മഞ്ഞു മൂടികിടക്കുന്ന ഒരു സൈബീരിയൻ ഗ്രാമം സ്വപ്നം കാണുന്ന ഞങ്ങൾ
അങ്ങനെ വീണ്ടും ഷെയർ ടാക്സിയിൽ താഷ്കെന്റിലേക്ക്.
ഞങ്ങൾ വീണ്ടും പുരാതനമായ സിൽക്ക് റോഡിലെത്തി. എങ്ങനെയാണ് ഈ റോഡിന് സിൽക്ക് റോഡ് എന്ന് പേരുവന്നത്? സിൽക്കിന്റെ ഉൽപ്പാദനവും വിപണനവും എന്ന് മുതലാണ് ഈ പ്രദേശത്തെ ഏറ്റവും പ്രധാന സാമ്പത്തിക പ്രവർത്തനം ആയി മാറിയത്? ക്രിസ്തുവിന് 2640 വർഷം മുൻപ് ചൈനീസ് ചക്രവർത്തി ആയിരുന്ന ഹുയാങ് ദിയുടെ ഭാര്യ സി ലിങ് ഷി ആണ് പട്ട് കണ്ടുപിടിച്ചത് എന്നാണ് ചരിത്രം. എന്നാൽ അതിനും 1500 വർഷം മുൻപ് ചൈനക്കാർക്ക് പട്ടുനൂൽ പുഴുവിനെ വളർത്തി പട്ടുണ്ടാക്കാൻ അറിയാമായിരുന്നു എന്നും ചിലർ പറയുന്നു. എന്തായാലും ചൈനയിൽ നിന്നാണ് മധ്യേഷ്യയിലേക്കും അവിടെ നിന്ന് ലോകത്തിന്റെ പല ഭാഗത്തേക്കും പട്ടു വ്യാപാരം വളർന്നത്. റോമൻ ചക്രവർത്തിമാരുടെ ഇഷ്ടവസ്ത്രമായിരുന്നു പട്ട്. അതുകൊണ്ടാണ് കടലാസും പോർസലൈൻ പാത്രങ്ങളും കുതിരകളുമൊക്കെ ഈ പാതയിലൂടെ വിപണി നടത്തിയെങ്കിലും റോഡിന്റെ പേര് സിൽക്ക് റോഡ് എന്നാകാനുള്ളത്ര പ്രാധാന്യം പട്ടിനുണ്ടായിരുന്നു. ചൈനയിൽ നിന്ന് റോമിലേക്കുള്ള യാത്ര 8000 കിലോമീറ്ററോളം വരും. അക്കാലത്തു ഈ യാത്രയ്ക്ക് ഒരുവർഷത്തോളം സമയമെടുക്കും. എന്തായാലും ഈ യാത്രയിലാണ് ബുഖാറയും സമർഖണ്ഡുമൊക്കെ വലിയ വിജ്ഞാന കേന്ദ്രങ്ങളായി മാറുന്നത്.
ഉസ്ബെക്കിസ്ഥാനിൽ ഇതേവരെ കണ്ടതിൽ നിന്നെല്ലാം വിഭിന്നമാണ് താഷ്കെന്റ്. ഇതൊരു ആധുനിക നഗരമാണ്. മാത്രമല്ല ഇന്ത്യൻ ചരിത്രത്തിൽ താൽപ്പര്യമുള്ളവർക്ക് പ്രത്യേകമായ ചില ശ്രദ്ധ ആവശ്യമായി വരുന്ന സ്ഥലവുമാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം കണ്ടെത്താൻ കഴിയുമോ എന്നാണ് ആദ്യം, കെ ടി രാംമോഹൻ ഞങ്ങളോട് ചോദിച്ചത്. പിൽക്കാലത്തു പ്രധാനമന്ത്രി ആയിരുന്ന ലാൽബഹദൂർ ശാസ്ത്രി അപ്രതീക്ഷിതമായി അന്തരിച്ചതും ഇവിടെ. ശാസ്ത്രിയോടുള്ള സ്നേഹം ഇപ്പോഴും തുടരുന്നുണ്ട്. അദ്ദേഹത്തിന്റെ പേരിലാണ് ഇവിടെയുള്ള പ്രധാന പാതകളിലൊന്ന്.
വലിയ നഗരത്തിലേക്കുള്ള പ്രവേശം പ്രതീക്ഷിച്ചത് പോലെ കഠിനമായിരുന്നു. രാത്രിയായി. ദേശീയ പാതയിൽ സമർഖണ്ഡിൽ നിന്ന് താഷ്കെന്റിലേക്ക് വരുന്നത് M 39 ഹൈവേ ആണ്. നാല് ലെയിൻ ഉള്ള, ട്രക്കുകൾക്ക് പ്രത്യേക വഴിയില്ലാത്ത പാതയിൽ ഒരു ഭാഗം മണിക്കൂറുകളായി ബ്ലോക്ക് ആണ്. ഇതേവരെ ട്രാഫിക് ബ്ലോക്ക് എന്താണ് എന്ന് അറിയാതെ യാത്ര ചെയ്ത ഞങ്ങളെ അങ്ങനെ നഗരം ആധുനിക രീതിയിൽ സ്വീകരിച്ചു. ഭാഗ്യത്തിന് ഞങ്ങളുടെ എതിർ ലെയിനിലാണ് ഇപ്പോൾ ബ്ലോക്ക്. ഞങ്ങളുടെ സമർത്ഥനായ ഡ്രൈവർ എവിടെനിന്നോ ഒരു ഊടുവഴിയിലേക്ക് കയറി. പിന്നെ ഒരു പാച്ചിലാണ്. ഏതൊക്കെയോ മുടുക്കുകളിലൂടെ. ഇടയ്ക്ക് മാപ്പ് നോക്കുന്നുണ്ട്. സ്വയം ശപിക്കുന്നുണ്ട്. അയാൾക്ക് ഞങ്ങളെ വിട്ടിട്ട് തിരിച്ചു വീട്ടിലെത്തണം. പാവത്തിനെ ആശ്വസിപ്പിക്കാൻ ഞങ്ങൾക്ക് ഭാഷയും അറിയില്ല. ഞങ്ങളെ വിട്ടാൽ തന്നെ ഈ ബ്ലോക്കിൽ അദ്ദേഹം എങ്ങനെ തിരിച്ചുപോകും?
പുറത്ത് ഇരുട്ടിൽ ഒന്നും കാണാനില്ല. ഏതു വഴിയാണോ പോകുന്നത്. ശരിക്കുള്ള സ്ഥലത്ത് എത്തുമോ? അറിയാൻ ഒരു മാർഗവുമില്ല. എന്നാൽ ഇതൊന്നും ബാധിക്കുന്ന കൂട്ടരല്ല ഞങ്ങൾ എന്ന് വായനക്കാർക്ക് ഏകദേശം മനസ്സിലായിട്ടുണ്ടാവുമല്ലോ. പുറംകാഴ്ചകൾ കാണാൻ പറ്റാത്തതിൽ മാത്രം സങ്കടം. അങ്ങനെ ഏതൊക്കെയോ ഊടുവഴികളിലൂടെ നഗരത്തിന്റെ പ്രാന്ത പ്രദേശത്തുള്ള ലാലിബേ എന്ന ഹോട്ടലിൽ ഞങ്ങളെത്തി. ഒടുവിൽ ഹോംസ്റ്റേ അല്ലാതെ ഒരു ഹോട്ടൽ. പോട്ടെ. വലിയ മുറിയാണ്. തൊട്ടടുത്തുള്ള അടുക്കളയിൽ നിങ്ങൾക്ക് കുക്ക് ചെയ്യാം. ചായയോ ബ്രെഡോ നൂഡിൽസോ ഓംലെറ്റോ ഉണ്ടാക്കാം. ചായ എപ്പോഴുമുണ്ട്. എന്നാൽ രാത്രി ഭക്ഷണത്തിന് എന്തുചെയ്യും?
സാരമില്ല, തൊട്ടടുത്ത് അമ്മയും മകളും നടത്തുന്ന കുഞ്ഞു കഫേയുണ്ട്. അവിടെ അത്യാവശ്യത്തിനു നോനും സലാഡുകളും ബേക്കണുമൊക്കെ കിട്ടും, അവർ പറഞ്ഞു. ഞങ്ങൾ അങ്ങോട്ട് നടന്നു. അമ്മയും മകളും അവിടെയുണ്ട്. അമ്മ വർത്തമാനമൊന്നും പറയാതെ കയ്യിലുള്ള വൂളൻ തൊപ്പി നെയ്‌തുകൊണ്ട് വെറുതെ ഇരിക്കുകയാണ്. പെൺകുട്ടി ഞങ്ങളോട് വേഗത്തിൽ അടുപ്പമായി. കലപില എന്ന് വർത്തമാനവുമായി. അവിടെയുള്ള വിവിധതരം ഭക്ഷണങ്ങൾ ഞങ്ങളെ അവൾ കാണിച്ചുതന്നു. വെജിറ്റേറിയൻ എന്ന് പറഞ്ഞപ്പോൾ കുറച്ചു ചിന്തിച്ചു, അതും ശരിയാക്കി.
പിന്നീട് അവളുടെ കഥ പറയാൻ തുടങ്ങി. അവളുടെ അച്ഛൻ അടുത്തകാലത്താണ് മരിച്ചത്. അതിനുശേഷമാണ് അവർ ഈ ചെറിയ കഫേ തുടങ്ങുന്നത്. വലിയ കഷ്ടപ്പാടാണ് മുന്നോട്ട് പോകാൻ, അവൾ പറഞ്ഞു. ഇവിടെയുള്ള ചെറിയ ഹോട്ടലുകളും ആശുപത്രികളുമാണ് ഈ കഫേ ഉപയോഗിക്കുന്നത്. എത്ര കാലം ഇങ്ങനെ മുന്നോട്ട് പോകാൻ പറ്റുമോ, അവൾ സങ്കടത്തോടെ പറഞ്ഞു. അമ്മ ഇതൊക്കെ മൂളിക്കേട്ടതല്ലാതെ ഒന്നും പറഞ്ഞില്ല. ഇപ്പോൾ ഈ വീടിനെ മകളാണ് മുന്നോട്ട് കൊണ്ടുപോകുന്നത്.
യാത്രയുടെ ക്ഷീണം മാറ്റാൻ അവൾ ഞങ്ങൾക്ക് ചൂടുള്ള സൂപ്പും നോനും സലാഡും ബേക്കണും തന്നു. ക്ഷീണം മാറി എന്ന് മാത്രമല്ല, ഞങ്ങൾക്ക് എന്തോ ഒരു വലിയ സന്തോഷം തോന്നി. ഇവരെ പണ്ടെന്നോ അറിയാം എന്ന പോലെ. നമ്മുടെ കുടുംബം എന്ന പോലെ. ഇനിയുള്ള എല്ലാ ദിവസവും കുറച്ചുസമയം ഞങ്ങൾ ഇവർക്കൊപ്പം ചിലവിടും.
