കഴിഞ്ഞ മാർച്ച് എട്ടാം തീയതി വിചിത്രമായ ഒരാവശ്യവുമായി നാല് പെണ്ണുങ്ങൾ നഗരത്തിലെ മേയറുടെ വസതിക്കു മുമ്പിലെത്തി. ഏറ്റെടുത്ത ചെറുതും വലുതുമായ പന്ത്രണ്ടോളം പൊതുപരിപാടികളുള്ള തിരക്കിട്ട വനിതാദിനമായിരുന്നു അത്. നഗരത്തിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സത്രീകളാണ്, ഒരു പ്രശ്നം പറയാനാണ്, കുടുംബശ്രീ പ്രവർത്തകർ കൂടിയാണ് എന്നു പറഞ്ഞതുകൊണ്ടാണ് അവരെ അകത്തേക്ക് കയറ്റിവിടാൻ മേയർ നിർദ്ദേശം കൊടുത്തത്. അഥവാ അനുമതി നിഷേധിച്ചാൽ അതുകൂടി വാർത്തയാകുമോ എന്ന പേടി സമാന അനുഭവങ്ങളുള്ള മേയർക്കുണ്ടായിരുന്നു.
നാലുപേരും ഓഫീസിലേക്കിറങ്ങാൻ തയ്യാറായിരുന്ന മേയറുടെ വീടിന്റെ ഹാളിലേക്ക് കേറിച്ചെന്നു.
“ഇരിക്കൂ … ചായ കുടിക്കില്ലേ?” എന്ന് ചോദിച്ചതും നാലിലൊരാൾ കരയാൻ തുടങ്ങി. അവളുടെ പേര് റജീന എന്നായിരുന്നു.
“എന്തുപറ്റി? വിഷമിക്കാതിരിക്കൂ… എല്ലാം ശരിയാക്കാം” എന്ന് പറഞ്ഞ് മേയർ നാലുപേർക്കും ചായക്കുള്ള നിർദേശം കൊടുത്തു.
മെലിഞ്ഞ അമ്പതിനോടടുത്ത പ്രായം തോന്നിച്ച അതിലൊരാൾ രത്നമ്മ എന്ന് പരിചയപ്പെടുത്തി.
രത്നമ്മ പറഞ്ഞു “മാഡം, ഞങ്ങളെ എങ്ങനെയെങ്കിലും രക്ഷിക്കണം. ഈ പണി കൂടി പോയാൽ ഞങ്ങളെ കാര്യം അവതാളത്തിലാവും.”
“എന്താണ്…? എന്താണ് പ്രശ്നം?” മേയർ തിടുക്കം കാണിച്ചു.
പ്രായക്കുറവ് തോന്നിച്ച, മുഖത്തിന്റെ ഒരു വശം പൊള്ളിയ മൂന്നാമത്തവൾ നഫീസ മുന്നോട്ടേക്ക് ഒരു സെക്കൻഡ് സൂചിയുടെ മൂർച്ചയോടെ അനങ്ങി.
“മാഡം നഗരത്തിലെ ബസ്റ്റാന്റിൽ ഇറങ്ങി സ്റ്റേഡിയത്തിനടുത്തേക്കുള്ള ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴുള്ള ഒരു എസ്കലേറ്ററില്ലേ, അതിന്റെ വേഗതക്കുറവാണ് പ്രശ്നം.”
മേയർ ചിരിച്ചു. തന്റെ സമയം വെറുതെ നഷ്ടപ്പെടുത്തുകയാണെന്ന തോന്നൽ മേയറിനുണ്ടായി.
“ഇതാണോ നിങ്ങളെ പ്രശ്നം?”
“അതെ.” നാലുപേരും ഒറ്റക്കെട്ടായി.
“ഇതിലെന്താണ് പ്രശ്നം. വളരെക്കാലമായുള്ള നഗരത്തിന്റെ ആവശ്യമായിരുന്നു സ്റ്റാന്റിൽ നിന്ന് സ്റ്റേഡിയത്തിലേക്കും സ്റ്റേഡിയം സ്റ്റോപ്പിലേക്കുമുള്ള ഒരു മേൽപ്പാത. പലപ്പോഴും തിരക്കുള്ള സമയങ്ങളിൽ ആളുകൾ റോഡുമുറിച്ച് കടക്കുന്നത് വഴി നീണ്ട ബ്ലോക്കുകളാണ് രൂപപ്പെടുന്നത്. നിങ്ങളും അത് കണ്ടതായിരിക്കുമല്ലോ? ഇത് വന്നിട്ടിപ്പം രണ്ടു മൂന്ന് മാസമായതല്ലേയുള്ളൂ.” മേയർ പറഞ്ഞു.
