അന്ന് രാത്രി ടോക്‌മോക്കിൽ സംഭവിച്ചത്
മൂന്നാം ദിവസം വൈകിട്ട് ബിഷ്കെക്കിൽ നിന്ന് ട്രെയിനിൽ എഴുപത് കിലോമീറ്റർ മാത്രം അകലമുള്ള ടോക്‌മോക്ക് (Tokmok) എന്ന ചെറു പട്ടണത്തിലേക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ, ഇവിടെ താമസിക്കുന്ന വീട്ടുകാരുമായി ഞങ്ങൾക്ക് വലിയ ഹൃദയ ബന്ധം ഉണ്ടായിക്കഴിഞ്ഞിരുന്നു. പ്രത്യേകിച്ച് വ്ളാദിമിറുമായി. ഞങ്ങൾ യാത്ര പറഞ്ഞപ്പോൾ വ്ലാദിമിർ നിരുദ്ധകണ്ഠനായി. നമുക്ക് ഇനി റഷ്യയിൽ കാണാം, അദ്ദേഹം പറഞ്ഞു. ഞങ്ങൾ മറ്റൊരു സ്ഥലത്തേക്ക് യാത്ര തുടരുകയാണ്. എന്നാൽ തനിക്ക് എന്നാണ് തിരിച്ചു നാട്ടിലേക്ക് പോകാൻ കഴിയുക എന്ന് വ്ലാദിമിറിന് ഒരു ഐഡിയയും ഇല്ല.
എന്തായാലും ഫോൺ നമ്പറുകൾ കൈമാറി ഞങ്ങൾ യാത്ര പറഞ്ഞു.
ഞങ്ങളുടെ യാത്രക്ക് പൊതുവേ ഒരു പ്രത്യേകതയുണ്ട്. തീർത്തും അപരിചിതമായ, ഭാഷ പോലും അറിയാത്ത സ്ഥലമാണെങ്കിലും മുൻകൂട്ടിയുള്ള യാതൊരു പ്ലാനിങ്ങും ഇല്ലാതെയാണ് ഓരോ ദിവസവും തുടങ്ങുന്നത്. അതുകൊണ്ട് തന്നെ താമസ സ്ഥലമൊക്കെ യാത്രയ്ക്കിടയിൽ കണ്ടെത്തുകയാണ് പതിവ്. ഈ അനിശ്ചിതത്വമാണ് യാത്രയ്ക്ക് ഒരിത്തിരി ആശങ്ക കലർന്ന രസം പകരുന്നത്.
രാജ്യ തലസ്ഥാനമായ ബിഷ്കെക്കിന്റെ പ്രധാന റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെ ഒരു മനുഷ്യക്കുഞ്ഞിനെപ്പോലും കാണാനില്ല. മനോഹരമായി പണിത ഒരു കുഞ്ഞു കെട്ടിടം. മഞ്ഞ ഡിസ്റ്റമ്പർ അടിച്ചു ഓട് മേഞ്ഞ ഒരു പഴയ കെട്ടിടം. പ്ലേറ്റ് ഫോമിൽ ആരെയും കാണാനില്ല. പച്ചനിറമുള്ള ഒരു കുഞ്ഞു തീവണ്ടി മാത്രം അനാഥമായി പ്ലാറ്റ്‌ഫോമിൽ കിടപ്പുണ്ട്. ടിക്കറ്റ് എടുക്കാനുള്ള സംവിധാനമൊന്നും എവിടെയും കാണാനില്ല.
വൈകിട്ട് അഞ്ചു മണിക്കാണ് ബിഷ്കെക്കിൽ നിന്ന് ടോക്‌മോക്കിലേക്കുള്ള ട്രെയിൻ. ഇത് തന്നെയാവണം ആ ട്രെയിൻ. ഞങ്ങൾ എന്തായാലും ആരെങ്കിലും വരും എന്ന് പ്രതീക്ഷിച്ചു പ്ലാറ്റ്‌ഫോമിലെ മരബെഞ്ചിൽ കാത്തിരുന്നു.
വലിയ പർവ്വതങ്ങളും താഴ്വരകളും നിറഞ്ഞ പ്രദേശമാകയാലാവാം കിർഗിസ്ഥാനിൽ റെയിൽവേ നെറ്റ്‌വർക്ക് വളരെ പരിമിതമാണ്. ഇപ്പോൾ ഉള്ളതുതന്നെ സോവിയറ്റ് കാലത്തുനിന്നു കൈമാറി വന്ന 320 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ബ്രോഡ് ഗേജ് സംവിധാനമാണ്. കിർഗിസ് ടെമിർ ജോളി എന്നൊരു കമ്പനിയാണ് ഇപ്പോൾ റയിൽവെയുടെ നടത്തിപ്പ്.
ഇത്തരം വിവരങ്ങളൊക്കെ വിക്കിപീഡിയയിൽ നിന്ന് ശേഖരിച്ചു കൊണ്ടിരിക്കുമ്പോൾ പതിനെട്ട് വയസ്സ് തോന്നിക്കുന്ന ചെറിയ ഒരു പെൺകുട്ടി പ്ലാറ്റ്ഫോമിലേക്ക് വന്നു. ഹോ, ഒരു യാത്രക്കാരി കൂടെ ഞങ്ങൾക്കൊപ്പമുണ്ട്, സന്തോഷമായി.
