പ്രിയ ബോംബെ ജയശ്രീ,
ഇന്നു രാവിലെ, തണുപ്പുവിടാത്ത നാലരമണി നേരത്ത്, നിങ്ങളെ സ്വപ്നം കണ്ടാണ് ഉണര്‍ന്നത്. പായല്‍പച്ചയില്‍ പിങ്കും സ്വര്‍ണ നൂലുകളും ഇടകലര്‍ന്ന ബോര്‍ഡറുള്ള സാരിയാണ് നിങ്ങൾ ഉടുത്തിരുന്നത്. തലമുടിക്കെട്ടിന്റെ ഓരത്ത് പകുതി വിടര്‍ന്ന ഒരു ചുവന്ന റോസാപ്പൂവ്, വെള്ളിയാഭരണങ്ങള്‍. നേര്‍മ്മയുള്ള ആ കിനാവെളിച്ചത്തില്‍ നിങ്ങള്‍ പൂത്തുനില്‍ക്കുന്ന ഒരു വള്ളിച്ചെടി പോലുണ്ടായിരുന്നു.
ശ്രീനഗറിലെ മുഗള്‍ ഉദ്യാനത്തിൽ വസന്തം ചെടികളെ ആദ്യമായി സ്പർശിക്കുന്നത് പോലെ, നിങ്ങൾ പാട്ടുകളെ തൊടുകയായിരുന്നു. അപ്പോൾ ദൂരെ മഞ്ഞു പുതച്ച മലനിരകളില്‍ നിന്ന് ഒരു കാറ്റ് ഓടിവന്നു. ട്യൂലിപ്പുകളും താമരകളും റോസാ പുഷ്പങ്ങളും പിന്നെ പേരറിയാവുന്നതും അറിയാത്തതുമായ അനേകം പൂക്കള്‍ ഗന്ധങ്ങളുടെ പാദങ്ങൾ നിലത്തു വെച്ച് ഒപ്പം നടന്നു. ‘കണ്ണന്‍ കുഴലോസൈ…’ സ്വപ്നത്തിലന്നേരം നിങ്ങള്‍ പാടി. പൂക്കള്‍ക്കിടയിലൂടെ, ചായം മുക്കി ആരോ ഉണങ്ങാനിട്ട പൂന്തോട്ടത്തിലൂടെ, ഉള്ളു തുറന്ന് പാടിക്കൊണ്ട്, കൈത്താളമിട്ട്, ഇടക്ക് ഗമകങ്ങൾ മൂളിക്കൊണ്ട് നടന്നു പോയി.
വെളുക്കുമ്പോൾ കാണുന്ന സ്വപ്നങ്ങള്‍ നേരാവുമെന്നാണ് ജയശ്രീ… പാട്ടുകൾ കെട്ടിയ സ്വപ്നത്തിന്റെ കുതിരവണ്ടിയിലേറി വേഗം സുഖം പ്രാപിച്ച് വരൂ.
ഉറക്കങ്ങൾക്കും ഉണർവ്വുകൾക്കും ഇടയിലുള്ള നേരങ്ങൾക്ക് തോരണമിട്ട് താങ്കളുടെ പാട്ടുകൾ സദാ കൂടെ ഉണ്ടെങ്കിലും പ്രിയപ്പെട്ടവളേ, മൂന്നു നാലു തവണ മാത്രമാാന് ഞാൻ നേരിട്ട് കച്ചേരി കേട്ടിട്ടുള്ളൂ. ആ സമയങ്ങളിലോ അല്ലാത്ത നേരങ്ങളിലോ ഒന്നും അടുത്തു വന്ന് സംസാരിക്കാനൊന്നും അവസരമോ ധൈര്യമോ വന്നിട്ടുമില്ല. എങ്കിലും ഒരിക്കലും എനിക്ക് പുറത്തായിരുന്നില്ല നിങ്ങൾ. എന്റെ ഉള്ളിനുള്ളിൽ, ജീവരക്തം പോലെ, ഹൃദയമിടിപ്പ് പോലെ, ശ്വാസം പോലെ എന്നുമുണ്ടായിരുന്നു നിങ്ങളുടെ സാന്ദ്രമായ സ്വരസാഗരം.
പോകുന്ന എല്ലാ ഇടങ്ങള്‍ക്കും നിങ്ങളുടെ പാട്ടിന്‍റെ ഒരു നനവുണ്ടായിരുന്നു. നോവുണ്ടായിരുന്നു. കാഴ്ചകളില്‍, ഓര്‍മകളില്‍, നഷ്ടങ്ങളില്‍, സ്നേഹങ്ങളില്‍ ഒക്കെ ആഴമുള്ള ആ സംഗീതസാന്നിധ്യമുണ്ടായിരുന്നു.
