാൻ വിയർത്തു.

“പേടിക്കണ്ട. ഞാനും നിങ്ങളുമല്ലാതെ ഈ ലോകത്തിപ്പോൾ മറ്റാരുമില്ല”

അവൾ എന്റെ ഷർട്ടിന്റെ കുടുക്കുകൾ അഴിച്ചുകൊണ്ട് ചിരിച്ചു.

എന്നെ അത്ഭുതപ്പെടുത്തുന്ന വിധം നീണ്ട കാലുകൾ അവൾക്കുണ്ടായിരുന്നു. അവൾ അൽപ്പം നീങ്ങിയിരുന്നിട്ട് വലതുകാൽ  പൊക്കി എന്റെ നെഞ്ചിൽ തൊട്ടു.

എന്റെ വിരലുകൾ അവളുടെ കാലുകളിലൂടെ നടന്നു തുടങ്ങി.

എത്ര സമയമെടുത്താലും അവളുടെ ഉള്ളിലെത്തണമെന്ന് ഞാൻ ഉറപ്പിച്ചു.

ദീർഘമായൊരു മയക്കത്തിൽ നിന്നൂർന്നുപോരുമ്പോൾ അയാളുടെ ഭാര്യ തൊഴുത്തിന് പുറത്തെ ചുമരിൽ ചാരിയിരുന്ന് ഉറങ്ങുന്നത് ഞാൻ കണ്ടു. കൃത്യനിഷ്ഠയുള്ള ഒരു പശു ഉച്ചത്തിൽ അമറിയപ്പോളാണ് അവർ ഞെട്ടിയുണർന്നത്.  

അയാൾ മുറിയിൽ നിന്നും പുറത്ത് വരേണ്ട സമയം കഴിഞ്ഞിരുന്നു. ഇങ്ങനെ വൈകുന്നത് ആദ്യമായാണല്ലോ എന്ന വേവലാതിയിൽ അവർ വീടിന് ചുറ്റും ഒന്നുരണ്ട് തവണ നടന്നു. അയാളെ പുറത്തൊന്നും കാണാഞ്ഞതിനാൽ രണ്ടും കൽപ്പിച്ച് മുറിയുടെ വാതിലിൽ മുട്ടി.

ഓരോരോ പ്രാന്ത്  പറഞ്ഞുനടക്കുന്ന ഭർത്താവ് മുറിയിൽ കയറിയിരിക്കുമ്പോളെല്ലാം ആ വഴി പരലോകത്തേയ്ക്ക് കേറിപ്പോകുമോ എന്ന തോന്നൽ അവർക്ക് പലപ്പോളും ഉണ്ടായിട്ടുണ്ട്.

അവർ തൊടിയിലൂടെ ഓടിച്ചെന്ന് അയൽവക്കത്തെ ചെറുക്കനെ വിളിച്ചു. അവൻ നല്ലൊരു ഉച്ചമയക്കം കഴിഞ്ഞതിന്റെ മാന്ദ്യത്തിൽ അട്ടം നോക്കി കിടക്കുകയായിരുന്നു. ഏഴ് മണിയൊക്കെ ആകുമ്പോൾ അപ്പുറത്തും ഇപ്പുറത്തുമുള്ള ചെറുപ്പക്കാരെ കൂട്ടി അയാളുടെ വീട്ടിൽ പോയിരുന്ന് പരലോകകാര്യങ്ങളൊക്കെ സംസാരിക്കുന്നത് പതിവാണ്.

വേറെ ഏതെങ്കിലും ലോകത്ത് അങ്ങേരെങ്ങാനും കുടുങ്ങിപ്പോയോ എന്നോർത്ത് അവൻ വീടിന് നേരെ ഓടി. ഓട്ടത്തിനിടയിൽ തന്നെ അയാളുടെ ഒന്നുരണ്ട് ശിഷ്യന്മാരെ ഫോണിൽ വിളിച്ചു.

വാതിലിൽ അഞ്ചാറു തവണ മുട്ടി. അകത്ത് നിന്നും കത്തിയ മണം വരുന്നുണ്ടെന്നും പറഞ്ഞുകൊണ്ട് അയാളുടെ ഭാര്യ നിലവിളി തുടങ്ങിയിരുന്നു. സമയത്തിന് പാല് കറക്കാത്തതിനാൽ തൊഴുത്തിൽ കിടന്ന് പശുക്കളും ഒച്ചവെച്ചു.

