Short Story in Malayalam: എട്ടു ലൈൻ ഇങ്ങോട്ട്, എട്ടു ലൈൻ അങ്ങോട്ട്… പിന്നെ പാലങ്ങൾ, തുരങ്കങ്ങൾ, അണ്ടർ പാസുകൾ, സർവീസ് റോഡുകളുടെ ഒരു ശ്രൃംഘല തന്നെയും ഉണ്ടാകും.
ഒരിക്കലും അവസാനിക്കാത്ത തിരക്കാണ് ഈ സൂപ്പർ ഹൈവേക്ക്! ഇങ്ങനെ നിരന്തരം ഓടിക്കൊണ്ടേയിരിക്കും. അനേകം അനേകം വാഹനങ്ങൾ, വൻ വേഗങ്ങൾ, ഇങ്ങനെ ഒരു പാച്ചിലാണ്. എവിടെയും നിൽക്കാൻ ഇടയില്ല, ഇടവുമില്ല. പലരും വരുന്നു, ഓടുന്നു പിടിക്കുന്നു പിന്നേയും ഓടുന്നു. പല ലക്ഷ്യങ്ങൾ, പല പല രീതികൾ, പല തരത്തിലുള്ള സഞ്ചാരങ്ങൾ. എപ്പോഴും തിരക്കാണ് ഹൈവേക്ക്.
ലക്ഷ്യങ്ങളിലേക്കുള്ള ഉറപ്പുള്ള, അതിശക്തമായ ഒരു കുതിപ്പാണ് ഹൈവേ. നന്നായി കഷ്ടപ്പെട്ട് മൈൻറ്റൈൻ ചെയ്യും. കുണ്ടു-കുഴികളും അനാവശ്യ വളവു തിരിവുകളുമില്ല ഇയാൾക്ക്. കൃത്യം, വ്യക്തം, ശക്തം: ഇങ്ങനെയാണ് നമ്മുടെ സൂപ്പർ ഹൈവേയുടെ ടാഗ് ലൈൻ.
രാത്രി ആയാൽ അനേകം നിയോൺ വിളക്കുകൾ തെളിയും, പ്രകാശത്തിന്റെ ഒരു നദി പോലെ, പിന്നെ ഒരൊഴുക്കാണ്. എത്ര കണ്ടാലും മതിവരാത്ത ഗംഭീര സൗന്ദര്യം കൈ വരും. പുലർ വെളിച്ചം തഴുകും വരെയും ഈ വഴി വിളക്കുകളുടെ, ഓടിപ്പോകും വാഹനങ്ങളുടെ പ്രകാശം നിലനിൽക്കും. പിന്നെ സൂര്യൻ രാജവീഥിയിലൂടെ തേർ തെളിക്കും. പടിഞ്ഞാറേക്ക് ചായുന്ന ചാരു ചന്ദ്രൻ അതു കണ്ടൊന്ന് മന്ദഹസിക്കും.
വൻ വീഥിയുടെ ഇരുവശവും ഗംഭീരവും പ്രൗഢവും ആകാശത്തോളം ഉയരുന്നതുമായ മന്ദിരങ്ങളുണ്ട്. ഹൈവേയുടെ പ്രാധാന്യം മനസിലാക്കി അവിടെ വന്നവരാണിവർ. ഇവരെ ഹൈവേയും ചിലപ്പോഴൊക്കെ ഒന്നു വകവെക്കും. ഒന്നു വളഞ്ഞ്, വേഗം കുറച്ച് ഇവരെ ഇടക്കൊന്നു സന്ദർശിച്ചു പോകും. ഇരുവശവും വിളക്കുകൾ, ഇരിപ്പടങ്ങൾ, വെട്ടിയൊതുക്കി ഭംഗിയാക്കിയ മരങ്ങൾ, ചട്ടികളിൽ പൂച്ചെടികൾ എന്നിവയും കാണാം. കഫേകൾ, നല്ല ഭക്ഷണശാലകൾ, ഇടക്ക് ചിലപ്പോൾ ഒരു സ്റ്റെലൻ ബാർ ഇങ്ങനെ ആനന്ദത്തിന്റെ ഒരു അന്തരീക്ഷം അവിടെയാകെ കാണാം.
എത്രയോ പേർ ഹൈവേയിലേക്ക് വരുന്നു. ചിലപ്പോൾ ചില ലക്ഷ്യങ്ങൾ ഉള്ളിൽ വെച്ചു കൊണ്ട് വരുന്നവർ, ഹൈവേ കൊണ്ട് പല ഗുണങ്ങൾ ഉണ്ടായവർ, കാഴ്ച കാണാൻ എത്തുന്നവർ, ആരാധകർ, ഒരു അത്യാവശ്യത്തിന് എത്തിപ്പെടുന്നവർ, ഹൈവേയെ കണ്ടു പഠിക്കാൻ വരുന്നവർ… ലിസ്റ്റ് ഇങ്ങനെ നീളും. ഏതായാലും തിരക്കൊഴിയില്ല. 24 മണിക്കൂർ 365 ദിവസം, പിന്നേയും അടുത്ത 365 ദിവസം… നിരന്തരമായ, അനസ്യൂതമായ യാത്രയാണത്.
