ഈ പൂച്ച ഇവിടെ സുരക്ഷിതമായിരിക്കുമോ?
ബിഷ്കെക്കിലെ മഹാത്മാഗാന്ധി അവന്യുവിന് അടുത്താണ് ഞങ്ങൾ താമസിക്കുന്ന വീട്. പുതിയ ഒരു നഗരം കാണാൻ ഏറ്റവും നല്ല മാർഗം അതിന്റെ ഒരറ്റം മുതൽ മറ്റൊരറ്റം വരെ നടക്കുന്നതാണ് എന്ന് ഞങ്ങൾ തീരുമാനിച്ചു. ഇടയ്ക്ക് വേണമെങ്കിൽ പൊതു ഗതാഗത സംവിധാനങ്ങളും ഉപയോഗിക്കാം. അങ്ങനെ ഞങ്ങൾ പതുക്കെ നടന്നുതുടങ്ങി.
വീടിനോട് ചേർന്നുള്ള തെരുവ് പൊതുവേ വിജനമായിരുന്നു. വലിയ കെട്ടിടങ്ങളുള്ള ചെറിയ പാത കടന്ന് പ്രധാന റോഡിലെത്തിയിട്ടും കാര്യമായി ആരെയും കാണാനില്ല. അപ്പോഴാണ് അടുത്ത പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് നൂറുകണക്കിനാളുകൾ പുറത്തേക്ക് വരുന്നത് കണ്ടത്. അവരിൽ പലരും കിർഗിസ് അഭിമാനമായ കാൽപെക്ക് എന്ന തൊപ്പി ധരിച്ചിരുന്നു. നൂറുകണക്കിന് ആളുകൾ റോഡ് നിറച്ച് തൊപ്പിയും ധരിച്ചുള്ള യാത്ര ഞങ്ങൾ കുറച്ച് നേരം നോക്കി നിന്നു.
ഇവിടെനിന്ന് ആദ്യം ഓഷ് ബസാറിലേക്ക് പോകാം എന്നായി പ്ലാൻ. മൂന്ന് കിലോമീറ്റർ ഉണ്ട്. ബസ്സുണ്ടാവുമോ? അപ്പോഴാണ് ഇവിടെ പൊതു ഗതാഗതത്തിനു ഉപയോഗിക്കുന്ന മഷ്‌റൂക്കയെക്കുറിച്ചു ഞങ്ങൾ അറിയുന്നത്.
മധ്യേഷ്യൻ നഗരത്തിലെ പ്രധാന പൊതുഗതാഗത സംവിധാനമാണ് മഷ്‌റൂക്ക (Marshrutka). ഏകദേശം നമ്മുടെ ടെമ്പോ ട്രാവലറിനെപോലെ തോന്നുന്ന മിനി ബസ്സുകൾ. പത്തോ പതിനഞ്ചോ സോമിന് നഗരത്തിൽ എങ്ങോട്ടും സഞ്ചരിക്കാം.
ഞങ്ങൾ കയറിയ മഷ്‌റൂക്കയിൽ നിന്ന് തിരിയാൻ സ്ഥലമില്ല. പുറംകാഴ്ചകൾ കാര്യമായി കാണാനും പറ്റുന്നില്ല. എങ്കിലും ചുരുങ്ങിയ ചെലവിൽ ഞങ്ങൾ വേഗം ഓഷ് ബസാറിലെത്തി.
ഒരു സമൂഹം എങ്ങനെ ജീവിക്കുന്നു എന്നറിയാൻ ഏറ്റവും നല്ല സ്ഥലമാണ് ചന്തകൾ. ഇവർ എന്തൊക്കെയാണ് കഴിക്കുന്നത്, എന്താണ് ഇവരുടെ വേഷവിധാനം, എങ്ങനെയാണ് ഇവരുടെ സഞ്ചാരം, ഇവർ എങ്ങനെയാണ് അന്യോന്യം സംസാരിക്കുന്നത്. ഇതൊക്കെ ചന്തകളിൽ കാണാം.
ഈ നഗരവും രാജ്യവും ഞങ്ങളെ എങ്ങനെ സ്വീകരിക്കും എന്നൊരാശങ്ക തുടക്കം മുതലേ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഭാഷ ഒട്ടും അറിയാതെ ഇരിക്കുമ്പോൾ. എന്തായാലും ഞങ്ങളെ അമ്പരപ്പിക്കുന്ന സ്വീകരണമാണ് ഓഷ് ബസാറിൽ ഞങ്ങൾക്ക് ലഭിച്ചത്. ഞങ്ങൾ ഇറങ്ങിയപ്പോൾ തന്നെ ടാക്സി ഡ്രൈവർമാരുടെ ഒരു സംഘം അബുവിന്റെ ചുറ്റും കൂടി. ഈ യാത്രകളിൽ അബുവിന്റെ മുടിയും അവന്റെ കയ്യിലുള്ള രണ്ടു കാമറകളും കാണികൾക്ക് വലിയ ആകർഷണമായിരുന്നു.
അബുവിന് സോണി എ 7 കൂടാതെ അറുപതു വർഷം പഴക്കമുള്ള ഒരു യാഷിക്ക ഫിലിം ക്യാമറയുണ്ട്. ഇതിന്റെ ഫിലിം സംഘടിപ്പിക്കലും പിന്നീടുള്ള പ്രോസസിങ്ങുമൊക്കെ വളരെ സങ്കീർണമായ പ്രക്രിയയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫിലിം കാമറ ഇഷ്ടപ്പെടുന്ന കുറച്ചു പേരുണ്ട്. അവരുടെ വലിയ സുഹൃത്‌വലയവുമുണ്ട്.
എല്ലാവർക്കും അവന്റെകൂടെ നിന്ന് ഫോട്ടോ എടുക്കണം. അവന്റെ യാഷിക്ക കാണണം. അബു വളരെ ക്ഷമയോടെ അവരുടെ പടങ്ങൾ എടുക്കുകയും അവരുടെ വാട്സാപ്പ് നമ്പർ ശേഖരിച്ചു അവർക്കു ഫോട്ടോ അയച്ചുകൊടുക്കുകയും ചെയ്യും. പഴയ ക്യാമറ എങ്ങനെ പ്രവർത്തിപ്പിക്കണം എന്ന് വിശദീകരിച്ചുകൊടുക്കും. ഇത് പിന്നീട് ഞങ്ങളുടെ യാത്രയുടെ ഭാഗമായി മാറി.