ഹോംസ്‌റ്റേയിൽ നിന്ന് മൂന്നോ നാലോ കിലോമീറ്റർ നടക്കണം നഗരത്തിന്റെ സെന്ററിൽ എത്താൻ. ബസ്സുണ്ട്. അല്ലെങ്കിൽ അടുത്ത മെട്രോ സ്റ്റേഷൻ വരെ പോകാം. താഷ്കെന്റ് മെട്രോ പ്രശസ്തമാണ്. ഞങ്ങൾ എന്തായാലും നടക്കാൻ തന്നെ തീരുമാനിച്ചു. ഇതേവരെ എല്ലാ നഗരത്തിലും ഞങ്ങൾ നടന്നിട്ടേ ഉള്ളൂ. ഇവിടെയും അങ്ങനെ ആകട്ടെ. രാവിലെ ചെന്നപ്പോൾ മോൾ മാത്രമേ ഉള്ളൂ. അവൾക്ക് ഞങ്ങളെ കണ്ടപ്പോൾ വലിയ സന്തോഷം. നല്ല ചായയും നോനും നൂഡിൽസുമൊക്കെ കഴിച്ചു രാത്രി കാണാം എന്ന് പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.
ഇതൊരു സബർബ് ആണ്. കൂടുതലും റെസിഡൻഷ്യൽ ഏരിയ ആണ് എന്ന് തോന്നുന്നു. ചുറ്റിലും ധാരാളം വീടുകളും കടകളും. ഇടയ്ക്ക് ചില കോളേജുകൾ കണ്ടു. വളരെ പ്രത്യേകത തോന്നിയ ഒരു കാര്യം ഭിത്തികളിൽ വരച്ചിട്ടിരുന്ന ഒളിമ്പിക്സ് താരങ്ങളുടെ ചിത്രങ്ങളാണ്. നോക്കിയപ്പോൾ ആറോ ഏഴോ ഒളിമ്പിക് സ്വർണം പല സമയത്തായി ഉസ്‌ബെക്കിസ്‌താന് കിട്ടിയിട്ടുണ്ട്. സ്പോർട്സിന് സോവിയറ്റ് കാലം മുതൽ വലിയ താൽപ്പര്യമുള്ള സ്ഥലങ്ങളാണ്. ഇപ്പോഴും ധാരാളം ട്രെയിനിങ് കേന്ദ്രങ്ങൾ കാണാം. ഇതൊക്കെ കണ്ടും എങ്ങനെയൊക്കെയാണ് ലോക രാജ്യങ്ങൾ വിവിധ രംഗങ്ങളിൽ മുന്നേറുന്നത് എന്ന് ആലോചിച്ചും ഞങ്ങൾ മുന്നോട്ട് നടന്നു.
എന്തായാലും താഷ്‌ക്കന്റിൽ ആദ്യം കാണേണ്ടത് ലാൽബഹദൂർ ശാസ്ത്രി താമസിച്ചിരുന്ന ഹോട്ടൽ താഷ്കെന്റ് ആണ്. ഇന്ന് ആ ഹോട്ടൽ പുതിയൊരു പേരിലാണ് അറിയപ്പെടുന്നത്. ഇവിടെയാണ് 1965 ൽ ഇന്തോ- പാകിസ്താൻ യുദ്ധം അവസാനിപ്പിക്കുന്ന കരാർ ഒപ്പിട്ട ദിവസം രാത്രി ഇന്ത്യയുടെ പ്രധാന മന്ത്രി ആയിരുന്ന ലാൽബഹദൂർ ശാസ്ത്രി അന്തരിക്കുന്നത്. അക്കാലത്തു അത് വലിയൊരു വിവാദമായിരുന്നു. മരണത്തെ തുടർന്ന് ധാരാളം ഗൂഢാലോചന സിദ്ധാന്തങ്ങൾ ഉണ്ടായി. സ്വാഭാവിക മരണമല്ല കൊലപാതകമാണെന്നും കൊന്നത് സോവിയറ്റ് ചാരന്മാരോ പാക്കിസ്ഥാനികളോ ഇന്ത്യക്കാർ തന്നെയോ ആണെന്നും പലതരം തിയറികളുണ്ടായി. ഇതേക്കുറിച്ചു ധാരാളം പുസ്തകങ്ങളും സിനിമയുമുണ്ടായി. എന്നാൽ ഇതിനൊന്നും കൃത്യമായ തെളിവുകൾ ഉണ്ടായില്ല. അങ്ങനെ, ലാൽ ബഹാദൂർ ശാസ്ത്രി റോഡ് ലാക്കാക്കിയായി ഞങ്ങളുടെ നടപ്പ്.
രാവിലെ എല്ലാവരും വീടിന്റെ എല്ലാഭാഗവും പുറത്തെ പാതയും വൃത്തിയാക്കുകയാണ്. ഈ വൃത്തിയാക്കൽ കൗതുകപൂർവ്വം കണ്ടുനടക്കുമ്പോൾ ഒരു വീട്ടിൽ നിന്നും ഒരു സ്ത്രീ പുറത്തിറങ്ങി വന്നു. അവർ ഞങ്ങളെ സൂക്ഷിച്ചുനോക്കി. “ഹിന്ദുസ്ഥാനി,” അവർ ചോദിച്ചു. അതേ എന്ന് പറഞ്ഞപ്പോൾ അവരുടെ മുഖത്തിനുണ്ടായ തിളക്കം ഞങ്ങൾക്ക് വിവരിക്കാൻ വയ്യ. “വരൂ വരൂ..വീട്ടിലേക്ക് വരൂ.” അവർ അപ്രതീക്ഷിതമായി പറഞ്ഞു. പഴയ നല്ല ഒരു വീടാണ്. വലിയ മുറ്റമുണ്ട്. കുറെ മരങ്ങൾ നിറഞ്ഞുനിൽക്കുന്നു. വരൂ ചായ കുടിക്കാം. ഞങ്ങൾക്ക് ഈ ആതിഥ്യം സ്വീകരിക്കാൻ സന്തോഷമേ ഉള്ളൂ. പക്ഷെ ഈ നഗരത്തിൽ ആദ്യ ദിവസമാണ്. ധാരാളം കാണാനുണ്ട്. മൂന്ന് ദിവസം പോലുമില്ല. എന്ത് പറയും? അവർ പ്രതീക്ഷയോടെ പറഞ്ഞു. “എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് നിങ്ങളുടെ നാട്ടിൽ നിന്നുള്ള പാട്ടുകൾ. അത് ഞാൻ എപ്പോഴും കേട്ടുകൊണ്ടിരിക്കും. അതിന് മാത്രമായി എനിക്കൊരു സംഗീത പെട്ടിയുണ്ട്. ഞാൻ കൂടെ പാടും.”
ബിന്ദു അവരെ ചേർത്തുനിർത്തി ചുംബിച്ചു. നിങ്ങളുടെ ക്ഷണത്തിന് വലിയ നന്ദി. ഞങ്ങൾ മറ്റൊരിക്കൽ വരാം. ഇന്ന് ആദ്യമായി നഗരം കാണാൻ ഇറങ്ങിയതാണ്. അവർ പ്രേമത്തോടെയാണ് ബിന്ദുവിനെ നോക്കുന്നത് എന്ന് ഞങ്ങൾക്ക് തോന്നി. പഴയ ഹിന്ദി സിനിമകളിലെ രംഗങ്ങളിൽ നിന്ന് വന്ന കാമുകി എന്ന പോലെ അവളുടെ മുഖം ചുവന്നു. വിഷമത്തോടെ അവരോടും യാത്ര പറഞ്ഞുപിരിഞ്ഞു.
ക്രമേണ ഞങ്ങൾ നഗരത്തിന്റെ പ്രധാന പാതയിൽ എത്തി. വലിയ വിശാലമായ റോഡുകൾ. ആധുനിക നഗരങ്ങളുടെ സ്വഭാവത്തിലുള്ള വലിയ കെട്ടിടങ്ങൾ. പാർക്കുകൾ. നടപ്പാതകൾ.
ടിയാൻ ഷെൻ മലനിരകളിൽ നിന്ന് വരുന്ന ചിർച്ചിക്ക് നദിയുടെ കരയിൽ 1500 വർഷം മുൻപുണ്ടായ നഗരമാണ്. താഷ്കെന്റ് എന്നാൽ കല്ലുകളുടെ നഗരം എന്നർത്ഥം. ഇവിടെ ധാരാളം മ്യൂസിയങ്ങൾ ഉണ്ട്. ഓപ്പറ ബാലേ തിയേറ്റർ ഉണ്ട്. ചരിത്ര സ്മാരകങ്ങളും പാർക്കുകളുമുണ്ട്. എങ്ങോട്ട് നടക്കണം?
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് ഈ നഗരത്തിന്റെ ഡെമോഗ്രഫി കാര്യമായി മാറിയത്. റഷ്യയിൽ നിന്നുള്ള അഭയാർത്ഥികൾ നേരെ ഇങ്ങോട്ടാണ് വന്നത്. അതോടെ ഉസ്ബക്ക് ജനസംഖ്യ ന്യൂനപക്ഷമായി. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ശേഷം ധാരാളമാളുകൾ തിരിച്ചുപോയി. എന്നാൽ പല യൂറേഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള ധാരാളം ആളുകളെ നമുക്കിവിടെ കാണാം.
അടുത്തു കണ്ടത് താഷ്കെന്റിൽ 1966 ൽ ഉണ്ടായ ഭൂകമ്പത്തിന്റെ സ്മാരക കെട്ടിടമാണ്. താഷ്കെന്റ് കണ്ടിട്ടുള്ള ഏറ്റവും വലിയ ഭൂകമ്പത്തിൽ കാര്യമായ മരണമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. എന്നാൽ ഒരുലക്ഷത്തോളം കെട്ടിടങ്ങളാണ് തകർന്നത്. റഷ്യയിൽ നിന്നും മറ്റു സോവിയറ്റ് ബ്ലോക്കുകളിൽ നിന്നും ആയിരക്കണക്കിന് തൊഴിലാളികളാണ് പുനരുജ്ജീവന പ്രവർത്തനത്തിനായി എത്തിയത്. വെറും നാലു വർഷം കൊണ്ട് അവർ ഈ നഗരത്തെ പുനർനിർമ്മിച്ചു. അന്നുമുതലാണ് ഈ വിശാലമായ ബോൾവാർഡും അതിനു ചുറ്റുമായി സോവിയറ്റ് ബ്രൂട്ടലിസ്റ്റ് ആർക്കിടെക്ച്ചറിന്റെ ഉത്തമ നിദർശനമായി കരുതുന്ന അപാർട്മെന്റ് ബ്ലോക്കുകളൂം ഉണ്ടാവുന്നത്.