ഈ വഴി രാജാക്കൻമാർ തുടങ്ങി മതമേലധ്യക്ഷൻമാരും തിളങ്ങും താരങ്ങളും പ്രതിഭകളും ഭാവിയുടെ വാഗ്ദാനങ്ങളും ഒക്കെ സഞ്ചരിക്കാറുണ്ട്. എല്ലാവരെയും മനസ്സിലാക്കി അതാത് ഇടങ്ങളിലെത്തിക്കാൻ ഹൈവേ മിടുക്കനാണ്. അത് വ്രതം പോലെ ചെയ്യും. പതുക്കെയാവില്ല, വീഴ്ചകളും വരില്ല, മടുപ്പും ഇല്ല.
ഇങ്ങനെ സദാ ചലിക്കുന്ന പ്രകാശപൂരിതമായ ഹൈവേക്ക് താഴെ ഒരു നാട്ടുവഴിയുണ്ട്. ഹൈവേ വന്നപ്പോൾ പുറമ്പോക്കായ ഒരിടത്താണത്. ചില ചെറു വഴികൾ അങ്ങിനെയാണ്. പ്രത്യേകിച്ച് ആരാലും ശ്രദ്ധിക്കപ്പെടാതെ അവർ അങ്ങിനെയങ്ങ് നിൽക്കും. എവിടെയും തുടങ്ങാതെ എങ്ങോട്ടെങ്കിലും പോകാത്ത ഒരു കാട്ടുവഴി. മൺപാതയാണത്. ഒറ്റപ്പെട്ട, ആരോ ഒക്കെ എന്നോ നടന്നുണ്ടാക്കിയ ഒറ്റയടി പാതയുടെ ഓർമ്മകൾ നമ്മുടെ നാട്ടുപാതയുടെ ഹൃദയത്തിൽ കാണാം. അതിലേക്ക് കാടും പടലും കടന്നു കയറി തുടങ്ങി. ഓരങ്ങളിൽ പുല്ലും ചെറു ചെടികളും ചില പേരില്ലാത്ത മരങ്ങളും കാണാം. മഴയും വെയിലും തണുപ്പുമേറ്റ് നിറം കെട്ടവളാണ് ഇവൾ. അങ്ങനെയാരും ഈ വഴി നടക്കാറില്ല. വഴിതെറ്റിയെത്തുന്ന ഒരു പശു, ചില കള്ളപ്പൂച്ചകൾ, കടിപിടി കൂടും പട്ടികൾ, ഒരു കൊറ്റി, ഏതാനും നാട്ടുമൈനകൾ എന്നിവരാണ് സ്ഥിരം യാത്രക്കാർ; വല്ലപ്പോഴും ഹൈവേ വിട്ട് വരുന്ന ഒരു കാൽനടക്കാരനോ സൈക്കിൾ യാത്രികനോ വന്നാലായി.
നാട്ടുവഴിക്ക് വലിയ പ്രതീക്ഷകളും സ്വപ്നങ്ങളും ഇല്ല. അതിനാൽ മോഹഭംഗങ്ങളുമില്ല. നാലാൾ കാണാൻ ഒരുങ്ങാറില്ല. ചില കാട്ടുപൂക്കൾ, കള്ളിമുൾ പൂക്കൾ, ഒരു പൂമരത്തിൽ നിന്നു പാറി വീഴും ഇതൾ മണങ്ങൾ, നിലത്ത് പറ്റി വളർന്ന് പൂവിടും പേരില്ലാ ചെടികൾ ഇവരാണ് ഇവളുടെ അലങ്കാരം. വെയിലിൽ ഇവൾ പൊള്ളി പിടയ്ക്കും. മഴയിൽ കലങ്ങി കുളമാകും. കെട്ടി നിൽക്കുന്ന വെള്ളത്തിൽ ഒരു കുളക്കോഴിയുടെ മുഖം പ്രതിഫലിച്ചെന്നു കരുതി ഇവൾ കോരിത്തരിക്കും. കുളക്കോഴി ഒരു മിത്താണെന്ന് കരുതി പിന്നീട് ദീർഘമായി നിശ്വസിക്കും.
