സാംബശിവനും ജഗതി ശ്രീകുമാറും സമർഖണ്ഡ് കാഴ്ചകളും
ഞങ്ങൾ സമർഖണ്ഡിലേക്കുള്ള യാത്ര ആരംഭിച്ചു. ബസ്സിൽ പോകാം എന്നാണ് ആദ്യം കരുതിയത്. അങ്ങനെ ഒരു യാൻഡക്സിൽ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പ്രശ്നം. എല്ലാ ദിവസവും ബസില്ലത്രേ! പകരം ഷെയർ ടാക്സി കിട്ടും. ഒരല്പം പണം കൂടുതൽ കൊടുത്താൽ നമുക്ക് മാത്രമായി ഒരു ടാക്സി കിട്ടും. ഇടയ്ക്ക് വഴിയിൽ നല്ല ചില കാഴ്ചകൾ കണ്ടാൽ നിർത്താനും കഴിയുമല്ലോ.
ബസ് കിട്ടാതെ പുറത്തിറങ്ങിയ ഞങ്ങളെ ഒരു വലിയ സംഘം ടാക്സി ഡ്രൈവർമാർ വളഞ്ഞു. ‘ഹിന്ദുസ്ഥാൻ, ഹിന്ദുസ്ഥാൻ…’ അവർ കോറസ് ഉയർത്തി. എല്ലാവരും ഞങ്ങളുടെ ഓരോ ബാഗുമെടുത്ത് ഓരോ ദിശയിൽ ഓടാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ഞങ്ങൾ അമ്പരന്നുനിന്നു. ഒടുവിൽ അവരെല്ലാം ചേർന്ന് ഏതോ ഒരു ടാക്സി തീർപ്പാക്കി. ബാഗുകളെല്ലാം ഒതുക്കിവച്ചു. ഒരല്പം ഇംഗ്ലീഷ് പറയുന്ന അലീഷറിന്റെ ടാക്സിയിൽ ഞങ്ങൾ യാത്ര ആയപ്പോൾ അവർ വീണ്ടും ‘ഹിന്ദുസ്ഥാൻ’ എന്ന് ആരവം മുഴക്കി ഞങ്ങളെ യാത്രയാക്കി.
സമർഖണ്ഡിലേക്കുള്ള വഴിയിലാണ് ബഹാവുദ്ദിൻ നക്ഷ്ബന്ദിയുടെ ഖബർ. സൂഫികൾക്ക് വളരെ പ്രധാനപ്പെട്ട ആചാര്യനാണ് ഇദ്ദേഹം. മതാത്മക ഇസ്‌ലാം വിശ്വാസികൾക്ക് അത്ര പ്രിയപ്പെട്ട വിഭാഗമൊന്നുമല്ല സൂഫികൾ. അവർ ദൈവത്തിലെത്തുന്നത് സംഗീതത്തിലൂടെയും നൃത്തത്തിലൂടെയുമാണ്.
മധ്യേഷ്യയിലേക്ക് ഇസ്‌ലാം മതം കൊണ്ടുവരുന്നത് സൂഫികളായിരുന്നു എന്നും ചിലർ വാദിക്കുന്നുണ്ട്. എന്തായാലും പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നക്ഷ്ബന്ദിയാണ് സൂഫിസത്തിന്റെ സവിശേഷമായ ഒരു സരണി തുറന്നത്. സൂഫി വിശ്വാസികൾക്ക് പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രത്തിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത് എന്ന് ഡ്രൈവർ ഞങ്ങളോട് പറഞ്ഞു. കസ്‌രി ഓരിഫോൺ (Kasri Orifon) എന്നാണ് ഈ ഗ്രാമത്തിന്റെ പേര്. ബുഖാറയിൽ നിന്ന് 12 കിലോമീറ്റർ മാത്രം അകലെ.
ബഹാവുദിൻ നക്ഷ്ബന്ദ് ബുഖാരി 1318 ൽ ആണ് ജനിക്കുന്നത്. എന്നാൽ അദ്ദേഹം രൂപം കൊടുത്ത ഈ സമ്പ്രദായം ആദ്യത്തെ ഇസ്‌ലാമിക് ഖലീഫ ആയിരുന്ന അബൂബക്കറിൽ തുടങ്ങുന്നു. നിശബ്ദ പ്രാർത്ഥനയായ സൈലന്റ് ദിഖാർ ഇവരുടെ പ്രത്യേകതയാണ്. അതേപോലെയാണ് സാമൂഹിക സേവനവും. ആത്മീയതയ്ക്ക് ഒപ്പം പ്രധാനമാണ് അവർക്ക് ഭൗതിക ജീവിതവും. ആമിർ തിമൂറിന്റെ ഗുരുവായിരുന്നു നക്ഷ്ബന്ദി. 32 തവണയാണ് അദ്ദേഹം മെക്കയിലേക്ക് ഹജ്ജിന് പോയത്. നിങ്ങളുടെ ഹൃദയം ദൈവത്തിങ്കൽ, കൈകൾ അധ്വാനത്തിൽ എന്നതായിരുന്നു അദ്ദേഹം പഠിപ്പിച്ച വചനം. ഇത് ആമിർ തിമൂർ എങ്ങനെ മനസ്സിലാക്കിയോ എന്തോ?