താഷ്കെന്റ് സന്ദർശിക്കുന്നവർ ഈ പഴയ പോസ്റ്റ് എർത്ത് ക്വേക് കെട്ടിടങ്ങളെ പുച്ഛത്തോടെയാണ് നോക്കുന്നത്. തരംകിട്ടിയപ്പോൾ ഇവർ അവരുടെ വൃത്തികെട്ട സോവിയറ്റ് കെട്ടിട നിർമാണ ശൈലി ഇവിടെകൊണ്ടുവന്നു എന്നാണ് ആക്ഷേപം. വെറും മൂന്ന് വർഷം കൊണ്ട് വീട് നഷ്ടപ്പെട്ടവർക്കെല്ലാം വീട് നൽകി എന്ന രീതിയിലാണ് ഞങ്ങൾ ഇതിനെ കണ്ടത്. സോവിയറ്റ് സിസ്റ്റത്തെ വിമർശിക്കാൻ ഏറെ ഉണ്ട്. എന്നാൽ വീടില്ലാത്തവർക്ക് വീട് നൽകുന്നതിൽ അവർ നൽകിയ ശ്രദ്ധയെ ഇകഴ്ത്തുന്ന പാശ്ചാത്യ ബുദ്ധിജീവികളോട് ഞങ്ങൾക്ക് യോജിക്കാനാവില്ല.
ഞങ്ങളിപ്പോൾ നടക്കുന്നത് നഗരത്തിലെ പ്രധാനപ്പെട്ട ഇൻഡിപെൻഡൻസ് ചത്വരത്തിൽ കൂടിയാണ്. പണ്ട് ഇത് ലെനിൻ സ്‌ക്വയർ ആയിരുന്നു.
പഴയ സോവിയറ്റ് ഓർമ്മകൾ പൂർണമായും തുടച്ചുമാറ്റുക എന്നതായിരുന്നു ഇസ്ലാം കരീമോവിന്റെ പ്രധാന പരിപാടി. എല്ലാ ഏകാധിപതികളും ആദ്യം ചെയ്യുന്നത് പോലെ സ്ഥലങ്ങളുടെയും തെരുവുകളുടെയും റോഡുകളുടെയും പേരുകൾ മാറ്റുക എന്നതായിരുന്നു ആദ്യ നടപടി. അങ്ങനെ പ്രശസ്തയായ റഷ്യൻ കവി അന്നാ അഖ്‌മത്തോവയുടെ പേരിലുള്ള റോഡ് ബ്ലസിങ് സ്ട്രീറ്റ് ആയി മാറി. ലെനിൻ സ്ക്വയർ, ഇൻഡിപെൻഡൻസ് സ്‌ക്വയർ ആയി. വിപ്ലവ സരണി, അമീർ തിമൂർ ചത്വരമായി. ലെനിന്റെ പ്രതിമയ്ക്ക് പകരം ലോകഭൂപടത്തിൽ ഉസ്ബെക്കിസ്ഥാനെ കാണിക്കുന്ന ഗ്ലോബ് വന്നു. മാർക്സിനു പകരം അമീർ തിമൂർ വന്നു. ഉസ്ബെക്ക് ദേശീയതയുടെ പ്രതീകമായി ഇസ്ലാം കരിമോവ് കൊണ്ടുവന്നത് പാശ്ചാത്യ ലോകം ഒരു അധിനിവേശ അക്രമി ആയി കരുതുന്ന തിമൂറിനെയാണ്. സോവിയറ്റ് ലെഗസിക്ക് പകരം ചരിത്രത്തിൽ എവിടെയോ ഉള്ള ദേശീയ സ്വത്വം കണ്ടെത്താനുള്ള കഠിന പ്രയത്നത്തിൽ ആയിരുന്നു ഇസ്ലാം കരിമോവ്. ഈ പ്രയാണത്തിൽ അയാൾ മറ്റൊരു ഏകാധിപതിയായി മാറി.
ഈ പേരുമാറ്റൽ ഒരു രോഗമായി മാറി. കമ്മ്യൂണിസവുമായി ഒരു ബന്ധവുമില്ലാത്ത മഹത് വ്യക്തികളുടെ പേരിലുള്ള തെരുവുകളുടെയും പേരുകൾ മാറ്റിത്തുടങ്ങിയപ്പോഴാണ് താഷ്‌ക്കന്റിൽ അതൃപ്‌തി ഉയർന്നു തുടങ്ങിയത്. പുഷ്കിൻ തെരുവിന്റെ പേര് മാറ്റി. ജനകീയം എന്നോ സൗഹൃദം എന്നോ പേരിലുണ്ടെങ്കിൽ അതൊക്കെ മാറ്റി. രണ്ടാം ലോകമഹായുദ്ധത്തിൽ നിന്ന് ദേശാഭിമാനം എന്ന വാക്ക് മാറ്റി. ഇങ്ങനെയാണെങ്കിൽ സാന്താക്ളോസിന്റെയും പേര് മാറ്റേണ്ടിവരും എന്ന രീതിയിലുള്ള പരിഹാസം ഉയർന്നുവന്നു.
ഈ അമീർ തിമൂർ ഭക്തി അറിയാൻ ഞങ്ങൾ അയാളുടെ പേരിലുള്ള മ്യൂസിയത്തിൽ ഒന്ന് കയറി നോക്കി. ഇസ്ലാം കരീമോവിനെ പ്രകീർത്തിക്കാനായി തിമൂറിനെ ഉപയോഗിച്ച പ്രതീതിയാണ് കണ്ടുകഴിഞ്ഞപ്പോൾ ഞങ്ങൾക്ക് തോന്നിയത്.
സംഗതി സാമാന്യം ബോറായതിനാൽ ഞങ്ങൾ എൻട്രി ഫീയുടെ നഷ്ടം സഹിച്ചു പുറത്തിറങ്ങി.
സത്യത്തിൽ ഈ യാത്ര പുറപ്പെടുന്നതുവരെ സോവിയറ്റ് കാലം കഴിഞ്ഞുള്ള മധ്യേഷ്യൻ രാജ്യങ്ങളുടെ ചരിത്രം എനിക്ക് ഏറെക്കുറെ അജ്ഞാതമായിരുന്നു. സോവിയറ്റ് കാലം മെച്ചപ്പെട്ട തൊഴിലും മുകളിൽ കൂരയും ഭക്ഷണവും ആരോഗ്യ സംവിധാനങ്ങളും നൽകിയെങ്കിലും സ്വാതന്ത്ര്യം എന്നൊരു സങ്കൽപം തന്നെ അവിടെ ഉണ്ടായിരുന്നില്ല എന്നതാണ് ഏറ്റവും അധികം നമുക്ക് പരിചിതമായ ആരോപണം. അപ്പോൾ പോസ്റ്റ് സോവിയറ്റ് സമൂഹങ്ങളിൽ പുതുതായി ലഭിച്ച ഈ സ്വാതന്ത്ര്യം എങ്ങനെയാണ് പ്രവർത്തിച്ചത് എന്നറിയാൻ ഞങ്ങൾക്ക് വലിയ കൗതുകമായിരുന്നു. അങ്ങനെ നോക്കിയപ്പോൾ ഇസ്ലാം കരിമോവിന്റെ ഭരണ കാലം ഈ സമൂഹം കണ്ട ഏറ്റവും കഠിനമായ ഏകാധിപത്യമാ യിരുന്നു എന്നത് ഞങ്ങളെ ഞെട്ടിച്ചു.
അത് മാത്രമല്ല, ഈ സോവിയറ്റ് പ്രദേശങ്ങളെ എത്ര സമർത്ഥമായാണ് അമേരിക്ക ഉപയോഗപ്പെടുത്തിയത് എന്നതും മനസ്സിലാക്കണം. അഫ്ഘാനിസ്ഥാൻ യുദ്ധത്തിന്റെ ബേസ് ക്യാമ്പുകൾ ആയാണ് അമേരിക്ക ഈ രാജ്യങ്ങളെ ഉപയോഗിച്ചത്. അമേരിക്കൻ യുദ്ധ വിമാനങ്ങൾക്ക് വേണ്ട ഇന്ധനം നിറയ്ക്കുന്നത് ഉസ്ബെക്കിസ്ഥാനിലും കിർഗിസ്ഥാനിലുമുള്ള പ്രത്യേകം സജ്ജീകരിച്ച വിമാന താവളങ്ങളിൽ ആയിരുന്നു. ഇത്തരം സജ്ജീകരണങ്ങൾ നൽകുന്നതിനുള്ള പ്രത്യുപകാരമായി ഇവിടെ വളർന്ന ഏകാധിപത്യ പ്രവണതകളോടും അഴിമതിയോടും അമേരിക്ക കണ്ണടയ്ക്കുകയായിരുന്നു.
ഉസ്ബെക്കിസ്ഥാനിൽ സൈനിക താവളങ്ങൾ നൽകുന്നതിന് പകരമായി ഇന്ധന വ്യാപാരത്തിന്റെ വലിയൊരു പങ്ക് കരിമോവും കുടുംബവും കരസ്ഥമാക്കി. കരിമോവിന്റെ കീഴിൽ മനുഷ്യാവകാശ ലംഘനങ്ങൾ പരിധിയില്ലാതെ തുടർന്നു. സ്വന്തം താൽപ്പര്യം സംരക്ഷിക്കാൻ അമേരിക്ക ഇതിനോട് കണ്ണടയ്ക്കുകയും ചെയ്തു.
എന്നാൽ, ഈ അമിതാധികാര പ്രവണതകളും മനുഷ്യാവകാശ ലംഘനവും ചോദ്യം ചെയ്തത് ഉസ്ബെക്കിസ്ഥാനിൽ എത്തിയ ബ്രിട്ടീഷ് അംബാസഡർ ക്രൈഗ് മുറെ ആയിരുന്നു. മർഡർ ഇൻ സമർഖണ്ഡ് എന്ന പുസ്തകം കരിമോവിന് വലിയ തിരിച്ചടിയായി. ക്രൈഗ് മുറെയ്ക്ക് രാജ്യം വിട്ടുപോകേണ്ടി വന്നു.
എങ്കിലും അഴിമതി ഇന്ഡക്സില് 159 ൽ 137 ആം സ്ഥാനത്തു ഉസ്‌ബെക്കിസ്ഥാൻ എങ്ങനെ എത്തി എന്ന ചോദ്യം ഉത്തരമില്ലാതെ തുടരുന്നു.
സോവിയറ്റ് തുടർച്ചയ്ക്ക് പകരമായാണ് ആമിർ തിമൂർ വഴി പുതിയൊരു ദേശീയ സ്വത്വം കണ്ടെത്താൻ കരിമോവ് ശ്രമിച്ചത്. എന്നാൽ സഹസ്രാബ്ദങ്ങളോളം നൊമാഡിക് ജീവിത ശൈലി തുടർന്നിരുന്ന ഈ രാജ്യത്ത് ഇത്തരമൊരു സ്വത്വ നിർമാണം എങ്ങനെ അവസാനിക്കും എന്ന് കാത്തിരുന്ന് കാണേണ്ടിവരും.
