“പക വീട്ടാനായി ഇറങ്ങിത്തിരിക്കുന്നതിന് മുമ്പ് രണ്ട് ശവകുഴികൾ ഒരുക്കുക” -Confucius
“മരിച്ചവർ മരിച്ചവരെ അടക്കട്ടെ.” ലോന കിടന്നകിടപ്പിൽ ഇരുകൈകൾ കൊണ്ടും വിരിപ്പിൽ മാന്തിപിടിച്ചുകൊണ്ട് പിറുപിറുത്തു.
വർഷങ്ങൾക്ക് മുമ്പ്, ഓലമേഞ്ഞ ബൈബിൾ കൺവെൻഷൻ പന്തലിൽ ഇരുന്ന് കേട്ടക്കാര്യം, പക കണക്കെ ഉള്ളിൽ നിറയുന്നത് ആ വൃദ്ധ ശരീരത്തിന് താങ്ങാനായില്ല.
അരണ്ട വെളിച്ചമുള്ള മുറിയിൽ അശരീരി പോലെ വചനം മുഴങ്ങി. ‘മരിച്ചവർ മരിച്ചവരെ അടക്കട്ടെ!’
ഒരു നിഴൽ അകത്തേക്ക് വന്നു.
“എന്താണപ്പാ?”
സ്വപ്നത്തിന്റെ ചേറുപ്പിടിച്ച ഒരു സ്വിച്ചിൽ ലോനയുടെ മകൻ ചുമ്മാറിന്റെ വിരലമർന്നു.
വെളിച്ചം വന്നു.
“എനിക്ക് നിന്നോട് ഒരു രഹസ്യം പറയാനുണ്ട് മോനേ.” ലോനയുടെ കണ്ണിൽ നിന്നും മൂക്കിൽ നിന്നും നനവൊഴുകി. കഫക്കെട്ട് തടസ്സപ്പെടുത്തിയ വാക്കുകൾ വളരെ പണിപ്പെട്ടാണ് ആ നാക്കിൽ നിന്നും പുറത്തേക്ക് വന്നതെന്ന് ചുമ്മാറിന് മനസ്സിലായി.
“പിച്ചും പേയും പറയാതപ്പാ.” ഈയിടെയായി അങ്ങനെയാണ് മറുപടി പറയാറ്. പക്ഷേ അപ്പന്റെ വാക്കുകളുടെ പ്രകാശം മുഖത്തും കണ്ടതിനാൽ ചുമ്മാർ അഴുക്കു പുരണ്ട നഖങ്ങളുള്ള വിരലുകൾ കൊണ്ട് സ്വിച്ചിലമർത്തി. മുറിയിൽ പരസ്പരം കാണാൻ കഴിയുന്ന വെളിച്ചം മാത്രം അവശേഷിച്ചു.
മനുഷ്യർ ഹൃദയത്തിൽ നിന്ന് പറയുകയും ഹൃദയംകൊണ്ട് കേൾക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന ഏകാന്തതയാണ് ഭൂമിയിലെ ഏറ്റവും മനോഹരമായ ഏകാന്തത. ലോനയ്ക്ക് ഏതാണ്ട് ഇതുപോലെ തോന്നി.
“ഈ മരണ ശയ്യയിൽ വച്ച് അപ്പന് എന്താണ് പറയാനുള്ളത്?” രഹസ്യം കേൾക്കാനെന്നോണം ചുമ്മാർ നെഞ്ചുഴിഞ്ഞു അടുത്തേക്ക് നിന്നു.
“അപ്പന്റെ അടുത്തിരിക്കടാ.”
ലോനയുടെ സ്നേഹം പുറത്തേക്ക് വന്നു.
ചുമ്മാർ അപ്പന്റെ കാൽക്കൽ ഇരുന്നു.
ലോന ചിരിച്ചു.
രണ്ടുവട്ടം ചുമച്ചു.
പതിയെ പറഞ്ഞു തുടങ്ങി.
“എടാ നിന്റെ അപ്പന്റെ അപ്പൻ ഒരു കുതിരക്കാരനായിരുന്നു.”
“ഇത് കുഞ്ഞുനാൾ മുതൽ ഞാൻ കേട്ടിട്ടുള്ളതല്ലേ?”
