”ഞാനും എൻ്റെ സഹോദരനും കുട്ടികളായിരുന്നപ്പോൾ രണ്ടായിരാമാണ്ടിലെ പുതുവർഷത്തലേദിവസം ഞങ്ങൾ അദ്ദേഹത്തിന്റെ കൂടെ ചിലവഴിക്കാമെന്ന് വാക്കുകൊടുക്കാൻ അച്ഛൻ ഞങ്ങളോട് ആവശ്യപ്പെട്ടു. ചെറുപ്പത്തിൽ പലതവണ ഈ വാഗ്ദാനത്തെപ്പറ്റി അദ്ദേഹം ഞങ്ങളെ ഓർമപ്പെടുത്താറുണ്ടായിരുന്നു. ആ ദിവസമെത്തുന്നതുവരെ ജീവിച്ചിരിക്കണമെന്ന അദ്ദേഹത്തിൻ്റെ ആഗ്രഹമായിരുന്നു അതെന്നാണ് ഞാനിപ്പോൾ ആ വാക്കു കൊടുക്കലിനെപ്പറ്റി വിചാരിക്കുന്നത്.”
ഗബ്രിയേൽ ഗാർസിയ മാർക്കേസിൻ്റെ മകനായ റോദ്രീഗോ ഗാർസിയ എഴുതിയ ‘A Farewell to Gabo and Mercedes’ എന്ന പുസ്തകം തുടങ്ങുന്നത് ഇങ്ങനെയാണ്. രണ്ടായിരാമാണ്ട് തുടങ്ങുമ്പോൾ ജീവനോടെ ഉണ്ടാവണമെന്ന് മാർക്കേസ് ആഗ്രഹിച്ചിരുന്നു. അദ്ദേഹം എന്നന്നേക്കും ജീവിക്കണമെന്ന് ആഗ്രഹിച്ചവരേറെ. ഇപ്പോൾ 2024 ൽ പുതിയ ഒരു പുസ്തകവുമായി മാർക്കേസ് തിരിച്ചു വരുന്നു എന്നതാണ് വായനക്കാരെ ഏറെ സന്തോഷിപ്പിക്കുന്നത്. ‘En Agosto de Vemos’ (ഓഗസ്റ്റിൽ നിന്നെ കണ്ടുമുട്ടും) എന്നു പേരുള്ള ആ നോവലായിരിക്കാം പുതിയ വർഷത്തിലെ ഏറ്റവും വലിയ പ്രതീക്ഷകളിലൊന്ന്.
‘ഓഗസ്റ്റിൽ നിന്നെ കണ്ടുമുട്ടും’ എന്നത് 1999ൽ കൊളംബിയൻ മാസികയായ ‘കാംബിയോ’യിൽ (Cambio) മാർക്കേസ് എഴുതിയ ഒരു കഥയുടെ പേരാണ്. ആ കഥയുടെ തുടർച്ചയാണ് ഈ നോവൽ എന്നു കരുതപ്പെടുന്നു. തന്റെ അമ്മയുടെ ശവകുടീരം സന്ദർശിക്കാൻ പേര് വെളിപ്പെടുത്താത്ത ഒരു കരീബിയൻദ്വീപിലെത്തുന്ന അനാ മാഗ്ദലേന ബാഖ് എന്ന സ്ത്രീയുടെ മാന്ത്രികമായ പ്രണയത്തിൻ്റെയും രതിയുടെയും കഥയാണ് മാർക്കേസ് പറയുന്നത്.
‘’അമ്മയുടെ ഒന്നാം ചരമവാർഷികത്തിന് അച്ഛൻ അവളെ മാർബിൾ ഫലകവുമായി ദ്വീപിലേക്കു കൊണ്ടുപോയി. അന്ന് തോണിയിലാണ് അവരെത്തിയത്. കടൽ കടന്ന്. കന്യാവനങ്ങൾ അതിരിടുന്ന സ്വർണ്ണനിറമുള്ള കടൽത്തീരങ്ങളെ, പക്ഷികളുടെ അത്യുച്ചത്തിലുള്ള ശബ്ദഘോഷങ്ങളെ, കായൽത്തടാകത്തിനു മേലുള്ള കൊക്കുകളുടെ പ്രേതപ്പറക്കലിനെ അവളിഷ്ടപ്പെട്ടു.