കുറച്ചുകഴിഞ്ഞപ്പോൾ മിലിട്ടറി യൂണിഫോമിൽ എന്ന് തോന്നുന്ന വേഷത്തിൽ മൂന്നോ നാലോ റെയിൽവേ ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി.
ടിക്കറ്റ് ട്രെയിനിലുള്ളിൽ തന്നെ കിട്ടും, കയറിക്കോളൂ, അവർ പറഞ്ഞു. ഞങ്ങൾ സമയം കളയാതെ ട്രെനിനുള്ളിലേക്ക് കയറി.
ആറോ ഏഴോ ബോഗികളുള്ള ട്രെയിനിൽ ഞങ്ങൾക്കൊപ്പം കയറിയത് നേരത്തെ കണ്ട പെൺകുട്ടിയും വേറെ മൂന്നോ നാലോ ആളുകളും മാത്രം. നല്ല വൃത്തിയുള്ള ബോഗികൾ. രണ്ടു സ്ലീപ്പർ ബെർത്ത് ഓരോ വശത്തുമുണ്ട്. പുറംലോകം കാണാൻ കഴിയുന്ന തുറക്കാൻ കഴിയുന്ന വലിയ ചില്ലു ജനാല. എഴുതാനുപയോഗിക്കാവുന്ന വലിയ മേശ. ഞങ്ങൾ ബോഗിയിൽ ചുറ്റിനടന്ന് എല്ലാ സംവിധാനങ്ങളും മനസ്സിലാക്കി. ടോയ്‌ലെറ്റ് പൂട്ടി ഇട്ടിരിക്കുന്നു.
ഓരോ ബോഗിയിലും ടിക്കറ്റ് എക്‌സാമിനർമാരുണ്ട്. ടോയ്‌ലറ്റിന്റെ ചാവി അവരുടെ കയ്യിലാണെന്നും അവരോട് ആവശ്യപ്പെട്ടാലേ തുറന്നു തരൂ എന്നും ഞങ്ങൾ ആദ്യമേ കണ്ടുപിടിച്ചു. ഒരു പ്രായം കഴിഞ്ഞു യാത്ര ചെയ്യുന്നവർ ആദ്യം അന്വേഷിക്കുന്നത് അടുത്തുള്ള ടോയ്‌ലറ്റ് ആണ് എന്ന് പ്രത്യേകം ഓർക്കണം.
കൃത്യം അഞ്ചു മണിക്ക് തന്നെ ട്രയിൻ നീങ്ങി. ഞങ്ങൾ ചില്ലുവാതിൽ തുറന്നു പുറംകാഴ്ചകൾ കണ്ടു അന്തം വിട്ടിരിപ്പാണ്. അപരിചിത ദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഒരു പോള പോലും കണ്ണടയ്ക്കാൻ തോന്നുകയില്ല. ഓരോ കാഴ്ചയും അത്ഭുത ലോകങ്ങളിലേക്കുള്ള വിശാല ജനാലകളാണ്. ബിഷ്കെക്ക് നഗരത്തിന്റെ പുറത്തേക്ക് പതുക്കെ ട്രെയിൻ യാത്രയായി. കൂടുതലും വ്യാവസായിക മേഖലകളാണ്. നഗരം പോലെ തന്നെ പ്രാന്ത പ്രദേശങ്ങളും നല്ല വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. വീടുകൾക്ക് ചുറ്റും ചെറിയ കൃഷിസ്ഥലങ്ങളുണ്ട്. പലതരം പഴങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
ഞങ്ങൾക്കൊപ്പം ആകെയുള്ളത് ഈ കൊച്ചു പെൺകുട്ടി മാത്രമാണ്. അവൾക്ക് ഒരക്ഷരം പോലും ഇംഗ്ലീഷ് അറിയില്ല. ഈ നാട്ടിൽ വന്നപ്പോൾ ഇംഗ്ലീഷ് ഇത്രയേറെ പ്രയോജനരഹിതമാവും എന്ന് ഞങ്ങൾ വിചാരിച്ചതേയില്ല. ‘യെസ്,’ ‘നോ’ എന്നിങ്ങനെ നമുക്ക് സാധാരണം എന്ന് തോന്നുന്ന വാക്കുകൾ പോലും ഇവിടെ ആർക്കും അറിയില്ല. ഇംഗ്ലീഷ് ഭാഷയാണ് പുറംലോകത്തേക്കുള്ള വാതിൽ എന്ന് കരുതുന്ന മലയാളിക്ക് ഇത് അപ്രതീക്ഷിതമായ ഒരു ഷോക്ക് ആയിരിക്കും.
“ഗൂഗിൾ ട്രാൻസ്‌ലേറ്റർ ഉള്ള കാലത്തോളം ഈ ചന്തുവിനെ ആർക്കും തോൽപ്പിക്കാനാവില്ല മക്കളേ…” എന്ന് പറഞ്ഞു കൊണ്ട് ബിന്ദുവും അബുവും അവളുമായി ചെറിയ തോതിൽ സംഭാഷണം ആരംഭിച്ചു.
യാത്രകളിൽ സഹയാത്രികരോട് കഴിയുന്നത്ര സംസാരിക്കുന്നതാണ് എനിക്കിഷ്ടം. അബുവിന് മഞ്ഞുരുകാൻ കുറച്ചു സമയമെടുക്കും.
