കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർക്ക് ക്രിസ്മസ് വിരുന്നൊരുക്കി കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റി എഫ് സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് ബ്ലാസ്റ്റേഴ്സ് സീസണിലെ ഏഴാം ജയമാണ് സ്വന്തമാക്കിയത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ അഭാവത്തിൽ ഇറങ്ങിയ മഞ്ഞപ്പട ആദ്യ പകുതിയിൽ തന്നെ കളിയിൽ തങ്ങളുടെ ആധിപത്യം കൈവരിച്ചു. ദിമിത്രിയോസ് ഡയമന്റകോസ്, ക്വാമേ പെപ്ര എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തത്.
മത്സരം തുടങ്ങി തുടർച്ചയായ മുന്നേറ്റങ്ങൾക്കൊടുവിൽ പതിനൊന്നാം മിനിറ്റിൽ ഡയമന്റകോസാണ് ബ്ലാസ്റ്റേഴ്സിനായി മുംബൈയുടെ വല കുലുക്കിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ഡയമന്റകോസിന്റെ പാസ്സിലൂടെ പെപ്രയാണ് രണ്ടാം ഗോൾ നേടിയത്. മത്സരത്തിൽ ബോൾ പൊസഷനിലടക്കം മികച്ച് നിന്നിട്ടും ഗോൾ മടക്കാൻ മുംബൈക്ക് കഴിഞ്ഞില്ല. മുബൈക്കെതിരായ വിജയത്തോടെ 23 പോയിന്റുമായി ഗോവയ്ക്ക് പിന്നിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.