മധ്യേഷ്യയിലെ മെക്ക എന്നറിയപ്പെടുന്ന ഈ മന്ദിര സമൂഹങ്ങൾ ഞങ്ങൾ കുറച്ച് അകലെ നിന്ന് കണ്ടു. നീലയും വെള്ളയും നിറഞ്ഞ വർണരാജി ഞങ്ങളിൽ ഒരു തണുപ്പ് പോലെ കയറി. സൂഫികളെ കുറിച്ചുള്ള ഷൗക്കത്തിന്റെ പ്രഭാഷണങ്ങൾ ഞാൻ ഓർത്തു. ഷൗക്കത്ത് പറഞ്ഞതനുസരിച്ച് ‘ബാബാ അസീസ്’ എന്ന സിനിമ കണ്ടതോർത്തു. മലയാളത്തിൽ വന്ന ‘സൂഫിയും സുജാതയും’ എന്ന സിനിമയും ആ സിനിമയുടെ സംവിധായകന്റെ അകാലത്തിലുണ്ടായ മരണവും ഓർത്തു. അതിലെ പാട്ടുകളും ഗാനങ്ങളും ഓർത്തു. റൂമിയെ ഓർത്തു.
എന്നാൽ പാശ്ചാത്യ ലോകം അവരുടെ ആധുനിക ആവശ്യങ്ങൾക്കായി പരിഷ്‌ക്കരിച്ചെടുത്ത സൂഫിസമാണ് നമ്മൾ മനസ്സിലാക്കിയിരിക്കുന്നത് എന്ന് പറയുന്നവരും ഉണ്ട്. യഥാർത്ഥത്തിൽ ഇത് കണിശമായ ഒരു മത രീതി തന്നെയാണ്. ഔറംഗസേബ് ഒരു സൂഫി ആയിരുന്നു. ഇന്ത്യയിൽ സൂഫിസം ബുദ്ധിസത്തെ ഉൾക്കൊണ്ടും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അനാർക്കിസത്തിൽ താത്പര്യമുള്ള അബു സൂഫിസത്തിന്റെ അനാർക്കിസ്റ്റ് സാദ്ധ്യതകൾ തന്റെ പാകിസ്താനി സുഹൃത്തുമായി സംസാരിക്കാറുള്ള കാര്യം പറഞ്ഞു.
എങ്കിലും നമ്മുടെ കമിതാക്കൾ ഇപ്പോഴും റൂമിയെ ഉദ്ധരിച്ച് പുളകം കൊള്ളുന്നു. “ഞാൻ എഴുതിയത് എന്റെ ദൈവത്തെക്കുറിച്ചാണ്, നിന്റെ പഴയ കാമുകനെ കുറിച്ചല്ല,” എന്ന റൂമിയുടെ ഒരു ട്രോളും ഓർമ്മ വന്നു.
വഴിയുടെ ഇരുവശവും പരുത്തി തോട്ടങ്ങളാണ്.. ഞങ്ങൾ ചെല്ലുമ്പോൾ പരുത്തി തോട്ടങ്ങളിൽ വിളവെടുപ്പിന്റെ കാലം ഏതാണ്ട് അവസാനിച്ചിരുന്നു. അവിടെയും ഇവിടെയുമായി ചില തൊഴിലാളികൾ പാടത്ത് പണിയെടുക്കുന്നത് കാണാം. ഞങ്ങൾ വണ്ടി നിർത്തി പാടത്തിന്റെ കരയിൽ കുറച്ചു നടന്നു.
പരുത്തി കൃഷിയുമായി ബന്ധപ്പെട്ടാണ് ഉസ്ബെക്കിസ്ഥാന്റെ രാഷ്ട്രീയവും സാമ്പത്തിക വ്യവസ്ഥയുമൊക്കെ നീങ്ങുന്നത്. ഒരുകാലത്തു പരുത്തി വിളവെടുപ്പ് സമയത്തു സ്കൂളുകളും കോളേജുകളും സർക്കാർ സ്ഥാപനങ്ങളും മാത്രമല്ല ആശുപത്രികൾ പോലും അടയ്ക്കുകയും അധ്യാപകരും എൻജിനീയർമാരും ഡോക്ടർമാരുമെല്ലാം നിർബന്ധിതമായി പരുത്തിയുടെ വിളവെടുപ്പിനായി ഇറങ്ങുകയും ചെയ്യുമായിരുന്നുവത്രെ.