അപരിചിതരെ പരിഗണിക്കാതിരിക്കരുത്, അവരിൽ ചിലപ്പോൾ മാലാഖമാർ കാണും എന്ന ബൈബിൾ വചനം ഞാൻ അബുവിനെ ഓർമിപ്പിക്കും. ഞങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ ജെറാൾഡ് ഡറലിന്റെ ‘മൈ ഫാമിലി ആൻഡ് അദർ അനിമൽസ്’ എന്ന പുസ്തകത്തിലാണ് ഈ ഉദ്ധരണി ഞാൻ ആദ്യം കാണുന്നത്. എന്തായാലും ആ വചനം ഇന്നത്തെപ്പോലെ സാർത്ഥകമായി മാറിയ അപൂർവം സന്ദർഭങ്ങളെ ഉണ്ടാവൂ. ആ കഥ വഴിയേ പറയാം.
സ്വെറ്റ്‌ലാന എന്നാണ് അവളുടെ പേര്. റഷ്യൻ വംശജയാണ്. എന്നാൽ അവൾ ജനിച്ചതും വളർന്നതും കിർഗിസ്ഥാനിൽ തന്നെ. അവളുടെ അമ്മ കിർഗിസ് റെയിൽവെയിൽ ടിക്കറ്റ് എക്‌സാമിനറാണ്. ഇവളാകട്ടെ ബിഷ്കെക്കിൽ ഇൻഫർമേഷൻ ടെക്നോളജി പഠിക്കുകയാണ്. അവധി കിട്ടിയപ്പോൾ അമ്മയെ കാണാൻ പോകുന്നു. സ്വെറ്റ്‌ലാന എന്നാൽ റഷ്യൻ ഭാഷയിൽ പ്രകാശം എന്നാണർത്ഥം. യഥാർത്ഥത്തിൽ പ്രകാശം പരത്തുന്ന പെൺകുട്ടിയാണിവൾ എന്ന് ഞങ്ങൾ അറിയാൻ പോകുന്നതേയുള്ളു.
സ്വെറ്റ്‌ലാന ഒരു നാണംകുണുങ്ങിയാണ്. ചെമ്പൻ മുടിയും നീല കണ്ണുകളും കറുത്ത ഓവർകോട്ടുമുമുള്ള മെലിഞ്ഞ ഒരു കുട്ടി. മൊബൈലിൽ നോക്കി മിണ്ടാതെ ഇരിക്കാനാണ് പൊതുവെ താൽപ്പര്യം. എന്നാൽ ഞങ്ങളോട് സംസാരിക്കാൻ അവൾക്ക് വളരെ ഇഷ്ടവുമാണ്. ഇംഗ്ലീഷ് അറിയാത്തതിൽ അവൾക്ക് വലിയ സങ്കടവുമുണ്ട്. എന്നാൽ ഈ രാജ്യങ്ങളിൽ ഇംഗ്ലീഷ് പ്രധാനപ്പെട്ട വ്യവഹാര ഭാഷയെയല്ല. റഷ്യൻ ഭാഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്.
ഇടയ്ക്ക് ടിക്കറ്റ് എക്‌സാമിനർമാർ വന്നു. വെറും നാൽപ്പത്തിയഞ്ചു രൂപയാണ് ഒരു ടിക്കറ്റിന്. മൂന്നുപേർക്ക് നൂറ്റി അമ്പതു സോമിൽ താഴെ. ടാക്സിയിൽ പോയാൽ 3000 സോം ചിലവാകുന്ന സ്ഥലത്താണ് ഈ നൂറ്റി അൻപത് സോം.
പെപ്സിയും വറുത്ത സൂര്യകാന്തി വിത്തുകളുമായി ലഘു ഭക്ഷണം വിൽക്കുന്ന ചിലരും കടന്നുപോയി. ഞങ്ങൾ സൂര്യകാന്തി വിത്ത് മാത്രം വാങ്ങി. അത് ഓരോന്നായെടുത്തു കറുത്ത തൊലി കളഞ്ഞുവേണം കഴിക്കാൻ. തൊലി കളയുന്നത് ഒരു പൊല്ലാപ്പാണ്. എന്നാൽ പരിപ്പിന് അപാരമായ സ്വാദുമാണ്.
75 കിലോമീറ്റർ സഞ്ചരിക്കാൻ രണ്ടര മണിക്കൂർ എടുക്കും. ടോക്‌മോക്കിൽ എത്തുമ്പോൾ രാത്രിയാകും. ട്രെയിനിൽ ഇരുന്നു കിർഗിസ്ഥാനിലെ സൂര്യാസ്തമയം കാണണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം.. ലോകത്തെവിടെയും ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണിത്. കുതിച്ചു പായുന്ന ട്രെയ്‌നിലിരുന്നു അകലെ ചുവന്ന ആകാശത്തിൽ കൂടുതൽ ചുവന്ന ഒരു ഗോളം പോലെ സൂര്യൻ അസ്തമിക്കുന്നതും ഇരുൾ പരക്കുന്നതും വിശാലമായ അന്തിവാനിനെ കീറിമുറിച്ചുകൊണ്ട് കൂടണയാൻ പക്ഷികൾ പറക്കുന്നതും കാണാൻ വേണ്ടി മാത്രം പലപ്പോഴും ഈ സമയത്തുള്ള ട്രെയിനുകളിൽ ഞങ്ങൾ യാത്ര ചെയ്യാറുണ്ട്.