ബിഷ്കെക്കിലെ ഏറ്റവും വലിയ ചന്തയാണ് ഓഷ് ബസാർ. കിർഗിസ് സമൂഹത്തിന് ആവശ്യമുള്ള പരമ്പരാഗത ഭക്ഷണസാമഗ്രികൾ, പരമ്പരാഗത ശൈലിയിലുള്ള വസ്ത്രങ്ങൾ, തൊട്ടിലുകൾ, ഉപകരണങ്ങൾ, പലതരം പഴങ്ങൾ, എന്നിവയൊക്കെ ഇവിടെ കിട്ടും.
നോൻ എന്ന് ഇവർ വിളിക്കുന്ന കിർഗിസ് റൊട്ടി ഉണ്ടാക്കുന്നത് തന്നെ അതിമനോഹരമായ ഒരു കലാസൃഷ്ടി പോലെയാണ്. വലിയ വട്ടത്തിൽ ചിത്രങ്ങൾ ആലേഖനം ചെയ്ത നോനുമായി തെരുവിൽ വിൽപ്പനക്കിരിക്കുന്ന സുന്ദരികളെ എവിടെയും കാണാം. ഒരു നോനിന് 25 സോം മാത്രം വില. രാവിലെ നോന് വാങ്ങി വെണ്ണയും കൂട്ടി അടിച്ചാൽ ഒരു ദിവസത്തിണ് നല്ല തുടക്കമായി. വെണ്ണയോ പലതരം ജാമുകളോ കൂടിയാണ് ഇവർ ഇത് കഴിക്കുന്നത്. അല്ലെങ്കിൽ ചായയിൽ മുക്കി കഴിക്കാം. കിർഗിസ് സംസ്കാരത്തിന്റെ കൂടി ഭാഗമാണ് നോൻ.
മറ്റൊരു ഭാഗത്തു വലിയ മത്തങ്ങകൾ മുറിച്ചു വച്ചിരിക്കുന്നു. “ഹോ, ഈ സബോളയുടെ വലിപ്പം നോക്കൂ!” ബിന്ദു അന്തംവിട്ട് പച്ചക്കറികൾ കയ്യിലെടുത്തു പരിശോധിച്ചു. ഇത്രയും വലിപ്പവും നിറവും നമ്മുടെ നാട്ടിൽ കാണാൻ കിട്ടില്ല. സബോള മാത്രമല്ല ക്യാരറ്റും ഉരുളക്കിഴങ്ങും കാബ്ബേജും ബീറ്റ്‌റൂട്ടും നമ്മുടെ നാട്ടിൽ കിട്ടുന്നതിന്റെ ഇരട്ടി വലിപ്പത്തിലാണ്. മറ്റൊരിടത്തു പഴങ്ങളുടെ വലിയ കൂനകൾ. ആപ്പിളും മുന്തിരിയും പീച്ചും പിയറും അങ്ങനെ. മറ്റൊരിടത്തു സുഗന്ധ വ്യഞ്ജനങ്ങൾ. ഇനിയൊരിടത്തു തുണിത്തരങ്ങളും തൊപ്പികളും വൂളൻ വസ്ത്രങ്ങളും.
പാലും പാലുൽപ്പന്നങ്ങളായ ചീസും ഈ തണുപ്പ് രാജ്യങ്ങളിൽ വളരെ പ്രധാനമാണ്. മൊരിഞ്ഞ റൊട്ടിയുടെയും പലതരം സുഗന്ധ വ്യഞ്ജനങ്ങളുടെയും സുഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു. വിവിധതരം ധാന്യങ്ങളുണ്ട്. നല്ല ചുവന്ന അരി. ഗോതമ്പ്.
പ്രായം ചെന്ന രണ്ടു സ്ത്രീകൾ ഭിക്ഷ യാചിച്ചിരിപ്പുണ്ട്. നന്നായി വസ്ത്രം ധരിച്ച ഒരു മാന്യൻ, അക്കോർഡിയൻ വായിച്ചു മുന്നിലിട്ട തുണിയിൽ പണം വീഴുന്നുണ്ടോ എന്ന് നോക്കുന്നു.വഴിയിൽ വലിയ പൂക്കൂടകളുമായി നടക്കുന്ന ധരാളം സ്ത്രീകളെ ഞങ്ങൾ കണ്ടു. പൂക്കൾ ഇവരുടെ ജീവിതത്തിന്റെ സവിശേഷ ഭാഗമാണ് എന്ന് തോന്നുന്നു.
ആദ്യത്തെ ദിവസം മുഴുവൻ ഞങ്ങൾ ബിഷ്കെക്കിലൂടെ നടന്നു. ഓഷ് ബസാറും മനാസ് സ്ട്രീറ്റും ചുയി അവന്യുവും പിന്നിട്ടു നടന്നുകൊണ്ടേയിരുന്നു.
എന്തൊരു സൗന്ദര്യമാണ് ഈ നഗരത്തിന്. ഇതൊന്നുമല്ല ഞങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നത്. ഈ രാജ്യത്തെക്കുറിച്ചു കേട്ടതൊന്നും അത്ര നല്ല കാര്യങ്ങൾ ആയിരുന്നില്ലല്ലോ. ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ട് വലിയ വൃത്തിയുള്ള റോഡുകളും റോഡിനൊപ്പം വലിപ്പമുള്ള നടപ്പാതകളും പാതകളുടെ തുടർച്ചയായുള്ള വലിയ പൂന്തോട്ടങ്ങളും സൈക്കിൾ പാതകളും വലിയ നഗര ചത്വരങ്ങളും രാജ്യത്തിന്റെ കഥ പറയുന്ന വലിയ ശില്പങ്ങളും ആകർഷകമായ ചിത്രങ്ങളും ചേർന്ന് ബിഷ്കെക്ക് നഗരം നടക്കുന്നവരുടെ സ്വർഗം പോലെ തോന്നി.
കിർഗിസ്ഥാനിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവും ബിഷ്കെക്ക് ആണ്. അല ടൂ മലനിരകളുടെ താഴെ ചു താഴ്വരയിലാണ് ഈ നഗരം.
ഈ പേര് എങ്ങനെ വന്നു?