ഒപ്പം പോരുന്ന പാട്ടാണ് നിങ്ങളെനിക്ക്, മറ്റനേകം മനുഷ്യർക്കും. കര്‍ണാടകസംഗീതത്തിന്റെ ചിട്ടവട്ടങ്ങളൊന്നും വിടാതെ, കണക്കൊത്ത വഴികളിലൂടെ നടക്കൂമ്പോഴും അനന്താകാശത്തിലേക്കും വലിയ ഇടങ്ങളിലേക്കും ഉയരുകയും വ്യാപിക്കുകയും ചെയ്യുന്ന സംഗീതം.
നാടു ചുറ്റി യാത്രചെയ്തും ജോലിചെയ്തും പലകാലമായി അലഞ്ഞു തിരിയുന്നൊരാളാണ് ഞാന്‍. കിട്ടുന്ന അവസരങ്ങളിലൊക്കെ സ്വന്തം രാജ്യം കാണാന്‍ ഇറങ്ങി തിരിക്കും. അങ്ങനെയുള്ള യാത്രകളിലാണ് നിങ്ങള്‍ കൂടെയുണ്ടെന്ന് ഉള്ളു കൊണ്ടറിയുന്നത്. കാഞ്ചന്‍ജംഗക്കു മുകളില്‍ സ്വര്‍ണം ഉരുക്കിയൊഴിച്ച വെളിച്ചം നിറയുമ്പോഴും, ഗംഗയുടെ ഓളപ്പരപ്പിലൂടെ ഒരുവൾ ഒറ്റയ്ക്ക് വഞ്ചി തുഴഞ്ഞു പോകുമ്പോഴും, യമുനയില്‍ ഏതാനും ബന്ദിപ്പുക്കള്‍ കറങ്ങിയും ഉലഞ്ഞും ഒഴുകി അകലുമ്പോഴുമെല്ലാം മനസ്സിൽ ജയശ്രീയുടെ പാട്ടു മുഴങ്ങും. മീര പാടിയലഞ്ഞ മരുഭൂമിയിലെ കാറ്റിലും സഹ്യനിലെ ഇരുള്‍ക്കാട്ടില്‍ പെയ്യുന്ന മഴയിലും കന്യാകുമാരിയിലെ ശാന്തഗംഭീരമായ അസ്തമയധ്യാനത്തിലും ആ സ്വരം ഇടകലരും.
പ്രിയപ്പെട്ട ജയശ്രീ നിങ്ങൾ സംഗീതം തന്നെയാണ്. ഒരു സ്വരമല്ല, അനേകം ഹൃദയങ്ങൾ വിട്ടുന്ന ശതതന്ത്രി വീണ. സംഗീതത്തിന്റെ സഹസ്രദളങ്ങൾ വിടരുന്ന പുണ്യം.
സംഗീതജ്ഞയും ഗുരുവും ഒക്കെയായ നിങ്ങള്‍ക്ക് ഒരു സാധാരണ സ്ത്രീയുടെ, അതിമോഹങ്ങളിൽ മുങ്ങിത്താഴുന്ന ഒരു വ്യക്തിയുടെ ജീവിതം എത്ര കണ്ട് മനസ്സിലാകും എന്നറിയില്ല. എന്നും രാവിലെയും വൈകിട്ടും അടുക്കളയിലാവും. നേരമത്രയും ജോലിക്കു പിന്നാലെയും കുടുംബത്തിനും കുഞ്ഞുങ്ങൾക്കും പിന്നാലെയുമുള്ള ഓട്ടമാണ്. ഒന്നു ശ്വാസം കഴിക്കാൻ ഇടകിട്ടിയാൽ രണ്ടക്ഷരം വായിക്കാം, മറന്നു കിടന്ന ഒരു കീർത്തനം മൂളിയോർക്കാം, ഭാഗ്യമുണ്ടെങ്കിൽ വീണയോ വയലിനോ ഒന്നു തൊടാം. ഇത്തിരി നേരം കൂടി സ്വന്തമാക്കാനായാൽ ഒരു വർണ്ണത്തിലെ ജതി ചവുട്ടി ഉറപ്പിക്കാം. ഇതിന് ഊർജം വേണം, മനസിനും ശരീരത്തിനും. പ്രചോദനം വേണം. മാതൃക വേണം.
