സ്വാതന്ത്ര്യം. ഒറ്റ വാക്കിൽ ഇതിന്റെ ഉത്തരം അടങ്ങിയിരിക്കുന്നു
നിങ്ങൾ ഇന്ത്യക്കാർ എല്ലാ ദിവസവും യോഗ ചെയ്യുമോ?
പിറ്റേന്ന് രാവിലെ തീൻമേശയിൽ വൈവിധ്യമാർന്ന റൊട്ടികളൂം സോസേജുകളും ജാമും വെണ്ണയും ചായയും നിരന്നിരുന്നു. കുടുംബാംഗങ്ങൾ എല്ലാവരും സജീവമാണ്. നാല് കുട്ടികളുണ്ട് ബാക്റ്റിക് ബക്കിന്. മൂത്ത കുട്ടികളെ സ്കൂളിലേക്ക് അയക്കാനുള്ള തിരക്കിലാണ് ഭാര്യ. ഏറ്റവും ഇളയവൻ കിണുങ്ങി നടപ്പുണ്ട്.
കൾച്ചറൽ അന്ത്രപ്പോളജിയാണ് ബാക്റ്റിക്ബെക്കിന്റെ വിഷയം. ഇപ്പോൾ വംശനാശം വരുന്ന സൈഗ എന്ന ഖസക് ആന്റിലോപ്പിന്റെ സംരക്ഷണ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുന്നു.
“കാർപ്പത്തിയാൻ മലനിരകളുടെ താഴെയുള്ള വിശാലമായ ഖസക് സ്റ്റെപ്പിയിലാണ് ഇപ്പോൾ വൈഗയെ കാണാൻ കഴിയുക.” അദ്ദേഹം പറഞ്ഞു: “15 വർഷത്തിനുള്ളിൽ ഇവയുടെ സംഖ്യയിൽ 90 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഇപ്പോൾ ഖസക്കിസ്ഥാനിൽ 80000 ഓളം മാനുകൾ ബാക്കിയുണ്ട്. പ്രധാനമായും വേട്ടയാണ് വംശ നാശത്തിന് കാരണം.” അദ്ദേഹം പറഞ്ഞു.
ഞങ്ങൾ താമസിക്കുന്ന വീട്ടിൽ വൈഗയുടെ മനോഹരമായ ഒരു ചിത്രം ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു ഏറെ സംസാരിക്കാൻ അവസരം കിട്ടിയില്ല. പലപ്പോഴും ഏറെ വൈകിയിട്ടേ ബാക്റ്റിക് ബക് വീട്ടിൽ തിരിച്ചെത്തു.
എങ്കിലും കുറച്ചുസമയം കിർഗിസ് സമൂഹത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു.
ചരിത്രത്തിൽ എല്ലാ കാലവും മധ്യ ഏഷ്യൻ ജനത നൊമാഡുകൾ ആയിരുന്നു. ഈ നൊമാഡിക് സംസ്കാരം ഇപ്പോഴും ഞങ്ങളുടെ രക്തത്തിലുണ്ട്, അദ്ദേഹം പറഞ്ഞു.
“The only time you are sure a person is Kyrgz, is when he is in the grave” എന്നൊരു ചൊല്ല് തന്നെയുണ്ട്. അദ്ദേഹം ചിരിച്ചു. കിർഗിസുകാർ ഇങ്ങനെ കറങ്ങി നടക്കുന്നവർ ആയതിനാൽ ഒരു കിർഗീസുകാരൻ എവിടെയുണ്ട് എന്ന് ഉറപ്പു പറയാൻ അയാൾ ശവകുടീരത്തിൽ ആയിരിക്കണം എന്നർത്ഥം.
നാടോടികളായ ഇവരെ പലതരം സാമ്രാജ്യങ്ങൾ വന്നു ആക്രമിച്ചു കീഴടക്കി. പേർഷ്യൻ, ഗ്രീക്ക്, മംഗോൾ, അറബ്, ടർക് എന്നിങ്ങനെ പലതരം ആക്രമണങ്ങൾ.