അതുമാത്രമല്ല ലോക പരിസ്ഥിതി ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഏടുകളിലൊന്നായി ഇപ്പോഴും അവശേഷിക്കുന്ന അരാൽ കടലിന്റെ മരണം സോവിയറ്റ് കാലത്തു തുടങ്ങിയ ആമു ദാര്യ നദിയുടെ വഴിതിരിച്ചുവിടലുമായി ബന്ധപ്പെട്ടതാണ്. ഈ കടലിന്റെ മരണം കാണണം എന്ന് ആഗ്രഹിച്ചിരുന്നതാണ്. എന്നാൽ ഉസ്ബെക്കിസ്ഥാനിൽ എത്തിയപ്പോഴാണ് ഈ രാജ്യത്തിന്റെ വലിപ്പവും ഒരറ്റം മുതൽ മറ്റൊരറ്റം വരെ എത്താനുള്ള സമയവും ഞങ്ങളെ അമ്പരപ്പിച്ചത്.
ആമു ദാര്യ അപ്രതീക്ഷിതമായ സ്വഭാവ വൈജാത്യങ്ങളുള്ള ഒരു നദിയായിരുന്നു. പാമിർ മലനിരകളിൽ ആരംഭിച്ചു തുർക്മെനിസ്ഥാൻ വഴി ഉസ്ബെക്കിസ്ഥാനിൽ എത്തുന്ന വഴിയിൽ ദിശ മാറിയൊഴുകി. വലിയ ജന ആവാസ കേന്ദ്രങ്ങളെ നശിപ്പിച്ചിരുന്ന ഈ നദിയെ മെരുക്കാൻ ഇവിടെ ആദ്യകാലത്തെത്തിയ നൊമാഡുകൾ പഠിച്ചു. അവരുണ്ടാക്കിയ കനാലുകൾക്കു കരയിലുണ്ടായ ഒയാസിസ് നഗരങ്ങളാണ് ഖിവയും (Khiva) ബുഖാറയും സമർഖണ്ഡുമൊക്കെ.
സോവിയറ്റ് കാലത്താണ് ഈ പ്രക്രിയയുടെ വേഗത കൂടിയത്. മധ്യേഷ്യ എക്കാലത്തും പ്രധാനപ്പെട്ട പരുത്തി ഉൽപ്പാദന കേന്ദ്രമായിരുന്നു. ഉസ്ബെക്കിസ്ഥാനെ ലോകത്തിന്റെ പരുത്തി ഉൽപ്പാദന തലസ്ഥാനമാക്കാൻ ബ്രെഷ്നേവിന്റെ കാലത്താണ് വലിയ കനാലുകൾ പണിതത്. എന്തായാലും 1965 മുതൽ 1985 വരെയുള്ള കാലത്തു ഉസ്ബെക്കിസ്ഥാനിലെ കൃഷിയോഗ്യമായ ഭൂമി ഇരട്ടിയായി. ഇങ്ങനെ കൃഷി ചെയ്യാനെത്തിയ റഷ്യക്കാർ ഉസ്ബെക്കിസ്ഥാനിൽ സ്ഥിര താമസവുമായി. എന്തായാലും ഈ പ്രക്രിയയിൽ ഒരു കടലുമായി ബന്ധപ്പെട്ട ആവാസ വ്യവസ്ഥ തന്നെ ഇല്ലാതാവുകയും ചെയ്തു.
ഞങ്ങൾ സമർഖണ്ടിൽ എത്തി എന്നറിഞ്ഞപ്പോൾ സ്വാതി ഓർമിപ്പിച്ചു:
“ചേട്ടാ, ഓർക്കുന്നില്ലേ, പഴയ സാംബശിവന്റെ വരികൾ:
“ഇന്നലെ സായാഹ്നത്തിൽ
ഞങ്ങളുസ്ബകിസ്ഥാനിൽ
സുന്ദരസമർഖണ്ടിൽ
കാഴ്ചകൾ കാണാനെത്തി …”
എസ് കെ പൊറ്റക്കാടിന്റെ വരികൾ ഉത്സവപ്പറമ്പിലെ വലിയ സദസ്സിനു മുൻപിൽ നിന്ന് തൊണ്ട പൊട്ടുമാറുച്ചത്തിൽ പാടുകയാണ് സാംബശിവൻ.
ഞങ്ങൾ കോരിത്തരിച്ചുപോയി.
എത്ര അനായാസമാണ് ഈ പുരാതന നഗരിയിൽ നിന്ന് നമ്മൾ പഴയ ബാല്യത്തിന്റെ രോമാഞ്ചത്തിലേക്ക് ഒഴുകിയെത്തുന്നത്.