സമർഖണ്ഡിലെ ഒരു അനാഥാലയത്തിലാണ് കരിമോവ് വളർന്നത്. പിന്നീട് എഞ്ചിനീയറിംഗ് പഠിക്കുകയും ക്രമേണ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉയർന്ന പദവികളിൽ എത്തുകയും ചെയ്തു. പിൽക്കാലത്ത് ഉസ്ബെക്കിസ്ഥാന്റെ പ്രസിഡന്റ് ആയപ്പോൾ അയാൾക്ക് ജനാധിപത്യ മര്യാദകൾ പുലർത്താൻ ശ്രമിച്ച കിർഗിസ് നേതൃത്വത്തോട് പുച്ഛമായിരുന്നു.
എന്തായാലും രോഗബാധിതനായി മരിക്കുന്നതുവരെ കരിമോവിനെ സ്പർശിക്കാൻ ആർക്കും കഴിഞ്ഞില്ല. എന്നാൽ കരിമോവിനു ശേഷം വന്ന ഭരണകൂടം കരിമോവിന്റെ മകളെ ഇപ്പോൾ അഴിമതി കേസിൽ തടവിലിട്ടിരിക്കുകയാണ്.
ഇന്ന് സമർഖണ്ഡിൽ, തിമൂറിന്റെ ഖബറിനെക്കാൾ വലിപ്പത്തിൽ കരിമോവിന്റെ ശവകുടീരം സൃഷ്ടിച്ചിരിക്കുന്നു. ഞങ്ങൾക്ക് അങ്ങോട്ട് കയറാൻ പോലും തോന്നിയില്ല. ചരിത്രം ഇയാളെ എങ്ങനെ വിലയിരുത്തും എന്നത് കാത്തിരുന്ന് കാണുക തന്നെ വേണം.
രണ്ട് പോസ്റ്റ് സോവിയറ്റ് രാജ്യങ്ങളിലൂടെ ഏകദേശം ഒരുമാസം സഞ്ചരിക്കുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ ഓർക്കുന്നത് സോവിയറ്റ് കാലത്തെക്കുറിച്ചു തന്നെയാണ്. ഇതേക്കുറിച്ചു സാഹിത്യത്തിൽ നോബൽ സമ്മാനം നേടിയ സ്വേറ്റ്‌ലാന അലക്സിയെവിച്ച് എഴുതിയ “സെക്കൻഡ് ഹാൻഡ് ടൈം: ദി ലാസ്റ്റ് ഓഫ് ദി സോവിയറ്റ്സ്” എന്നൊരു പുസ്തകമുണ്ട്. ക്ലാവ് പിടിച്ച കാലം എന്ന് ഇതിനൊരു മലയാളം തർജ്ജമയുമുണ്ട്. ഈ പുസ്തകമാണ് യാത്രയ്ക്കിടയിൽ ഞങ്ങൾ ഏറെ വായിച്ചത്.
സത്യത്തിൽ സോവിയറ്റ് കാലഘട്ടത്തിൽ കേരളത്തിൽ ജീവിച്ചിരുന്നവർക്ക് ഇത് ഗൃഹാതുരമായ ഒരു ഓർമ്മയാണ്. തിരുവനന്തപുരത്തെ റഷ്യൻ കൾച്ചറൽ സെന്ററിൽ പോയി “Battleship Potemkin” അടക്കമുള്ള സിനിമകൾ കണ്ടതും മനോഹരമായ കവറിൽ മൃദുവായ കടലാസ്സിൽ വരുന്ന റഷ്യൻ പുസ്തകങ്ങൾ വായിച്ചതും ഞങ്ങളുടെ ബാല്യകാല സ്മരണകളാണ്. സോവിയറ്റ് തകർച്ച ഞങ്ങളുടെ തലമുറയ്ക്ക് വലിയ ഞെട്ടലാണുണ്ടാക്കിയത്. ലെനിന്റെ പിഴുതെടുത്ത പ്രതിമ കാറ്റിലാടുന്നത് കാണുമ്പൊൾ വ്യക്തിപരമായ ഒരു ആഘാതം ഏറ്റ പോലെയാണ് ഞങ്ങളുടെ തലമുറയ്ക്ക് തോന്നിയത്. ഇതേവരെ കേട്ടതെല്ലാം പൂർണമായും നുണകളിൽ സൃഷ്ടിച്ച കഥകൾ ആയിരുന്നോ?
എന്നാൽ സ്വെറ്റ്‌ലാനയുടെ പുസ്തകം സോവിയറ്റ് സമൂഹത്തിന്റെ രണ്ടു ചിത്രങ്ങളും പറയുന്നു. ഇത് ഓർമ്മകളുടെ ഒരു സമാഹാരമാണ്. എഴുത്തുകാരിയുടെ വ്യാഖ്യാനങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ ഒരു കഥയും അവർ വിട്ടുകളയുന്നുമില്ല. ഇത് വസ്തുതകളുടെ ശേഖരമല്ല. മറിച്ച് ജനങ്ങളുടെ വൈകാരികമായ കഥകൾ മാത്രമാണ്. ഗുലാഗുകളിൽ കുടുങ്ങിപ്പോയവരുടെ കഥകൾ മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെ കഥകൾ വരെ അവർ പറയുന്നുണ്ട്. രാത്രിയിൽ അപ്രതീക്ഷിതമായി കേൾക്കുന്ന വെടിയൊച്ചയും നഗരത്തിൽ കാണുന്ന അനാഥ ശവങ്ങളും നമ്മളെ ഞെട്ടിക്കുന്നുണ്ട്. ഒപ്പം തന്നെ തങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ച സമൂഹം എന്തായിരുന്നു എന്ന് പഴയ പാർട്ടി പ്രവർത്തകരുടെ വിലാപമുണ്ട്. ഇപ്പോൾ വന്ന മാറ്റങ്ങളും പ്രതീക്ഷകൾക്ക് വന്ന മങ്ങലും ഈ കഥകളിലുണ്ട്. വായനശാലകളും സാംസ്കാരിക സായാഹ്നങ്ങളും അപ്രത്യക്ഷമായതും പകരം വലിയ വില്പനശാലകൾ മാത്രം സമൂഹത്തിന്റെ അടിസ്ഥാന ഘടകമായതും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
എനിക്കോ നിങ്ങൾക്കോ കഥകൾ കേൾക്കുക എന്നതല്ലാതെ വിധി പറയാൻ എന്താണ് അവകാശം എന്നാണ് സ്വെറ്റ്‌ലാന പറയുന്നത്.
കെ ടി രാംമോഹൻ പറഞ്ഞപോലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ മീറ്റിങ് നടന്ന കെട്ടിടം കണ്ടുപിടിക്കാനുള്ള ശ്രമമൊന്നും വിജയിച്ചില്ല. മുപ്പത് വർഷം മുൻപുള്ള കമ്മ്യൂണിസ്റ്റ് ചരിത്രം പോലും മായ്ച്ചു കളഞ്ഞ ഒരു നഗരത്തിൽ ഒരു നൂറ്റാണ്ട് മുൻപുള്ള ഒരു ചെറിയ മീറ്റിങ് എവിടെ രേഖപ്പെടുത്താനാണ്?
എന്തായാലും ആ ചരിത്രം വായിക്കുന്നത് രസകരമായിരുന്നു. 1920 ഒക്ടോബർ 17 നാണ് എം എൻ റോയിയുടെ നേതൃത്വത്തിൽ ഈ മീറ്റിങ് നടക്കുന്നത്. അവിടെ വച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന പേരിൽ ആദ്യത്തെ സംഘടനാ രൂപം ഉണ്ടാവുന്നത്. ഏഴ് പേരാണ് ഈ മീറ്റിങ്ങിൽ പങ്കെടുത്തത്. മീറ്റിങ് അവസാനിക്കുന്നത് തൊഴിലാളി വർഗ്ഗത്തിന്റെ സാർവദേശീയ ഗാനം ആലപിച്ചുകൊണ്ടാണ്. മൂന്ന് വർഷം മുൻപ് നടന്ന റഷ്യൻ വിപ്ലവത്തിന്റെ സ്വാധീനത്തിലാണ് ലോകമെമ്പാടും ഇത്തരം തൊഴിലാളി വർഗ മുന്നേറ്റങ്ങൾ നടക്കുന്നതും കമ്മ്യൂണിസ്റ്റ് പാർട്ടികൾ രൂപപ്പെടുന്നതും.
ഈ മീറ്റിങ് സെക്രട്ടറിയായി തിരഞ്ഞെടുത്തത് മുഹമ്മദ് ഷെഫീക്കിനെ ആയിരുന്നു. എന്ന് വായിച്ചപ്പോൾ ഞങ്ങൾക്ക് കൗതുകം തോന്നി. ഈ പേര് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ചരിത്രത്തിൽ അത്ര കേട്ടിട്ടില്ലല്ലോ. ആരായിരുന്നു ഇദ്ദേഹം? പിന്നീട് ഇദ്ദേഹത്തിന് എന്ത് സംഭവിച്ചു?
മറ്റൊരു യാദൃച്ഛികതയിലാണ് മുഹമ്മദ് ഷെഫീക്കിനെ കുറിച്ചുള്ള ഒരു കവിത വായിക്കുന്നതും. വി അബ്ദുൽ ലത്തീഫിന്റെ ‘കവിതയാണ്.
“മുഹമ്മദ് ഷഫീക്ക് ആരായിരുന്നു? അയാൾക്ക് എന്ത് സംഭവിച്ചു?” എന്നാണ് കവിതയുടെ പേര്.
പത്തൊൻപതാം വയസ്സിൽ ബാബ്-ഇ-ഖൈബർ വഴി കാബൂളിലും അവിടെ നിന്ന് മധ്യേഷ്യയിലേക്കും തജിക്ക് സംഗീതം കേട്ട് അമു ദാരിയ നദിക്കരയിലൂടെ ബോൾഷെവിക്കുകൾ നൽകിയ അന്നവും വെള്ളവും സ്വീകരിച്ച് ബൊഖാറ വഴി താഷ്കെന്റിലെത്തി എം എൻ റോയിയെ കാണുന്ന യാത്ര മുഴുവൻ ഈ കവിതയിലുണ്ട്. ഇതെല്ലാം ഞങ്ങൾ കടന്നുവന്ന വഴികളിൽ ചിലതായിരുന്നല്ലോ എന്ന് അപ്പോൾ ആലോചിച്ചു.
താഷ്‌ക്കന്റിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കി. മുഹമ്മദ് ഷഫീക്ക് അതിന്റെ സെക്രട്ടറി ആയി. അവരുടെ പാർട്ടിക്ക് എന്ത് സംഭവിച്ചു? റോയ് ചൈനയിലേക്ക് പോയപ്പോൾ മുഹമ്മദ് ഷഫീക്ക് അലഞ്ഞുതിരിഞ്ഞു ഇറാനിലെത്തി. 1923 ൽ ബ്രിട്ടൺ അയാളെ ചങ്ങലക്കിട്ട് ജയിലിലിട്ടു. എന്തായാലും 1932 നു ശേഷം അയാളെക്കുറിച്ച് ഒരു വിവരവുമില്ല.