ഇവിടെയും അതിമനോഹരമായിരുന്നു ഈ കാഴ്ച. ട്രെയിനിൽ മറ്റു യാത്രികർ ഇല്ലാത്തതിനാൽ പരിപൂർണ നിശബ്ദതയാണ്. സൂര്യൻ അസ്തമിക്കുകയും ഇരുൾ നിറയുകയും ചെയ്തു.
അബുവിന്റെ ഫോണിൽ എന്തോ ഒരു മെസ്സേജ് വന്നു. അതുനോക്കിക്കൊണ്ട് അബു പറഞ്ഞു “അച്ഛാ, കുഴപ്പമായി. നമ്മുടെ ഹോട്ടൽ ബുക്കിങ് ക്യാൻസലായി …”
അവിടെ താമസിച്ചിരുന്ന അതിഥികൾക്ക് ആ സ്ഥലം വളരെ ഇഷ്ടപ്പെടുകയും അവർ അവിടെ രണ്ടു ദിവസം കൂടി താമസിക്കാൻ തീരുമാനിക്കുകയും ചെയ്തുവത്രേ.
അച്ഛാ, കുഴപ്പമായി എന്നത് ഞങ്ങളുടെ ഇതേവരെയുള്ള ജീവിതത്തിലെ പ്രധാന വാചകങ്ങളിൽ ഒന്നാണ്. ഇതിന് പേറ്റന്റ് ബാലുവിനാണ്.
“അച്ഛാ, ഒരു കുഴപ്പം പറ്റി… എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കി… എന്റെ കുഴപ്പമല്ല…”
“അച്ഛാ, എന്റെ ട്രെയിൻ മിസ്സായി… എന്റെ കുഴപ്പമല്ല…”
“ അച്ഛാ, ഒരു കുഴപ്പം പറ്റി … പോർട്ട് ബ്ളയറിൽ ഇറങ്ങേണ്ട വിമാനം മോശം കാലാവസ്ഥ കാരണം മലേഷ്യയിലെ ഫുക്കെറ്റിൽ ആണ് ഇറങ്ങിയത്..എന്റെ കയ്യിൽ പത്തു രൂപയെ ഉള്ളൂ… എന്റെ കുഴപ്പമല്ല…”
ഇതൊക്കെ ബാലുവുമായുള്ള ചില സംഭാഷണ ശകലങ്ങളാണ്.
“എന്റെ കുഴപ്പമല്ല…” അബു പറഞ്ഞു. ബുക്കിംഗ് ഡോട്ട് കോം കൺഫേം ചെയ്തിരുന്നതാണ്. ടോക്‌മോക്കിൽ നിന്ന് കുറച്ചകലെ കിഗേറ്റി എന്ന സ്ഥലത്തായിരുന്നു ബുക്കിങ്. ഇനി എന്ത് ചെയ്യും. അബു മറ്റൊരു താമസ സ്ഥലത്തിനായി പരതി തുടങ്ങി.
മധ്യേഷ്യൻ രാജ്യങ്ങളിലെ നൊമാഡുകൾ പണ്ട് താമസിച്ചിരുന്ന കൂടാരങ്ങൾക്ക് യെർട്ട് (Yurts) എന്നാണ് പറയുക. പൊളിച്ചു മാറ്റാവുന്ന ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാവുന്ന ടെന്റുകൾ ആണ്. ജന്തുക്കളുടെ തോലുകൊണ്ടാണ് ഇതുണ്ടാക്കുക. മൂവായിരം വർഷം പഴക്കമുള്ള ഒരു രീതി.
യാത്രികർക്കായി ഇത്തരം ടെന്റുകൾ ലഭ്യമാണ്. അബു വളരെ വേഗം തന്നെ ഒരു പുതിയ യെർട്ട് ബുക്കിംഗ് ഡോട്ട് കോമിലൂടെ തന്നെ ബുക്ക് ചെയ്തു.
മുറി ആപ്പിൽ കൺഫേം ആയി. എന്നാൽ വിളിച്ചപ്പോൾ അവർ ഫോണെടുക്കുന്നില്ല.
സാരമില്ല, മുറി കിട്ടിയല്ലോ, ഞങ്ങൾ ആശ്വസിച്ചു.
ഞങ്ങളുടെ പരിഭ്രമം സ്വെറ്റ്‌ലേന കാണുന്നുണ്ടായിരുന്നു. എന്താണ് പ്രശ്നം, അവൾ ചോദിച്ചു. അബു കാര്യം പറഞ്ഞു. ഞങ്ങൾക്ക് യെർട്ട് കിട്ടിയിരിക്കുന്നത് നഗരത്തിൽ നിന്ന് കുറച്ചു അകലെയാണ്.
ടോക്‌മോക്കിൽ ചെന്നപ്പോഴാണ് പ്രശ്നം. സമയം ഏഴു കഴിഞ്ഞു.പ്ലാറ്റ്‌ഫോമിൽ ഒരു പട്ടിക്കുറുക്കനുമില്ല. തികഞ്ഞ അന്ധകാരം. ചുറ്റുപാടുമുള്ള തോട്ടത്തിനിടയിലൂടെ കുത്തനെയുള്ള ചെറിയ പടികൾ ഇറങ്ങി വേണം റോഡിലെത്താൻ. റോഡിൽ മനുഷ്യൻ പോയിട്ട് ടാക്സിയുടെ പൊടി പോലുമില്ല.
