സ്മാർട്ട്ഫോണുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ദൈനംദിന ജീവിതത്തിന്റെ ഓരോ മേഖലകളിലും സ്മാർട്ട് ഫോൺ ഇന്നൊരു അവിഭാജ്യ ഘടകമാണ്. എന്നാൽ ആ ഫോൺ നഷ്ടപ്പെടുന്ന കാര്യത്തെ കുറിച്ച് നമുക്ക് ചിന്തിക്കാൻ കഴിയുമോ എന്ന് ചോദിച്ചാൽ അത് നമുക്ക് വലിയ സങ്കടകരമായ അവസ്ഥയാകും എന്നാവും എല്ലാവരുടേയും ഉത്തരം. അത്തരത്തിൽ നമ്മുടെ സ്മാർട്ട് ഫോണുകൾ നഷ്ടപ്പെട്ടാൽ അത് കണ്ടെത്താനുള്ള മാർഗ്ഗവും ഇന്ന് ഫോൺ നിർമ്മാതാക്കൾ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്.
ആൻഡ്രോയിഡ്, ഐ ഒ എസ് നിർമ്മാതാക്കളാണ് ഇപ്പോൾ നമ്മുടെ ഫോണുകൾ നഷ്ടപ്പെട്ടാൽ തിരികെ ലഭിക്കാൻ സഹായകരമാകുന്ന തരത്തിൽ അതത് പ്ലാറ്റ്‌ഫോമുകളിൽ ട്രാക്ക് ആൻഡ് ഫൈൻഡ് പ്രവർത്തനം മെച്ചപ്പെടുത്തുന്നത്. പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ലഭിക്കുന്ന ഗൂഗിളിന്റെ അപ്ഡേറ്റഡായ ഫൈൻഡ് മൈ ഡിവൈസ് ആപ്പിലൂടെയാണ് നഷ്ടപ്പെട്ട ഫോൺ നമുക്ക് ട്രാക്ക് ചെയ്യാൻ സാധിക്കുക.
എങ്ങനെയാണ് ഫൈൻഡ് മൈ ഡിവൈസ് ആപ്പ് വഴി നിങ്ങളുടെ നഷ്ടമായ ഫോൺ ട്രാക്ക് ചെയ്യാൻ സാധിക്കുക എന്ന് നോക്കാം
ഐ ഫോണുകളിൽ ഫൈൻഡ് മൈ ഡിവൈസ് ആപ്പ് ഇൻബിൾട്ടാണ്. എന്നാൽ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിൽ ആപ്പ് നമ്മൾ ഇൻസ്‌റ്റാൾ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഫോണുകളിൽ ഈ ആപ്പ് ഉറപ്പാക്കിയാൽ മാത്രമെ ഫോൺ നഷ്ടപ്പെട്ടാൽ പെട്ടെന്ന് തന്നെ ട്രാക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ.
നിങ്ങളുടെ എല്ലാ ആൻഡ്രോയ്ഡ് ഉപകരണങ്ങളും ഒരിടത്ത് നിയന്ത്രിക്കാം
നിങ്ങൾക്ക് ഒന്നിലധികം ആൻഡ്രോയ്ഡ് സ്മാർട്ട്‌ഫോണുകൾ അല്ലെങ്കിൽ ടാബ്‌ലെറ്റുകൾ ഉണ്ടെങ്കിൽ, നിങ്ങളുടെ ഉപകരണങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനും ഈ അപ്പ് സഹായിക്കുന്നു. നിങ്ങളുടെ വീട്ടിനുള്ളിൽ ഒരു ആപ്പ് തെറ്റായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും, നിങ്ങളുടെ ഉപകരണത്തിൽ ഒരു ശബ്‌ദം പ്ലേ ചെയ്യാനും അത് ലോക്ക് ചെയ്‌ത് ഉപകരണം സുരക്ഷിതമാക്കാനും ഗൂഗിൾ മാപ്‌സ് ഉപയോഗിച്ച് ഉപകരണത്തിലേക്കുള്ള വഴികൾ നേടാനുള്ള ഓപ്‌ഷനും ഫൈൻഡ് മൈ ഡിവൈസ് ആപ്പ് നൽകുന്നു. ഇതെല്ലാം സാധ്യമാകണമെങ്കിൽ ഉപയോഗിക്കുന്നതിന് നിങ്ങളുടെ എല്ലാ ഉപകരണങ്ങളും ഒരേ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സ്‌മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും മാത്രമല്ല, ഗൂഗിൾ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് വാച്ചുകൾക്കും ഇത് ഉപയോഗിക്കാവുന്നതാണ്.