ആ ഊർജമാണ്, നിത്യപ്രചോദനമാണ് ജയശ്രീ. നിങ്ങളുടെ തില്ലാനകൾ, പ്രത്യേകിച്ചും ഗുരുനാഥൻ സിന്ധു ഭൈരവിയിൽ കോർത്തെടുത്ത വിസ്മയം ഒന്നു കേട്ടാൽ മതി ജീവൻ വെയ്ക്കും, മനസ്സിനും സ്വരത്തിനും കണ്ണിനും കൈകാലുകൾക്കും.
പൊള്ളും വഴികൾ താണ്ടിയും ഒറ്റയ്ക്കായും ഭയവും കണ്ണീരും സമം ചേർത്തു കുടിച്ചും മുന്നോട്ടുള്ള യാത്രയിൽ പലപ്പോഴും കാൽ കുഴയും. മനസ്സു നൊന്തു പൊള്ളും. അവനവനെ നഷ്ടപ്പെടുന്ന പെൺ വഴികളാണ് ഇവ. നല്ലൊരു സാരി ചുറ്റാൻ, പൊട്ടുകുത്താൻ, ഇണങ്ങുന്ന കമ്മലും വളയുമിടാൻ മറക്കും, മടുക്കും, വേണ്ടെന്നു വെക്കും. മടുപ്പിന്റെ ഈ ചാരനിറം കലർന്ന ലോകത്തിന് തിരികെ നിറം വരുന്നത് നിങ്ങളുടെ നെറ്റിയിലെ വലിയ പൊട്ടു കാണുമ്പോഴാണ്. എന്തൊരു അഴകാണ്!
കോട്ടൺ സാരിയിലും പട്ടിന്‍റെ മികവിലും, ഒരുപോലെ. നിങ്ങളുടുക്കും പോലുള്ള സാരി വാങ്ങാൻ പണം സൂക്ഷിച്ച് വെക്കും. ഒടുവിൽ പണം തികയുമ്പോൾ അത്തരം സാരി തിരഞ്ഞ് തുണിക്കടകൾ കയറി ഇറങ്ങും. നിങ്ങളുടേതു പോലുള്ള ‘അക്സസറീസ്’ തേടി നടക്കും. ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഊർജവും സൗന്ദര്യവുമാണ് എനിക്ക് ബോംബെ ജയശ്രീ.
കുലീനം എന്ന വാക്ക് പലയർഥത്തിൽ വായിക്കപ്പെടുന്ന ഇക്കാലത്തും ആ വാക്കിന്റെ നേരർഥമായി നിൽക്കുന്നു ഒരാൾ. എത്ര ക്ളാരിറ്റിയോടെയാണ് സംസാരിക്കുന്നത്. എത്ര നല്ല ചിന്തകളും വാക്കുകളുമാണ്. എത്ര കുറച്ചും ഒതുക്കത്തിലും ഭംഗിയായുമാണ് വാക്കുകൾ ഉപയോഗിക്കുന്നത്. ഗുരുവായ ലാൽഗുഡിയെ കുറിച്ചാവട്ടെ സിനിമാ ഗാനം പാടുന്ന അനുഭവമാകട്ടെ പാട്ടു പോലെ ആഴമുണ്ട് ആ വാക്കുകൾക്ക്. കലുഷിതമായ കാലത്ത് സുസ്വരമാണ് ജയശ്രീ. നിങ്ങളുടെ ഒട്ടുമിക്ക അഭിമുഖങ്ങളും വായിച്ചിട്ടുണ്ട്. യൂട്യൂബില്‍ കണ്ടിട്ടുണ്ട്. വീണ്ടും വീണ്ടും കാണാറുണ്ട്.
വിശ്വാസം അപകടകരമായ ആയുധവും രാഷ്ട്രീയവുമായിക്കഴിഞ്ഞ നാളുകളാണിത്. ഒറ്റയ്ക്ക് നടക്കുന്ന പല വഴികളാണ് വിശ്വാസം എന്ന തിരിച്ചറിവ് നഷ്ടപ്പെട്ട ജനത. ആൾക്കൂട്ട അസഹനീയതയാണെവിടെയും. വിശ്വാസം അന്വേഷണങ്ങളാണ്, പല വഴികളാണ്, സത്യം തേടിയുള്ള അലച്ചിലാണ്. ചിലതിന്റെ തിരസ്ക്കാരവും മറ്റു ചിലതിനെക്കുറിച്ചുള്ള തിരിച്ചറിവുമാണത്.