“ശരിക്കും മുഹമ്മദ് ഷെഫീക്ക് ആരായിരുന്നു?
അയാൾക്കെന്താവും സംഭവിച്ചത്?”
എന്ന് ചോദിച്ചാണ് കവിത അവസാനിക്കുന്നത്.
ചരിത്രത്തിന്റെ അപൂർണമായ ചിത്രങ്ങളുമായി ഞങ്ങൾ താഷ്‌ക്കന്റിൽ അലഞ്ഞുനടന്നു.
ഞങ്ങൾ യാത്ര തുടങ്ങിയിട്ട് ഇപ്പോൾ ഏകദേശം നാലാമത്തെ ആഴ്ചയാണ്. അനുഭവങ്ങളും ഓർമകളും സാഹസങ്ങളും ഇടകലർന്ന യാത്ര ഞങ്ങളെ ഒരല്പം ക്ഷീണിപ്പിച്ചു എന്ന് പറയാതെ വയ്യ. മാത്രമല്ല ഒരുമാസത്തോളമായി എന്തെങ്കിലും ഇന്ത്യൻ ഭക്ഷണം കഴിച്ചിട്ട്. താഷ്‌ക്കന്റിൽ ഉഗ്രൻ ഇന്ത്യൻ റെസ്റ്റോറന്റുകളുണ്ട് എന്ന് ഇവിടെ ഏറെക്കാലം കഴിഞ്ഞ ദേവൻ വർമ്മ പറഞ്ഞിരുന്നു. അതിലൊന്നിന്റെ പേര് തന്നെ രാജ്‌കപൂർ റെസ്റ്റോറന്റ് എന്നാണ്. ആ കെട്ടിടം അന്വേഷിച്ചായി ഞങ്ങളുടെ നടത്തം. ഹോട്ടൽ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. ലെ ഗ്രാൻഡ് പ്ലാസ എന്ന പഴയ കെട്ടിടത്തിനുള്ളിലാണ് രാജ്‌കപൂർ റെസ്റ്റോറന്റ്.
1992 ൽ സോവിയറ്റ് തകർച്ചയ്ക്ക് തൊട്ടുമുൻപ് ഇന്ത്യൻ ഗവണ്മെൻറ്റ് യു എസ് എസ് ആറിന് ഒരു വ്യാപാര സമ്മാനമായി നൽകിയതാണ് ഈ ഹോട്ടൽ. ഇതിന്റെ നിർമാണത്തിന്റെ ഭാഗമായാണ് ദേവൻ വർമ്മ ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായി ഇവിടെയെത്തുന്നത്.
“ഇന്ത്യയും യു എസ് എസ് ആറും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായി ഹോട്ടൽ ലോബിയിൽ ഇന്ത്യൻ ഉസ്ബെക്ക് ഇമേജുകളുടെ മൊസൈക് അബ്സ്ട്രാക്റ്റും ഒപ്പം ഒരു നടരാജ പ്രതിമയും ഞങ്ങൾ നിർമിച്ചു.” ദേവൻ ഓർക്കുന്നു: “ അക്കാലത്തു യു എസ് എസ് ആറിൽ ജനകീയ കലാകാരൻ എന്നറിയപ്പെട്ടിരുന്ന അസ്ലാം ബുഖാറയെവ് ആണ് കലാപരമായ ഈ ഇൻസ്റ്റലേഷന് നേതൃത്വം നൽകിയത്. ശിവ ട്രിലജിയൊക്കെ അന്ന് അദ്ദേഹത്തോട് പറയുന്നത് ഞാൻ ഓർക്കുന്നു. എല്ലാ ദിവസവും കഠിനമായ പണി കഴിഞ്ഞു പിലാഫും വോഡ്‌കയുമായി ഞങ്ങൾ സായാഹ്നങ്ങൾ ചെലവിടും. പണി തീരുന്ന ദിവസം ബുഖാറയെവ് എനിക്ക് കളിമണ്ണിൽ തീർത്ത ഒരു മൃച്ഛകടികം സമ്മാനമായി നൽകി.” ദേവൻ പറഞ്ഞു.
ഒടുവിൽ നടന്നു നടന്നു ഞങ്ങൾ രാജ്‌കപൂർ റെസ്റ്റോറന്റിൽ എത്തി. ദേവൻ പറഞ്ഞ നടരാജ വിഗ്രഹത്തിന്റെ മുന്നിൽ നിന്ന് പടമെടുത്ത് അപ്പോൾ തന്നെ ദേവന് അയച്ചുകൊടുത്തു.
ദാൽ കറിയും പനീറും ചപ്പാത്തിയും മാത്രമേ ഞങ്ങൾ ഓർഡർ ചെയ്തുള്ളു. ഒപ്പം ഒരു താലിയും. വെണ്ടയ്ക്കയും പുതിന ചട്ടിണിയും ഗുലാബ് ജാമുനും ഒക്കെ നിറച്ച ഒരു ചെറിയ താലി. രുചിയുടെ ആദ്യ സ്പർശത്തിൽ അക്ഷരാർത്ഥത്തിൽ ഞങ്ങളുടെ കണ്ണ് നിറഞ്ഞുപോയി. ഭക്ഷണമാണ് നിങ്ങളുടെ സ്വത്വത്തെ അടിസ്ഥാനപരമായി നിർവചിക്കുന്നത് എന്നും രുചിയാണ് നിങ്ങളുടെ പ്രാക്തന സ്‌മൃതികളെ ഉണർത്തുന്നത് എന്നും ഞങ്ങൾ കണ്ടെത്തിയ അസുലഭ നിമിഷമായിരുന്നു അത്.
ചപ്പാത്തി പാലക്കിൽ മുക്കി ആദ്യത്തെ രുചി നുണയുമ്പോൾ ബിന്ദു കരഞ്ഞു. “എന്തൊക്കെ യുക്തിവാദവും ഭക്ഷണത്തിന്റെ കെമിക്കൽ കോമ്പോസിഷനുമൊക്കെ പറഞ്ഞാലും അതിനു മീതെയാണ് ഈ വമ്പൻ എപിജെനറ്റിക്‌സും അതിന്റെ സാധ്യതകളും, മോനെ സാജാ…” എന്നാണ് ജ്യോതി അരയമ്പത്തു എന്നെ ഓർമിപ്പിച്ചത്.
എന്തായാലും വയറു നിറഞ്ഞ സന്തോഷത്തിൽ ഞങ്ങൾ നഗരത്തിലെ പാർക്കുകളിൽ ഒന്നിൽ പോയി വെറുതെ ഇരുന്നു. നഗരത്തിന്റെ ചലനങ്ങൾ നോക്കിക്കൊണ്ടിരുന്നു. സത്യത്തിൽ ഒരാഴ്ച മുൻപ് ഇവിടെ വന്നിരുന്നെങ്കിൽ താഷ്‌ക്കന്റിൽ കഴിഞ്ഞ അഞ്ചുവർഷമായി താമസിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരി ദീപ ശങ്കറിനെ കാണാമായിരുന്നു. നിർഭാഗ്യവശാൽ യൂണിസെഫിൽ ജോലി ചെയ്യുന്ന ദീപ കൃത്യം ഒരാഴ്ച്ച മുൻപ് ഇവിടെ നിന്ന് ട്രാൻസ്ഫർ ആയി ധാക്കയിലേക്ക് പോയി. ദീപ ഉണ്ടായിരുന്നെങ്കിൽ ഈ രാജ്യത്തെക്കുറിച്ചു നമുക്കറിയാത്ത ധാരാളം കാര്യങ്ങൾ പഠിക്കാൻ പറ്റിയേനെ. വിനോദ സഞ്ചാരികൾ കാണാത്ത ധാരാളം യാഥാർഥ്യങ്ങൾ പറയാനുണ്ട് എന്ന് ദീപ പറയുമായിരുന്നു. ഇങ്ങോട്ട് ജോലിയായി വന്നപ്പോൾ പലരും കളിയാക്കിയത്രേ, വേറെ നല്ല സ്ഥലമൊന്നും കിട്ടിയില്ലേ, എന്ന് ചോദിച്ച്. എന്നാൽ തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു ഇത് എന്ന് ദീപ പറയും സാരമില്ല. ദീപ ഇപ്പോൾ ബംഗ്ലാദേശിൽ ഉണ്ടല്ലോ. എങ്കിൽ അടുത്ത യാത്ര അങ്ങോട്ടാവാം, ഞങ്ങൾ സ്വയം പറഞ്ഞു.
തിരിച്ചും ഹോട്ടലിലേക്ക് കുറെ നടക്കുകയും കുറച്ചുദൂരം ബസ്സിൽ സഞ്ചരിക്കുകയും ചായക്കടയിലെ കൂട്ടുകാരിയെ കണ്ടു സന്തോഷം അറിയിക്കുകയും ചെയ്‌ത് മുറിയിലെത്തി.
പിറ്റേന്ന് പോയത് നഗരത്തിലെ പ്രധാന ആകർഷണമായ ചോർസു ബസാർ കാണാനാണ്. ഒറ്റ നോട്ടത്തിൽ ഉയർന്നുവളർന്നു നിൽക്കുന്ന ഒരു വലിയ അക്വാമറൈൻ ഡോമും അതിന് ചുറ്റും ധാരാളം ചെറിയ നീലനിറത്തിൽ തന്നെയുള്ള ഡോമുകളും ആണ് കാണുക. വലിയ ഡോമുകൾക്ക് കീഴിൽ ഓരോ വിഭാഗത്തിനും പ്രത്യേക വിപണികളുള്ള വളരെ പഴയ ബസാറാണ്. ഒരുഭാഗം മുഴുവൻ പലതരം പഴങ്ങൾ, പച്ചക്കറികൾ, മറ്റൊരിടത്തു മാംസവും മത്സ്യവും ഇനി വിവിധ തരം സുഗന്ധ വ്യഞ്ജനങ്ങൾ. നൂറുകണക്കിന് കടകളും വഴിവാണിഭക്കാരും വാങ്ങാൻ എത്തിയവരും ചേർന്നുള്ള തിരക്കാണ്. ഞങ്ങൾ കുറേനേരം അതിലെ ചുറ്റിയടിച്ചു.
ചോർസു ബസാറിന് പുറത്ത് ഇവിടെ വലിയൊരു ഫ്‌ളീ മാർക്കറ്റുണ്ട്. പഴയ സാധനങ്ങൾ അന്യോന്യം വില്പന നടത്തുന്ന സ്ഥലം. പണ്ട് യുദ്ധകാലത്ത് തുടങ്ങിയതാണ്. അത് ഇപ്പോഴും തുടരുന്നു.
