നാമിന്ന് കടന്നുപോകുന്ന ഡിജിറ്റൽ യുഗത്തിന്റെ കേന്ദ്രബിന്ദുവാണ് വാട്ട്‌സ്ആപ്പ്. എന്തിനും ഏതിനും പരസ്പരം സംവദിക്കാനുള്ള മാർഗ്ഗമാണിന്ന് ഈ ആപ്ലിക്കേഷൻ. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധം നിലനിർത്തുന്നത് മുതൽ പേയ്‌മെന്റുകൾ നടത്തുന്നത് വരെ വാട്ട്‌സ്ആപ്പ് വഴി സാധ്യമാണ്. എന്നാൽ സാമ്പത്തിക തട്ടിപ്പുൾപ്പെടെ വാട്ട്‌സ്ആപ്പ് വഴി ഉപയോഗ്താക്കളെ കബളിപ്പിക്കാനുള്ള ശ്രമങ്ങളും തട്ടിപ്പു സംഘങ്ങൾ നടത്തി വരാറുണ്ട്. അത്തരമൊരു സാമ്പത്തിക തട്ടിപ്പിന്റെ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
വാട്ട്‌സ്ആപ്പ് സ്‌ക്രീൻ ഷെയർ തട്ടിപ്പ്
ഡിജിറ്റൽ സ്‌കാമുകളിൽ സാധാരണയായി ഒറ്റത്തവണ പാസ്‌വേഡ് എന്നറിയപ്പെടുന്ന ഒ ടി പി തട്ടിപ്പുകാരുമായി പങ്കിടുന്നതിലൂടെയാണ് ഉപയോഗ്താക്കൾ തട്ടിപ്പിന് ഇരയാവുന്നത്. ഈ ഒ ടി പി വഴി ലഭിക്കുന്ന വിവരങ്ങൾ പിന്നീട് പണം കൈമാറ്റത്തിനായി വിവിധ ഓൺലൈൻ സേവനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കും. വാട്ട്‌സ്ആപ്പ് സ സൈബർ കുറ്റവാളികളുടെ നിർദ്ദേശപ്രകാരം വാട്ട്‌സ്ആപ്പ് സ്‌ക്രീൻ ഷെയർ ഓപ്ഷൻ ഇനേബിൾ ചെയ്യുന്നതോടെ തട്ടിന് വഴിയൊരുങ്ങും.
സ്ക്രീൻ ഷെയർ ഒരിക്കൽ ഇനേബിൾ ചെയ്താൽ നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലേക്ക് തട്ടിപ്പുകാർക്ക് ആക്‌സസ് ലഭിക്കും. അതിലൂടെ ഒ ടി പി സന്ദേശങ്ങൾ ഉൾപ്പെടെ ആക്‌സസ് ചെയ്യാൻ തട്ടിപ്പുകാർക്ക് സാധിക്കും. ഇത്തരത്തിൽ വാട്ട്‌സ്ആപ്പ് സ്‌ക്രീൻ ഷെയർ തട്ടിപ്പുകൾ കാരണം പണം നഷ്ടപ്പെടുന്ന ഒട്ടേറെ കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മാത്രമല്ല, ഈ ഫീച്ചർ ഉപയോഗിച്ച് എളുപ്പത്തിൽ പാസ്‌വേഡ് മാറ്റാൻ കഴിയുമെന്നതിനാൽ ഇത് ഉപയോഗ്താക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ലോക്ക് ചെയ്യാനും സാധിക്കും. സ്‌ക്രീൻ ഷെയറിങ്ങിലൂടെ തട്ടിപ്പുകാർക്ക് നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ സ്‌ക്രീനിലേക്ക് തത്സമയ ആക്‌സസ് ലഭിക്കും, അതിലൂടെ സൈബർ കുറ്റവാളികൾക്ക് നിങ്ങളുടെ ഫോണിലേക്കെത്തുന്ന സന്ദേശങ്ങളും ഒ ടി പി കളും വായിക്കാനാകും.
നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഉപയോഗം സുരക്ഷിതമാക്കുന്നതെങ്ങനെ?
*അജ്ഞാത നമ്പറിൽ നിന്നുള്ള വോയ്‌സ്/വീഡിയോ കോൾ ഒരിക്കലും സ്വീകരിക്കാതിരിക്കുക
*ഫോണിലേക്കെത്തുന്ന ഒ ടി പി, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നമ്പർ, അല്ലെങ്കിൽ സി വി വി എന്നിവ ഒരിക്കലും പങ്കിടരുത്
*നിങ്ങളുടെ പാസ്‌വേഡ് ഒരിക്കലും ആരോടും വെളിപ്പെടുത്തരുത്
*നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ ഒരിക്കലും സ്‌ക്രീൻ പങ്കിടൽ അഭ്യർത്ഥനകൾ സ്വീകരിക്കരുത്
അറിയപ്പെടുന്ന നമ്പറിൽ നിന്നാണ് നിങ്ങൾക്ക് കോൾ ലഭിക്കുന്നതെങ്കിൽപ്പോലും, ഐഡന്റിറ്റി സ്ഥിരീകരിച്ച് മാത്രം ഒരു വോയ്‌സ് കോൾ എടുക്കുക. സ്‌ക്രീൻ പങ്കിടൽ ഓപ്‌ഷൻ പ്രവർത്തനക്ഷമമാക്കിയിട്ടില്ലെന്ന്എപ്പോഴും ഉറപ്പാക്കുക. നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ സ്‌ക്രീനിലേക്ക് അവർ ആക്‌സസ് നേടിക്കഴിഞ്ഞാൽ, സാമ്പത്തിക നഷ്ടത്തിൽ മാത്രം ഒതുങ്ങാത്ത നിരവധി അപകടസാധ്യതകളും ഈ തട്ടിപ്പിന് പിന്നിലുണ്ട്.