വിശ്വാസത്തിന് പല പ്രദക്ഷണ വഴികളുണ്ട്. നടപ്പാതയുടെ, മണ്ണിന്റെ, ഉരുളന്‍കല്ലുകളുടെ നീണ്ട വഴികള്‍. കന്യകയായ കുമാരിക്കു ചുറ്റുമുള്ള ഇരുള്‍ പ്രദിക്ഷണ വഴി, ശുചീന്ദ്രത്തെ സംഗീത സാന്ദ്രമായ മഹാപാത, തിരുവട്ടാറിലെ ഋജുവീഥി, ഗുരുവായൂരിലെ നിറഞ്ഞ സന്തോഷക്കാഴ്ചകളുടെ വഴി, മീനാക്ഷി നടക്കുന്ന മധുരയിലെ കല്‍ക്കെട്ടുകള്‍, കൊടുങ്ങല്ലൂരിലെ തിരിച്ചറിയാനാവാത്ത മന്ത്രവഴികള്‍, സൗപര്‍ണിക തൊഴുതു മടങ്ങും വഴി, ശിവനാമം മുഴങ്ങുന്ന തഞ്ചാവൂര്‍, ആദിത്യഹൃദയം നിറയും കൊണാര്‍ക്ക്, അമര്‍നാഥിലെ മഞ്ഞു വഴികള്‍… ഇവിടെയെല്ലാം കൂടെ വരുന്നു ജയശ്രീ. അലിഞ്ഞു പാടുമ്പോഴും നിര്‍മമായ എന്തോ ഒന്നു കൂടി കലര്‍ത്തിയ സംഗീതമാണ് നിങ്ങളുടേത്. തികച്ചും ഭക്തിയുടെ നേരനുഭവം.
ദൈവങ്ങള്‍ നിങ്ങളെ കേട്ടിരിക്കും ജയശ്രീ. ആ പാട്ടു കേൾക്കുമ്പോൾ പ്രകൃതി ശ്വാസമടക്കി നില്‍ക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്വാമിമലയിലെ സ്വര്‍ണപ്പടികള്‍ കയറി വിശ്വാസ ഗോപുരത്തിന്റെ വാതില്‍ തുറന്നാല്‍ പിറകില്‍ കാവേരി. കാവേരിയില്‍ ചെറു ഓളങ്ങള്‍, ഇരുകരകളിലും കരിമ്പും നെല്ലും നിറഞ്ഞ പച്ചയുടെ വിസ്തൃതി. ഗുരുപരാ ശിവകുമാരാ… അടിമ എന്നൈ…. ഈ മലയില്‍ നിന്ന് ഞാന്‍ കരഞ്ഞ് അഴന്താല്‍ മറുപടി പറയുമോ മുരുഗാ… ജയശ്രീ പാടുമ്പോള്‍ ഷണ്‍മുഖന്‍ മറുടി പറയും, നിന്റെ അഴല്‍ ഞാനറിയുന്നുവെന്ന് കരുണാ സാഗരമായി മറുമൊഴികൾ മുഴങ്ങും.
അവിടെ നിന്ന് തിരുവാരൂരിലേക്ക്, ഇവിടെ കാവേരി രാമമന്ത്രം മാത്രമാണ് ജപിക്കുക. നിങ്ങള്‍ പാടിയ ‘രാമ’ എന്ന കളക്ഷന്‍ സഹസ്രനാമത്തോളം തവണ കേട്ടു.
രഘുവീര , രണധീര ….., ഭജരേ രേ…, രഘുവര് തുമ് കോ മേരേ ലാജ്….
ഇതിലേതാണ് കൂടുതലിഷ്ടമെന്ന് പറയാനാവുന്നില്ല. കാവേരിയുടെ കരയില്‍ സന്ധ്യ നിറയും നേരം കേള്‍ക്കണം ഈ ആല്‍ബം. ത്യാഗരാജനും തുളസീദാസനും നിങ്ങള്‍ പാടുന്നതു കേട്ട് ഈ കല്‍പടവുകളിലിരിക്കുന്നു, ശ്രീകോവിലില്‍ രാമന്റെ കണ്ണുകളില്‍ നനവ്. കാവേരി ഒഴുകിക്കൊണ്ടേയിരുന്നു.