റോഡിന്റെ മറുവശത്ത് മറ്റൊരു തരം മാർക്കറ്റാണ്. ടെറാകോട്ടയിലുള്ള മനോഹരമായ പാത്രങ്ങളും ശില്പങ്ങളും, വസ്ത്രങ്ങളും മരം കൊണ്ടുണ്ടാക്കിയ തൊട്ടിലുകളൂം. പിശുക്കൻ യാത്രയായതിനാൽ കടന്നുപോന്ന വഴികളിൽ നിന്ന് കാര്യമായി ഒന്നും ഞങ്ങൾ വാങ്ങിയിട്ടില്ല. യാത്ര കഴിയാറായി. നൂറിന്റെ കുറച്ചു ഡോളർ നോട്ടുകൾ ഇനിയും ബാക്കിയുണ്ട്. ഞങ്ങളുടെ യാത്ര കൊണ്ട് ഈ വികസ്വര രാജ്യങ്ങളുടെ ഇക്കോണമിക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാവണ്ടേ. സിൽക്ക് റോഡിൽ യാത്ര ചെയ്തിട്ട് സിൽക്ക് വാങ്ങാതെ പോയാലോ. ഞങ്ങൾ ഒരു കടയിലേക്ക് കയറി. ഉടമസ്ഥൻ ഞങ്ങൾക്ക് ഇരിപ്പിടവും ചായയും തന്നു. ചായ തുടർച്ചയായി ഗ്ളാസ്സിലേക്ക് ഒഴിച്ചുകൊണ്ടിരുന്നു. വിൽക്കാനുള്ള തിരക്കൊന്നുമില്ല. എല്ലാവരും കൂടിയിരുന്ന് കഥ പറച്ചിലാണ്. അനന്തരവതികൾക്കും അമ്മമാർക്കും ബിന്ദു ചെറിയ ചില സിൽക്ക് സ്കാർഫ് വാങ്ങി.
ഞങ്ങൾ പ്രധാന പാത വിട്ട് ഉള്ളിലേക്ക് നടന്നു. പഴയ വീടുകളാണ്. പഴയ നഗരം പുതിയതിൽ നിന്ന് വിഭിന്നമായി പുരാതന വാസ്തുശില്പ ശൈലിയിൽ തന്നെയാണ്. അപ്പോഴാണ് അപ്രതീക്ഷിതമായി വളരെ പഴയ ഒരു പോട്ടറി ഷെഡ് കാണുന്നത്. കയറിയപ്പോൾ ധാരാളം മനോഹരമായ ടെറാക്കോട്ട ശില്പങ്ങൾ. അവിടെത്തന്നെ ഉണ്ടാക്കിയതാണ്. പോട്ടറിയും മണ്ണുകുഴച്ചു ശില്പങ്ങൾ സൃഷ്ടിച്ചു ചുട്ടെടുക്കുന്നതുമെല്ലാം അവർ ഞങ്ങളെ കാണിച്ചുതന്നു. ഞങ്ങൾ അവരുടെ ഗ്യാലറി നടന്നുകണ്ടു. ഇഷ്ടപ്പെട്ട കുറച്ചൊക്കെ വാങ്ങുകയും ചെയ്തു. അവരത് പൊട്ടാതെ നന്നായി പൊതിഞ്ഞു തന്നു. ഇപ്പോൾ ഞങ്ങൾ ഇത് ഇവിടെ ഇരുന്ന് എഴുതുമ്പോൾ നീല ഫലകത്തിലെ റൂമി ഞങ്ങളെ നോക്കി ചിരിക്കുന്നു.
ഇതേവരെ താഷ്കെന്റ് മെട്രോയിൽ കയറിയില്ല. സത്യത്തിൽ നഗരത്തിൽ ഏറ്റവും ചെലവുകുറഞ്ഞ യാത്ര മെട്രോയിലാണ്. സോവിയറ്റ് കാലത്തു പണിത മെട്രോയിൽ കാര്യമായ മാറ്റമൊന്നും വരുത്താൻ ഇസ്ലാം കരീമോവിന് കഴിഞ്ഞില്ല എന്ന് തോന്നുന്നു. കാരണം ഞങ്ങൾ ആദ്യം കയറിയത് 1970 ൽ പണിത കോസ്മോനവ്തലർ സ്റ്റേഷനിലാണ്. സോവിയറ്റ് വനിതാ കോസ്മോനോട്ടുകളുടെ ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുക യാണ് ഈ സ്റ്റേഷൻ ഉൾവശം മുഴുവൻ. മെട്രോയിൽ പടമെടുപ്പ് നിരോധിച്ചതാണെങ്കിലും സൂത്രത്തിൽ ഞങ്ങൾ ചില പടങ്ങൾ എടുത്തു. മനോഹരമായ മോസ്കിന്റെ ആകൃതിയിൽ പണിത അലിഷർ നവോയ് സ്റ്റേഷനിലാണ് ഞങ്ങൾ ഇറങ്ങിയത്.
അവിടെനിന്നു വീണ്ടും നടന്നു ഞങ്ങൾ പണ്ട് ലെനിൻ ഇരുന്ന ഇപ്പോൾ തിമൂർ ഇരിക്കുന്ന പാർക്കിലേക്ക് നടന്നു. ഇവിടെനിന്നും ലെനിനെ മാത്രമല്ല ഇസ്ലാം കരിമോവ് മാറ്റിയത്. ഒരുകാലത്തു നഗരത്തിലെ ഏറ്റവും ഹരിതാഭമായ ഒരിടമായിരുന്നു ഈ പാർക്ക്. ആകാശത്തിലേക്കു ഉയർന്നു നിൽക്കുന്ന വൃക്ഷങ്ങൾ ചുറ്റുപാടും തണൽ പകർന്നു വളർന്നു നിന്നിരുന്നു. 2009 ൽ ഒരു ദിവസം നഗരവാസികൾ ഉണർന്നപ്പോൾ കാണുന്നത് ഈ മരങ്ങളെല്ലാം വെട്ടിമാറ്റിയ സ്ഥിതിയിലാണ്. ഇത് എന്തിനാണ് അങ്ങനെ ചെയ്തത് എന്നതിന് യാതൊരു വിശദീകരണവും ആരും നൽകിയില്ല. തിമൂറിന്റെ പ്രതിമ വേണ്ടവിധം ആളുകൾക്ക് കാണാൻ കഴിയുന്നില്ല എന്ന് കരിമോവിന് തോന്നിയത്രേ!
എന്തായാലും മരങ്ങളുടെ അഭാവത്തിൽ തിമൂറിന്റെ പ്രതിമയും കോൺഫെറെൻസ് ഹാളും ഹോട്ടൽ ഉസ്ബക്കിസ്താനും നമുക്ക് ഉയർന്നുനിൽക്കുന്നത് കാണാം.
ഞങ്ങൾ വീണ്ടും മുന്നോട്ടനടന്നു. ഇപ്പോൾ എത്തിയിരിക്കുന്നത് അതിമനോഹരമായ റഷ്യൻ ഓർത്തോഡോക്സ് പള്ളിയുടെ കവാടത്തിലാണ്. വെളുത്ത മാർബിൾ തൂണുകളും ഗോപുരങ്ങളുമുള്ള പ്രധാന മന്ദിരം. നടപ്പിന്റെ ക്ഷീണം മാറ്റാനും ഒരല്പം വിശ്രാന്തിക്കുമായി ഞങ്ങൾ പള്ളിക്ക് ഉള്ളിലേക്ക് കയറി. സോവിയറ്റ് കാലത്തു വളരെക്കാലം അടഞ്ഞുകിടന്നി രുന്ന പള്ളി ഇപ്പോൾ പതുക്കെ ആളുകളെ ആകർഷിച്ചു തുടങ്ങിയിട്ടുണ്ട്.
ഉച്ചഭക്ഷണം ഒരു ടർക്കിഷ് റെസ്റ്റോറന്റിൽ ആയിരുന്നു. അവിടെ ഒരു ലെബനീസ് സസ്യ ഭക്ഷണമാണ്. ബിന്ദു ഇതേക്കുറിച്ച് കൊതി പറയാൻ തുടങ്ങിയിട്ട് കുറേക്കാലമായി. പണ്ട് കലേഷിന്റെ കൂടെ ദുബായിൽ പോയപ്പോൾ അന്ന് കഴിച്ച ലെബനീസ് ഭക്ഷണത്തിന്റെ രുചിയാണ് ഇതിന് പിറകിൽ. എന്തായാലും യാത്രയുടെ അവസാന ദിവസമാണ്. എക്സോട്ടിക് ആയ എന്തെങ്കിലും കഴിക്കണം. അങ്ങനെ ഞങ്ങൾ ടാബുലെ എന്ന പ്രത്യേക സാലഡ്, ഹമ്മാസ്, ബാബാ ഗനൂഷ് എന്നിങ്ങനെയുള്ള വെജിറ്റേറിയൻ ഭക്ഷണവും ഞാൻ ലെബനീസ് ദേശീയ ഭക്ഷണം ആയ കിബ്ബേയും വാങ്ങി. ഞങ്ങളുടെ വെപ്രാളം കണ്ട് സരസനായ റെസ്റ്റോറന്റ് ഉടമസ്ഥൻ ധാരാളം സോസുകളും ജാമുകളും നിരത്തിവച്ചു.
ഉച്ചഭക്ഷണത്തിന് ശേഷം ഞങ്ങൾ അപ്പ്ളൈഡ് ആർട്ടിന്റെ ദേശീയ മ്യൂസിയം കാണാൻ പോയി. രാജ്യത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക ചരിത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിനേക്കാൾ നല്ലൊരു സ്ഥലമില്ല. അതിവിപുലമായ സജ്ജീകരിച്ചിരിക്കുന്ന പല നിലകളിലുള്ള മുറികളിൽ പല നൂറ്റാണ്ടുകളിൽ നിന്നുള്ള ശില്പകലയും പെയിന്റിങ്ങുകളും വസ്ത്രങ്ങളും ആയുധങ്ങളും മ്യൂറലുകളും ഒക്കെ കാണാം. ഞങ്ങൾ വളരെ പതുക്കെ സമയമെടുത്തുതന്നെ ഓരോന്നും കണ്ടുകൊണ്ടു നടന്നു. പിന്നീട് പുറത്തിറങ്ങി ഖസ്ത് ഇമാം എൻസെംബിളിലേക്ക് നടന്നു.
യാത്ര അവസാനിക്കാറായി. ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇതെന്തൊരു യാത്രയായിരുന്നു. പലപ്പോഴും കൃത്യമായി ആസൂത്രണം ചെയ്യാതെ, അലഞ്ഞുതിരിഞ്ഞ്… വഴിയിൽ കണ്ടുമുട്ടിയവരുടെ കാരുണ്യത്തിൽ വഴിയും കൂരയും ഭക്ഷണവും കണ്ടെത്തി ഭാഷയറിയാതെ ഒരു യാത്ര. എല്ലാം ഇപ്പോൾ സ്വപ്നം പോലെ തോന്നുന്നു.