അപരിചിതമായ രാജ്യം. കുറ്റാക്കൂരിരുട്ട്. ഒറ്റ മനുഷ്യർ കൺവെട്ടത്തിലില്ല. വണ്ടികളൊന്നും കാണാനില്ല. മുറി ബുക്ക് ചെയ്ത യെർട്ടുകാർ ഫോണെടുക്കുന്നില്ല. ആഹാ, വളരെ ഉദ്വേഗ ജനകമായ അന്തരീക്ഷം.
അബു മാത്രം ഇത്തിരി പതറിപ്പോയി.
“അച്ഛാ, എന്റെ കുഴപ്പമല്ല…”
ഞങ്ങളുടെ തൊട്ടു പിറകെ സ്വെറ്റ്‌ലാനയുമുണ്ട്. ഞങ്ങളുടെ പരിഭ്രമം അവൾക്ക് മനസ്സിലാവുന്നുണ്ട്. അവൾ പ്ലാറ്റഫോമിന്റെ ഒരു സൈഡിലേക്ക് നടന്നു അവിടെ കണ്ട വൃദ്ധനായ ഒരു റെയിൽവേ ജീവനക്കാരനോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അയാളെയും കൂട്ടി അവൾ ഞങ്ങളുടെ അടുത്തുവന്നു.
“ഇദ്ദേഹം ടാക്സി കിട്ടാൻ നിങ്ങളെ സഹായിക്കും. ടാക്സി വരുന്നതുവരെ ഞാനും നിങ്ങളുടെ കൂടെ നിൽക്കാം…”
ഞങ്ങൾ സത്യത്തിൽ അമ്പരന്നുപോയി. ഒരു ചെറിയ സമയത്തെ പരിചയം മാത്രമേ ഞങ്ങൾക്ക് ഈ കുട്ടിയുമായി ഉള്ളൂ. അവൾക്കും വീട്ടിൽ എത്താനുണ്ട്. അവളുടെ അമ്മ വിളിക്കുന്നുണ്ട്. എന്നാൽ ഞങ്ങളെ സഹായിക്കുന്നതാണ് പ്രധാനം എന്ന് അവൾക്ക് തോന്നുന്നു.
വൃദ്ധനായ റെയിൽവേ ജീവനക്കാരൻ ജോലി സമയം കഴിഞ്ഞു ഒരല്പം മിനുങ്ങുന്ന സമയമായിരുന്നു എന്ന് തോന്നുന്നു. എന്നാൽ അദ്ദേഹം അറിയാവുന്ന നമ്പറിലെല്ലാം വിളിക്കുന്നുണ്ട്. എത്രയായിട്ടും ടാക്സി കിട്ടുന്നില്ല.
“നീ വീട്ടിലേക്കു പൊയ്ക്കോ… ഞാൻ ഇവർക്ക് ടാക്സി അറേഞ്ച് ചെയ്തു കൊടുക്കാം. “ അദ്ദേഹം സ്വെറ്റ്‌ലാനയോട് പറഞ്ഞു. അവൾക്കും കുറച്ചു വഴി നടക്കാനുണ്ട്. “അമ്മ worried ആണ്,” അവൾ പറഞ്ഞു. “ഇദ്ദേഹം നിങ്ങളെ സഹായിക്കും. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി. അമ്മ നിങ്ങളെ സഹായിക്കും.”
ബിന്ദു അവളെ കെട്ടിപ്പിടിച്ചു ചുംബിച്ചു. വീണ്ടും കാണണം ഞങ്ങൾ അവളോട് പറഞ്ഞു. മടിയോടെയാണ് അവൾ ഞങ്ങളെ തനിച്ചാക്കി പോയത്.
വൃദ്ധൻ എത്ര ശ്രമിച്ചിട്ടും ടാക്സി കിട്ടുന്നില്ല. ഞങ്ങളോട് കാത്തുനിൽക്കാൻ പറഞ്ഞിട്ട് അയാൾ സ്റ്റേഷന്റെ ഉള്ളിലേക്ക് പോയി.
ഇരുട്ടിൽ ഞങ്ങൾ തനിച്ചുനിൽക്കുകയാണ്. തണുപ്പ് കൂടിക്കൂടിവരുന്നു. വിശക്കുന്നുമുണ്ട്. യെർട്ടിൽ നിന്നും ഇപ്പോഴും ഒരു മറുപടിയുമില്ല. ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോൾ വൃദ്ധനായ മനുഷ്യൻ ചെറുപ്പക്കാരനായ മറ്റൊരു സുഹൃത്തുമായി വന്നു. ഇയാൾ നിങ്ങൾക്ക് ടാക്സി ശരിയാക്കി തരും, വൃദ്ധൻ പ്രസാദവാനായി പറഞ്ഞു. അയാൾ ആരെയൊക്കെയോ വിളിക്കുന്നുണ്ട്. ഒടുവിൽ അയാൾ പരിചയമുള്ള ഒരു ടാക്സി ഡ്രൈവറെ വിളിച്ചു. അയാൾ ഞങ്ങളെ ഹോട്ടലിൽ എത്തിക്കും എന്ന് വാക്കു തന്നു.