“നീ കേൾക്കാത്തത് പറയാനാണ്, ക്ഷമയോടെ കാതു താ, എനിക്കിനി അധിക നേരമില്ല.”
“അപ്പൻ എന്താണപ്പാ ഇങ്ങനെ? നമ്മുടെ നേരം കർത്താവിന്റെ കൈയിലല്ലേ?”
“ചിലതൊക്കെ മനുഷ്യന്റെ കയ്യിലാടാ.”
“പിച്ചും പേയും പറയാണോ?”
“ഞാൻ പറയുന്നത് കേട്ടാൽ നിനക്ക് അങ്ങനെ തോന്നും. പക്ഷേ അവര് ചെയ്ത നാറിത്തരം നീയറിയണം.”
“കഥ പറയാതെ കാര്യം പറയപ്പാ.”
“എന്റപ്പൻ സായിപ്പിന്റെ കുതിരക്കാരൻ ആയിരുന്നെടാ.” ഇത്രയും പറഞ്ഞു ലോന വാ പൊളിച്ചു കിടന്നു. ചുമ്മാർ പേടിച്ചുപോയി.
അയാൾ അപ്പനെ കുലുക്കി വിളിച്ചു.
ലോന മൂളി. കിതച്ചു. കഫം തുപ്പി.ചുമ്മാർ അപ്പന്റെ നെഞ്ചുഴിഞ്ഞു കൊടുത്തു.
” ഇത്രയും കാലം ഉള്ളിൽ ഒരു വെട്ടുകല്ല് പോലെ സൂക്ഷിച്ച രഹസ്യം പറഞ്ഞു തുലയ്ക്കപ്പാ… ചാവ്പ്രായത്തിലെങ്കിലും മനസ്സമാധാനം ഉണ്ടാവട്ടെ.”
“രഹസ്യം അല്ലടാ… പകയാണ്. എനിക്കുവേണ്ടി നീ ആ പക വീട്ടണം.”
“കർത്താവേ ” അപ്പന്റെ നെഞ്ചിൽ നിന്നും ചുമ്മാർ കൈ പിൻവലിച്ചു.
അപ്പോൾ ജനലിലൂടെ ഒരു കുതിര അകത്തേക്ക് തലയിടുന്നതായി ലോന കണ്ടു.
“എനിക്കുവേണ്ടി നീ അത് ചെയ്യില്ലേടാ. ഞാൻ മരിക്കും മുമ്പ് നീയത് നടത്തിത്തരണം. എങ്കിലേ ജീവൻ പോയാലും എന്റെ കണ്ണടയൂ.”
ചുമ്മാറിന് മുറിവിട്ട് ഇറങ്ങിപ്പോകാൻ തോന്നി. മരണമെത്തുമ്പോ മനുഷ്യർക്ക് മനോനില തെറ്റും!
“സെമിത്തേരിയുടെ വടക്കേ അറ്റത്ത് പോയി നോക്ക്. അവിടെ കാണാം. അവിടെ കാണാം. ആ കുഴിമാടം.”
ലോന, തന്റെ അപ്പൻ ഇല്ലാതായ നിമിഷം അലറിയതുപോലെ അലറി.
ആ അലർച്ചയിൽ ചുമ്മാർ അലിഞ്ഞു.
കർത്താവിനെപ്പോലെ കനിവുള്ളവനായി.
അപ്പന്റെ നെഞ്ചിലെ വെട്ടുക്കല്ലെടുത്ത് തന്റെ നെഞ്ചിൽ വെക്കാൻ തോന്നി.
“മനുഷ്യരെ അടക്കിയതിന്റെ കൂട്ടത്തിൽ ആ ജന്തുവിനെയും അടക്കിയിട്ടുണ്ട്. ചെന്ന് നോക്ക്”
“ആരെ?”
“സായിപ്പിന്റെ കുതിരയെ.”
ശരിയാണ് ആരുടെയോ അടക്കിനു പോയപ്പോൾ താനത് കണ്ടിട്ടുണ്ട്.
കുതിരക്കവിടെ കുഴിമാടമുണ്ട്. കല്ലറയിൽ കുതിരയുടെ പേരുണ്ട്.