അബുവിന് ഇതൊന്നും അറിയില്ല. എന്നാൽ എനിക്ക് നല്ല ഓർമയുണ്ട്. ഒരു കാലഘട്ടത്തെ മുഴുവൻ കഥ പറയാനും കവിത ആലപിക്കാനുമുള്ള തന്റെ അപാരമായ കഴിവുകൊണ്ട് ഒരു സമൂഹത്തെയാകെ നവയുഗ സ്വപ്നങ്ങളിലേക്ക് ഉണർത്തിയ കലാകാരൻ. അന്ന് അദ്ദേഹം ഏതു നഗരത്തെക്കുറിച്ചാണോ ഗാനം ആലപിച്ചത് അവിടെയെത്താൻ കഴിഞ്ഞു എന്നാലോചിക്കുമ്പോൾ വല്ലാത്ത ഒരു കോരിത്തരിപ്പ്.
കവിതയുടെ ബാക്കി വരികൾ പറഞ്ഞുതന്നത് എസ് ഗോപാലകൃഷ്‌ണനാണ്.
“ആളുവലിക്കും കുതിര വലിക്കും
കാള വലിക്കും വണ്ടി
ചക്രം തിരിയും തെരുവുകളെല്ലാം
എന്തിവലിച്ചു നടന്നു…”
ആളും കാളയും വലിക്കുന്ന വണ്ടികൾ ഈ നഗരത്തിൽ നിന്നും അപ്രത്യക്ഷമായി.എന്നാൽ ‘പലഹാരങ്ങൾ വിറ്റുനടക്കും കുടമണി കൊട്ടും വണ്ടി’യുടെ ആധുനിക രൂപങ്ങൾ ധാരാളമുണ്ട്.
എസ് കെ പൊറ്റക്കാട് പറഞ്ഞ പോലെ “ആളുകൾ അനവധി ഉണ്ടെന്നാലും
ആരിലും ഇടകലരാതെ ആ നഗരത്തിൻ വീഥികൾ തോറും ഞങ്ങളലഞ്ഞു നടന്നു.” പൊറ്റക്കാടിനൊപ്പം “പണ്ടത്തെ ചരിത്രത്തിൻ ഗന്ധവും സാംസ്‌കാരിക സ്പന്ദവും കലർന്നതാം പലതും കണ്ടു ഞങ്ങൾ.”
കവികൾക്ക് മാത്രം കഴിയുന്ന ഉന്നതതമായ ചിന്താദീപ്തിയിൽ ഈ നഗരത്തെക്കുറിച്ചു പൊറ്റക്കാട് പാടുന്നു:
“ഉടഞ്ഞ പിഞ്ഞാണങ്ങൾ കണക്കെ
ഓരോ കോണിൽ
അടഞ്ഞുകിടക്കുന്നു
പള്ളികൾ പ്രാചീനങ്ങൾ.”
ഒരു നഗരവും ഒറ്റ നോട്ടത്തിൽ ഞങ്ങളെ ഇതേപോലെ വിഭ്രമിപ്പിച്ചിട്ടില്ല. നഗരത്തിന്റെ പ്രധാന കേന്ദ്രമായ രെഗിസ്റ്റാന്റെ (Registan) പ്രധാന കവാടത്തിൽ ചെല്ലുമ്പോൾ സന്ധ്യയായിരുന്നു. ചെറുതായി മഴ പൊഴിയുന്നുണ്ട്. വിശാലമായ പാതയോട് ചേർന്ന് നീലയുടെ വിവിധ ഭാവങ്ങളിൽ വളർന്നു പന്തലിച്ചു നിൽക്കുന്ന പുരാതനമായ കെട്ടിടങ്ങൾ.
ഇരുട്ടിൽ ചെറിയ മഴയിൽ റെഗിസ്താൻ അത്യപൂർവമായ സൗന്ദര്യമാണ്. നീലയുടെ പല ഭാവങ്ങളിൽ വിശാലമായ അങ്കണങ്ങൾ, മദ്രസകൾ, ഗോപുരങ്ങൾ, മിനറേറ്റുകൾ, ഇതെല്ലാം മുകളിൽ നിന്ന് ഇരുട്ടിൽ അവ്യക്തമായി കാണാം. ഞങ്ങൾ എത്താൻ താമസിച്ചു. എന്നാൽ രാത്രിയിലും സന്ദർശകർ താഴേക്കിറങ്ങുന്നുണ്ട്. ഞങ്ങളുടെ കയ്യിൽ നിന്നും 20,000 സോം വാങ്ങിച്ച സുരക്ഷ പരിശോധകൻ റസീറ്റൊന്നും തന്നില്ല.
