വിവാദങ്ങൾ കൊണ്ട് സമ്പന്നമായ ഫുട്ബോൾ ലീഗാണ് ഐഎസ്എൽ. റഫറിമാരുടെ മോശം തീരുമാനങ്ങൾ കൊണ്ട് നിലവാരത്തകർച്ച നേരിടുന്ന ലീഗ് സ്ഥിരമായി പഴിയേറ്റ് വാങ്ങാറുമുണ്ട്. കേരളത്തിൽ നിന്നുള്ള മലയാളികളുടെ പ്രിയപ്പെട്ട ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് പലപ്പോഴും വാർ സമ്പ്രദായം ലീഗിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കാറുണ്ട്. എന്നാൽ ഇക്കാലമത്രയും ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് ഇക്കാര്യത്തിൽ മെല്ലെപ്പോക്ക് നയമായിരുന്നു.
എന്നാൽ, ഇന്ത്യൻ ഫുട്ബോളിലും കാറ്റ് മാറിവീശുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ ‘വാർ’ (വീഡിയോ അസിസ്റ്റന്റ് റഫറി) നിയമം കൊണ്ടുവരാൻ സാധിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. എഐഎഫ്എഫിന്റെ വാർഷിക യോഗത്തിലാണ് ഇക്കാര്യം അവതരിപ്പിച്ചത്. എന്നാൽ ഐഎസ്എല്ലിൽ ഇപ്പോഴുള്ള ഫീൽഡ് റഫറിമാരുടെ തീരുമാനങ്ങൾ 85 ശതമാനവും ശരിയാണെന്നാണ് എഐഎഫ്എഫ് വിലയിരുത്തൽ.
വാർ നിയമത്തിനായുള്ള സാങ്കേതിക സംവിധാനങ്ങൾക്കായി അഞ്ച് ഏജൻസികളെ സമീപിച്ചിട്ടുണ്ട്. മെയ് ആദ്യം ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയാകാമെന്നും എഐഎഫ്എഫ് യോഗത്തിൽ ധാരണയായി. മുമ്പ് ഐഎസ്എല്ലിൽ വാർ നിയമം കൊണ്ടുവരാൻ ആലോചന നടത്തിയിരുന്നു. എങ്കിലും പണമില്ലെന്ന കാരണത്താൽ എഐഎഫ്എഫ് ഇതിൽ നിന്ന് പിന്മാറി.
പിന്നീട് അഡീഷണൽ വീഡിയോ റിവ്യു സിസ്റ്റം (എവിആർഎസ്) നടപ്പിലാക്കാൻ ആലോചന നടത്തിയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ തർക്കങ്ങൾ ഒഴിവാക്കാൻ വാർ നിയമം വേണമെന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ വാദം. വാർ നടപ്പാക്കണമെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച് നിരന്തരം ആവശ്യം ഉന്നയിക്കാറുണ്ട്. പണക്കൊഴുപ്പിന്റെ ലീഗിൽ തട്ടിപ്പുകൾ കുറയ്ക്കാൻ ഈ നീക്കം വഴിയൊരുക്കും.
Read More
- നൂറാം ടെസ്റ്റിൽ റെക്കോർഡുമായി അശ്വിൻ; ഇന്ത്യയ്ക്ക് അവിസ്മരണീയ ജയം
- സഞ്ജു സിംപിളാ; യാസീനൊപ്പം ക്രിക്കറ്റ് കളിച്ച് സൂപ്പർതാരം, വീഡിയോ
- യാസീന്റെ ആഗ്രഹം സഫലമാകുന്നു; വീഡിയോ കോളിലൂടെ ഞെട്ടിച്ച് സഞ്ജു സാംസൺ
- ബൗളിങിൽ തളച്ചു; ബാറ്റിങിൽ തകർത്തു; ഇംഗ്ലണ്ടിനെതിരെ സെഞ്ചുറി നേടി രോഹിതും, ഗില്ലും : India vs England Live Score, 5th Test