ഞങ്ങൾ അങ്ങനെ ടാക്സി കാത്തുനിൽക്കുന്നതിനിടയിലാണ് അത് സംഭവിച്ചത്. പുറം റോഡിലൂടെ അതിവേഗത്തിൽ പാഞ്ഞു വരുന്ന ഒരു ട്രക്ക് വല്ലാത്തൊരു ശബ്ദത്തിൽ ഞങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക് പാഞ്ഞുവരികയാണ്. ഒരു നിമിഷത്തിനുള്ളിൽ ഞങ്ങളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഈ ട്രക്ക് മുന്നോട്ട് പാഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവുന്നതിനു മുൻപ് തന്നെ തൊട്ടപ്പുറത്ത് വലിയൊരു കൂട്ടിയിടിയുടെ ശബ്ദം കേട്ടു. ട്രക്ക് തൊട്ടപ്പുറത്തുള്ള ഒരു മതിലിൽ ഇടിച്ചു വീണ്ടും മുന്നോട്ട് പോയി പിന്നീട് നിന്നു. ഞങ്ങളെ സഹായിക്കാനെത്തിയ ചെറുപ്പക്കാരൻ ഈ ട്രക്കിന്റെ പിറകെ ഓടുന്നതാണ് പിന്നെ ഞങ്ങൾ കാണുന്നത്. ഞങ്ങൾ മദ്യപാനിയായ വൃദ്ധന്റെയൊപ്പം ഇരുട്ടിൽ അന്തംവിട്ടുനിന്നു.
കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല. എന്താണ് സംഭവിച്ചത് എന്ന് ഞങ്ങൾക്ക് ഒരു പിടിയും കിട്ടിയില്ല.
“ഇങ്ങനെ ജീവിതം അവസാനിക്കുക എന്നതല്ല എന്റെ സ്വപ്നം…” ഒടുവിൽ അബു പറഞ്ഞു: “അപരിചിതമായ ഒരു രാജ്യത്ത് രാത്രിയിൽ ട്രക്കിടിച്ചുള്ള അവസാനം. അതല്ല എന്റെ സ്വപ്നം.”
സമയം പിന്നെയും കടന്നുപോയി. എന്തായാലും ഒടുവിൽ ഞങ്ങൾ കാത്തുനിന്ന ടാക്സി എത്തി. വൃദ്ധൻ അയാളോട് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. ഇതാ, ഇവരെ ഹോട്ടലിൽ എത്തിക്കണം. ഇവർക്ക് ബുക്കിങ് ഉണ്ട്.
നൂർലൻ എന്നാണ് ഡ്രൈവറിന്റെ പേര്. സുമുഖനായ ഒരു ചെറുപ്പക്കാരൻ. ഒറ്റ വാക്ക് ഇംഗ്ലീഷ് അറിയില്ല എന്നൊരു ഗുണം കൂടിയുണ്ട്. ഞങ്ങളുടെ യെര്ട്ടിന്റെ അഡ്രസ് അബു നുർലന് കൈമാറി.
അബുവിന്റെ ഗൂഗിൾ മാപ്പിൽ കാണിക്കുന്നത് 12 കിലോമീറ്റർ എന്നാണ്. വലിയ താമസമില്ലാതെ അവിടെയെത്താം എന്ന പ്രതീക്ഷയിൽ ആയി ഞങ്ങൾ.വൃദ്ധനായ സഹായിയെ ആലിംഗനം ചെയ്തു യാത്ര പറഞ്ഞു ഞങ്ങൾ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടിൽ നിന്ന് നഗരത്തിലേക്ക് കടന്നു. ടാക്സി കിട്ടിയ കാര്യം സ്വെറ്റ്‌ലാനയെ മെസ്സേജ് ചെയ്‌ത് അറിയിച്ചു. വണ്ടി മുന്നോട്ട് നീങ്ങി.
നഗരത്തിന് പുറത്താണ് യെർട്ടുകൾ. ചെറിയ നഗരമാണ് ടോക്‌മോക്. വെളിച്ചമൊക്കെ അണഞ്ഞുതുടങ്ങി. നല്ല വീതിയുള്ള റോഡുകളാണ്. നൂർലൻ കിർഗിസ് പാട്ടുകൾ കേട്ട് നിശബ്ദമായി ഡ്രൈവ് ചെയ്തു. നഗരം കഴിഞ്ഞു. ഇരുട്ടായി. വഴിയിൽ പാത വിളക്കുകൾ പോലുമില്ല. ഞങ്ങൾ നോക്കിയപ്പോൾ നൂർലാന്റെ ഫോണിൽ അകലം കാണിക്കുന്നത് 33 കിലോമീറ്ററാണ്.
അപ്പോൾ ഞങ്ങളുടെ ഗൂഗിൾ മാപ്പ്? മധ്യേഷ്യൻ രാജ്യങ്ങളിൽ ഈ ഗൂഗിൾ മാപ്പിനെ ഏറെ ആശ്രയിക്കരുത് എന്ന ദുഃഖ സത്യം ഞങ്ങൾ മനസ്സിലാക്കുകയായിരുന്നു സുഹൃത്തുക്കളെ, മനസ്സിലാക്കുകയായിരുന്നു.
