“ഉപ്പയ്ക്കുമുമ്മയ്ക്കുമിടയിൽ യൂണിഫോമിട്ടു കിടക്കുന്ന എന്നെക്കൊണ്ടു പോകാൻ വാനിറങ്ങി വരുമയാളെ!” സ്കൂൾ തുറക്കുമ്പോഴുള്ള കുട്ടിക്കാല ഓർമ്മയെ കുറിച്ച് ആദിൽ മഠത്തിൽ എഴുതിയ കവിത
വീണ്ടുമിന്നു ഞാൻ കേട്ടു
ആ വാനിൻ ശബ്ദം
മുരളുന്നു വീട്ടിൻ മുന്നിൽ
ഇരുണ്ട റോട്ടിൻ നടുവിൽ
ചീവീടുകളെ നിശ്ശബ്ദമാക്കി
വിറയ്ക്കും ഇലകളിലൂടെ
രാക്കാറ്റു ചുഴറ്റിക്കൊണ്ട്
ജനാലച്ചില്ലു തകർക്കുന്നു
വേഗം, കൊണ്ടുവാ വേഗം…
ഹോൺമുഴക്കിയലറുന്നു
ചെവികളിറുക്കിയടക്കവേ
ഒച്ചയിരട്ടിക്കും ഹോണടി.
നാലുവയസ്സിലെന്നും രാത്രി
നിലവിളിച്ചു കരഞ്ഞിരുന്ന
സ്വപ്നമായിരുന്നതെങ്കിലും
ഇന്നുച്ചയുറക്കത്തിൽ കേട്ടു
ആ വാനിൻ ശബ്ദം
പാതിയോളം ഞാൻ കണ്ടൂ
നാലാംവയസ്സിലെ സ്വപ്നം.
കരഞ്ഞു നിലവിളിക്കാതെ
ഭയമുരഞ്ഞു വിറച്ചിടാതെ
ഉണർന്നു കിടന്നു മയങ്ങീ
മിടിപ്പുകളെണ്ണിക്കാത്തു.
ഉപ്പയ്ക്കുമുമ്മയ്ക്കുമിടയിൽ
യൂണിഫോമിട്ടു കിടക്കുന്ന
എന്നെക്കൊണ്ടു പോകാൻ
വാനിറങ്ങി വരുമയാളെ!