കുതിരപ്പാലിനെ ചെറുതായി ലഹരി പിടിപ്പിക്കുന്ന കുമിസ് ഇവരുടെ ഇഷ്ട പാനീയമാണ്. കുമിസ് കലക്കാനുപയോഗിക്കുന്ന ഒരു തടിയുടെ, നമ്മുടെ കടക്കോൽ തന്നെ, കിർഗിസ് വാക്കിൽ നിന്നാണത്രെ ബിഷ്‌കേക്ക് ഉണ്ടായത്
ഇത് ശരിയായാലൂം തെറ്റായാലും എല്ലാവർക്കും ഇഷ്ടമുള്ള ഒരു അർത്ഥമാണിത്. ഇത് കേട്ട ഞങ്ങൾക്ക് ഉടൻ കുമിസ് കുടിക്കണം. അതന്വേഷിച്ചായി അടുത്ത യാത്ര. നിർഭാഗ്യവശാൽ എവിടെയും കുമിസ് കിട്ടിയില്ല. ഈ ആഗ്രഹം സഫലമാകാൻ യാത്ര കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വന്നു.
പകരം വഴിയരികിലുള്ള ഫുഡ് കിയോസ്ക്കുകളിൽ യാത്രികർക്കായി നമ്മുടെ മോര് പോലുള്ള അയിരാൻ, ബാർലിയിലിൽ നിന്നും ചെറിയ മില്ലറ്റുകളിൽ നിന്നും ചോളത്തിൽ നിന്നും ഉണ്ടാക്കുന്ന ഒരുതരം പുളിരസമുള്ള മാക്സിം എന്നിവയ്‌ക്കൊപ്പം പശുവിൻ പാലും കുപ്പികളിൽ വിൽക്കുന്നത് കാണാം. കടുത്ത ശൈത്യത്തെ അതിജീവിക്കാൻ മാംസവും, പാലും, ബ്രെഡും, ചീസും സുലഭമായി കഴിക്കുന്നവരാണ് കിർഗിസ്ഥാനിലെ ജനങ്ങൾ. വോഡ്കയാണ് കിർഗിസ്ഥാന്റെ ദേശീയ പാനീയമെന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും അങ്ങനെയുള്ള മദ്യപാനമോ വോഡ്കയുടെ വിൽപ്പനയോ ഞങ്ങൾ കണ്ടില്ല. ഇത് ഈ രാജ്യങ്ങളെപ്പറ്റി പറയുമ്പോഴുള്ള സ്ഥിരം തെറ്റിദ്ധാരണയാണ് എന്ന് തോന്നുന്നു.
നഗരത്തിന്റെ പ്രധാന പാതയിൽ നിന്ന് നോക്കിയാൽ അകലെ മഞ്ഞുമൂടിക്കിടക്കുന്ന വിശാലമായ അല ടൂ മലനിരകൾ കാണാം. ഈ രാജ്യം അതിമനോഹരമാണ് എന്നതിന് തർക്കമില്ല. എങ്ങനെയാണ് ഈ പ്രദേശം ഇത്രയും മനോഹരമായത്?
ഒരു പഴയ കഥ പറയുന്നത് ദൈവം മനുഷ്യർക്ക് ഭൂമി വിതരണം ചെയ്തുകൊണ്ടിരുന്നപ്പോൾ കിർഗിസുകാർ ഉറങ്ങുകയായിരുന്നു എന്നാണ്. ഉറങ്ങി എണീറ്റപ്പോഴേക്കും, ഉണ്ടായിരുന്ന ഭൂമിയെല്ലാം വിതരണം ചെയ്തുതീർന്നു. കഷ്ടമായല്ലോ എന്ന് കരുതി, ദൈവം തനിക്കായി മാറ്റിവച്ചിരുന്ന ഭൂമിയിൽ ഒരു ഭാഗം കിർഗിസുകൾക്ക് കൊടുക്കുകയായിരുന്നുവത്രെ. അങ്ങനെയാണ് ഭൂപടത്തിൽ ഒരു കണ്ണുനീർത്തുള്ളി പോലെ കാണുന്ന ഇസിക്-കുൽ തടാകത്തോട് ചേർന്ന് ഈ മനോഹരമായ രാജ്യം രൂപംകൊള്ളുന്നത്.
നഗരം നിറയെ വലിയ പ്രതിമകളാണ്. പണ്ട് സോവിയറ്റ് കാലത്തു ലെനിന്റേയും മാർക്സിന്റേയും സ്റ്റാലിന്റെയും പ്രതിമകൾ നിന്ന സ്ഥാനത്തു ഇപ്പോൾ മനാസിന്റെയും പഴയ പോരാളിയായ കുർമജ്ഞൻ ഡാറ്റ്ക്കയുടെയും പ്രതിമകൾ. എന്നാൽ ഉസ്ബക്കിസ്ഥാനിൽ നിന്ന് വിഭിന്നമായി ഇവർ പഴയ സോവിയറ്റ് പ്രതിമകളെ നശിപ്പിച്ചില്ല. മാറ്റി സ്ഥാപിച്ചതേയുള്ളു. നഗരത്തിൽ ഇപ്പോഴും ലെനിനും മാർക്‌സും ഏംഗൽസുമൊക്കെ ഉണ്ട് എന്നർത്ഥം.
സോവിയറ്റ് കാലത്തെക്കുറിച്ചു പല അഭിപ്രായങ്ങളും ഉണ്ടാവാമെങ്കിലും അവരുടെ നഗരാസൂത്രണം എത്ര ദീർഘ ദർശനത്തോടെയാണുണ്ടായിരുന്നത് എന്ന കാര്യം നമ്മളെ അത്ഭുതപ്പെടുത്തും.
കിർഗിസ്ഥാൻ മാത്രമല്ല സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്ന ഖസക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ, തജികിസ്ഥാൻ എന്നീ രാജ്യങ്ങളിലും ചെറിയ പട്ടണങ്ങൾ പോലും ഏറെ മുൻകൂട്ടിക്കണ്ട് ആസൂത്രണം ചെയ്തതാണ്.
ആദ്യകാലത്തു ടർക്കിഷ് നൊമാഡുകളാണ് ഇവിടെ താമസിച്ചിരുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ ഇവരെ മംഗോൾ വംശക്കാർ കീഴ്‌പ്പെടുത്തി. പിന്നീടുള്ള ആക്രമണം സുങ്കർ ഖനെറ്റ് നിന്നായിരുന്നു. പിന്നീട് കൊക്കൻഡ് ഖനേറ്റ്,
1876 ൽ കിർഗിസ്ഥാൻ റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി. 1936 ൽ കിർഗിസ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഉണ്ടാകുന്നു.