പ്രശസ്തമായ സിൽക്ക് റൂട്ടിന്റെ ഭാഗമായതിനാൽ ഈ ആക്രമണങ്ങൾ സ്വാഭാവികവും ആയിരുന്നു. കിഴക്കും പടിഞ്ഞാറും ഉള്ള സംസ്കാരങ്ങൾ കണ്ടുമുട്ടുന്നതും വ്യാപാര സാമഗ്രികളും ആശയങ്ങളും കൈമാറുന്നതും ഈ വഴിയിലൂടെയാണ്. കൃത്യമായ ഒരു റോഡൊന്നുമല്ല സിൽക്ക് റോഡ് എന്ന് അറിയപ്പെടുന്നത്. എന്നാൽ ആയിരം വർഷം മുൻപ് തുടങ്ങിയ ഈ വ്യാപാര പാത ചരിത്രത്തെ മാറ്റിമറിച്ചു.
ഈ ആക്രമണങ്ങൾ അവസാനിച്ചത് പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയിൽ സാറിസ്റ്റ് റഷ്യ മധ്യ ഏഷ്യയെ അവരുടെ ഭാഗമാക്കുന്നതോടെയാണ്. എങ്കിലും ഇങ്ങനെ ആക്രമിച്ചവർക്കൊക്കെ സാമ്പത്തിക ലാഭം മാത്രമേ ലക്ഷ്യം ഉണ്ടായിരുന്നുള്ളൂ. അതിനായി അവർ ഈ വരണ്ട പ്രദേശങ്ങളിൽ വിപുലമായ പരുത്തി തോട്ടങ്ങൾ ഉണ്ടാക്കി. അതിനുവേണ്ട ജലസേചന സൗകര്യം നടപ്പിൽ വരുത്തി. ഈ പ്രവർത്തനങ്ങളിൽ ഇടപെടാത്ത കാലത്തോളം ഈ നാട്ടിലെ ഭരണാധികാരികളെ ഈ സാമ്രാജ്യത്വങ്ങൾ വെറുതെവിടുകയും ചെയ്തു. അങ്ങനെയാണ് റഷ്യൻ ആക്രമണ സമയത്തുപോലും സിംഹാസനത്തിൽ തുടരാൻ ബുഖാറയിലെ എമീറിന് അനുവാദം കിട്ടിയത്. പിന്നീട് ഏഴു ദശകം നീണ്ടു നിൽക്കുന്ന സോവിയറ്റ് കാലം. അത് കഴിഞ്ഞാൽ ഗോർബച്ചേവിന് ശേഷമുള്ള ചരിത്രം.
“സോവിയറ്റ് കാലത്തെ ഇപ്പോൾ എങ്ങനെയാണ് വിലയിരുത്തുന്നത്?” ഈ ചോദ്യം ഞങ്ങൾ ഈ യാത്രയിൽ എല്ലാവരോടും ആവർത്തിച്ച് ചോദിച്ച ഒന്നാണ്.
“സ്വാതന്ത്ര്യം. ഒറ്റ വാക്കിൽ ഇതിന്റെ ഉത്തരം അടങ്ങിയിരിക്കുന്നു.” ബാക്റ്റിൻ ബക് ചിരിച്ചുകൊണ്ട് പറഞ്ഞു. കൂടുതൽ രാഷ്ട്രീയം പറയാൻ അദ്ദേഹത്തിന് താൽപ്പര്യമുണ്ട് എന്ന് തോന്നിയില്ല.
“ഞങ്ങൾ യഥാർത്ഥത്തിൽ ഇസിക് കുൾ എന്ന തടാകത്തിന്റെ കരയിലുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് ഇങ്ങോട്ട് വന്നത്. ഈ രാജ്യത്തെ ഏറ്റവും മനോഹരമായ തടാകമാണിത്. നിങ്ങൾ എന്തുവന്നാലും അവിടെ പോകണം” അദ്ദേഹം പറഞ്ഞു.
