ഇനി വേണ്ട കവികൾക്ക് സംസ്കൃതം,ഗദ്യം,
ഇനി വേണ്ട കാനനം മന്ദിരം സ്തോത്രം.
കവിതയെ വിളിക്കുന്ന പേരേതു പിന്നെ?
*മലമകൾ നീലക്കഴുത്തനും ഞങ്ങൾ?
ഒഴുകുന്നു പുഴകളിൽ തണ്ണീര്, വെള്ളം,
കയറുന്നു കടലലയിലമ്പിളിച്ചന്തം,
വഴിയരുകിലാൽ മരം, പാതിരാ നേരം,
അതിരുകളറിഞ്ഞില്ല കാറ്റും തണുപ്പും,
കയറുന്നു കുന്നു പോൽ സഹ്യാദ്രി കുള്ളൻ.
രാമനെയിരാമനായ്, ചീതയായ് സീതയെ –
ത്തേറുമെന്നാകിലും തീയാണൊടുക്കം!
**ഒഴുകുന്നു നദികളിൽ സലിലം, ജലം, വനം,
മുഴുകുന്നു വാല്മീകി തമസാ സരിത്തിൽ,
ഉദകനിധി, സാഗരം, തോയം, സമുദ്രം
ജലധി, രത്നാകരം, മൃതിയമൃതം എല്ലാം
എഴുതുന്ന തലമുറകൾ തന്ന കൈനീട്ടം
വിജനവിപിനത്തിലേ നൈഷധ വിലാപം!
ഇനി വേണ്ട നിയമസഭ നിയമങ്ങൾ പത്രം
ഇനി ഭയംകരമില്ല ഭയ ഭീതി,രാത്രി
ഇനി വേണ്ടയക്ഷരം വാക്യങ്ങൾ വീഥി
ഇനി വേണ്ട രാമായണം ഹൃദയമൊന്നും
അലിവോടെ കനിവോടെ ഓർത്തു നിന്നിട്ടും
കരളിൽ ഞാൻ എന്തിനോ പേടിച്ചു പോയി.
*ഗിരിജ, നീലകണ്ഠൻ. എന്റെയും പങ്കാളിയുടെയും പേരുകൾ
**വനത്തിന് വെള്ളം എന്നും പൊരുൾ. തേ വനേന വനം ഗത്വാ, എന്ന്
രാമായണം