യാത്രയുടെ അവസാനത്തെ ദിവസം വല്ലാത്തൊരു ഗൃഹാതുരത്വത്തിന്റെ ഭാരം ഞങ്ങൾക്ക് മുകളിൽ കനം തൂങ്ങി. ഈ നാടുകളും നാട്ടുകാരും ഞങ്ങൾക്ക് അത്ര പ്രിയപ്പെട്ടവർ ആയിത്തീർന്നിരുന്നു.
പോകുന്നതിന് മുൻപ് ഞങ്ങളുടെ ചായക്കടയിലെ പെൺകുട്ടിയോടും അമ്മയോടും യാത്ര പറയണം എന്ന് തോന്നി. അവരെ ഞങ്ങൾക്ക് മിസ് ചെയ്യും. അവരുടെ കൂടെ ഒരു ഫോട്ടോയും എടുക്കണം. ചെറിയ മഴയത്ത് ഞങ്ങൾ അങ്ങോട്ട് നടന്നു. എവിടെയും ആരുമില്ല. ചെന്നപ്പോൾ കട തുറന്നിട്ടുമില്ല. എന്തൊരു കഷ്ടം. ഇന്നലെ ഫോട്ടോ എടുക്കാമായിരുന്നു. എല്ലാവർക്കും എന്ന പോലെ നമ്പറുകൾ ഷെയർ ചെയ്യാമായിരുന്നു. അവരെ കേരളത്തിലേക്ക് ക്ഷണിക്കാമായിരുന്നു. ഇപ്പോൾ അവിടെ ആരുമില്ല. ഞങ്ങൾ കടയുടെ മുന്നിലുള്ള കസേരയിൽ കുറച്ച് സമയം ഇരുന്നു. ചുറ്റുമുള്ള ആശുപത്രിയിൽ മാത്രം ചിലരെ കാണാം. മറ്റ് കടകളൊന്നും തുറന്നിട്ടില്ല.
ഈ വഴി മുന്നോട്ട് നയിക്കുന്നത് ഏതോ ഒരു റസിഡൻഷ്യൽ ബ്ലോക്കിലേക്കാണ് എന്ന് തോന്നുന്നു. അവിടെനിന്ന് ഒരു പ്രാമിൽ ഒരു കുഞ്ഞുമായി ഒരു സ്ത്രീ നടന്നുവരുന്നുണ്ട്. അവർ ഞങ്ങളെ കടന്നുപോയി. മഴയുടെ തൂളികൾ പ്രാമിന് ഇടയിലൂടെ കുഞ്ഞിന്റെ മുഖത്ത് വീഴുന്നുണ്ടോ ആവോ.
റോഡിന്റെ ഇരുവശവും മരങ്ങൾ നിരത്തി നട്ടിട്ടുണ്ട്. ചെറിയ പുൽത്തകിടി യുമുണ്ട്. അതിനിടയിൽ കുറച്ച് കരിയില പക്കികളെ കണ്ടു. ഇവയെ ഏഴു സഹോദരിമാർ എന്നാണ് വിളിക്കുക. ഞങ്ങൾ എണ്ണി നോക്കി. ആറോ ഏഴോ എണ്ണം ഉണ്ട് എന്ന് തോന്നുന്നു. എന്തൊക്കെ അത്ഭുതങ്ങളാണ് പ്രകൃതിയിൽ. ലോകത്തെവിടെയും ഇത്തരം പക്ഷികൾ ഉണ്ടോ. നമ്മുടെ നാട്ടിൽ കാണുന്ന പോലെ തന്നെയുണ്ട് ഇവ ഇവിടെ. ഈ ഭാഷയിൽ ഇവർ ഇതിനെ എന്താവും വിളിക്കുക? സെവൻ സിസ്റ്റേഴ്സ് എന്ന സങ്കൽപം ഇവിടെയും കാണുമോ? എന്തുകൊണ്ടാവും ഇവ ഇങ്ങനെ ഏഴിന്റെ കൂട്ടങ്ങളായി നടക്കുന്നത്. തിരിച്ചുചെന്നാൽ ഞങ്ങളുടെ ബേഡ് വാച്ചിങ് സുഹൃത്തുക്കൾ കൊച്ചുവിനോടോ കരുണിനോടോ ചോദിക്കണം. ഇപ്പോൾ അതിന്റെ ശാസ്ത്രീയ ഗവേഷണത്തിനൊന്നുമുള്ള മൂഡല്ല.
മഴ പൊഴിഞ്ഞുകൊണ്ടിരുന്നു. ആകാശം ഇരുണ്ടിട്ടുണ്ട്. ഒരു അനക്കവും എവിടെയും ഇല്ല.
താഷ്‌ക്കന്റിൽ നിന്ന് വിമാനം കയറിയപ്പോൾ ഞങ്ങളുടെ മനസ്സ് വല്ലാതെ തുടിച്ചുകൊണ്ടിരുന്നു. വളരെ പ്രിയപ്പെട്ട ആരെയോ പിന്നിൽ ഉപേക്ഷിക്കുന്നതുപോലെ. ഈ നാട്ടിലേക്ക് ഞങ്ങൾ ഇനി തിരിച്ചുവരുമോ? ആർക്കറിയാം? ജീവിതത്തിന്റെ നിയോഗങ്ങൾ എന്താണ് നമുക്കായി കാത്തുവച്ചിരിക്കുന്നത്.
അൽമാട്ടിയിൽ നിന്ന് വിമാനം മാറിക്കയറണം. അവിടെ അഞ്ചു മണിക്കൂർ സ്റ്റോപ്പ് ഓവർ ഉണ്ട്. ഖസാക്കിസ്ഥാൻ വിസ ഓൺ അറൈവൽ ഉള്ള രാജ്യമാണ് ഇന്ത്യക്കാർക്ക്. ഇറങ്ങി പതിനഞ്ചു ദിവസം കറങ്ങിയാലോ? പഴ്സിന്റെ കനം നോക്കിയപ്പോൾ അത്തരം ആഗ്രഹമൊക്കെ നീട്ടിവെക്കാൻ തീരുമാനിച്ചു.
എന്തായാലും ഉള്ള സമയം എയർപോർട്ടിൽ കറങ്ങാം. ഡ്യൂട്ടി ഫ്രീയിൽ പോയി പലതരം വിശിഷ്ടമായ മദ്യങ്ങൾക്ക് മുൻപിൽ വായും പൊളിച്ചു നിൽക്കാം. ഒരു ഡോളറിന് കിട്ടുന്ന ടിൻ ബിയർ വാങ്ങാം. അങ്ങനെ നടക്കുമ്പോൾ എവിടെയോ കണ്ടുമറന്ന ഒരു മുഖം. ഇവർ മലയാളിയാണോ? ഏതോ കോളേജ് പ്രൊഫസറിനെപ്പോലെ തോന്നുന്നു. അവർ നമ്മളെ നോക്കുമോ എന്നറിയാൻ കുറച്ചു കറങ്ങി നടന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു ശബ്ദം: ബിന്ദൂ, സാജാ എന്നെ മനസ്സിലായില്ലേ?
ദാ വരുന്നു സാക്ഷാൽ കെ ആർ മീര. മീര ഖസാക്കിസ്ഥാനിൽ തനിയെ പതിനഞ്ചു ദിവസം കറങ്ങിയിട്ട് വരികയാണ്. ഇനി തജിക്കിസ്ഥാനിൽ പോകണം. അതിനുള്ള വിസ ശരിയായില്ല. അതുകൊണ്ട് തിരിച്ചു ഡൽഹിയിൽ പോയി അവിടെനിന്നു വിസ ശരിയാക്കി തിരിച്ചു തജിക്കിസ്ഥാനിലേക്ക്. മീര ആദ്യമായാണ് ഇങ്ങനെ സോളോ യാത്ര ചെയ്യുന്നത്. അത് വലിയൊരു അനുഭവമാണ്. ഖസാക്കിസ്ഥാന്റെ പശ്ചാത്തലത്തിൽ ഒരു പുതിയ നോവലും വരുന്നുണ്ട്.
എന്തായാലും അതൊരു ഗംഭീര നോവൽ ആവും എന്ന് തീർച്ച. അത്തരം അനുഭവങ്ങളാണ് ഇത്തരം ഏകാന്തമായ യാത്രകൾ നമുക്ക് നൽകുന്നത്.
എന്തായാലും യാദൃച്ഛികമായ ഈ കൂടിക്കാഴ്ച എയർപോർട്ടിന്റെ വരൾച്ചയെ മറച്ചു.
ഡൽഹിയിൽ ഇറങ്ങുമ്പോൾ സമയം രാവിലെ രണ്ടുമണി. ബാലുവിന്റെയും ദീപ്തിയുടെയും വീട്ടിലേക്കുള്ള വഴിയിൽ സാകേതിൽ നിന്ന് തിരിയുമ്പോൾ വലിയൊരു സംഘം ആളുകൾ തലയിൽ വലിയ ചുമടുകളുമായി നടക്കുന്നതാണ് കാണുന്നത്. സ്ത്രീകളാണ് കൂടുതൽ. ഈ രാത്രിയിൽ ഇവർ എങ്ങോട്ടാണ്?
“സാർ, നാളെയാണ് ച്ഛട്ട് പൂജ. ഇവരെല്ലാവരും യമുന നദിയുടെ കരയിലേക്ക് പോവുകയാണ്. പ്രധാനമായും ഭർത്താവിന്റെ നന്മയ്ക്ക് വേണ്ടിയുള്ള പൂജയാണ്.”
ഡ്രൈവർ ഭക്തിസാന്ദ്രമായ ശബ്ദത്തിൽ പറഞ്ഞു.
പോസ്റ്റ് സ്ക്രിപ്റ്റ്
കിർഗിസ്ഥാനിലെ അവസാന താവളമായ ഓഷിലേക്ക് ഞങ്ങൾ എത്തിയത് ആർസലാൻബോബിൽ നിന്നുള്ള ഒരു മഷ്രൂക്കയിലാണ്. സാമാന്യം തിരക്കുള്ള ഒരു വാഹനമായിരുന്നു. രാവിലെ ആറരയ്ക്ക് ഹുസൈൻ ഞങ്ങളെ ഒരു ടാക്സിയിൽ മാർക്കറ്റിൽ എത്തിച്ചു. ആദ്യം ചെന്നതുകൊണ്ട് ഞങ്ങൾക്ക് നല്ല സീറ്റ് തിരഞ്ഞെടുക്കാൻ പറ്റി. അതിരാവിലെ തൊഴിലിനായി പോകുന്ന സ്ത്രീകളാണ് കൂടുതൽ. സ്കൂളിൽ പോകാൻ യൂണിഫോം ഒക്കെയിട്ട് മിടുക്കിയായ ഒരു പെണ്കുട്ടിയുമുണ്ട്. അവൾ യാത്രയ്ക്കിടയിൽ സ്കൂളിൽ എത്തുന്നതിനു മുൻപുള്ള ഒരു പ്രാതൽ എന്ന നിലയിൽ ഒരു ചിക്കൻ റോൾ കടിച്ചുപറിച്ചു തിന്നുകയാണ്. അവൾ വളരെ കൗതുകത്തോടെ ഞങ്ങളെ നോക്കുന്നുമുണ്ട്.