ഇരുട്ടിലൂടെ കാർ മുന്നോട്ട് പോവുന്നു. വിജനമായ വഴിയാണ്. സമയം ഒൻപതായി, പത്തായി, പതിനൊന്നായി… എവിടെയും എത്തുന്നില്ല. നൂർലൻ യെർട്ടിലേക്ക് വിളിക്കാൻ നോക്കുന്നുണ്ട്. ആരും ഫോണെടുക്കുന്നില്ല. വെളിച്ചം കാണുന്ന സ്ഥലത്തെല്ലാം അയാൾ വണ്ടി നിർത്തും. പുറത്തിറങ്ങി അന്വേഷിക്കും. ചിലപ്പോൾ ചില വീടുകളിൽ. ചിലപ്പോൾ ചില ഹോട്ടലുകളിൽ.
തിരിച്ചുവന്നിട്ട് പറയും
“സക്രിത… സക്രിത”
അബു ഞങ്ങൾ യാത്രാ സഹായി ആയി ഉണ്ടാക്കിയ ഫ്രേസ് ബുക്ക് എടുത്തു നോക്കി. Facebook അല്ല PhraseBook.
‘സക്രിത’ എന്നാൽ റഷ്യനിൽ അടച്ചിരിക്കുന്നു എന്നർത്ഥം.
സീസൺ കഴിഞ്ഞു. എല്ലാ ഹോട്ടലും അടച്ചു. എല്ലാ യെർട്ടും അഴിച്ചുമാറ്റി കൊണ്ടുപോയി.
അയാൾ വീണ്ടും മുന്നോട്ട് ഡ്രൈവ് ചെയ്തു. സമയം പതിനൊന്നരയായി. തണുപ്പ്. അതികഠിനമായ വിശപ്പ്. രാത്രിയിൽ എവിടെ ഉറങ്ങും?
പതിനൊന്നര ആയപ്പോൾ നൂർലാൻ വണ്ടി നിർത്തി. ഇവിടെ ഇനി യെർട്ടുകൾ ഒന്നും കിട്ടും എന്ന് തോന്നുന്നില്ല, അയാൾ പറഞ്ഞു. ഇനി എന്ത് ചെയ്യും? പട്ടണത്തിൽ വേറെ ഏതെങ്കിലും ഹോട്ടൽ കിട്ടുമോ? ഗൂഗിൾ ട്രാൻസ്‌ലേറ്ററിൽ ഞങ്ങൾ ചോദിച്ചു.
നോക്കാം, അയാൾ തിരിച്ചു ഡ്രൈവ് തുടങ്ങി.
അബു ഒന്നും മിണ്ടുന്നില്ല. എനിക്കും ബിന്ദുവിനും ഉദ്വേഗം നിറഞ്ഞ കൗതുകം. നൂർലാനാണ് ഏക ആശ്രയം. അദ്ദേഹം ഞങ്ങളെ ഏതെങ്കിലും ഒരു സുരക്ഷിത സ്ഥാനത്തു എത്തിക്കുമായിരിക്കും. അല്ലെങ്കിൽ അങ്ങനെ ആഗ്രഹിക്കുകയേ മാർഗമുള്ളൂ.
പന്ത്രണ്ടരയോടെ നഗരത്തിന്റെ ഉൾപ്രദേശത്തുള്ള ഒരു കെട്ടിടത്തിന്റെ മുന്നിൽ നൂർലാൻ കാർ നിർത്തി. ഉള്ളിൽ വെളിച്ചമുണ്ട്. ആരൊക്കെയോ സംസാരിക്കുന്നുമുണ്ട്. മുട്ട് കേട്ട് വാതിൽ തുറന്നത് കുറച്ചു തടിച്ച മധ്യവയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയാണ്. അവർ ഞങ്ങളെ സൂക്ഷ്മമായി നോക്കി. എന്തായാലും നൂർലാന്റെ പരിചയക്കാരാണ് എന്ന് തോന്നുന്നു. ഒരു മുറി ശരിയാക്കാം, അവർ പറഞ്ഞു.
ആ സമയത്തുള്ള ഞങ്ങളുടെ മനോവികാരം വിവരിക്കുക വയ്യ. കഴിഞ്ഞ ആറ് മണിക്കൂറായി ഈ അപരിചിത ദേശത്തുകൂടി കറങ്ങുകയാണ്. വിശപ്പും ക്ഷീണവുമുണ്ട്.
നൂർലൻ അല്ലാതെ മറ്റാരെങ്കിലും ആയിരുന്നെങ്കിലോ? സ്വെറ്റ്‌ലാന ആ വൃദ്ധനെ ഞങ്ങളക്ക് പരിചയപ്പെടുത്തിരുന്നില്ലെങ്കിലോ? അയാൾ വഴി ഇത്രയും സഹായിയായ ഒരു ഡ്രൈവറെ കിട്ടാതെയിരുന്നെങ്കിലോ? അപരിചിതരിൽ മാലാഖമാർ ഉണ്ടാവും എന്ന വാചകം കൂടുതൽ അർത്ഥ പൂർണമായി ഞങ്ങൾക്ക് തോന്നി.