“ശരിയാണ്. വൈകുന്നേരങ്ങളിലെ തിരക്ക് ഞങ്ങൾ കണ്ടിട്ടുണ്ട്. ഈ എസ്കലേറ്റർ ആളുകൾക്ക് വലിയ ഉപകാരവുമാണ്. പക്ഷെ ഇതിന്റെ ഇപ്പോഴുള്ള വേഗത ഞങ്ങളെ പണിപോക്കുന്ന അവസ്ഥയിലാ.”
കണ്ണ് തുടച്ചുകൊണ്ട് മീശ മുളച്ചു നിൽക്കുന്ന നാലാമത്തവൾ ദേവിയമ്മ പറഞ്ഞു.
“പറയൂ, ഈ വേഗതയിലെന്താണ് പ്രശ്നം?”
മേയറുടെ മുഖത്ത് സമയം കളയുന്നതിലുള്ള അമർഷം വിള്ളലുകൾ വീഴ്ത്തിക്കൊണ്ടിരുന്നു.
രത്നമ്മ പറഞ്ഞു: “ഞങ്ങൾ നാലുപേരും അടുത്ത നാട്ടിൽ നിന്നുള്ള ആദ്യബസില് വരുന്നവരാ. ആറ് മണിക്കുള്ള ഫസ്റ്റ് ഷിഫ്റ്റിലാ ഞങ്ങൾക്ക് ജോലി. ആ ഷിഫ്റ്റിലേ ഒഴിവുണ്ടായിരുന്നുള്ളൂ. ബസ് എപ്പഴും വൈകും. അവരെപ്പറഞ്ഞിട്ട് കാര്യമില്ല. ആദ്യ ട്രിപ്പായതുകൊണ്ട് ആളെയെടുത്തെടുത്ത് ആടിക്കുഴഞ്ഞേ എത്തു. അതെത്തുമ്പഴേക്കും പിന്നെ ഷിഫ്റ്റിൽ കേറാൻ രണ്ടു മിനിറ്റേ ബാക്കിയുണ്ടാവൂ. എസ്കലേറ്ററിൽ കേറിയാൽ അതിന്റെ മെല്ലെപ്പോക്ക് കൊണ്ട് ബാക്കിയുള്ള രണ്ട് മിനിറ്റ് കേറിയും നടന്നും ഇറങ്ങിയും മൂന്ന് മിനിറ്റാവും. പിന്നെയും ഓടി ഷിഫ്റ്റിൽ കേറിയാൽ രണ്ട് മൂന്ന് മിനിറ്റ് ലേറ്റാണ്. മറ്റൊരു വഴി റോഡ് മുറിച്ച് കടക്കാനുമാവില്ല. മേനേജർ അത് സമ്മതിച്ചു തരില്ല. പത്തു മിനിറ്റെങ്കിലും നേരത്തെ വരുന്നവരാണ് ബാക്കിയെല്ലാവരും. അവർക്കൊക്കെയും ഭർത്താക്കൻമാരും ചിലർക്ക് വണ്ടിയുമുണ്ട്. ഞങ്ങൾക്ക് ഈ ജോലി മാത്രമേയുള്ളൂ.”
മേയർ അവർ കാണത്തന്നെ ഒന്ന് ചിരിച്ചു.
“രണ്ടു മൂന്ന് മിനിറ്റ് വൈകിക്കേറുന്നതാണോ പ്രശ്നം? അതു കൊള്ളാലോ. ഏതാ സ്ഥാപനം? ഞാൻ സംസാരിക്കാം.”
മേയർ എഴുന്നേൽക്കാൻ നോക്കി.
“അതു വേണ്ട മേഡം. അതു ചിലപ്പോൾ കൂടുതൽ പ്രശ്നമാവും. ഞങ്ങൾ നാലിനും കാലുപിടിച്ച് കിട്ടിയ ജോലിയാണ്. കുടുംബം കഴിഞ്ഞു പോകുന്നത് ഇതുകൊണ്ടാ. ഇത്രയെങ്കിലും പൈസ കിട്ടുന്ന എടുക്കാൻ പറ്റുന്ന പണി വേറെ കിട്ടാനുമില്ലാത്തോണ്ടാ. അതു വേണ്ട. ” തുടക്കത്തിലെ കരച്ചിലുകാരി റജീന ഓർമപ്പെടുത്തി.