മധ്യ ഏഷ്യയിലെ ഈ അഞ്ചു സ്ഥാനുകളിൽ കൂടി യാത്ര ചെയ്ത എറിക്ക ഫാറ്റ്ലാൻഡ് അതേക്കുറിച്ചു സോവിയെറ്റിസ്ഥാൻ എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അതുവരെയുണ്ടായിരുന്ന സാമ്രാജ്യങ്ങളിൽ നിന്ന് വിഭിന്നമായി പരിപൂർണമായ മാറ്റം ആസൂത്രണം ചെയ്ത് ഒരു ഉട്ടോപ്പ്യ ഉണ്ടാക്കാനാണ് സോവിയറ്റ് ഭരണകൂടം ശ്രമിച്ചത് എന്ന് എറിക്ക ഫാറ്റ്ലാൻഡ് അഭിപ്രായപ്പെടുന്നു. സമൂഹത്തിന്റെ എല്ലാ തലത്തിലും അവർ മാറ്റമുണ്ടാക്കി. അക്ഷരമാലയിലും സമൂഹത്തിൽ സ്ത്രീകൾക്കുള്ള സ്ഥാനത്തിലും വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ഭവന നിർമാണത്തിലുമൊക്കെ അവർ ഇടപെട്ടു.
സോവിയറ്റ് കാലത്തു പുറംലോകത്തിന് ഈ സ്ഥലങ്ങളെക്കുറിച്ചു കാര്യമായ ഒരു ധാരണയും ഉണ്ടായിരുന്നില്ല. ആകെ അവർ കേട്ടിരുന്നത് ബോറാട്ട് എന്ന പൊട്ട സിനിമയിലെ നായകൻ താൻ ഖസക്കിസ്ഥാൻ എന്ന സ്ഥലത്തുനിന്നാണ് വരുന്നത് എന്ന് അവകാശപ്പെട്ടതുകൊണ്ട് മാത്രമുണ്ടായ ഖ്യാതി മാത്രമാണ്. ഈ സിനിമ ഷൂട്ട് ചെയ്തതാവട്ടെ റൊമാനിയയിലുമാണ്. എന്തായാലും ഇപ്പോൾ ഈ രാജ്യങ്ങളിൽ ചെന്ന് ബോറാട്ട് എന്ന പേര് പോലും പറയാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് അബുവിന്റെ ഉപദേശം. അത്ര വികലമായാണ് അവർ ഈ പ്രദേശങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്.
ഞങ്ങൾ നടപ്പു തുടർന്നു. പ്രധാന ചത്വരത്തിൽ അനാഥമായി നിൽക്കുന്ന ഒരു കുഞ്ഞു പൂച്ചയെ അബു കണ്ടെത്തി. അബുവിനും ബാലുവിനും ദീപ്തിക്കുമൊക്കെ പൂച്ചകൾ വളരെ പ്രിയപ്പെട്ട ജീവികളാണ്. ഫിലോസഫിയിൽ ഡോക്ടറേറ്റ് എടുക്കാൻ പഠിക്കുന്ന ബാലു പൂച്ചകളിൽ നിന്ന് മനുഷ്യൻ എന്ത് പഠിക്കണം എന്ന ദർശനം വിശദീകരിക്കുന്ന ഫീലൈൻ ഫിലോസഫി എന്ന പുസ്തകം ഞങ്ങൾക്ക് വായിക്കാൻ തന്നിട്ടുണ്ട്.
ഒരു നഗരം എത്ര സൗഹൃദപരമാണ് എന്നറിയാൻ അവർ പൂച്ചകളോട് എങ്ങനെ പെരുമാറുന്നു എന്നറിയണം എന്ന് അബു പറയുന്നു. അപ്രസക്തമായ അറിവുകളുടെ ഖനി, mine of irrelevant informations, എന്നാണ് അബുവിനെ കുറിച്ച് ഞങ്ങൾ പറയുന്നത്. എന്നാൽ യാത്രകളിൽ ഇത്തരം അപ്രസക്തം എന്ന് തോന്നാവുന്ന അറിവുകൾ പലപ്പോഴും വളരെ കൗതുകകരമാവും.
ഞങ്ങൾ കുറച്ചുനേരം പൂച്ചയുടെ കൂടെ ഇരുന്നു. ഒരു കുഞ്ഞു പൂച്ച. അവളുടെ അമ്മയെ അടുത്ത് കാണുന്നുമില്ല.
“ഈ പൂച്ച ഈ ചത്വരത്തിൽ സുരക്ഷിതമായിരിക്കുമോ?” അബു അടുത്തുകണ്ട ഒരു യുവതിയോട് അന്വേഷിച്ചു. ഗൂഗിൾ തർജമ ഉപയോഗിച്ചാണ് ചോദ്യം.
“ഒരു പരിഭ്രമവും വേണ്ട.” അവർ പറഞ്ഞു: “ഞങ്ങളുടെ വിശ്വാസത്തിലും സംസ്കാരത്തിലും പൂച്ചകൾക്ക് വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. പൂച്ചകളെ ഞങ്ങൾ വളരെ കാര്യമായി പരിചരിക്കും.”
അബു പൂർണമായും വിശ്വസിച്ചോ എന്നറിയില്ല. എന്തായാലും ഞങ്ങൾ മുന്നോട്ട് നടന്നു.
പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളിൽ ആ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന യാതൊന്നും തന്നെ ബാക്കിയില്ല എന്ന് ഉറപ്പു വരുത്താൻ ഉത്സുകരായിരുന്നു പുതുതായി വന്ന ഭരണാധിപന്മാർ. ഇവരിൽ പലരും പഴയ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉന്നത പദവിയിൽ ഇരുന്നവർ ആയിരുന്നു. ഗോർബച്ചേവിനെതിരെ അട്ടിമറി (coup) സംഘടിപ്പിച്ചവർ പോലുമുണ്ട്. എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷം പഴയ എല്ലാ സ്മരണകളും മറയ്ക്കാൻ ഇവർ തന്നെ മുന്നിൽ നിന്നു. ലെനിന്റെ പ്രതിമ കടപുഴക്കി മാറ്റുന്നതായിരുന്നിരിക്കണം ലോകമെമ്പാടുമുള്ള എല്ലാ കമ്മ്യൂണിസ്റുകാരെയും ഏറെ ഞെട്ടിപ്പിച്ച ദൃശ്യം. ഈ ദൃശ്യം പാശ്ചാത്യ മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടെ ലോകം മുഴുവൻ പ്രചരിപ്പിക്കുകയും ചെയ്തു.
