” അന്നൊക്കെ ചിരിച്ച ചിരികള്‍, മത്തന്‍ വള്ളികളായി പൂവിട്ടും കായ്ച്ചും കിടക്കുന്നു.” ആര്‍ഷ കബനി എഴുതിയ കവിത
- ഉണക്കമീന്‍
ചേരിനടിയില്‍ ഈര്‍ക്കിലില്‍ കോര്‍ത്ത മീനുകള്‍.
പ്രഭാതത്തിലും, സന്ധ്യയ്ക്കും-
എത്തിനോക്കുന്ന ചൂടില്‍,
പേറൊഴിഞ്ഞ വയറുപോലെ അവ ചുരുങ്ങുന്നു.
അത്താഴത്തിന് കഞ്ഞിക്കൊപ്പം വിളമ്പുന്ന
ആ പുകച്ചുവയുള്ള മീന്‍രുചിയാണ് അച്ഛമ്മയുടെ സ്നേഹത്തിന്
- നാരങ്ങയച്ചാര്‍
നഗരത്തിലേക്ക് പോന്നപ്പോള്‍-
ഒടിച്ചുകുത്തി നാരകത്തിന്റെ
ഒരു കുപ്പിയച്ചാര്‍ അച്ഛമ്മ തന്നയച്ചു.
അച്ഛച്ചന്‍ വയ്യാതെ കിടന്ന-
ഉള്‍മുറിയുടെ ശൂന്യതയിലാണ്
ആ അച്ചാറുഭരണികള്‍ സൂക്ഷിച്ചിരിക്കുന്നത്.
ഓഫീസിലേക്കുള്ള യാത്രയില്‍-
ചോറ്റുപാത്രത്തില്‍ കടന്നുകൂടി
ആ ശൂന്യതയും എനിക്കൊപ്പം നഗരംചുറ്റാന്‍ വരുന്നു.
- കൊഴുപ്പത്തോരന്‍
ഇലത്തോരന്‍ അച്ഛച്ചനും അച്ഛമ്മയ്ക്കും വലിയ ഇഷ്ടമാണ്.
പച്ചക്കറിത്തോട്ടത്തില്‍-
നിലത്ത് പടര്‍ന്ന കൊഴുപ്പപോലും അവര്‍ പ്രേമത്തോടെ പറിച്ചെടുത്തു.
അവരുടെ സ്നേഹത്തിന് സാക്ഷിയായതിന്റെ ഓര്‍മ്മ,
എന്റെ ഹൃദയത്തില്‍ ആ ചെറിയ ചെടിയുടെ തണ്ടുപോലെ-
കെട്ടുപിണഞ്ഞ് കിടക്കുന്നു.
- മാമ്പഴപ്പുളിശ്ശേരി
ഏറ്റവും ദൈര്‍ഘ്യമേറിയ-
ഭക്ഷണം കഴിപ്പ് മാമ്പഴക്കാലത്തേതാണ്.
മാമ്പഴപ്പുളിശ്ശേരിയില്‍ വീണ്ടും വീണ്ടും മാമ്പഴംമുക്കി
ഉറുഞ്ചി ഉറുഞ്ചി എത്ര കഥകളാണ് അവര്‍ പറഞ്ഞുതീര്‍ത്തത്.
- മത്തന്‍കുരു വറുത്തത്
മഴക്കാലങ്ങളില്‍-
ഞങ്ങള്‍ പെണ്ണുങ്ങള്‍ അടുപ്പിന്‍തറയില്‍ ചുരുണ്ടിരുന്ന് മഴകണ്ടു.
കട്ടന്‍ചായക്കൊപ്പം അരിവറുത്തതും, മത്തന്‍കുരു വറുത്തതും കഴിച്ചു.
അന്നൊക്കെ ചിരിച്ച ചിരികള്‍,
മത്തന്‍ വള്ളികളായി പൂവിട്ടും കായ്ച്ചും കിടക്കുന്നു എന്റെ ഹൃദയത്തില്‍.
- ചക്കപ്പുഴുക്ക്
വീട്ടില്‍ ചക്ക പുഴുങ്ങുന്ന വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ മൈലാഞ്ചിയരച്ചു.
മുളഞ്ഞീന്‍കൊണ്ട് കൈകളില്‍ കുത്തിട്ട്
അതിന് മുകളില്‍ മൈലാഞ്ചി തേച്ചു.
അന്നൊക്കെ രാത്രികളില്‍-
മേഘങ്ങള്‍ക്കിടയില്‍,
മൈലാഞ്ചിക്കറ പടര്‍ന്ന ചന്ദ്രനായിരുന്നു ഉദിച്ചിരുന്നത്.
- മുള്ളാത്തച്ചക്കപ്പഴം
തറവാട്ടില്‍ മുറ്റത്തോടുചേര്‍ന്ന്
ഒരു മുള്ളാത്തയുണ്ടായിരുന്നു.
അതിന്റെ പഴങ്ങള്‍,
പുറത്ത് പരുപരുത്തതും
അകത്ത് ഒളിച്ചുവെച്ച സ്നേഹംപോലെ നേര്‍ത്തതും മധുരിക്കുന്നതുമായിരുന്നു.
പലപ്പോഴും അവ ആര്‍ക്കും വേണ്ടാതെ-
പഴുത്ത് കൊഴിഞ്ഞ് നിലത്ത് ചിതറിക്കിടന്നു.
അവയുടെ കനമുള്ള പൂവുകളുടെ മണം അവിടെയാകെ പരന്നിരുന്നു.
ആ മുള്ളാത്തയുടെ ചുവട്ടില്‍ തീകൂട്ടി-
കൊച്ചച്ചന്‍ അച്ഛന്‍പെങ്ങള്‍ക്ക് കപ്പലണ്ടി ചുട്ടുകൊടുത്തിരുന്നു.