ഈ ഗ്രാമത്തിന്റെ പേര് എനിക്ക് ഗൃഹാതുരമായ ഒരു അനുഭവമായി. ഈ ഇസിക് -കുൾ ഞങ്ങളുടെ ബാല്യത്തിന്റെ കൂടി ഓർമ്മയാണ് എന്ന് പറഞ്ഞാൽ ഇവർ വിശ്വസിക്കുമോ ആവോ. എന്റെ പഴയ സോവിയറ്റ് പുസ്തകങ്ങളുടെ കളക്ഷനിൽ മലകളുടെയും സ്റ്റെപ്പിയുടേയും കഥകൾ എന്നൊരു പുസ്തകം ഉണ്ടായിരുന്നു. ആ പുസ്തകം തുടങ്ങുന്നത് ഇസിക് കുളിനെക്കുറിച്ചു ഒരു ചെറിയ പാട്ടുമായാണ്.
“വിരുന്നു വേളയിലെ ചഷകം പോലെ
ഇസിക്-കൂളിനെ നമുക്ക് വച്ച് നീട്ടി…”
അന്നും വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായിരുന്നു ഇത്.
സോവിയറ്റ് ജീവിതവുമായി മലയാളികൾക്കുള്ള അപൂർവമായ സ്നേഹബന്ധത്തെക്കുറിച്ചു ഞങ്ങൾ അവരോട് പറഞ്ഞു. സത്യത്തിൽ മലയാളികൾ ഒരുകാലത്തു മലയാളത്തിൽ എഴുതിയ നോവലുകൾക്കൊപ്പം ചിലപ്പോൾ കൂടുതൽ പ്രാധാന്യത്തോടെ വായിച്ചിരുന്നതാണ് റഷ്യൻ നോവലുകൾ. നോവലുകൾ മാത്രമല്ല ശാസ്ത്ര കുതുകികൾക്ക് പ്രിയങ്കരമായ ധാരാളം പുസ്തകങ്ങളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഗാമോവും പെരൽ മാനുമൊക്കെ.
മധ്യേഷ്യയിലെ ഈ പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളിലൂടെയുള്ള ഈ യാത്രയിലെല്ലാം ഞങ്ങൾ ബാല്യകാലത്ത് വായിച്ച റഷ്യൻ കഥകൾ ഓർമ്മയിൽ വരും.
‘ഞാൻ ഇച്ഛിക്കുന്നു’ വാളമീൻ കല്പിക്കുന്നു ..’ എന്നൊക്കെ കേൾക്കുമ്പോൾ ചുക്കും ഗക്കുമൊത്തുള്ള സൈബീരിയൻ യാത്രകൾ ഓർമ്മവരും. ഈ സോവിയറ്റ് കഥകൾ മലയാളികൾക്കായി തർജമ ചെയ്തു തന്ന ഗോപാലകൃഷ്ണനെയും ഓമനയേയും ഓർക്കും. ഇപ്പോഴും ഈ കഥകൾക്ക് മാത്രമായി മലയാളത്തിൽ ഒരു ഫേസ്ബുക് പേജ് ഉണ്ടെന്നും അതിൽ പതിനായിരത്തിലേറെ അംഗങ്ങളുണ്ടെന്നും ധാരാളം പഴയ സോവിയറ്റ് പുസ്തകങ്ങൾ പി ഡി എഫ് ആയി ലഭ്യമാണെന്നും ഞങ്ങൾ പിന്നീടാണ് കണ്ടെത്തിയത്. ഇത്തരം വലിയൊരു സാംസ്കാരിക സൗഹൃദം ഞങ്ങൾക്ക് ഈ പ്രദേശവുമായി ഉണ്ടായിരുന്നു എന്ന അറിവ് അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചു.
ഞങ്ങൾ താമസിക്കുന്ന വീട്ടിൽ കഴിഞ്ഞ കുറച്ചുകാലമായി സ്ഥിരമായി താമസിക്കുന്ന ചില അതിഥികളുണ്ട്. അവർ ഉക്രയിനിൽ നിന്ന് വന്നതാണ്. അവരിൽ പലരും പൊതുവേ അന്തർമുഖരും സൗഹൃദം സ്ഥാപിക്കാൻ വലിയ താൽപ്പര്യമില്ലാത്തവരുമായാണ് ഞങ്ങൾക്ക് ആദ്യം തോന്നിയത്.