അവൻ ചെറുതായി തള്ളിയപ്പോൾ തന്നെ വാതിൽ തുറന്നു. അകത്ത് നിന്നും കുറ്റിയിട്ടിട്ടുണ്ടെന്ന് തോന്നിയതാണ്.    

അകത്ത് ശ്വാസം മുട്ടി നിന്ന പുകയപ്പാടെ പുറത്തുചാടി. അവൻ ലൈറ്റും ഫാനും ഒരുമിച്ച് ഓണാക്കി. കത്തിത്തീരാനായ മെഴുകുതിരിയിൽ നിന്നും തീ തുണിയിലേക്ക് പടർന്നിരിക്കുന്നു.

അയാൾ തറയിൽ കമഴ്ന്നു കിടക്കുന്നു.  

തീയണച്ചുകഴിഞ്ഞിട്ട് അവൻ അയാളെ തിരിച്ചുകിടത്തി.

അന്നേരം, ജനവാതിലിലൂടെ ഒരു വെളിച്ചം മിന്നൽ പോലെ പാഞ്ഞുപോകുന്നത് അവൻ കണ്ടു.    

Read More

ആഷ് അഷിത എഴുതിയ കഥകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Previous Post

‘വാർ’ വരുന്നു; ഇന്ത്യൻ ഫുട്ബോളിൽ നിർണായക വഴിത്തിരിവ്

Next Post

ഓസ്‌ട്രേലിയൻ മലയാളി യുവതി സീമ ബാലസുബ്രഹ്മണ്യന് NSW വുമൺ ഓഫ് ദി ഇയർ അവാർഡ് !

Related Posts

വേദനിക്കല്ലേ…-വേദനിക്കല്ലേ-രാഹുൽ-മണപ്പാട്ട്-എഴുതിയ-കവിത
LITERATURE

വേദനിക്കല്ലേ… വേദനിക്കല്ലേ-രാഹുൽ മണപ്പാട്ട് എഴുതിയ കവിത

September 19, 2024
64
ദൈവത്തിന്റെ-പൂമ്പാറ്റകൾ-സിതാര-എസ്-എഴുതിയ-ആത്മാനുഭവം
LITERATURE

ദൈവത്തിന്റെ പൂമ്പാറ്റകൾ-സിതാര എസ് എഴുതിയ ആത്മാനുഭവം

September 18, 2024
85
ഒറ്റക്ക്-ഒരു-കരിയില-ജയകൃഷ്ണൻ-എഴുതിയ-കവിത
LITERATURE

ഒറ്റക്ക് ഒരു കരിയില-ജയകൃഷ്ണൻ എഴുതിയ കവിത

September 18, 2024
78
അരുളൻപനുകമ്പ-മൂന്നിനും-പുണ്യ-സി-ആർ-എഴുതിയ-കഥ
LITERATURE

അരുളൻപനുകമ്പ മൂന്നിനും-പുണ്യ സി ആർ എഴുതിയ കഥ

September 17, 2024
54
നാലു-കവിതകൾ-അമ്മുദീപ-എഴുതിയ-കവിത
LITERATURE

നാലു കവിതകൾ-അമ്മുദീപ എഴുതിയ കവിത

September 17, 2024
64
നനമയയുഗമെട്ടിൽ-തട്ടണം-മാലിനിക്ക്-ജിസ-ജോസ്-എഴുതിയ-കഥ
LITERATURE

നനമയയുഗമെട്ടിൽ തട്ടണം മാലിനിക്ക്-ജിസ ജോസ് എഴുതിയ കഥ

September 16, 2024
80
Next Post
ഓസ്‌ട്രേലിയൻ മലയാളി യുവതി സീമ ബാലസുബ്രഹ്മണ്യന്  NSW വുമൺ ഓഫ് ദി ഇയർ അവാർഡ് !

ഓസ്‌ട്രേലിയൻ മലയാളി യുവതി സീമ ബാലസുബ്രഹ്മണ്യന് NSW വുമൺ ഓഫ് ദി ഇയർ അവാർഡ് !

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.