താഴേക്ക് പോകാം, അയാൾ പറഞ്ഞു. നടന്നാൽ താഴെയെത്തുന്നത് മൂന്നു മദ്രസകൾക്കും നടുവിലുള്ള വലിയൊരു പബ്ലിക് സ്ക്വയറിലാണ്. ഇത് പണ്ട് ഒരു വലിയ കച്ചവടകേന്ദ്രമായിരുന്നു. ഒട്ടകങ്ങളിൽ എത്തുന്ന ചരക്കുകൾ ഇവിടെ വച്ചാണ് കൈമാറുന്നത്, അതിൽ പട്ടും കടലാസും സുഗന്ധ വ്യഞ്ജനങ്ങളും ഒക്കെ ഉണ്ടാവും. ഖാൻ പ്രധാനപ്പെട്ട അറിയിപ്പുകൾ ഇവിടെവച്ചാണ് നൽകുന്നത്. പൊതുസ്ഥലത്ത് വച്ച് നടത്തുന്ന വധങ്ങൾക്കും ഇവിടം വേദിയാകും.
മൂന്ന് പ്രധാന മദ്രസ്സകൾ ഇവിടെയുണ്ട്. ഇതിൽ ആദ്യത്തെയും ഏറ്റവും പ്രധാനവും 1417 ൽ പണിത ഉലുഗ് ബേഗ് മദ്രസയാണ്. തിമൂറിന്റെ കൊച്ചുമകനായ ഉലെഗ് ബേഗ് ആണ് ഈ മനോഹര സൗധം നിർമിച്ചത്. ഞങ്ങളുടെ സംസ്കാരം മനസ്സിലാക്കണമെങ്കിൽ ഞങ്ങളുടെ കെട്ടിടങ്ങൾ നോക്കൂ എന്ന് പറഞ്ഞ മുത്തശ്ശന്റെ പാത പിന്തുടർന്നാവണം ഇദ്ദേഹം ഈ നഗരം മുഴുവൻ ഇത്തരത്തിൽ കാലാതീതമായ നിർമിതികൾക്ക് രൂപം നൽകിയത്.
പില്ക്കാലത് ജോർജ് കഴ്സൺ ഈ മന്ദിരത്തെ ലോകത്തിലെ ഏറ്റവും കുലീനമായ പൊതു മന്ദിരം എന്ന് വിശേഷിപ്പിച്ചു. മറ്റുള്ള മദ്രസകൾ ഷേർ ദോർ മദ്രസ, റ്റില്യ കോറി മദ്രസ എന്നിവ ഏകദേശം ഒരു നൂറ്റാണ്ടിന് ശേഷമാണ് ഉണ്ടാവുന്നത്.
ഏഴ് ശതാബ്ദങ്ങൾക്ക് പിറകിലുള്ള ഒരു വിദ്യാകേന്ദ്രത്തിലാണ് ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത്. വലിയ ഡോമുകൾക്ക് കീഴെ വിശാലമായ ഹാളുകൾ, പ്രത്യേക പഠന മുറികൾ, കുട്ടികൾക്ക് താമസിക്കാനുള്ള ഡോർമിറ്ററികൾ. ഒപ്പം ഉലുഗ് ബേഗ് തന്റെ പ്രശസ്തമായ ദൂരദർശിനിയിലൂടെ ആകാശക്കാഴ്ചകൾ നോക്കുന്ന മനോഹരമായ ഒരു ശില്പവും.
തിമൂറിന്റെ ചെറുമകൻ ആയിരുന്ന മിർസ മുഹമ്മദ് തരാഖേ അറിയപ്പെടുന്നത് ഉലുഗ് ബേഗ് എന്ന പേരിലാണ്. മഹാനായ ഭരണാധികാരി എന്നർത്ഥം. സത്യത്തിൽ സാമ്രാജ്യങ്ങൾ സൃഷ്ടിക്കുവാനുള്ള കരുത്തു നോക്കിയാൽ ഇദ്ദേഹം മഹാനായ ഒരു ഭരണാധികാരി ആയിരുന്നു എന്ന് നമുക്ക് പറയാൻ കഴിയില്ല. എന്നാൽ, വിജ്ഞാനത്തിന്റെ വലിയൊരു സാമ്രാജ്യം അദ്ദേഹം സൃഷ്ടിച്ചു. അക്കാലത്തെ ആദരണീയനായ ഗണിതജ്ഞനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്നു ഉലുഗ് ബേഗ്.
റെഗിസ്ഥാനിൽ ഇപ്പോഴുമുള്ള പഴയ മദ്രസയിലാണ് ഉലുഗ് ബേഗ് തന്റെ ജ്യോതിശാസ്ത്ര പഠനങ്ങൾ നടത്തിയത്. അക്കാലത്തെ ക്ലാസുകൾ എങ്ങനെയായിരുന്നു എന്ന് വിശദീകരിക്കുന്ന ചിത്രങ്ങളും ശില്പങ്ങളും സുന്ദരമായി ഇതിനുള്ളിൽ ഒരുക്കിയിരിക്കുന്നു. ഞങ്ങളെ ഏറെ ആകർഷിച്ചത് അക്കാലത്തെ മദ്രസകളിൽ പഠിക്കുന്ന സ്ത്രീകൾ ഈ ചിത്രങ്ങളിലുണ്ട് എന്നതാണ്.
ലോകത്തെവിടെനിന്നുമുള്ള കരകൗശല വിദഗ്ദ്ധരാണ് ഇതിന്റെ നിർമിതിയിൽ പങ്കാളികളായത്. ഇവിടെ സൃഷ്ടിച്ച വാസ്തുശില്പ പാഠങ്ങളാണ് പിൽക്കാലത്തു താജ്‌മഹൽ അടക്കമുള്ള അതിമനോഹര സൃഷ്ടികൾക്ക് മാതൃകയായത്.സമർഖണ്ഡിലെ കൊട്ടാരത്തിൽ നിന്ന് ആയിരത്തൊന്ന് രാവുകളിലെ കഥകൾ പറയാൻ ഷെഹാറസാദേ തീരുമാനിച്ചതിൽ നമുക്ക് അത്ഭുതം തോന്നില്ല.
ഒറ്റ നോട്ടത്തിൽ നമ്മളെ അമ്പരപ്പിക്കുന്നത് നീലയുടെ വിവിധതരം ഷേഡുകളാണ്. റെഗിസ്ഥാൻ മാത്രമല്ല സമർഖണ്ഡിൽ ഞങ്ങൾ കണ്ട എല്ലാ പുരാതന മന്ദിരങ്ങളും നീലയുടെ വൈവിധ്യമായ വർണ വിതാനമായിരുന്നു. പണ്ടുമുതലേ കളിമണ്ണിലുണ്ടാക്കുന്ന ശില്പങ്ങൾക്കും പാത്രങ്ങൾക്കും നീലയാണ് പ്രധാന നിറം. പിന്നീട് പള്ളികൾക്കും കൊട്ടാരങ്ങൾക്കുമെല്ലാം നീല തന്നെയായി നിറം.
അങ്ങനെ ഇസ്‌ലാമിക വാസ്തുശില്പ ശൈലിയിൽ ഈ നിറം പ്രമുഖ സ്ഥാനം നേടി. ഇസ്‌ലാമിക ചിന്തയുടെ അടിസ്ഥാന ഭാവങ്ങളായ വൃത്തിയുടെയും ആത്മീയതയുടെയും തെളിച്ചമായാണ് ഈ നിറം കരുതപ്പെടുന്നത്.
ലോക കലാചരിത്രത്തിൽ നീല നിറത്തിന് വലിയ ചരിത്ര പ്രാധാന്യമുണ്ട്. നവോത്ഥാന കാലഘട്ടത്തിൽ മാലാഖമാരുടെ വസ്ത്രങ്ങൾക്കും കന്യാമറിയത്തിന്റെ മേലാപ്പിനും ഇത്തരത്തിൽ നീല നിറം നൽകുന്നത് പ്രധാനമായി അക്കാലത്തെ കലാകാരന്മാർ കരുതി. ഇരുണ്ട നീലനിറം മേരിയുടെ മുഖത്തു ചുറ്റുപാടും ദുഃഖാർത്തരായി നിൽക്കുന്ന ശിഷ്യരുടെ ഉൽക്കടമായ വേദനയുടെ നിഴൽ വീഴ്ത്തും. അതിൽ തന്റെ മടിയിൽ കിടക്കുന്ന മിശിഹായുടെ അർദ്ധനഗ്‌നമായ വിളറിയ ശരീരത്തിന്റെ പാതിവെളിച്ചം പ്രതിധ്വനിക്കും.
അൾട്രാ മറൈൻ നീലയായിരുന്നു അന്ന് ഉപയോഗിച്ചിരുന്ന നീലനിറം. ഈ നീലനിറം സംഘടിപ്പിക്കുക എളുപ്പമായിരുന്നില്ല. അഫ്ഘാനിസ്ഥാനിലെ കോച്കാ നദീതീരത്തു നിന്ന് ലഭിക്കുന്ന ലാപിസ് ലസൂലി പൊടിച്ചാണ് ഈ നിറം ഉണ്ടാക്കിയിരുന്നത്.