നാലുപേർക്കുമുള്ള ചായ മുമ്പിലെത്തി. അവരോട് ചായ എടുക്കാൻ പറഞ്ഞ് മേയർ തൊട്ടു മുമ്പിലെ ഫയൽ എടുത്തു.
“വേഗത കൂട്ടുന്ന കാര്യം അത്ര എളുപ്പമൊന്നുമല്ല. അതുവഴി നൂറുകണക്കിന് ചെറിയകുട്ടികളും പ്രായം ചെന്നവരും അങ്ങനെ പലതരക്കാരും കേറാനും ഇറങ്ങാനുമുള്ളതാ. ഒരു സെക്കൻഡിന്റെ വേഗക്കൂടുതൽ തന്നെ ചിലപ്പോൾ വലിയ പ്രശ്നമാവും. പിന്നെ ചർച്ചയാവും. തെറി വിളിയാവും. ഗവൺമെന്റിന് തന്നെ തലവേദനയാവും.”
പൊള്ളലുള്ളവൾ പറഞ്ഞു “ഞങ്ങളുടെ രാവിലത്തെ യാത്രയിൽ ഒരു സെക്കന്റ് പോലും അധികം ഇനി എവിടുന്നും കിട്ടാനില്ല മേഡം.”
“എന്നു പറഞ്ഞതു കൊണ്ട് കാര്യമില്ല. മാനേജറോട് ഒന്നുകൂടി സംസാരിക്കൂ.” മേയർ പരിഹാരം എന്ന മട്ടിൽ പറഞ്ഞ് ഫയൽ തുറന്നു.
“അയാൾ ഒരു തരത്തിലും വഴങ്ങില്ല മേഡം. ജോലിക്കാരെ ചുരുക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് മാനേജ്മെന്റ്. ഒരോ സെക്കൻഡും അവർക്ക് വിലപ്പെട്ടതാണ്. മാനേജറുടെ വായിലെ തെറിവിളികൾ കേട്ട് ഞങ്ങൾ നിർത്തിപ്പോകുമെന്നാണ് കമ്പനിയുടെ വിശ്വാസം.” നാലാമത്തവൾ ദേവിയമ്മ കൂട്ടിച്ചേർത്തു.
ഫയലിലെ ഒരു പേപ്പറിൽ കണ്ണോടിച്ച് അടിയിൽ ഒപ്പിട്ട് ആ ഫയൽ കെട്ടുന്നതിനിടയിൽ മേയർ പറഞ്ഞു: “എസ്കലേറ്റർ ഒരുപാടുപേരെ സുരക്ഷിതമായ് അപ്പുറത്തെത്തിക്കുന്ന കോർപ്പറേഷന്റെ അഭിമാന പദ്ധതിയാ, അതിൽ ഒരു പാളിച്ച വന്നാൽ… അത് ചിന്തിക്കണ്ട.”
ദേവിയമ്മ ചായഗ്ലാസ് മുന്നിലേക്ക് കുടിച്ചു വെച്ചു. “പാളിയത് ചിന്നമ്മയുടെ ജീവിതാ മാഡം. രണ്ടു ദിവസം മുമ്പുവരെ കൂടെ അവളുണ്ടായിരുന്നു. ഒറ്റയക്കായിരുന്നു അവൾ. വൈകിവന്നതിന്റെ പേരിൽ മാനേജർ പൈസ കുറച്ചു. കാണുമ്പം കാണുമ്പം വഴക്കു പറഞ്ഞു. അവൾക്ക് സഹിക്കാൻ പറ്റിയില്ല. ഇനി മുന്നോട്ട് പോവാനാവില്ലെന്ന് കണ്ടാവണം, അവസാന ദിവസം പണി കഴിഞ്ഞ് വന്ന് ഒരു ലീവ് ലെറ്റർ എഴുതിവെച്ച് അവള് തൂങ്ങി മാഡം.”
മേയർ ഒന്നു ഞെട്ടി.
നാലുപേരും എഴുന്നേറ്റു. നഫീസ കൈയ്യിൽ പിടിച്ചിരുന്ന ഒരു കടലാസ് മേയറിന്റെ ഫയലിന്റെ മേലെ പതിയെ വെച്ചു. കണ്ണുകൊണ്ട് തൊഴുത് നാലുപേരും പുറത്തിറങ്ങി.
മേയർ കടലാസുതുറന്നു.
“സാറെ,
എന്നും വൈകി വന്നുകേറാൻ വയ്യ.
നാളെ മുതൽ ഞാൻ ലീവായിരിക്കും.”
എന്ന് വിശ്വസ്തതയോടെ,
ചിന്നമ്മ
ഒപ്പ്.