ഗ്രാമം അന്നും ദരിദ്രമായിരുന്നു. ഹോട്ടലുകളില്ലായിരുന്നു. തൂക്കു കിടക്കകളിലാണ് അവർ രാത്രി കഴിച്ചുകൂട്ടിയത്.”
കഥയിലെ ഈ ഭാഗങ്ങൾ വായിക്കുമ്പോൾ മാർക്കേസിനു മാത്രം സൃഷ്ടിക്കാൻ കഴിയുന്ന അസാധാരണമായ ആ അന്തരീക്ഷം നമ്മുടെ കൺമുമ്പിലെത്തുന്നു.
പൂർണമല്ലാത്ത ഈ നോവൽ പ്രസിദ്ധീകരിക്കുന്നിനെപ്പറ്റി മാർക്കേസിൻ്റെ കുടുംബത്തിന് സന്ദേഹമുണ്ടായിരുന്നു. പക്ഷേ വായനക്കാരുടെ ആകാംക്ഷയെപ്പറ്റി വിചാരിച്ചപ്പോൾ അത് പ്രസിദ്ധീകരിക്കുന്നതാണ് ശരിയായ കാര്യമെന്നു തോന്നി എന്നാണ് അദ്ദേഹത്തിൻ്റെ മക്കളായ റോദ്രീഗോയും ഗോൺസാലോയും പറയുന്നത്.
“അദ്ദേഹത്തിന്റെ മരണം കഴിഞ്ഞ് പത്തു വർഷങ്ങൾക്കു ശേഷം ഈ രചന വീണ്ടും വായിക്കുമ്പോൾ ആഹ്ലാദജനകമായ ഒട്ടനവധി മേന്മകൾ അതിനുണ്ടെന്നും ആ എഴുത്തിന്റെ വൈശിഷ്ട്യങ്ങൾ ആസ്വദിക്കുന്നതിൽ നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കുന്ന യാതൊന്നും അതിലില്ലെന്നും ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞു. പുതിയ ആവിഷ്ക്കാരങ്ങൾ നടത്തുന്നതിനുള്ള അദ്ദേഹത്തിൻ്റെ കഴിവ്, കവിത നിറഞ്ഞ ഭാഷ, മനംമയക്കുന്ന കഥനപാടവം, മനുഷ്യരെ മനസ്സിലാക്കാനുള്ള അദ്ദേഹത്തിന്റെ ശേഷി, സ്വന്തം അനുഭവങ്ങളോടും ദൗർഭാഗ്യങ്ങളോടുമുള്ള, വിശേഷിച്ച് അദ്ദേഹത്തിന്റെ രചനകളുടെ പ്രധാനവിഷയമായ പ്രണയത്തിലെ ദൗർഭാഗ്യങ്ങളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം” ഇവയെല്ലാം പുതിയ പുസ്തകത്തിലുമുണ്ടെന്ന് അവർ പറയുന്നു.
അങ്ങനെയെങ്കിൽ ആ പുസ്തകത്തിനു വേണ്ടിയുള്ള കാത്തിരിപ്പു തന്നെ ഒരനുഭവമാണ്.
“”അയാളായിരുന്നു എൻ്റെ രചനകളുടെ ആദ്യവായനക്കാരൻ. അയാളുടെ വിധിന്യായങ്ങൾ കർക്കശമെങ്കിലും യുക്തിസഹമായിരുന്നതിനാൽ എൻ്റെ മൂന്ന് പുസ്തകങ്ങളെങ്കിലും ചവറ്റുകുട്ടയിൽ മരിച്ചുവീണു. എൻ്റെ പുസ്തകങ്ങളിൽ അയാൾ എത്രമാത്രമുണ്ടെന്ന് പറയാനാവില്ല. പക്ഷേ അതൊരുപാടുണ്ടെന്ന് മാത്രം എനിക്കറിയാം.”
ഇതെഴുതിയത് മറ്റാരുമല്ല, ഗബ്രിയേൽ ഗാർസിയാ മാർക്കേസ് തന്നെയാണ്. അപ്പോൾ അദ്ദേഹത്തിൻ്റെ കൃതികൾ ചവറ്റുകുട്ടയിൽ ചെന്നവസാനിക്കാൻ കാരണക്കാരനായ ആ ‘ദുഷ്ടൻ’ ആരായിരിക്കാം? അദ്ദേഹത്തിൻ്റെ പേരാണ് അൽവാരോ മ്യൂതിസ് (Alvaro Mutis).