പിൽക്കാലത്തു നീലനിറം സൃഷ്ടിക്കാനുള്ള ധാരാളം പരീക്ഷണങ്ങൾ നടന്നു. അത്തരം ഒരു പരീക്ഷണത്തിൽ നിന്നാണ് വാൻഗോഗ് തന്റെ ‘സ്റ്റാറി നൈറ്റ്’ എന്ന പ്രശസ്തമായ ചിത്രത്തിലും ഹൊക്കുസായി തന്റെ ‘ഗ്രേറ്റ് വേവ്’ എന്ന ചിത്രത്തിലെ ജലത്തിലും നൽകിയ നീലനിറം ഉണ്ടായത്.
ഈ പരീക്ഷണങ്ങളുടെ തുടർച്ചയായിട്ടാണ് ലോകത്തെ വിറപ്പിച്ച സയനൈഡ് എന്ന വിഷമുണ്ടാവുന്നത്. പ്രഷ്യൻ ബ്ലൂ എന്ന ഈ നിറത്തിന്റെ ചരിത്രം ചിലിയൻ നോവലിസ്റ്റ് ബെഞ്ചമിൻ ലാബാറ്ററ്റ് ‘When We Cease to Understand the World’ എന്ന നോൺ ഫിക്ഷൻ നോവലിൽ എഴുതിയിട്ടുണ്ട്.
രണ്ടായിരം വർഷം ഈ നഗരം ലോകത്തിന്റെ വ്യാപാരപാതകളിലെ അപൂർവ്വഖനിയായി നിന്നു. പേർഷ്യക്കാരും ഗ്രീക്കുകാരും തുർക്കികളും മംഗോളും ചൈനക്കാരും റഷ്യക്കാരും ഈ നഗരത്തിലൂടെ കടന്നുപോയി. അലക്‌സാണ്ടർ ബി സി നാലാം ശതകത്തിൽ ഈ നഗരത്തിൽ വന്നു.
ലോക പ്രശസ്ത യാത്രികരായ ഹുയാൻസാങ്ങും ഫാഹിയാനും ഇബ്ൻ ബത്തൂത്തയും മാർക്കോപോളോയും ഈ നഗരത്തെക്കുറിച്ചെഴുതി. തിമൂർ ഈ നഗരത്തിൽ നിന്നാണ് ലോകത്തിന്റെ അഞ്ചു ശതമാനം വരുന്ന സാമ്രാജ്യം തെക്കു ഡൽഹി വരെ കീഴടക്കിയത്.
എത്ര മണിക്കൂറാണ് ഞങ്ങൾ റെഗിസ്ഥാനിൽ ചെലവിട്ടത് എന്നറിയില്ല. വിശപ്പോ ദാഹമോ ക്ഷീണമോ ഇല്ല. യാത്രയുടെ ക്ഷീണം ഇല്ല. ചരിത്രത്തിന്റെ ഉദ്വിഗ്നമായ ഭാരം മാത്രം ഞങ്ങളുടെ ചുമലിൽ തൂങ്ങി നിന്നു. ഒരു ചിത്രത്തിനോ വസ്തു കഥനത്തിനോ ഈ അനുഭവത്തെ മറ്റൊരാൾക്ക് പകർന്നു നൽകാൻ കഴിയില്ല. അങ്ങനെ മറ്റേതോ ലോകത്തിൽ പെട്ടതുപോലുള്ള ഒരു അലച്ചിൽ.
Look ‘round thee now on Samarcand!—
Is not she queen of Earth? her pride
Above all cities? in her hand
Their destinies? in all beside
Of glory which the world hath known
Stands she not nobly and alone?
എഡ്‌ഗാർ അലൻ പോ തിമൂറിനെക്കുറിച്ചെഴുതിയ കവിതയിൽ സമർഖണ്ഡിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്.
പുറത്തിറങ്ങിയിട്ടും സമർഖണ്ഡിൽ മണിക്കൂറുകളോളം ഞങ്ങൾ അലഞ്ഞുനടന്നു. ഈ യാത്രകൾ ഒരു ഒഴുക്ക് പോലെയാണ്. സത്യത്തിൽ ചരിത്രമോ മിത്തുകളോ നമ്മളെ അലട്ടുന്നില്ല. സങ്കല്പ വായു വിമാനത്തിൽ എങ്ങോട്ടൊക്കെയോ ഒഴുകുന്നതുപോലുള്ള ഒരു യാത്ര.
ഇറ്റാലോ കാൽവിനോ എഴുതിയ അതിമനോഹരമായ ഒരു നോവലുണ്ട്. ‘Invisible Cities.’ അദൃശ്യ നഗരങ്ങൾ. താൻ കണ്ട നഗരങ്ങളെക്കുറിച്ചു മാർക്കോപോളോ കുബ്ലൈഖാനോട് പറയുകയാണ്. അയാൾ പറയുന്നതെല്ലാം ചക്രവർത്തി വിശ്വസിക്കണം എന്നില്ല. എന്നാൽ ഈ കഥകളെല്ലാം അയാൾ സാകൂതം കേട്ടുകൊണ്ടിരിക്കുന്നു.