ചിലപ്പോഴൊക്കെ ഹൈവേയിൽ നിന്ന് പാറി വീഴുന്ന പ്ളാസ്റ്റിക്കിൽ മാത്രമാണ് നാട്ടുവഴി അസ്വസ്ഥയാവുക. ചിലപ്പോൾ മുകളിലെ ശബ്ദവും തിരക്കും അവളെ അസ്വസ്ഥയാക്കും. കാട്ടുവഴി കരഞ്ഞാൽ കാണാൻ ആളില്ല എന്ന പുതിയ ചൊല്ല് അവൾ ഭാഷക്ക് സംഭാവന ചെയ്തതാണ്.
ഉച്ചവെയിൽ കത്തിയമരുന്ന വൈകുന്നേരങ്ങളിൽ പ്രശാന്തമായ ഒരു നിശ്ചലത അവളിൽ വരും. പടിഞ്ഞാറെ ചുവപ്പിൽ ഒരു മെലിഞ്ഞ ചന്ദ്രക്കലയും അറ്റത്തൊരു ഒറ്റ നക്ഷത്രവും വരും. ആ ഭംഗി എല്ലാവരും മറന്ന അവളിലും പ്രതിഫലിക്കും. രാത്രിയുടെ ചില നിശ്ചലതകളിലാണ് നാട്ടുവഴി സൂപ്പർ ഹൈവേയെ നോക്കുക. സംഭവം കടൽ – കടലാടി ഇക്വേഷനാണെങ്കിലും ഹൈവേ ഹായ് പറയും, കുഞ്ഞു വഴി ചില കളിയാക്കലും വിമർശനവും നിർദേശവുമൊക്കെ പറയും. ഹൈവേ ചിലപ്പോൾ അതു കേട്ടു ചിരിച്ച് മുന്നോട്ടോടും.
തുടക്കവും ഒടുക്കവും ലക്ഷ്യവും ഇല്ലാത്ത നാട്ടുവഴി ഹൈവേയോട് ഒരു ദിവസം ഇഷ്ടം അങ്ങ് തുറന്നു പറഞ്ഞു. ഞെട്ടിയെങ്കിലും ഹൈവേ കയർത്തില്ലെന്നു മാത്രമല്ല ഒന്നു തല കുലുക്കുകയും ചെയ്തത്രേ. പല വേനലും വർഷവും അങ്ങനെ കടന്നു പോയി. ഒരു ശരത്ക്കാലം വന്നു, ഇല കൊഴിഞ്ഞു വീണു. കാട്ടുവഴി തനിയെ വിറങ്ങലിച്ച് എങ്ങോട്ടെന്നില്ലാതെ നിന്നു പോയി. ഒറ്റയ്ക്കായ വഴികൾ ഒന്നു സംഭ്രമിക്കും, ഒറ്റയ്ക്കാവുന്ന യാത്രികരെ പോലെ. അപ്പോഴും ഹൈവേ കൂടുതൽ വേഗത്തിൽ കൂടുതൽ വെളിച്ചത്തിൽ പായുകയായിരുന്നു.
ഒരു ഹൈവേക്ക് ഒരിക്കലും ഒരു നാട്ടുപാതയിൽ ചേരാനാവില്ല. നാട്ടുപാത ഹൈവേയുമാകില്ല. ഓരത്തെ കാട്ടുമരച്ചോട്ടിൽ വെച്ചാണ് നാട്ടുപാതക്ക് ആ വെളിപാട് തെളിഞ്ഞതും ബോധം ഉദിച്ചതും. എങ്കിലും ഈ കാട്ടുപാതകൾ അതിജീവനത്തിന്റെ സൂപ്പർ ഹൈവേകളായി മാറും….
വല്ലപ്പോഴും ഹൈവേ ഹൃദയം തുറക്കും, എന്നെങ്കിലും ഒരിക്കൽ കാണാനെത്തും, ഒരു സന്ധ്യക്ക് ഇങ്ങനെ കൈ പിടിച്ച് എങ്ങോട്ടെന്നില്ലാതെ വെറുതേ നടക്കും, വഴിയരികിലെ കല്ലിൽ ഒന്ന് ഇളവേൽക്കും, ഒന്നിച്ചൊരു ചായ കുടിക്കും, കുറേ വിശേഷം പറയും എന്ന് നാട്ടുപാത ഉറപ്പിച്ചിട്ടുണ്ട്. ഹൈവേകളും നാട്ടുവഴികളും ഒരിക്കലും ഒപ്പമാകാൻ ഇടയില്ലെന്നും അവൾക്കറിയാം. എങ്കിലും സൂപ്പർ ഹൈവേകളെയും നാട്ടുവഴികളെയും ഒന്നിപ്പിക്കുന്ന മാന്ത്രിക വഴിയുടെ പേരാണ് ജീവിതം.
അപ്പോൾ ശരി, നമുക്ക് പ്രതീക്ഷയോടെ യാത്ര തുടരാം… പ്രതീക്ഷയാണല്ലോ യഥാർത്ഥത്തിൽ മുന്നോട്ടുള്ള വഴി…
Read More Malayalam Short Stories Here