മാർക്കേസിനെക്കൊണ്ട് ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ എഴുതിച്ചയാൾ എന്നാണ് മ്യൂതിസ് അറിയപ്പെടുന്നതുതന്നെ. അതുവരെ അഞ്ച് പുസ്തകങ്ങൾ എഴുതിക്കഴിഞ്ഞിരുന്ന മാർക്കേസ് പുതിയ പുസ്തകം ‘പുതിയ രീതിയിൽ’ എഴുതാനുള്ള വഴിയറിയാതെ വിഷമിക്കുകയായിരുന്നു. അപ്പോഴാണ് ഹുവാൻ റൂൾഫോയുടെ ‘പെദ്രോ പാരമോ‘ എന്ന നോവൽ മ്യൂതിസ് അദ്ദേഹത്തിന് വായിക്കാൻ കൊടുത്തത്. കാഫ്കയുടെ ‘രൂപാന്തരപ്രാപ്തി’ എന്ന കഥ വായിച്ച് തകർന്നു തരിപ്പണമായതു പോലെയുള്ള അനുഭവമാണ് ‘പെദ്രോ പാരമോ’ തനിക്ക് നകിയതെന്ന് മാർക്കേസ് എഴുതുന്നുണ്ട്. ‘ഏകാന്തതയുടെ നൂറു വർഷങ്ങ’ളുടെ അന്യാദൃശമായ രചനാരീതിക്ക് പ്രചോദനമായത് ’പെദ്രോ പാരമോ‘ ആയിരുന്നു.
ആരാണ് ആൾവറോ മൂതിസ് എന്ന് ചോദിക്കുന്നത് അബദ്ധമായിരിക്കും. അയാൾ ആരെല്ലാമല്ല എന്നു പറയുന്നതാണെളുപ്പം. സംഗീതത്തെപ്പറ്റി അഗാധമായ അറിവുള്ളയാൾ, നെരൂദയുടെ അതേ സ്വരത്തിൽ അദ്ദേഹത്തിന്റെ കവിത ചൊല്ലി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നവൻ, ചെറുപ്പക്കാരെ കവിതയും ഗൂഢപുസ്തകങ്ങളുംകൊണ്ട് വഴി തെറ്റിച്ച് വിശാലമായ ലോകത്തേക്ക് അലയാനയക്കുന്നവൻ, പതിനേഴു തവണ ഭൂമി മുഴുവൻ ചുറ്റി സഞ്ചരിച്ചിട്ടും കുരുത്തക്കേട് മാറാത്തവൻ, ഈയിടെ അന്തരിച്ച പ്രശസ്ത കൊളംബിയൻ ചിത്രകാരൻ ഫെർനാൻദൊ ബോത്തെറോ (Fernando Botero) തനിക്കു നൽകിയ മനോഹരമായ ചിത്രം, ടെക്കീല (Tequila) കുടിച്ച് പിമ്പിരിയായ മാർക്കേസ് വലിച്ചു കീറിയിട്ടുകൂടി ഒരക്ഷരം മിണ്ടാതിരുന്നയാൾ, എല്ലാറ്റിനുമുപരി സ്പാനിഷ് ഭാഷയിലെ സാഹിത്യകൃതികൾക്കുള്ള പരമോന്നത ബഹുമതിയായ സെർവാൻതീസ് പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ നേടിയ മഹാനായ എഴുത്തുകാരൻ….
‘The Adventures and Misadventures of Maqroll’ എന്ന പുസ്തകമാണ് മ്യൂതിസിനെ ലോകപ്രശസ്തനാക്കിയത്. പ്രണയവും ഭാഗ്യവും തേടി നിരന്തരമായി അലയുന്ന, അതൊന്നും അധികകാലം നീണ്ടു നിൽക്കില്ലെന്ന് നന്നായി അറിയാവുന്ന ഒരുവനാണ് ഈ പുസ്തകത്തിലെ പ്രധാന കഥാപാത്രമായ മക്രോൾ.
പക്ഷേ മക്രോൾ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഈ കഥയിലല്ല, കവിതകളിലാണ്. ‘’മക്രോളിൻ്റെ പ്രാർത്ഥന‘ (Maqroll‘s Prayer) എന്നു പേരുള്ള കവിതാ സമാഹാരത്തിൻ്റെ ഇംഗ്ലീഷ് പരിഭാഷ 2024 ൽ പുറത്തിറങ്ങുകയാണ്. അന്തരിച്ച പ്രഗത്ഭപരിഭാഷക ഈഡിത്ത് ഗ്രോസ്മനും മറ്റുമാണ് മ്യൂതിസിൻ്റെ കവിതകൾ വിവർത്തനം ചെയ്തിരിക്കുന്നത്.