ജനന തിയ്യതിയുണ്ട്. മരണ തിയ്യതിയുമുണ്ട്.
“എടാ ആ കല്ലറ നീ മാന്തണം. അസ്ഥി പുറത്തെടുക്കണം.”
“അപ്പൻ എന്ത് ഭ്രാന്താണീ പറയുന്നതപ്പാ?”
“ഭ്രാന്തല്ലടാ. കുറേക്കാലമായി ഉള്ളിൽ പുകയുന്നു. അപ്പന് നീ വാക്കു തരണം. എന്റെ യൗവനം കൊണ്ട് ചെയ്യാനാവാത്തത് നീ എനിക്കുവേണ്ടി നിന്റെ യൗവനം കൊണ്ട് ചെയ്യണം. എനിക്ക് അഭിമാനത്തോടെ മരിക്കണം.”
ചുമ്മാർ അപ്പനെ താങ്ങി കട്ടിലിൽ ഇരുത്തി.
ആ സ്നേഹ താങ്ങിന്റെ ആശ്വാസത്തിൽ ലോന കഫക്കെട്ടിന്റെ അസ്കിത ഇല്ലാതെ രഹസ്യം മുഴുവൻ പറഞ്ഞു.
ചുമ്മാർ മരവിച്ചു പോയി. അതിനിടയിൽ അപ്പൻ എപ്പോഴോ ഉറങ്ങിയും പോയി.
വാതിൽ ചാരി ചുമ്മാർ പുറത്തേക്കിറങ്ങി. മഴക്കാറ്റ് കൊണ്ടുവന്ന കുളിര് അയാളെ പൊതിഞ്ഞു. ചെരുപ്പിടാതെ പറമ്പിലേക്ക് നടന്നു. അമ്മപ്ലാവിന്റെ ചോട്ടിൽ നിന്നു പുകവലിച്ചു. താൻ കുഞ്ഞായിരിക്കുമ്പോൾ, അപ്പൻ പ്ലാവിന്റെ മുകളിൽ കയറി ചക്കയിടുന്നത് കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്. ബീഡി കത്തിതീർന്നതും ചുമ്മാർ മുളച്ച ചക്കക്കുരുവിൽ ചവുട്ടി ആരാന്റെ പറമ്പിലേക്ക് നടന്നു.
തങ്ങളുടെ കുടികിടപ്പിനും ആ പറമ്പിനും അതിരുകൾ ഇല്ലായിരുന്നു. അതിർത്തി നിർണയിക്കുന്ന ഒരു മരം ഉണ്ടവിടെ. ഉപൂത്തി. അപ്പൻ മരത്തിൽ കയറുന്ന ലാഘവത്തോടെ ചുമ്മാർ അതിൽ വലിഞ്ഞു കയറി. അയാൾക്കിരിക്കാൻ പാകത്തിൽ ഉയരത്തിലെ ചില്ലകൾ ഒതുങ്ങി കൊടുത്തു. അവിടെയിരുന്ന് അയാൾ ആ കാഴ്ച കണ്ടു. ദൂരെ, നിലാവിൽ കുളിച്ചു നിൽക്കുന്ന പള്ളി. വിശ്വാസികളുടെ വലിയ കുരിശ്. അപ്പൻ പറഞ്ഞതോർത്തപ്പോൾ ആ കുരിശിന് തീ പിടിക്കുന്നത് ചുമ്മാർ കണ്ടു. ചോര തിളച്ചു.
“അപ്പന് വേണ്ടി ഞാനതു ചെയ്യും.” ഉപ്പൂത്തിയുടെ ചില്ലയിൽ തൂങ്ങി അയാൾ താഴോട്ട് ചാടി. ഇലകൾ അനുഗ്രഹിക്കും പോലെ ഇളകി.
പക വിശ്വാസം പോലെയാണ്, പകരും.
ചുമ്മാർ ആൾമറ പൊളിഞ്ഞ കിണറ്റിൻ കരയിൽ വന്നിരുന്നു. ചൂളമടിച്ച് മീനുകളെ വിളിച്ചു. കണ്ണുപ്പുട്ടാതെ ഉറങ്ങുകയായിരുന്ന രണ്ടു ബ്രാലുകൾ നുര വിട്ട് പൊങ്ങിവന്നു. അവറ്റകൾ അയാളുടെ ആശ്വാസമാണ്. ചുമ്മാർ തൊട്ടി കിണറ്റിലേക്കിട്ടു. രണ്ടും അതിൽ കയറി പൊങ്ങിവന്നു.
