ഇന്ത്യയ്ക്കെതിരായ സെമി ഫൈനലിസ്റ്റുകൾ ആരാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഇതിനോടകം കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കിൽ, ശനിയാഴ്ച രാത്രി വരെ കാത്തിരിക്കേണ്ടി വരില്ലെന്നുറപ്പാണ്. ഇന്നലെ ശ്രീലങ്കയ്ക്കെതിരായ ന്യൂസിലൻഡിന്റെ ഗംഭീര വിജയം, ഈ ദീപാവലി സീസണിൽ പാക്കിസ്ഥാന്റേയും അഫ്ഗാനിൊസ്ഥാന്റേയും ലോകകപ്പ് സെമി പ്രതീക്ഷകളിൽ വെള്ളം കോരിയൊരിച്ച മട്ടാണ്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 171 റൺസിൽ ചുരുട്ടിക്കെട്ടിയ കീവീസ് ടീം 23.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടിരുന്നു. നിലവിൽ 9 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവുമായി കീവീസ് ടീം 10 പോയിന്റോടെ നാലാം സ്ഥാനത്തിന് അവകാശം ഉന്നയിച്ച് കഴിഞ്ഞു. +0.743 ആണ് ന്യൂസിലൻഡിന്റെ നെറ്റ് റൺറേറ്റ് എന്നതിനാൽ, +0.036 നെറ്റ് റൺറേറ്റുള്ള പാക്കിസ്ഥാനും, -0.338 നെറ്റ് റൺറേറ്റുള്ള അഫ്ഗാനിസ്ഥാനും കാര്യങ്ങൾ കൈവിട്ട മട്ടാണ്.
ഇതോടെ അഫ്ഗാനിസ്ഥാൻ കളത്തിൽ നിന്ന് ഏറെക്കുറെ പുറത്തായ മട്ടാണ്. ന്യൂസിലൻഡിന്റെ നെറ്റ്റൺറേറ്റ് മറികടക്കണമെങ്കിൽ, ലീഗിലെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ 400 റൺസിന്റെ മാർജിനിൽ ജയിക്കണമെന്ന സാഹചര്യമാണുള്ളത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ആവേശപ്പോരാട്ടം. നിലവിലെ ഫോമിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിക്കുന്നത് അഫ്ഗാന് ബാലികേറാമലയാകും.
ഒറ്റനോട്ടത്തിൽ തന്നെ അസാധ്യമെന്നേ ഈ സാഹചര്യത്തെ വിലയിരുത്താനാകൂ. ഇതോടെ ഈ ലോകകപ്പിലെ കറുത്ത കുതിരകളായി മാറിയ അഫ്ഗാന്റെ പടയോട്ടം സെമി ഫൈനലിൽ എത്തില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മറുവശത്ത് നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് 275 റൺസിനെങ്കിലും ജയിക്കുകയോ, അല്ലെങ്കിൽ 2.3 ഓവറിൽ വിജയലക്ഷ്യം മറികടക്കുകയോ വേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
വിദൂരസാധ്യതയേ കാണുന്നുള്ളൂവെങ്കിലും, ഗെയിം ക്രിക്കറ്റായതിനാൽ ആൻ്റി ക്ലൈമാക്സ് ട്വിസ്റ്റുകൾക്കുള്ള സാധ്യത പാക്കിസ്ഥാൻ ആരാധകരെങ്കിലും സ്വപ്നം കാണുന്നുണ്ട്. എന്നാൽ, കഴിഞ്ഞ മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്തിയ ഇംഗ്ലണ്ട്, പാക്കിസ്ഥാൻ ടീമിന്റെ അത്താഴം മുടക്കുന്ന നീർക്കോലിയായേക്കാനും സാധ്യതയേറെയാണ്. ലോകകപ്പിൽ ഇനി ഇന്ത്യ-പാക്കിസ്ഥാൻ സെമി ഫൈനലിന് സാധ്യത തെളിയണമെങ്കിൽ അസാധ്യമായതെങ്കിലും സംഭവിക്കണമെന്ന് ചുരുക്കം.