എല്ലാ രാജാക്കന്മാരുടെയും ജീവിതത്തിൽ, അവർ ആക്രമിച്ചു കീഴടക്കിയ രാജ്യങ്ങളെക്കുറിച്ചുള്ള അഭിമാനത്തോടൊപ്പം ഇങ്ങനെ കീഴടക്കിയ സമൂഹങ്ങളെ മനസ്സിലാക്കാൻ കഴിയാത്തതിന്റെ അപാരമായ ശൂന്യത പിടികൂടുന്ന ഒരു നിമിഷമുണ്ടാവും എന്നാണ് കാൽവിനോ പറയുന്നത്. മഹത്തായ വിസ്മയങ്ങൾ ചരിത്രത്തിന്റെ അവശിഷ്ടമായി മാറുന്ന ദുഃഖകരമായ നിമിഷമാണത്. എന്നാൽ മാർക്കോപോളോയുടെ കഥകളിലൂടെ ഈ തകർച്ചയെ അതിജീവിക്കാം എന്നാണ് രാജാവ് കരുതുന്നത്.
ഈ കഥകളിലൂടെ നഗരങ്ങളെ ഓർമ്മകളായും അഭിലാഷങ്ങളായും ചിഹ്നങ്ങളായും കാൽവിനോ വിവരിക്കുന്നു. നഗരങ്ങൾക്കുള്ളിലെ അദൃശ്യ നഗരങ്ങളെക്കുറിച്ചു പറയുന്നു.
സമർഖണ്ഡിലൂടെ രാത്രികളിൽ നടക്കുമ്പോൾ കാൽവിനോ പറഞ്ഞ കഥകൾ ഓരോന്നായി നമുക്ക് ഓർമ്മ വരും. അന്ന് രാത്രി നഗരത്തിന്റെ മൂലയിലുള്ള ഹോംസ്‌റ്റേയിൽ ഞങ്ങൾ എത്തി.
പിറ്റേന്ന് കൂടെ താമസിക്കുന്നവരോടൊപ്പം കുറച്ചുനേരം സൊറ പറഞ്ഞിരുന്നു. ചില ഫ്രഞ്ച്, ബെൽജിയൻ യാത്രക്കാർ അവിടെയുണ്ട്. ചില റഷ്യക്കാർ അവിടെയുണ്ട്. എന്നാൽ യാത്രയിൽ ഇതേവരെ കണ്ട റഷ്യൻ യാത്രികർ പറഞ്ഞ കഥയല്ല ഇവർ പറഞ്ഞത്. അത് പുതിയൊരു അറിവായിരുന്നു. ഇവർ ബഷ്‌കീറുകൾ (Bashkir) ആണ്. റഷ്യയുടെ ഒരു റിപ്ലബിക്കായ ബഷ്‌കോർത്തൊസ്താനിൽ (Bashkortostan)
നിന്ന് വരുന്നവർ.
പഴയ ടർക്കി വംശവുമായുള്ള ബന്ധത്താൽ സവിശേഷമായ ഭാഷയും സാംസ്കാരിക പ്രത്യേകതകളും ഇവർക്കുണ്ട്. ഇവർ സോവിയറ്റ് കാലത്തും അതിനു മുൻപും പിൻപും അവരുടെ സ്വയം ഭരണാധികാരം നിലനിർത്തി. അവരുടെ സംസ്കാരത്തെക്കുറിച്ചും ഭാഷയെക്കുറിച്ചും കലകളെക്കുറിച്ചുമൊക്കെ ഇവർക്ക് വലിയ അഭിമാനം ആയിരുന്നു. “വരൂ, ഞങ്ങളുടെ നാട്ടിലേക്ക് വരൂ, ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണത്,” അവർ ക്ഷണിച്ചു.
ഞങ്ങളുടെ സംഭാഷണം കേട്ട് ചിരിച്ചുകൊണ്ടിരുന്ന ഫ്രഞ്ച് സഹയാത്രികൻ എനിക്ക് ഒട്ടകത്തിന്റെ ഇറച്ചി കൊണ്ടുണ്ടാക്കിയ ബേക്കൺ ഓഫർ ചെയ്തു. ഹോ, എന്തൊരു ഭാഗ്യം. എത്ര കാലത്തേ ആഗ്രഹമാണ്. ബിന്ദുവും അബുവും സാകൂതം നോക്കിയിരിക്കുമ്പോൾ ഞാൻ ഒട്ടക ഇറച്ചി തിന്നു.
ജഗതി ശ്രീകുമാറിനെ സ്വപ്നം കണ്ടാണ് അന്ന് ഉറങ്ങിയത്.