അയാൾ തൊട്ടിക്ക് മുന്നിൽ കൂനിക്കൂടിയിരുന്ന് കരയും പോലെ അവറ്റകളോട് എന്തെല്ലാമോ പറഞ്ഞു. മീനുകൾ പിടച്ചു. തല മുകളിലേക്ക് ഉയർത്തി സാരമില്ല പോട്ടെ എന്നു പറയുന്നതുപോലെ.
ആരുമില്ലാത്തവർക്ക് ദൈവം തുണ. മീനുകൾ തുണ.
“ഞാനത് മാന്തും.”
അയാൾ മീനുകളെ കയ്യിലെടുത്ത്. ഉമ്മ വച്ച് കിണറ്റിലേക്കിട്ടു. തല പെരുക്കാതിരിക്കാൻ തൊട്ടിവെള്ളം നെറുകയിൽ ഒഴിച്ചു. ഇറയത്തു വന്നു തല തുവർത്തുമ്പോഴും അപ്പൻ ചുമയ്ക്കുന്നുണ്ടായിരുന്നു.
ദുഃഖിതന്റെ പലിശ ഉറക്കമില്ലായ്മയാണ്.
ചുമ്മാർ അകത്തുകയറി വാതിലടച്ചു. കിടക്ക തട്ടി വിരിച്ചും പുതപ്പു കുടഞ്ഞും നേരം പോക്കി. എണ്ണമയമുള്ള തലയണ തിരിച്ചും മറിച്ചും വച്ചു.
ഉറക്കം വരുന്ന ലക്ഷണമില്ല.അസമയത്തു പകർന്നു കിട്ടിയതൊക്കെയും ഉറക്കം കെടുത്തും. വിചാരങ്ങൾ രക്തക്കറ പോലെയാണ് കഴുകിയാലും കഴുകിയാലും പോകില്ല.
“അപ്പന്റെ മനസ്സിലുള്ളത് കേൾക്കേണ്ടായിരുന്നു.”
അയാൾ ആണിത്തുളവീണ ചുമരിലെ കർത്താവിന്റെ ചിത്രം നോക്കി കിടന്നു. വലിയ പള്ളിയിലെ അമ്പ് തിരുനാളാഘോഷത്തിന് പോയപ്പോൾ വാങ്ങിയ ചിത്രമാണ്. കൊല്ലം എത്ര കഴിഞ്ഞിരിക്കുന്നു. തന്റെ അപ്പന് വയസ്സായി തനിക്ക് വയസ്സായി പക്ഷേ ചുമരിലെ ചില്ലിട്ട കർത്താവിന് ഒരു മാറ്റവുമില്ല. ദൈവപുത്രന് വയസ്സാവുകയില്ല. പക പോലെ നിത്യ യൗവനം ഉള്ളത് ദൈവങ്ങൾക്ക് മാത്രമാണ്. മഴപെയ്യ്തതും ചുമ്മാർ പൊടുന്നനെ ഉറങ്ങിപ്പോയി.
കുതിരയുടെ വലിയ കല്ലറ മഴയിൽ കുളിക്കുന്നത് അയാൾ സ്വപ്നം കണ്ടു. അനന്തരം കൂട്ടമണി മുഴങ്ങി. ചുമ്മാർ പേടിച്ചൊന്നുമില്ല. സ്വപ്നം അയാൾക്ക് നല്ല നിദ്ര നൽകി.
പതിവിന് വിപരീതമായി ചുമ്മാർ ഏഴാം പുലരിയിൽ എഴുന്നേറ്റ് വെള്ളേപ്പം ചുട്ടു. തേങ്ങാപ്പാലിൽ മുക്കി വെള്ളപ്പം അപ്പന് കൊടുത്തു.