പഴയ സോവിയറ്റ് സുവനീറുകൾ വാങ്ങണം എന്ന് അബുവിന് വലിയ ആഗ്രഹം. അവന്റെ ‘ടാങ്കി’ സുഹൃത്തുക്കൾക്ക് ഇതല്ലാതെ മറ്റെന്താണ് ഉപഹാരമായി നൽകുക. (കടുത്ത സ്റ്റാലിനിസ്റ്റ് സഖാക്കളെ കളിയാക്കി വിളിക്കുന്ന പേരാണ് ടാങ്കി). ബിഷ്കെക്കിൽ ഇത്തരം സുവനീറുകൾ വിൽക്കുന്ന ഒരേയൊരു കട മാത്രമേയുള്ളൂ. വളരെ കഷ്ടപ്പെട്ടാണ് ഞങ്ങൾ ആ സ്ഥലം കണ്ടെത്തിയത്.
ലെനിനും സ്റ്റാലിനും മാർക്‌സും തെരുവിലെ ചെറിയ കടയുടെ സുരക്ഷിതത്വത്തിൽ സുഖമായി ഇരിക്കുന്നു. അബു രണ്ടായിരം സോമിന് ലെനിനെയും സ്റ്റാലിനെയും വാങ്ങി. ഈ വാർത്ത ഫേസ്ബുക്കിൽ എഴുതിയപ്പോൾ സൈബർ യുദ്ധരംഗത്തെ പല പോരാളികളും അന്തം കമ്മികളും ഞങ്ങൾക്കെഴുതി: എനിക്കും വേണം ഒരെണ്ണം. ഉസ്ബക്കിസ്ഥാനിൽ ഇതൊക്കെ ഇപ്പോഴും നിയമവിരുദ്ധമാണ് എന്നാണ് ഞങ്ങളോട് പലരും പറഞ്ഞത്. എങ്കിൽ കിർഗിസ്ഥാനിൽ നിന്ന് വാങ്ങുകയേ മാർഗമുള്ളൂ. ഉസ്ബക്കിസ്ഥാനിൽ കൂടി ഇത് കൊണ്ടുപോകാൻ പറ്റുമോ എന്നും ഉറപ്പില്ല.
അങ്ങനെ ലെനിനും സ്റ്റാലിനും കീശയിലാക്കി ഞങ്ങൾ നടപ്പ് തുടർന്നു.
മനാസ് അവന്യുവിലാണ് രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രമായ വൈറ്റ് ഹൗസ്. ഞങ്ങൾ അതിന്റെ മുന്നിൽ കുറച്ചുനേരം ഇരുന്നു. ഇത് വളരെ രസകരമായ കഥകൾ പറയുന്ന ഒരു കെട്ടിടമാണ്. ഇവിടെയാണ് പ്രശസ്തമായ ട്യൂലിപ് വിപ്ലവം അരങ്ങേറുന്നത്. ഈ കെട്ടിടം അതിക്രമിച്ചുകടന്ന് പ്രസിഡന്റിന്റെ ക്യാബിനിലെ വീഞ്ഞെടുത്തു കുടിച്ചാണ് വിപ്ലവകാരികൾ വിജയം ആഘോഷിച്ചത്.
ആധുനിക കിർഗിസ്ഥാന്റെ കഥ അറിയണമെകിൽ അതുമായി ഏറെ ബന്ധപ്പെട്ടുനിൽക്കുന്ന ഒരു വ്യക്തിയെ അറിയണം. ഒരു ഒപ്റ്റിക്കൽ ഫിസിസിസ്റ്റ് ആയിരുന്നു സ്വതന്ത്ര കിർഗിസ്ഥാന്റെ ആദ്യ പ്രസിഡണ്ട് ആയിരുന്ന അസ്‌കർ അകയെവ്.
ഗോർബച്ചേവിന്റെ കാലത്തു സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന അസ്‌കർ അഗയേവ് പിന്നീട് പ്രസിഡന്റ് ആകുന്നു. 1991 ഓഗസ്റ്റ് 31 നു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
വളരെ ശ്രദ്ധാപൂർവം സംസാരിക്കുന്ന ഈ നേതാവ് സോവിയറ്റ് കാലത്തിന് ശേഷം കിർഗിസ്ഥാനെ കിഴക്കിന്റെ സ്വിറ്റ്സർലാൻഡ് ആക്കി മാറ്റും എന്നതായിരുന്നു പ്രതീക്ഷ. ‘മഹത്തായ എന്റെ ജനത’ എന്ന അദ്ദേഹത്തിന്റെ പുസ്തകം ഈ സ്വപനത്തിലേക്ക് ജനതയെ നയിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാൽ ലക്ഷ്യം നന്നായിരുന്നെങ്കിലും കടുത്ത അഴിമതിയും സ്വജനപക്ഷപാതവും ചേർന്ന് അദ്ദേഹത്തിന്റെ വഴി മാറിപ്പോയി.
2005 ലാണ് തുലിപ് വിപ്ലവം
മധ്യേഷ്യയിലെ രണ്ടു പ്രധാന രാജ്യങ്ങളായ കിർഗിസ്ഥാനെക്കുറിച്ചും ഉസ്‌ബെക്കിസ്ഥാനെക്കുറിച്ചും ഫിലിപ്പ് ഷിഷ്ക്കിൻ എഴുതിയ പുസ്തകത്തിന്റെ പേര് ‘റെസ്റ്റ്‌ലെസ് വാലി’ അഥവാ അശാന്തമായ താഴ്വര എന്നാണ് എന്ന് നമ്മൾ കണ്ടല്ലോ. മധ്യേഷ്യയുടെ ഹൃദയഭാഗത്തു വിപ്ലവം, കൊലപാതകം, ഗൂഢാലോചന എന്നാണ് എഴുത്തുകാരൻ തന്റെ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. മലനിരകളുടെ ഭംഗി കണ്ടു ഒരു രാജ്യത്തെ വിലയിരുത്താനാകില്ല എന്നർത്ഥം.
ഒരു ദശകത്തിനുള്ളിൽ രണ്ടു വിപ്ലവങ്ങൾ, ത്രില്ലർ നോവലുകളിൽ എന്ന പോലുള്ള കൊലപാതകങ്ങൾ, സാധാരണ മനുഷ്യരുടെ കൂട്ടക്കൊലകൾ, ആഭ്യന്തര യുദ്ധം, ലഹരിമരുന്ന് വ്യാപാരത്തിന്റെ സൂപ്പർ ഹൈവേ, അവിശ്വസനീയമാം വിധത്തിലുള്ള അഴിമതി എന്നിവയ്ക്ക് പുറമെയാണ് അഫ്ഘാൻ യുദ്ധത്തിന്റെ വേദിയാക്കി ഈ പ്രദേശത്തെ അമേരിക്ക മാറ്റിയത് എന്നും ഷിഷ്ക്കിൻ എഴുതുന്നു.