പ്രത്യേകിച്ച് വ്ലാദിമിർ. ആറടി പൊക്കവും റഷ്യക്കാരുടെ പ്രത്യേകതയായി നമ്മൾ കാണുന്ന കൂർത്ത ഊശാൻതാടിയുമായി അയാൾ അനന്തതയിലേക്ക് നോക്കി വരാന്തയിലിരിക്കും. കയ്യിൽ ലാപ്ടോപ്പുമുണ്ട്.
ഞങ്ങൾ പതുക്കെ അടുത്തുകൂടി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ അയാളുടെ ഗൗരവം അലിഞ്ഞുപോയി. സത്യത്തിൽ ഗൗരവം ആയിരുന്നില്ല തങ്ങൾ അകപ്പെട്ടുപോയ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകളാണ് ഇവരെ മൗനികളാക്കിയത് എന്ന് ഞങ്ങൾക്ക് മനസ്സിലായി.
“എന്റെ മക്കളേയും ഭാര്യയെയും കണ്ടിട്ട് ഒരു വർഷമായി. ഈ നശിച്ച യുദ്ധം എന്നാണോ തീരുക?”
ഉക്രയിനിലേക്ക് തിരിച്ചു പോകാൻ കഴിയാതെ ബിഷ്കെക്കിൽ പെട്ടുപോയ വ്ലാദിമിർ കുറച്ചുനേരം മൗനമായിരുന്നു.
കിർഗിസ്ഥാനിൽ പണിയുന്ന ഒരു റഷ്യൻ ഓയിൽ റിഫൈനറിയുടെ മേൽനോട്ടത്തിനാണ് എൻജിനീയറായ വ്ലാദിമിർ ബിഷ്കെക്കിൽ എത്തിയത്. അതിനിടയിൽ അപ്രതീക്ഷിതമായി യുദ്ധം തുടങ്ങി. തിരിച്ചു പോകാൻ കഴിയുന്നില്ല. അച്ഛനും അമ്മയും ഭാര്യയും മക്കളുമൊക്കെ വിവിധ സ്ഥലങ്ങളിലാണ്.
“എന്റെ കൊച്ചു മകൻ എല്ലാ ദിവസവും രാവിലെ അവന്റെ പാവകളുമായി വീഡിയോ കോളിൽ വരും. ഞാൻ ഇതാ അച്ഛന്റെ അടുത്തേക്ക് പറന്നു വരുന്നു. അവൻ പറയും.”
മുറിയിൽ വല്ലാത്ത ഒരു മൗനം നിറഞ്ഞു. ഞങ്ങൾക്കും ഒന്നും ചോദിക്കാൻ തോന്നിയില്ല.
“എനിക്ക് ഏറ്റവും ഇഷ്ടമുള്ള ദേശീയ ഗാനം ഉക്രയിനിന്റെതാണ്…” കുറച്ചുകഴിഞ്ഞപ്പോൾ അബു പറഞ്ഞു. അവൻ അത് ചെറുതായി ഒന്ന് മൂളി. വ്ലാദിമിറിന്റെ മുഖം വിടർന്നു. അയാളും കൂടെപ്പാടാൻ തുടങ്ങി.
‘Shche ne vmerla Ukrainas’,
“ഞങ്ങളുടെ സ്വാതന്ത്ര്യവും കീർത്തിയും നഷ്ടപ്പെട്ടിട്ടില്ല
ഉക്രയിൻ സഹോദരരെ…ഭാഗ്യം ഇനിയും നമ്മളെ നോക്കി മന്ദഹസിക്കും
സൂര്യകിരണത്തിൽ മഞ്ഞുതുള്ളികൾ എന്നപോലെ ശത്രുക്കൾ നശിക്കും
ഇവിടെ നമ്മൾ ഇനിയും സന്തോഷത്തോടെ ജീവിക്കും…”
വ്ലാദിമിറിന്റെ കൂടെയുള്ള മറ്റ് ഉക്രേനിയൻ സുഹൃത്തുക്കളും ഈ ഗാനം ആലപിച്ചുതുടങ്ങി. രാജ്യ അതിർത്തികളെ ഭേദിച്ച് കിർഗിസ്താന്റെ തലസ്ഥാനമായ ബിഷ്കെക്കിൽ ഞങ്ങൾ താമസിക്കുന്ന വീട്ടിൽ സംഗീതം നിറഞ്ഞു. രാഷ്ട്രീയമായി നിർവചിക്കുന്ന അതിർ വരമ്പുകൾക്കപ്പുറം മാനവികതയുടെ സൗന്ദര്യം പോലെ അപരിചിതമായ ഒരു രാജ്യത്തിന്റെ ദേശീയ ഗാനം ഞങ്ങളിൽ മഴ പോലെ പെയ്തു. ഇത് ഞങ്ങളുടെയും ദേശീയ ഗാനമായി അപ്പോൾ ഞങ്ങൾക്ക് തോന്നി.