‘204‘ എന്നു പേരുള്ള കവിത വായിച്ചാൽ, എന്തുകൊണ്ടാണ് മാർക്കേസ് മ്യൂതിസിനെ ‘ ഏറ്റവും സവിശേഷതയുള്ള കവി’ എന്നു വിശേഷിപ്പിച്ചതെന്നു വ്യക്തമാകും.
കേൾക്കൂ കേൾക്കൂ കേൾക്കൂ
ഹോട്ടലുകളുടെ ശബ്ദം,
ഇനിയും വെടിപ്പാക്കിയിട്ടില്ലാത്ത മുറികളുടെ ശബ്ദം
കീറിപ്പറിഞ്ഞ പരവതാനിൾ കൊണ്ടലങ്കരിച്ച,
പ്രഭാതത്തിൽ വിരണ്ട വവ്വാലുകളെപ്പോലെ വേലക്കാർ തിടുക്കപ്പെടുന്ന
ഇടനാഴികളിലെ സംഭാഷണങ്ങൾ
കേൾക്കൂ കേൾക്കൂ കേൾക്കൂ
‘’204“ ലെ സുന്ദരിയായ ആ താമസക്കാരി, കൈകാലുകൾ നിവർത്തി സ്വയം പരാതിപ്പെട്ടുകൊണ്ട് തൻ്റെ നഗ്നമായ വൈധവ്യത്തെ കിടക്കയിൽ വിടർത്തിയിടുന്നവൾ, പുതുമഴയിൽ വയലിൽ നിന്നെന്ന പോലെ ഊഷ്മളമായ ഒരു മൂടൽമഞ്ഞ് അവളിൽനിന്നുയരുന്നു.
ഓ, കളിമൈതാനങ്ങളിലെ കൊടികളെപ്പോലെ വിറയ്ക്കുന്ന അതിൻ്റെ സ്വരപരിണാമം .
കേൾക്കൂ കേൾക്കൂ കേൾക്കൂ
ക്ഷീണിതരായ യാത്രികർക്കുവേണ്ടി അവൾ ജാലകങ്ങൾ തുറക്കുന്നു, തെരുവിൽ നിന്നു വരുന്ന കാറ്റ് ശ്വസിക്കുന്നു. താഴെ നടപ്പാതയിൽ നിന്ന് പണിയൊന്നുമില്ലാത്ത ഒരുവൻ അവളെ നോക്കി ചൂളം വിളിക്കുന്നു, വേഷപ്രച്ഛന്നമായ ആ ശബ്ദത്തിൽ അവൾ നടുങ്ങുന്നു.
കടിത്തൂവയിൽ നിന്ന് ആലിപ്പഴത്തിലേക്ക്
ആലിപ്പഴത്തിൽ നിന്ന് വില്ലീസ് പട്ടിലേക്ക്
വില്ലീസ് പട്ടിൽ നിന്ന് മൂത്രപ്പുരയിലേക്ക്
മൂത്രപ്പുരയിൽ നിന്ന് നദിയിലേക്ക്
നദിയിൽ നിന്ന് കയ്ക്കുന്ന കടൽപ്പായലിലേക്ക്
കയ്ക്കുന്ന കടൽപ്പായലിൽ നിന്ന് കടിത്തൂവയിലേക്ക്
കടിത്തൂവയിൽ നിന്ന് ഹോട്ടലിലേക്ക് .
കേൾക്കൂ കേൾക്കൂ കേൾക്കൂ
ഹോട്ടലിൽ താമസിക്കുന്നവളുടെ പ്രഭാത പ്രാർത്ഥന
ഇടനാഴിയിലൂടെ പായുന്ന അവളുടെ നിലവിളി
ഉറങ്ങുന്നവരെ ഞെട്ടിയുണർത്തുന്നു.
‘“204 “ലെ നിലവിളി
ഏലി, ഏലീ ലമ്മ സബക്താനി (എന്റെ ദൈവമേ, എൻ്റെ ദൈവമേ എന്നെ കൈവിട്ടതെന്തിന്?)
ഈ രണ്ടു പുസ്തകങ്ങളെക്കുറിച്ചുള്ള പ്രതീക്ഷ കൂടിയാണ് 2024.
ജയകൃഷ്ണന്‍റെ മറ്റ് രചനകള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക