സാങ്കേതികവിദ്യ വളരുന്നത് ഞൊടിയിടയിലാണ്, പ്രത്യേകിച്ച് വിപണിയിലിറങ്ങുന്ന പുത്തൻ കാറുകളിൽ. പെട്ടി കാസറ്റിൽ പാട്ട് കേട്ടിരുന്ന കാലത്ത് നിന്ന് അത്യാധുനിക ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങളിലേക്ക് അതിവേഗ കുതിച്ചുചാട്ടമാണ് കാർ നിർമ്മാതാക്കൾ നടത്തിയിട്ടുള്ളത്. ടച്ച് സ്ക്രീനിൽ പ്രവർത്തിക്കുന്ന സംവിധാനങ്ങളിൽ ഇന്റർനെറ്റടക്കം കമ്പ്യൂട്ടറുകളോട് കിടപിടിക്കുന്ന സവിശേഷതകളാണ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. ടെസ്‌ല പോലുള്ള അത്യാധുനിക കാറുകളിൽ, നിങ്ങൾക്ക് GTA V പോലുള്ള വലിയ ഗെയിമുകൾ വരെ കളിക്കാൻ സാധിക്കും.
എന്നിരുന്നാലും, വിലകുറഞ്ഞ മോഡലുകളുടെ കാര്യം വരുമ്പോൾ, മിക്ക ഉപയോക്താക്കൾക്കും ഈ ഫീച്ചറൊന്നും ലഭ്യമാകില്ല. വിലകുറഞ്ഞ കാറുകൾ ഉപയോഗിക്കുന്ന ആളുകൾ അവരുടെ സ്‌മാർട്ട്‌ഫോണുകളെ ആയിരിക്കും പാട്ടു വയ്ക്കുന്നതിനും, ജിപിഎസ് അടക്കമുള്ള സേവനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഉപയോഗിക്കാറുള്ളത്. ഈ അവസരങ്ങളിൽ ഏറ്റവും പ്രയോജനപ്പെടുന്ന ഒന്നാണ് സ്‌മാർട്ട് ഹോൾഡറുകൾ. വാഹനം ഓടിക്കുന്നതിനിടെ ഫോൺ കൈയിൽ പിടിക്കുന്ന രീതി പലപ്പോഴും അപകടത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഫോൺ കാറിൽ ഉറപ്പിച്ച് വയ്ക്കാൻ സഹായിക്കുന്ന ഫോൺ ഹോൾഡറുകളാണ് ഇതിനൊരു പ്രതിവിധി. എന്നാൽ കടകളിൽ നിന്നും വലിയ വില നൽകി നമ്മൾ വാങ്ങുന്ന ഹോൾഡറുകൾ പലപ്പോഴും കൃത്യമായി പ്രവർത്തിക്കാറില്ല. ചിലപ്പോഴൊക്കെ ഫോൺ ഹോൾഡറിൽനിന്ന് തെറിച്ച് വീണ് ഡിസ്പ്ലേ അടക്കം തകരാറിലാകാറുണ്ട്.
അതുകൊണ്ട് തന്നെ ഡാഷ്‌ബോർഡിൽ മൗണ്ട് ചെയ്യുന്ന ഹോൾഡറുകൾ വാങ്ങിക്കുമ്പോൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ വിപണിയിൽ ലഭ്യമായ മികച്ച ഫോൺ ഹോൾഡറുകളും പരിചയപ്പെടാം.
കൃത്യമായ രീതിയിൽ മൗണ്ട് ഉപയോഗിച്ചാൽ, നിങ്ങളുടെ സ്മാർട്ട്ഫോണിന് ഒരു ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലെ പ്രവർത്തിക്കാൻ കഴിയും. കാരണം, ഒരു സ്മാർട്ട്ഫോൺ ഇന്റർനെറ്റ്, വിവിധ ആപ്പുകൾ തുടങ്ങിയ ധാരാളം ഫീച്ചേഴ്സ് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ശരിയായ ഫോൺ ഹോൾഡർ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്, അത് ഫോൺ മോഡലുകളെ ആശ്രയിച്ച് വ്യത്യാസപ്പെടാം.
ഡാഷ് കാർ മൗണ്ട്, ഗ്ലാസ്/വിൻഡ്‌ഷീൽഡ് കാർ മൗണ്ട്, വെന്റ് കാർ മൗണ്ട് എന്നിവയുൾപ്പെടെ നിരവധി കാർ മൗണ്ടുകൾ ലഭ്യമാണ്. ഈ വിഭാഗങ്ങൾ കൂടാതെ, പ്രധാനമായും ഐഫോൺ ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വയർലെസ് ചാർജിംഗ് പിന്തുണയുള്ള കാർ മൗണ്ടുകളും മാഗ്സേഫ് പിന്തുണയുള്ള കാർ മൗണ്ടുകളും ലഭ്യമാണ്.
പേര് സൂചിപ്പിക്കുന്നത് പോലെ, ഡാഷ്‌ബോർഡിൽ സ്ഥാപിക്കുന്ന ഹോൾഡറാണ് ഇത്. അതേസമയം ഗ്ലാസ്/വിൻഡ്‌ഷീൽഡ് കാർ മൗണ്ട് കാറിന്റെ മുൻ ഗ്ലാസിൽ ഘടിപ്പിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്, കൂടാതെ വെന്റ് കാർ മൗണ്ട് എയർ കണ്ടീഷനിംഗ് വെന്റുകളിൽ ഘടിപ്പിക്കുന്നു. എന്നാൽ, വെന്റ്-സ്റ്റൈൽ മൗണ്ട് ഉപയോഗിക്കുന്നത് എയർ കണ്ടീഷനിംഗ് അനുഭവത്തെ ബാധിച്ചേക്കാം.
നാവിഗേഷൻ ആവശ്യങ്ങൾക്കായി സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിന് ഒരു ഹോൾഡർ പരിഗണിക്കുകയാണെങ്കിൽ, വാഹനത്തിന്റെ ചില്ലിൽ ഘടിപ്പിക്കാൻ കഴിയുന്ന ഒരു വിൻഡ്‌ഷീൽഡ് മൗണ്ടാണ് ഉത്തമം. ഉദ്ദേശം വിനോദ ആവശ്യങ്ങളാണെങ്കിൽ, ഒരു ഡാഷ് മൗണ്ടോ വെന്റ് മൗണ്ടോ പരിഗണിക്കാം, അത് ഡ്രൈവറെ ശല്യപ്പെടുത്തുന്നുമില്ല.
മികച്ച ചില ഫോൺ ഹോൾഡറുകൾ
സ്‌കൈവിക് ട്രൂഹോൾഡ് ഒരു ഹൈബ്രിഡ് കാർ മൗണ്ടാണ്, ഇത് ഡാഷിലും, വിൻഡ്‌ഷീൽഡിലും പ്രവർത്തിക്കുന്നു. എല്ലാ പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും 999 രൂപ വിലയുള്ള ഈ മൗണ്ട് ലഭ്യമാണ്. കൂടാതെ ഭൂരിഭാഗം ഫോണുകളെയും പിന്തുണയ്ക്കാൻ കഴിയുന്നു.
ബുൾസ് ഐ മാഗ്നെറ്റിക് ക്രാഡിൽ-ലെസ് മൊബൈൽ ഹോൾഡർ. ഏറ്റവും ഒതുക്കമുള്ളതും ഭംഗിയുള്ളതുമായ മൊബൈൽ ഫോൺ ഹോൾഡറുകളിൽ ഒന്നാണ് ഇത്, വില 1,599 രൂപ. വലിപ്പം കുറവാണെങ്കിലും, 600 ഗ്രാം വരെ ഭാരമുള്ള സ്മാർട്ട്ഫോൺ സുരക്ഷിതമായി താങ്ങിനിർത്താൻ കഴിയും. ഇത് ഉപയോഗിക്കുന്നതിന്, സ്മാർട്ട്ഫോണിൽ ഒരു മെറ്റൽ റിംഗ് ഘടിപ്പിക്കണം, ഇതും ഹോൾഡറിനൊപ്പം ലഭിക്കുന്നുണ്ട്.