അന്തരീക്ഷത്തിന് ചെറിയൊരു ലാഘവത്വം വന്നു. അബുവിന് പല രാജ്യങ്ങളുടെയും ദേശീയ ഗാനം പഠിക്കുന്നത് ഇഷ്ടമായിരുന്നു. അത് ഇപ്പോൾ എന്തൊരു പ്രയോജനമായി.
യുദ്ധഭൂമിയിൽ നിന്ന് രക്ഷപ്പെട്ടു ലക്ഷക്കണക്കിനാളുകൾ മധ്യേഷ്യൻ രാജ്യങ്ങളിൽ അഭയം തേടിയിട്ടുണ്ട് എന്ന് കുറച്ചുകഴിഞ്ഞപ്പോൾ ബാക്റ്റിന് ബെക് പറഞ്ഞു. മാത്രമല്ല ഇപ്പോൾ റഷ്യയിൽ നിർബന്ധിത സൈനിക സേവനവും ആരംഭിച്ചിട്ടുണ്ട്. അതിൽ നിന്ന് രക്ഷനേടി നാല്പത്തി അഞ്ചു വയസ്സിൽ താഴെയുള്ള റഷ്യക്കാർ ഈ പ്രദേശങ്ങളിലേക്ക് വരുന്നുണ്ട്.
അങ്ങനെ വന്നവരാണ് ഇവരെല്ലാവരും തന്നെ. മധ്യേഷ്യയിൽ ഏതു രാജ്യത്തുചെന്നാലും ഇങ്ങനെ കൂട്ടമായി രാജ്യം വിട്ടോടുന്ന റഷ്യക്കാരെ കാണാം, അദ്ദേഹം പറഞ്ഞു.
ക്രമേണ വ്ലാദിമിർ ഞങ്ങളോട് അടുത്തു. പണിയെടുക്കുന്ന ലാപ്ടോപ്പ് അടച്ചു അദ്ദേഹം ഞങ്ങളുടെ അടുത്തുവന്നിരിക്കും.
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ..” വ്ലാദിമിർ ഒരൽപം ലജ്ജയോടെ ചോദിച്ചു: “ഈ ഇന്ത്യക്കാർ എല്ലാവരും വെജിറ്റേറിയൻസ് ആണ് എന്ന് കേൾക്കുന്നത് ശരിയാണോ?’
“ചുമ്മാ…” ഞാൻ ചിരിച്ചു: “ഉദാഹരണത്തിന് എന്നെ നോക്കു. തിരിച്ചു കടിക്കാത്ത എന്തും ഞാൻ കഴിക്കും. 85 ശതമാനം ഇന്ത്യക്കാരും മാംസവും മത്സ്യവും കഴിക്കുന്നവരാണ്.”
“ഞാൻ മറ്റൊരു ചോദ്യം കൂടി ചോദിക്കട്ടെ.” വ്ലാദിമിർ വീണ്ടും പറഞ്ഞു: “എല്ലാ ഇന്ത്യക്കാരും യോഗ ചെയ്യുമോ?”
“ ഞാൻ യോഗ ചെയ്യും. എന്നാൽ എല്ലാ ഇന്ത്യക്കാരും രാവിലെ എണീറ്റ ഉടൻ യോഗ ചെയ്യും എന്നൊന്നും കരുതരുത്. ചെയ്യുന്ന കുറച്ചാളുകൾ ഉണ്ടാവും.” ഞാൻ വിശദീകരിച്ചു.
അങ്ങനെ ഇന്ത്യൻ സമൂഹത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം അവസാനിപ്പിച്ച് ഞങ്ങൾ നഗരത്തിലേക്ക് ഇറങ്ങി.
-തുടരും