സോവിയറ്റ് കാലഘട്ടത്തിൽ നിന്ന് പുറത്തുവന്നു ഒരു ദശകത്തിനുള്ളിൽ അമേരിക്ക ഈ പ്രദേശങ്ങളെ അഫ്ഘാൻ യുദ്ധത്തിനായി ഉപയോഗപ്പെടുത്താൻ തുടങ്ങി. സ്വാഭാവികമായും അയൽരാജ്യങ്ങളായ ചൈനയും റഷ്യയും പ്രകോപിതരായി. അതോടെ ഈ രാജ്യങ്ങളിലെ ഏകാധിപതികളുമായി അമേരിക്ക സഖ്യമുണ്ടാക്കി. യുദ്ധത്തിന് സഹായിക്കുന്നതിന് പകരമായി ഏകാധിപതികളെ അവരുടെ വഴിക്ക് വിടുക എന്ന തന്ത്രമാണ് അമേരിക്ക സ്വീകരിച്ചത്. അതോടെ അഫ്ഘാനിസ്ഥാനിലെ പോപ്പി ചെടികൾ ഹെറോയിൻ ആക്കി റഷ്യയിലേക്കും പടിഞ്ഞാറൻ യൂറോപ്പിലേക്കും കടത്താനുള്ള പ്രധാന പാതകളായി ഈ പ്രദേശങ്ങൾ മാറുകയും ചെയ്തു.
ഈ രാജ്യങ്ങളാവട്ടെ സോവിയറ്റ് കാലഘട്ടത്തിനു ശേഷം സ്വന്തമായി ഒരു ഭരണ സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ദുർബലമായ ശ്രമത്തിലായിരുന്നു. ഈ പ്രദേശങ്ങളിലെ ഗ്രാമങ്ങൾ പാരമ്പര്യത്തിന്റെയും പഴയ ആചാരങ്ങളുടെയും കനത്ത കമ്പിളിയിൽ നിന്നും പുറത്തുവന്നിരുന്നുമില്ല. ഏകാധിപത്യ ഭരണകൂടങ്ങളാണ് ഇവിടെ ആവിർഭവിച്ചത്. അവർക്ക് പണത്തിനായി അമേരിക്കയെ ആശ്രയിക്കുകയല്ലാതെ മാർഗമുണ്ടായിരുന്നില്ല.
കിർഗിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, തജികിസ്താൻ എന്നീ മൂന്ന് രാജ്യങ്ങളും സംഗമിക്കുന്ന ഫെർഖാനാ താഴ്വരയാണ് ഈ അശാന്തിയുടെ തീവ്രമായ കേന്ദ്രമായി മാറിയത്.
അമേരിക്കയുടെ അഫ്ഘാൻ അധിനിവേശത്തിന് ശേഷം വോൾസ്ട്രീറ്റ് ജേണലിന്റെ പ്രതിനിധിയായിട്ടാണ് ഷിഷ്ക്കിൻ ഈ പ്രദേശത്തു എത്തുന്നത്.
ഷിഷ്ക്കിന്റെ അനുഭവങ്ങളും അദ്ദേഹം നടത്തിയ പഠനങ്ങളും സമാഹരിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
വളരെ ചെറിയ രാജ്യമാണെങ്കിലും ലോക രാഷ്ട്രീയത്തിൽ സുപ്രധാന പങ്കു വഹിക്കാൻ കിർഗിസ്ഥാന് കഴിഞ്ഞു. അതാരംഭിക്കുന്നത് അഫ്ഘാൻ യുദ്ധ സമയത്തു അമേരിക്കക്കുള്ള സൈനിക താവളം നൽകുന്നതോടെയാണ്. അങ്ങനെ ബിഷ്കെക്ക് വിമാനത്താവളത്തോട് ചേർന്ന് വലിയൊരു സൈനിക ബേസ് ഉണ്ടാക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞു. എന്തയാലും വലിയ ജനകീയ പ്രക്ഷോഭമാണ് ഇവിടെ ഇതിനെതിരെ ഉണ്ടായത്. എന്തായാലും തുടർന്നുവന്ന തുലിപ് വിപ്ലവം അസ്‌കർ പ്രതീക്ഷിച്ചതേയില്ല.
അതൊരു വല്ലാത്ത കാഴ്ചയായിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരം വിപ്ലവകാരികൾ കയ്യേറി. അയാളുടെ കസേരയിൽ ഇരുന്നു. വീഞ്ഞെടുത്തു കുടിച്ചു. ഉടുപ്പുകളെടുത്തു ധരിച്ചു. വിപ്ലവകാരികളുടെ നേർക്ക് വെടിവയ്ക്കരുത് എന്ന് നിർദേശിച്ച ശേഷം അസ്‌കർ രഹസ്യമായി രാജ്യം വിടുകയായിരുന്നു. ഈ ഒരൊറ്റ തീരുമാനത്തോടെ അസ്കർക്ക് ഒരു നേതാവിന് ലഭിക്കേണ്ട ബഹുമാനം ലഭിക്കുകയും ചെയ്തു.
പീപ്പിൾസ് എപിക് ഓഫ് മനാസ് എന്നൊരു പുസ്തകവും അസ്‌കർ രചിച്ചിട്ടുണ്ട്. ഈ പുസ്തകത്തിൽ ആധുനിക ഭരണ വ്യവസ്ഥയ്ക്ക് സഹായകമായ ഏഴ് നിയമങ്ങൾ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഇതിൽ ഏഴാമതായി സൂചിപ്പിക്കുന്നത് ‘മനുഷ്യാവകാശം’ ആണ്.
അക്കയെവ് ഒരു ദാർശനികനിൽ നിന്ന് അഴിമതിക്കാരനായത് എപ്പോൾ മുതലാണ്
ഇതിൽ പ്രധാനം അമേരിക്കൻ സൈനിക സംവിധാനവുമായി തുടങ്ങിയ കച്ചവടങ്ങളാണ്. മനാസ് വിമാനത്താവളത്തിനോട് ചേർന്നുള്ള സൈനിക താവളത്തിന് അമേരിക്ക നൽകിയത് പീറ്റർ ജെ ഗൻസി ജൂനിയറിന്റെ പേരാണ്. സെപ്തംബർ 11 നു വേൾഡ് ട്രേഡ് സെന്ററിൽ മരിച്ച ഫയർഫൈറ്റർ ആയിരുന്നു പീറ്റർ.