വണ്ടി വിടുന്നതിനു മുൻപ് ഇരുപതു വയസ്സ് തോന്നുന്ന ഒരാൺകുട്ടിയും പെൺകുട്ടിയും വണ്ടിയിലേക്ക് ഓടിക്കയറി. അവരിരുന്നത് ഞങ്ങളുടെ തൊട്ടുപിറകിലെ സീറ്റിലാണ്. തിരക്കിൽ ഒന്ന് ചിരിച്ചതല്ലാതെ കാര്യമായി ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല.
ഓഷിൽ പ്രധാന ബസ്സ്റ്റാൻഡിൽ എത്തി പുറത്തിറങ്ങിയപ്പോൾ അബു അവരെ പരിചയപ്പെട്ടു. ബോഗ്‌ദാനും സാഷയും. റഷ്യയിൽ നിന്നാണ്. കണ്ടാൽ വളരെ ചെറുപ്പമാണെങ്കിലും അവർ ഈയിടെ വിവാഹിതരായി. കുറച്ചു മാസമായി മധ്യേഷ്യൻ രാജ്യങ്ങളിൽ കറങ്ങുകയാണ്. ഇന്ത്യയിലേക്ക് വരണം എന്നുണ്ട്.
അബു ചിരിച്ചു, ഇന്ത്യയിലേക്ക് വന്നാൽ കേരളത്തിലേക്ക് വരൂ. ഇതാ, ഇതാണ് എന്റെ ഫോൺ നമ്പർ. ആവശ്യമുണ്ടെങ്കിൽ വിളിച്ചോളൂ.
സത്യത്തിൽ യാത്രയിൽ കാണുന്നവരെയെല്ലാം വീട്ടിലേക്ക് വിളിക്കുന്നത് അബുവിന്റെ ഹോബിയാണ്. അങ്ങനെ എത്ര പേർക്ക് ഫോൺ നമ്പർ കൊടുത്തിരിക്കുന്നു. അവർ നന്ദി പറഞ്ഞു അവരെക്കാൾ വലിയ റാപ്‌സാക്കുമെടുത്ത് ഹോട്ടൽ അന്വേഷിച്ചു പോയി.
ഞങ്ങൾ അതേക്കുറിച്ചു ഏറെ ഓർത്തതുമില്ല.
തിരിച്ചു നാട്ടിലെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോൾ അബുവിന് ഒരു ഫോൺ. ബോഗ്ദനും സാഷയുമാണ്. ഞങ്ങൾ നാളെ കേരളത്തിൽ എത്തും. കാണാൻ കഴിയുമോ?
ഞങ്ങൾ അന്തംവിട്ടുപോയി. ഇത്രവേഗം ഇവർ കേരളത്തിൽ എത്തും എന്ന് ആരറിഞ്ഞു?
എന്തായാലും അവർ വീട്ടിലെത്തി. വീട്ടിലെത്തി കുറച്ചു സമയത്തിനുള്ളിൽ തന്നെ അവർ കുടുംബാംഗങ്ങളെ പോലെയായി. മുത്തശ്ശിയുമായാണ് അവർ ഏറ്റവും ആദ്യം കമ്പനിയായത്. അങ്ങനെ ഞങ്ങളുടെ വീട്ടിൽ താമസവുമായി.
പിന്നെ അടിപൊളി കുറെ ദിവസങ്ങൾ.. ഇഡലി, ദോശ, അപ്പം, ഉപ്മ തുടങ്ങി സാമ്പാർ, എരിശ്ശേരി, കിച്ചടി, പുളിശ്ശേരി, മാങ്ങാ അച്ചാർ തുടങ്ങി കേരളീയമായ എല്ലാ വിഭവങ്ങളും അവർ ആസ്വദിച്ചു കഴിച്ചു.
രാത്രിയാണ് ഇരുവരും കഥകളുടെ ഭാണ്ഡമഴിക്കുന്നത്.
Gvorovyi Boggdan Vasilevich, ആശാരിപണി കുലത്തൊഴിൽ ആയുള്ള വാസിലേവിന്റെ പുത്രൻ ബാഗ്ദൻ
Chebotareva Aleksandra Dmitrievna, ഷൂ നിർമാണം കുലത്തൊഴിൽ ആയുള്ള ദിമിത്രിയുടെ പുത്രി അലക്സാൻഡ്ര എന്ന സാഷ
മൈനസ് അൻപത് ഡിഗ്രി വരെ താപ നില താഴുന്ന സൈബീരിയൻ ഗ്രാമത്തിലായിരുന്നു സാഷയുടെ ബാല്യം. മുത്തശ്ശനൊപ്പം മഞ്ഞിലൂടെ കുതിരകൾ വലിക്കുന്ന sledger യാത്രകൾ, വെളിച്ചപ്പെടുമ്പോൾ പരകായപ്രവേശം നടത്തി ഉറഞ്ഞു തുള്ളി പ്രവചനങ്ങൾ നടത്തുന്ന ഷമാനുകൾ (shamans), വജ്രവും, സ്വർണവും വിളയുന്ന സൈബീരിയൻ ഖനികൾ, സൈബീരി യൻ ഹിമ കരടികൾ,.
ബോഗ്ടാൻ ഒരു beekeeper ആയി ജോലി ചെയ്ത അൽട്ടായി (altai) മലനിരകളുടെ അതിമനോഹരമായ താഴ്‌വാരം, കണ്ണുനീർ പോലെ തെളിഞ്ഞ ജലത്തിനു ഔഷധ ഗുണമുള്ള തടാകങ്ങൾ, കൊലപാതകങ്ങൾ നിത്യ സംഭവമായ ചേച്നിയയുടെ അശാന്തി നിറഞ്ഞ തെരുവുകൾ. പുടിൻ പോലും ഭയക്കുന്ന അവിടുത്തെ fierce ethnic ഗ്രൂപ്പ് അങ്ങനെ അങ്ങനെ കഥകൾ നീണ്ടു.
Graduation ശേഷം ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച ഇവർ ജീവിതത്തിൽ ചെയ്യാത്ത തൊഴിലുകൾ കുറവാണ്.വെറും 23 വർഷങ്ങളിലെ അവരുടെ ജീവിതാനുഭവങ്ങൾ കേട്ടാൽ നമ്മുടെ കണ്ണ് തള്ളും.
ഇനി കുറച്ചുകാലം കേരളത്തിൽ ഒരു ഓർഗാനിക് ഫാമിൽ അടുത്ത മൂന്നു മാസം അവർ തൊഴിലാളികളായി കൂടുകയാണ്. അത്തരത്തിൽ ഓർഗാനിക് ഫാമുകളെ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര നെറ്റ്‌വർക്കുകൾ ഉണ്ടെന്നു ഞങ്ങൾ ആദ്യമായി അറിയുകയായിരുന്നു. താമസവും ഭക്ഷണവും സൗജന്യം.
കണ്ണൂരുള്ള ഈ ജൈവ കൃഷിയിടത്തിലെ താമസം കഴിഞ്ഞു അവർ തൊടുപുഴയിലുള്ള ബിന്ദുവിന്റെ വീട്ടിലും വന്നു. പിന്നീട് സ്വാമി ആനന്ദ തീർത്ഥനെക്കുറിച്ചു ഞങ്ങൾ നിർമിക്കുന്ന ഡോക്യൂമെന്ററിയിൽ ബോഗ്‌ദാൻ അഭിനയിക്കുകയും ചെയ്തു.
അപ്പോഴാണ് ഇവരുമായി കൂടുതൽ സംസാരിക്കാൻ ഞങ്ങൾക്ക് അവസരം കിട്ടിയത്.
വലിയ നഗരങ്ങളോടോ ആധുനികതയോടോ ഇത്ര പ്രതിപത്തിയില്ലാത്ത യുവാക്കളെ കാണുക ബുദ്ധിമുട്ടാണ്. പണത്തിന് വേണ്ടിയുള്ള ആധുനിക ലോകത്തിന്റെ പാച്ചിൽ ഇവരെ ആകർഷിക്കുന്നതേയില്ല. പൗരസ്ത്യ ദർശനം ഇവരെ വളരെ ആകർഷിക്കുന്നു എന്ന് തോന്നി. അതിരാവിലെ എണീറ്റ് ധ്യാനവും മെഡിറ്റേഷനുമാണ് ഇരുവരും. ഗീതയും വിവേകാനന്ദ സാഹിത്യവും അവരെ ഏറെ ആകർഷിച്ചിട്ടുണ്ട്.
കേരളത്തിൽ കഴിഞ്ഞ രണ്ടുമാസമായി നടത്തുന്ന യാത്രകൾ അവരെ ഈ ജനതയുമായി ഏറെ അടുപ്പിച്ചു എന്ന് തോന്നുന്നു.
ഇവിടെനിന്നും ഇരുവരും പോകുന്നത് ശ്രീലങ്കയിലേക്കാണ്. എന്നാണ് തിരിച്ചു റഷ്യയിൽ എത്താൻ കഴിയുക? അവർക്ക് ഒരു ധാരണയുമില്ല.
‘ഈ യുദ്ധം അവസാനിക്കാതെ തിരിച്ചു പോകാൻ കഴിയും എന്ന് തോന്നുന്നില്ല.” ബോഗ്‌ദാൻ പറഞ്ഞു.
ലോകത്തെവിടെയോ അതിരൂക്ഷമായ ഒരു യുദ്ധം നടക്കുകയാണ്. അവിടെനിന്നും ആയിരക്കണക്കിനാളുകൾ മറ്റു രാജ്യങ്ങളിലേക്ക് അഭയം തേടി യാത്രയാവുന്നു. ഈ യാത്രയിൽ അവർ അപരിചിതമായ സംസ്കാരങ്ങളെ കണ്ടുമുട്ടുന്നു. ഇതേവരെ അപരിചിതമായിരുന്ന കുടുംബങ്ങൾ അവർക്ക് അഭയം നൽകുന്നു. പുതിയ സൗഹൃദങ്ങൾ പൂവിടുന്നു. യുദ്ധത്തിന്റെ ക്രൂരതയ്ക്കപ്പുറം മാനവികതയുടെ മൃദു സ്പർശം അവരനുഭവിക്കുന്നു.
യുദ്ധം കഴിഞ്ഞാൽ അവരുടെ സൈബീരിയൻ ഗ്രാമവും, അൽറ്റായി താഴ്‌വാരയും ഒക്കെ സന്ദർശിച്ചു താമസിക്കാൻ ഞങ്ങൾക്കും ക്ഷണം കിട്ടിയിട്ടുണ്ട്.
മഞ്ഞു മൂടികിടക്കുന്ന ഒരു സൈബീരിയൻ ഗ്രാമം ഞങ്ങളും സ്വപ്നം കണ്ടു തുടങ്ങിയിട്ടുണ്ട്, അടുത്ത യാത്രയ്ക്ക്