ബോഡി ഇമേജ് പോലുള്ള സെൻസിറ്റീവ് വിഷയങ്ങൾ സംബന്ധിച്ച വീഡിയോകൾ കൗമാരക്കാർക്ക് നിരന്തരം റെക്കമെന്റ് ചെയ്യുന്നതിന് പരിധി നിശ്ചയിക്കുകയാണ് യൂട്യൂബ്.
ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് കൗമാരക്കാർക്കുള്ള വിഷയങ്ങൾ നിർദ്ദേശിക്കുന്നതിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിച്ചതായി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ശാരീരിക സവിശേഷതകൾ താരതമ്യം ചെയ്യുന്നതും, അവയിൽ ഒന്നിനെ നല്ലതെന്ന് കാണിക്കുന്നതും, ഫിറ്റ്‌നസ് ലെവലുകളെയും ശരീരഭാരത്തെയും ആദർശവൽക്കരിക്കുന്നതും, ആക്രമണോത്സുകവുമായ ഉള്ളടക്കം കൗമാരിക്കാരിലെത്തുന്നത് നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രഖ്യാപനം .
കുട്ടികളുടെ വികസനം, ഡിജിറ്റൽ പഠനം എന്നിവയിൽ പഠനം നടത്തുന്ന, ക്ലിനിക്കൽ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദഗ്ധർ അടങ്ങുന്ന കമ്പനിയുടെ യൂത്ത് ആൻഡ് ഫാമിലീസ് അഡ്വൈസറി കമ്മിറ്റി പറയുന്നതു പ്രകാരം, അത്തരം ഉള്ളടക്കങ്ങൾ ഒറ്റകാഴ്ചയിൽ നിരുപദ്രവകരമാകാം എന്നാൽ കൗമാരക്കാർ അത് ആവർത്തിച്ചാവർത്തിച്ചു കാണുന്നത് പ്രശ്നമാവുമെന്നാണ്.
അനാരോഗ്യകരമായ മാനദണ്ഡങ്ങളും പെരുമാറ്റങ്ങളും ആദർശവൽക്കരിക്കുന്ന ഉള്ളടക്കങ്ങളും പ്രശ്‌നസാധ്യതയുള്ള സന്ദേശങ്ങളും കൗമാരക്കാർ അവരെ സ്വയം നോക്കി കാണുന്ന രീതിയെ സ്വാധീനിച്ചേക്കാം . കൗമാരപ്രായക്കാർ തങ്ങളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യകരമായ പാറ്റേണുകൾ നിലനിർത്താൻ ഗാർഡ്രെയിലുകൾക്ക് കഴിയും. അത് ലോകമവരെ എങ്ങനെ കാണാനാണ് അവർ ആഗ്രഹിക്കുന്നതെന്ന് കാണിയ്ക്കും,” മനശാസ്ത്ര വിദഗ്ധനും ഗവേഷകനുമായ ആലിസൺ ബ്രിസ്കോ-സ്മിത്ത് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ കൗമാരക്കാർക്കായി ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള ശുപാർശകൾ YouTube പരിമിതപ്പെടുത്താൻ തുടങ്ങി. അടുത്ത വർഷം കൂടുതൽ രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
സോഷ്യൽ മീഡിയ കമ്പനികളുടെ പ്രവർത്തനങ്ങൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിയ്ക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന സമയത്താണ് യൂട്യൂബിന്റെ ഈ സുരക്ഷാ മാനദണ്ഡങ്ങൾ വരുന്നത്
ഒക്ടോബറിൽ, യുഎസിലെ നിരവധി സംസ്ഥാനങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോടുള്ള ആസക്തി യുവാക്കളുടെ മാനസികാരോഗ്യ പ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന് ആരോപിച്ച് ഇൻസ്റ്റഗ്രാമിന്റെയും ഫേസ്ബുക്കിന്റെയും മാതൃ കമ്പനിയായ മെറ്റയ്‌ക്കെതിരെ കേസെടുത്തിരുന്നു.
കാലിഫോർണിയയും ന്യൂയോർക്കും ഉൾപ്പെടെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ 33 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽ, മെറ്റ അറിഞ്ഞു കൊണ്ട് ചെറിയ കുട്ടികളെയും കൗമാരക്കാരെയും അപകടത്തിലാക്കുകയാണ്, ഇത് യുവാക്കളിൽ സോഷ്യൽ മീഡിയയോടുള്ള ആസക്തി കൂട്ടുമെന്നും ആരോപിച്ചിരുന്നു.