ഈ താവളത്തിൽ നിന്ന് വിമാനങ്ങൾക്കുള്ള ഇന്ധനം വിൽക്കുക എന്നതായിരുന്നു പ്രധാന പദ്ധതി. അഫ്ഘാൻ യുദ്ധ സമയത്തു ഏറ്റവുമധികം ആവശ്യമുള്ള വസ്തു ഇതായിരുന്നു. ഈ വ്യാപാരത്തിൽ നിന്നാണ് അക്കയെവ് കുടുംബം കാശുണ്ടാക്കിയത്. അക്കയെവിന്റെ മകനും മരുമകനും ഈ കച്ചവടത്തിൽ പങ്കാളികൾ ആയിരുന്നു എന്ന് പിന്നീട് നടന്ന അമേരിക്കൻ അന്വേഷണം കണ്ടെത്തി. അക്കയെവിന്റെ ഭാര്യ മൈരം മറ്റൊരു അധികാര കേന്ദ്രമായി മാറി.
സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം മൂന്നു ദശകം കഴിഞ്ഞു. ഇപ്പോൾ അറുപതു വയസ്സുള്ളവർക്ക് ഈ രണ്ട് കാലഘട്ടവും താരതമ്യം ചെയ്യാൻ കഴിയും. പുതിയ തലമുറയ്ക്കാകട്ടെ സോഷ്യലിസ്റ്റ് കാലം പറഞ്ഞുകേട്ട ഓർമ മാത്രമേയുള്ളു. എന്തായാലും സ്വാതന്ത്ര്യം എന്ന സംജ്ഞ എത്രമാത്രം നിർവചനാതീതമാണ് എന്ന് ഈ രാജ്യങ്ങളുടെ അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കും.
കളർ വിപ്ലവങ്ങളുടെ പരമ്പരയിലാണ് തുലിപ് വിപ്ലവവും അരങ്ങേറിയത്. ഈ പ്രദേശത്തു നടന്ന വിപ്ലവങ്ങൾ പല നിറങ്ങളിലാണ് അറിയപ്പെടുന്നത്. ജോർജിയയിലെ റോസ് വിപ്ലവം, ഉക്രയിനിൽ ഓറഞ്ച് വിപ്ലവം, കുവൈറ്റിലെ ബ്ലൂ റെവല്യൂഷൻ എന്നിവയുടെ തുടർച്ചയായിരുന്നു ഇവിടെ നടന്ന തുലിപ് റെവല്യൂഷൻ.
കഴിഞ്ഞ പത്തു മണിക്കൂറായി ഞങ്ങൾ ബിഷ്കെക്ക് നഗരത്തിലൂടെ നടക്കുകയാണ്. രാവിലെ കിട്ടിയ കുറച്ചു നോൻ അല്ലാതെ കാര്യമായ ഭക്ഷണമൊന്നും കഴിച്ചിട്ടില്ല. ഒരു യാൻഡെക്ക്സ് സംഘടിപ്പിച്ച് വീടിനടുത്തുള്ള പ്രധാന ചത്വരത്തിലേക്ക് ഞങ്ങൾ തിരിച്ചു പോയി. ഈ യാൻഡെക്ക്സ് ഗൂഗിളിന് പകരം സോവിയറ്റ് മേഖലകളിലെ ഏറ്റവും പ്രധാന സെർച്ച് എൻജിനാണ് യാൻഡെക്ക്സ്. ഇവിടെ വളരെ എഫിഷ്യന്റ്റ് ആയിട്ടാണ് ഇത് പ്രവർത്തിക്കുന്നത് എന്നതാണ് ഞങ്ങളുടെ അനുഭവം. രാത്രിയായതോടെ കാര്യമായി എന്തെങ്കിലും കഴിക്കാം എന്ന ചിന്തയുമായി തൊട്ടടുത്തുകണ്ട റെസ്റ്റോറന്റിൽ കയറി.
ബെലീസ് ചായ്‌ഖാനാ എന്നാണ് ഹോട്ടലിന്റെ പേര്. പേരിൽ ഒരു ഹിന്ദുസ്ഥാനി ടച്ച് കണ്ടപ്പോൾ ഒരു കൗതുകം. എന്നാൽ ഇനിയാണ് ഞങ്ങളുടെ യാത്രയിൽ കാര്യങ്ങൾ കൂടുതൽ ഗൗരവമാകുന്നത്.
ബിന്ദുവും അബുവും പൂർണ സസ്യാഹാരികളാണ്. ബിന്ദു ശീലം കൊണ്ട് സസ്യാഹാരി. അബുവാകട്ടെ പണ്ടൊരിക്കലുണ്ടായ ഒരു ബീഫ് പോയിസണിംഗിന് ശേഷമുള്ള ഭയത്താൽ നിർബന്ധിത സസ്യാഹാരി.
“ഞങ്ങൾ മാംസാഹാരം കഴിക്കില്ല. മാംസം ഇല്ലാത്ത ഭക്ഷണം വേണം…”
ബേസ് മ്യാസ എന്നാണ് കിർഗിസിൽ പറയുക. ഈ വാചകം ഞങ്ങളുടെ യാത്രയിൽ വളരെ പ്രധാനമാകാൻ പോവുകയാണ്.
ഇത് കേട്ട് അന്തംവിട്ടു നിൽക്കുകയാണ് ഹോട്ടലിലെ വെയ്റ്റർമാരായ കുട്ടികൾ. ഇങ്ങനെ ഒരു കാര്യം അവർ കേട്ടിട്ടേയില്ല. സസ്യാഹാരി എന്നൊരു സങ്കൽപ്പം തന്നെ അവർക്ക് അപരിചിതം. ഏതൊരു രാജ്യത്തെ അറിയാനും അവരുടെ ഭക്ഷണം കഴിക്കുക എന്നത് ഏറെ പ്രധാനമാണ്. നിർഭാഗ്യവശാൽ എന്റെ കൂടെയുള്ള ഈ രണ്ടു സസ്യാഹാരികൾക്കും യാത്രയുടെ ഈ ഭാഗം പൂർണമായും നഷ്ടമായിപ്പോയി.
പരമ്പരാഗതമായി കിർഗിസ് ഭക്ഷണം കുതിരമാംസം, ബീഫ്, മട്ടൻ എന്നിവ ചേർന്നതാണ്. പഴയ നാടോടി ജീവിതത്തിൽ നിന്ന് കൈമാറി വന്നതാവണം ഇവരുടെ രുചിക്കൂട്ടുകളും, പാചകരീതികളും, ചേരുവകളും. കിർഗിസ്ഥാന്റെ ദേശീയ വിഭവമാണ് ബെഷ്ബർമാക്ക് (അഞ്ച് വിരലുകൾ) ഇവർ ഇത് കൈയുപയോഗിച്ച് കഴിക്കുന്നത് കൊണ്ടാണ് ഈ വിഭവത്തിന് ആ പേരു ലഭിച്ചത്. വേവിച്ച് ചീന്തിയ കുതിര മാംസം/ബീഫ്/ആട്ടിറച്ചി എന്നിവ നൂഡിൽസും ചേർത്തു വേവിച്ച ഈ വിഭവം ഉള്ളി സൂപ്പും ഒന്നിച്ചാണ് വിളമ്പുന്നത്.
“ഖസകിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ കുതിരയെ പ്രധാനമായും മാംസത്തിനാണ് വളർത്തുന്നത്. മദ്ധ്യേഷ്യയിലെ വിശാലമായ സ്റ്റെപ്പികൾ കുതിര വളർത്തലിന് മികച്ച സ്ഥലമാണ്. ഓട്ടക്കുതിരകളെ ബ്രീഡ് ചെയ്യുന്നവരുമുണ്ട്.” ഏറെക്കാലം മധ്യേഷ്യയിൽ ജീവിച്ചിരുന്ന ഒരു സുഹൃത്ത് ഞങ്ങളോട് പറഞ്ഞു
“ഞാൻ ഖസകിസ്ഥാനിൽ ജോലി ചെയ്തിരുന്നപ്പോൾ ധാരാളം കുതിര ഇറച്ചി വിഭവങ്ങൾ കഴിച്ചിട്ടുണ്ട്. അതിലൊന്ന് വിശേഷപ്പെട്ട നാഷണൽ വിഭവമായ ബെസ്പെർമാക് ആണ്. അഞ്ചു തരം ഇറച്ചിയുണ്ടതിൽ. ടൂറിസ്റ്റുകൾക്ക് ഈ ഇറച്ചിയോ വിഭവങ്ങളോ ഇഷ്ടപ്പെടുകയില്ല. എരിവ് വളരെ കുറവായിരിക്കും.
ഒരിക്കൽ ഏതോരാജ്യത്ത് സെൽട്രൽ ഏഷ്യയിൽ കുതിരയെ മാംസത്തിനു വേണ്ടി കൊല്ലുന്നതിനെതിരെ പ്രക്ഷോഭമുണ്ടായി. എന്നാൽ കുതിര ആ നാട്ടുകാർക്ക് മാംസത്തിനു വേണ്ടി വളർത്തുന്ന കന്നുകാലി പോലെയാണ് എന്ന് ഇവരറിഞ്ഞില്ല. ചിലരുടെ കൈവശം ആയിരത്തിൽ പരം കുതിരകളുണ്ടാകും. കുതിരയിറച്ചി= ബീഫ് ഇതാണ് അവിടത്തെ ഭക്ഷണരീതി. കുതിരപ്പാൽ, ഒട്ടകപ്പാൽ തുടങ്ങിയ വിഭവങ്ങളുമുണ്ടിവിടെ. അറബ് നാട്ടിൽ ഒട്ടകത്തിന്റെ ഇറച്ചി കഴിക്കുന്നത് ഓർക്കുക. ഓരോ നാട്ടിലും അവരുടേതായ ഭക്ഷണ രീതികൾ.”
എന്തായാലും സസ്യാഹാരികൾക്ക് എന്ത് കൊടുക്കും എന്ന് തീർച്ചയാക്കാൻ ഹോട്ടലുകാർക്ക് കഴിഞ്ഞില്ല. അങ്ങനെ രാത്രിയിലും കുറച്ചു റൊട്ടിക്കഷണവും കടിച്ചു കുറച്ച് പച്ചക്കറിയും തിന്ന് രണ്ടു സസ്യാഹാരികളൂം സമൃദ്ധമായ ഇറച്ചിക്കറികൾ കഴിച്ചു ഞാനും റോഡിലേക്കിറങ്ങി.
രാത്രിയിൽ സ്ത്രീകൾ സഞ്ചരിക്കുന്നത് കണ്ടാൽ ആ സമയം വരെ നഗരം സുരക്ഷിതമാണ് എന്ന് കരുതാം എന്ന് പ്രശസ്തരായ യാത്രികർ പറയാറുണ്ട്. അങ്ങനെ നോക്കുമ്പോൾ ബിഷ്കെക്ക് രാത്രി ഒൻപത് മണിക്കും വളരെ സുരക്ഷിതം എന്ന് ഞങ്ങൾക്ക് തോന്നി.
പൊതു ഗതാഗത സംവിധാനങ്ങൾ നഗരത്തിന്റെ പ്രധാന ഭാഗമാണ്. മഷ്‌റൂക്ക കൂടാതെ രാത്രി വളരെ വൈകുന്നത് വരെ പുതിയ എയർ കണ്ടിഷൻഡ് കോച്ചുകളുമായി ട്രാം സർവീസുണ്ട്. നമ്മുടെ ഊബറിനും ഓലയ്ക്കും പകരം റഷ്യയിലും മറ്റ് മധ്യേഷ്യൻ രാജ്യങ്ങളിലും ഉള്ളത് യാൻഡെക്സ് ആണ്. കിർഗിസ്ഥാനിൽ യാൻഡെക്സ് സർവീസിന്റെ കൃത്യത ഞങ്ങളെ അത്ഭുതപ്പെടുത്തി. പത്തു സെക്കന്റിനുള്ളിൽ ഒരു കാറുമായി കണക്ട് ചെയ്യും. മൂന്ന് മിനിറ്റിനുള്ളിൽ വണ്ടി എത്തും. നമ്മൾ നിൽക്കുന്ന പോയന്റിൽ കൃത്യമായി എത്തിച്ചേരും. ഈ കൃത്യത ഉസ്ബകിസ്ഥാനിൽ കണ്ടില്ല എന്നത് ശരിയാണെങ്കിലും കിർഗിസ്ഥാനിലെ പ്രധാന നഗരങ്ങളിലെല്ലാം ഞങ്ങൾക്ക് യാൻഡെക്സ് വലിയ സഹായമായിരുന്നു.
രാത്രി വൈകി വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും വ്ലാദിമിറും കൂട്ടുകാരും ഉറങ്ങിയിരുന്നു. ഞങ്ങൾ ശബ്ദമുണ്ടാക്കാതെയും ബാത്‌റൂമിൽ വെള്ളം ചിതറാതെയും മാതൃരാജ്യത്തിന്റെ അഭിമാനം കാക്കുകയും പന്ത്രണ്ട് മണിക്കൂറിന്റെ അലച്ചിലിനൊടുവിൻ സുഖമായി ഉറങ്ങുകയും ചെയ്തു.
-തുടരും