അന്ന് രാത്രി ഞങ്ങൾ താമസിച്ചത് ജന്നത് എന്ന ഒരു ഹോംസ്റ്റേയിലാണ്. മധ്യവയസ്കരായ മൂന്ന് കൂട്ടുകാരികളുടേതാണ് ഈ സത്രം . രാത്രി ഞങ്ങൾ ചെന്നപ്പോൾ മൂന്നുപേരും നന്നായി വോഡ്ക കഴിച്ചതിന്റെ ആനന്ദത്തിൽ ആയിരുന്നു. അർദ്ധ രാത്രിയിൽ അനാഥരായി വന്ന അതിഥികളെ അവർക്ക് നന്നായി ഇഷ്ടപ്പെട്ടു. അവരുടെ കൂടെ വോഡ്ക കഴിക്കാൻ പ്രേരിപ്പിച്ചു. അതിൽ ഒരു സ്ത്രീക്ക് അബുവിനെ വളരെ ഇഷ്ടമായി.ഇന്ത്യയിൽ നിന്നാണ് എന്നറിഞ്ഞതോടെ അവർ ‘ഐ ആം എ ഡിസ്കോ ഡാൻസർ…’എന്ന് പാടാനും ആടാനും അബുവിനെ ഉമ്മ വയ്ക്കാനും തുടങ്ങി.
ഞങ്ങൾ അമ്മയും അച്ഛനും മകനുമാണ് എന്നറിഞ്ഞതോടെ അവരുടെ ആനന്ദം കൂടി. അവർ കൂടുതൽ വോഡ്ക കുടിക്കുകയും ഞങ്ങളെ വീണ്ടും പ്രേരിപ്പിക്കുകയും ചെയ്തു. കൂട്ടത്തിൽ ഉറങ്ങാൻ ഉള്ള മുറി കാണിച്ചു തന്നു. ലോകത്തു ലഭ്യമായ എല്ലാ നിറങ്ങളും ആ മുറിയിൽ പ്രയോഗിച്ചിട്ടുണ്ട്. പലതരം പോസ്റ്ററുകൾ ഒട്ടിച്ചിരുന്നത് ഇപ്പോൾ അടർന്ന് കുമ്മായം താഴെ പരന്നിട്ടുണ്ട്. പകുതി കീറിയതാണെങ്കിലും പലനിറത്തിലുള്ള കാർപെറ്റുകൾ. വലിയ ഭീമാകാരമായ മെത്തകൾ, കമ്പിളികൾ, ജമുക്കായം, കോസടികൾ എന്നിവ കൂട്ടി ഇട്ടിട്ടുണ്ട്.
ഇത്രയും മനോഹരമായ ഒരു മുറി വേറെ കണ്ടിട്ടില്ല എന്ന് അപ്പോൾ ഞങ്ങൾക്ക് തോന്നി.
“ഇവിടെ ഭക്ഷണം ഒന്നുമിരിപ്പില്ല.” അവർ ഖേദത്തോടെ പറഞ്ഞു. “എന്നാൽ ധാരാളം വോഡ്ക ഉണ്ട്…”
ഉഗ്രൻ ഭക്ഷണം സംഘടിപ്പിക്കാം. ആത്മവിശ്വാസത്തിന്റെ ആൾരൂപമായി മാറിയ നൂർലാൻ ഞങ്ങളോട് പറഞ്ഞു. അങ്ങനെ രാത്രി തുറന്നിരിക്കുന്ന ഒരു റെസ്റ്ററന്റിലേക്ക് ഞങ്ങൾ വീണ്ടും യാത്രയായി. അവിടെ ചെന്നപ്പോളാണ് നൂർലന് പോലും പരിഹരിക്കാൻ സാധിക്കാത്ത പ്രശ്നം വീണ്ടും തല പൊക്കുന്നത്.
തീൻ മേശ നിറയെ പലതരം മൃഗങ്ങളുടെ പലതരത്തിൽ വേവിച്ച ശരീര ഭാഗങ്ങളാണ്. പശുവിന്റെ കുളമ്പ് ചുട്ടതുണ്ട്. ആടും കുതിരയും കോഴിയുമുണ്ട്.
നൂർലൻ അഭിമാനത്തോടെ ഞങ്ങളെ നോക്കി ചിരിച്ചു.
“എങ്ങനെയുണ്ട് …ഉഗ്രൻ ഭക്ഷണമല്ലേ ?”
അബുവും ബിന്ദുവും ദയനീയമായി നൂർലാനെ നോക്കി.
“ബേസ് മ്യാസ…ബേസ് മ്യാസ…” മാംസമില്ലാത്ത ഭക്ഷണം
നൂർലൻ ഒന്നും മനസ്സിലാകാതെ ഞങ്ങളെ തുറിച്ചു നോക്കി. ലോകത്തിൽ ഏതു പ്രശ്നവും പരിഹരിക്കാം എന്ന ആത്മവിശ്വാസമുണ്ടായിരുന്ന ആ മുഖം അമ്പരപ്പോടെ ചോദിച്ചു “ഇതിലെന്താണ് കുഴപ്പം?”
ഒടുവിൽ കഴിഞ്ഞ ഏറെ ദിവസങ്ങളിൽ എന്ന പോലെ സസ്യാഹാരികൾ കുറച്ചു ഉണക്ക റൊട്ടിയും പച്ചിലകളും കഴിക്കുകയും ഞാൻ പലതരം മാംസങ്ങൾ രുചിക്കുകയും ചെയ്തു.
തിരിച്ചെത്തി മെത്തയിൽ തൊട്ടതേ ഓർമ്മയുള്ളൂ.. അപാരമാം വിധം വൈവിധ്യങ്ങൾ നിറഞ്ഞ ഒരു ദിവസത്തിന്റെ ഒടുവിൽ എല്ലാവരും അന്തംവിട്ടുറങ്ങി.