നിങ്ങൾക്ക് ഒരു അധിക ഫോൺ ഇല്ലെങ്കിൽ, ഒരു സുഹൃത്തിന്റെയോ വീട്ടിലെ മറ്റാറുടെയെങ്കിലുമോ ഫോൺ ഉപയോഗിച്ച് നിങ്ങൾക്ക് ജി മെയിലിലേക്ക് ലോഗിൻ ചെയ്യാം, അതല്ലെങ്കിൽ ഗൂഗിൾ വഴി കമ്പ്യൂട്ടറിൽ ആക്‌സസ് ചെയ്യാനും സാധിക്കും. ഈ ഫീച്ചറുകൾ ഉപയോഗിക്കുന്നതിന്, ഡിവൈസിൽ ഒരു സജീവ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്, അത് ഒന്നുകിൽ ഒരു മൊബൈൽ നെറ്റ്‌വർക്ക് അല്ലെങ്കിൽ വൈ-ഫൈ നെറ്റ്‌വർക്ക് ആകാം.
ഉപകരണത്തിലേക്ക് നാവിഗേറ്റ് ചെയ്യാൻ, ‘ഗെറ്റ് ഡയറക്ഷൻസ്’ ബട്ടണിൽ ക്ലിക്ക് ചെയ്യുക. അത് ഡിവൈസിന്റെ അവസാന ലൊക്കേഷൻ ഉപയോഗിച്ച് ഗൂഗിൾ മാപ്സിലേക്ക് റീഡയറക്‌ട് ചെയ്യും. നഷ്‌ടമായ സ്‌മാർട്ട്‌ഫോണിനെക്കുറിച്ച് പോലീസിൽ പരാതിപ്പെടുന്നതിനും ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് നേടുന്നതിനുള്ള പ്രക്രിയ സുഗമമാക്കുന്നതിനും സഹായിക്കുന്ന ഉപകരണത്തിന്റെ ഐ എം ഇ ഐ നമ്പറും ആപ്പിൽ ഉൾപ്പെടുന്നു.
അവസാനമായി, സ്മാർട്ട് ഫോൺ ഫാക്‌ടറി റീസെറ്റ് ചെയ്യാനും ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു, നിങ്ങളുടെ എല്ലാ സ്വകാര്യ ഫയലുകളും മറ്റാർക്കും ആക്‌സസ് ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാക്കുന്ന ഒരു പ്രധാന സവിശേഷതയാണിത്. എന്നാൽ ഫാക്‌ടറി റീസെറ്റ് ചെയ്‌താൽ, ഫൈൻഡ് മൈ ഡിവൈസ് ആപ്പ് വഴി നിങ്ങൾക്ക് സ്മാർട്ട് ഫോണിന്റെ ലൊക്കേഷൻ ആക്‌സസ് ചെയ്യാൻ കഴിയില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ഫൈൻഡ് മൈ ഡിവൈസ് എന്നത് ഒരു സൗജന്യ ആപ്പ് ആണെങ്കിലും, ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് ധാരാളം ഹാൻഡി ഫീച്ചറുകൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു, നഷ്ടപ്പെട്ട സ്മാർട്ട്‌ഫോൺ കണ്ടെത്തുന്നത് വളരെ എളുപ്പമാക്കുന്നതോടൊപ്പം തന്നെ ഗൂഗിൾ പ്ലേ സേവനങ്ങളുള്ള എല്ലാ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളുമായും പൊരുത്തപ്പെടുന്നു എന്നതും ഈ ആപ്പിന്റെ പ്രത്യേകതയാണ്.