ഒരു കഥ പറയട്ടെ? നിങ്ങളെനിക്ക് ജീവന്‍ തിരികെ നല്‍കിയ വിചിത്ര കഥ! സംഗീതത്തിന്റെ ആകാശത്തില്‍ എവിടെയോ മേഘങ്ങളെ മുട്ടി നില്‍ക്കുകയാണ് ചിദംബരം. രാത്രി അലിഞ്ഞ് പകലില്‍ ചേരുന്ന ഉഷസന്ധ്യയില്‍ മഹാക്ഷേത്രത്തില്‍ മണിയൊച്ചയും മന്ത്രച്ചോരാണവും നിറഞ്ഞു നില്‍ക്കുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തില്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ കണ്ണിലും കവിളിലും കണ്ണീരുറവകളായിരുന്നു. കണ്‍തുറക്കുമ്പോള്‍ മുന്നില്‍ കനകസഭ, തിരിഞ്ഞു നോക്കുമ്പോള്‍ ഒറ്റവിളക്കില്‍തെളിയുന്നു ചിത് സഭ. ഇഹ ജീവിതത്തിനും ആത്മീയ ജീവിതത്തിനും ഇടയിലെ വിഭ്രമിപ്പിക്കും ബിന്ദുവില്‍ നില്‍ക്കേണ്ടി വന്നാല്‍, സാധാരണക്കാരായ നമ്മള്‍ തകര്‍ന്നു പോകും. ഉള്‍ക്കൊള്ളാവുന്നതിനുമപ്പുറമാണ് ആ അനുഭവവും സൗന്ദര്യവും നിഗൂഢതയും. നടരാജനും ദേവിയും അനന്തപദ്മനാഭനും നിറദീപങ്ങളില്‍ അലിഞ്ഞു, ബോധം നഷ്ടപ്പെടുന്ന ഏതോ നിമിഷം.
കനകശൈലവിഹാരിണി അംബ കാമകോടി ബാലേ, സുശീലേ…
ജീവിതത്തിലേക്കാണ് നിങ്ങള്‍ എന്നെ മടക്കിക്കൊണ്ടു വന്നത്. വയലിന്‍ തന്ത്രി പോലുള്ള നിങ്ങളുടെ ശബദ്ത്തിലൂടെ ജീവിതം തിരികെ പിടിച്ചു, ശ്വാസവും ധൈര്യവും സ്ഥൈര്യവും. ജയശ്രീ… നിങ്ങൾ എപ്പോഴും കൂടെ ഉണ്ടായി തുടങ്ങിയത് ആ നിമിഷം മുതലാണ്.
വേഗം സുഖം പ്രാപിച്ച് വരൂ, ജയശ്രീ. മടങ്ങി വന്നേ പറ്റൂ. ഇങ്ങനെ നിരന്തരം പാടിക്കൊണ്ടിരിക്കുക. സങ്കടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും ഈണം പകരുക. ശബ്ദമില്ലാതെ പോകുന്നവർക്ക് നിങ്ങളുടെ ശബ്ദമേയുള്ളൂ എന്ന് തിരിച്ചറിയുക.
മനസ്സാഴങ്ങളില്‍ നിന്ന് ഉയരുന്ന തേങ്ങലോ, കണ്‍കോണിലെ ചിരിയോ അടക്കിപ്പിടിച്ചുപോകുന്ന നെടുവീര്‍പ്പോ നിറയാതെ നില്‍ക്കുന്ന ഒരിറ്റ് കണ്ണുനീരോ നിങ്ങളിലൂടെ മാത്രമെ ശബ്ദവും അര്‍ഥവും നേടൂ. അതിനാല്‍ വേഗം മടങ്ങി വരൂ. പാട്ടുകളുടെ അവസാനിക്കാത്ത വസന്തകാലമായി, കൊടുംമഞ്ഞിന്റെ നിസ്സംഗതയായി, പരമഭക്തിയുടെ മണിനാദമായി, സങ്കടക്കടലിന്റെ തിരയിരമ്പമായി, പ്രണയമിന്നലായി, നിലാമാനത്തെ താരാട്ടായി നിങ്ങള്‍ ഉണ്ടായേ മതിയാവൂ.
നിങ്ങള്‍ പ്രിയ സംഗീതമാണ്, ഗുരുവാണ്, കൂട്ടാണ്. അതിനും അപ്പുറം ഉണര്‍വാണ്. നിങ്ങളോടെനിക്ക് അവസാനമില്ലാത്ത സ്നേഹാദരങ്ങളാണ്. നിങ്ങളാണ് എന്റെ ലോകത്തിന്റെ സിഗ്‌നേച്ചർ ട്യൂൺ.
ആശുപത്രിക്കിടക്കയില്‍ നിങ്ങള്‍ക്ക് തുണയായി ഷണ്‍മുഖപ്രിയയും കല്യാണിയും സിന്ധുഭൈരവിയും , സാവേരിയും ഉണ്ടെന്നറിയാം. അവരുടെ കൈപിടിച്ചിങ്ങു പോരൂ, വേഗം.
പ്രാര്‍ഥനയോടെ, സ്നേഹത്തോടെ…
ആ പാട്ടുകളിൽ വീണ്ടും വീണ്ടും സ്വന്തം സ്വത്വം കണ്ടെത്തുന്ന ഒരുവൾ..