തീറ്റക്കും ഉറക്കത്തിനുമിപ്പോൾ അപ്പന് നേരവും കാലവുമില്ല . മനുഷ്യർക്ക് വയസ്സാകുമ്പോൾ ലോകത്തിന്റെ സമയത്തിനനുസരിച്ച് ജൈവഘടികാരം ഓടുകയില്ല. അപ്പോൾ സമയം പിടിവലി കൂടും. അത് ഒത്തുതീർപ്പാക്കാനാണ് മരണം ഒരാളെ തിരഞ്ഞു വരുന്നത്.
നനഞ്ഞ തുണി കൊണ്ട് കയ്യും മുഖവും തുടച്ചു കൊടുക്കുമ്പോൾ ചുമ്മാറിന് അപ്പനോട് ദയ തോന്നി. വല്ലാത്ത സ്നേഹം തോന്നി.
“നേരം പരപരാ വെളുക്കുമ്പോഴേക്കും ഏലിയാമ്മ വരും. അതുവരെ സമാധാനമായി ഉറങ്ങിക്കോ.” കയ്യൊടിഞ്ഞ മരക്കസാലയിൽ നിന്ന് അപ്പനെ എഴുന്നേൽപ്പിച്ച് കട്ടിലിലേക്ക് കിടത്തുമ്പോൾ ചുമ്മാർ പറഞ്ഞു.
അപ്പൻ അതിന് മൂളുക പോലും ഉണ്ടായില്ല. പകരം കണ്ണടച്ച് കുരിശു വരച്ചു.
പെങ്ങൾ അപ്പനെ കുളിപ്പിക്കാൻ വരുന്നതിനു മുമ്പു ചുമ്മാർ വെറും വയറോടെ വീടിറങ്ങി.
മകൻ ധൃതിപെട്ടു പോകുന്നത് ലോന ജനൽ വഴിക്കണ്ടു. അവൻ തന്റെ യൗവനവുമായി കടന്നു പോകുകയാണെന്ന് ലോനക്ക് തോന്നി.
“മാർക്കം കൂടിയ തെമ്മാടി ചെറുമന്റെ ചെക്കനല്ലേ…”
പണിയെടുക്കുന്ന പാടത്തും വരമ്പത്തും പള്ളി പരിസരത്തും കല്ല്യാണവീടുകളിലും എന്നുവേണ്ട ആളുകൂടുന്നിടത്തെല്ലാം ഇത് എത്ര കേട്ടിരിക്കുന്നു. വിശപ്പ് സഹിക്കാം അപമാനം സഹിക്കാനാവില്ല.ലോന ചുമച്ചു.
വെളിച്ചം പരക്കുംതോറും തണുപ്പ് കൂടി വരുന്ന പ്രതിഭാസം ആയിരുന്നു പുറത്ത്. ചുമ്മാറിന് ഉത്സാഹം കെട്ടില്ല. അയാൾ കൈവീശി നടന്നു. ഇര പിടിക്കാൻ ഇറങ്ങിയ കിളികളും ചെറു മൃഗങ്ങളും കരുതിയത് അയാൾ വേട്ടക്ക് പോകുകയാണെന്നാണ്.
.
സെമിത്തേരി മുക്ക് അകലെയായിരുന്നില്ല.വിണ്ടുകീറിയ കാലുകൾ കൊണ്ട് ചുമ്മാർ വഴി ദൂരമത്രയും അമർത്തി ചവിട്ടി നടന്നു. ആറടി മണ്ണ് അളക്കും പോലെയായിരുന്നു ആ ചലനം.
“സായിപ്പിന്റെ ഭാര്യയെ കേറിപ്പിടിച്ചത് കൊണ്ടാണ്, അപ്പനെ കുതിരയെക്കൊണ്ട് ചവിട്ടിച്ച് കൊന്നതെന്നാണ് നാട്ടുകാർ പറഞ്ഞു നടന്നത്. പക്ഷേ സത്യം വേറെയായിരുന്നെടാ. സായിപ്പ് നാട്ടിലെ പെണ്ണുങ്ങളെ എല്ലാം തിരഞ്ഞുപിടിച്ചു പൂശും. പലപ്പോഴും അപ്പന് കാവൽ നിൽക്കേണ്ടിവരും. പച്ചക്ക് തൊലി പൊളിക്കുന്ന വേദനയാണ് അപ്പോൾ അപ്പന്. നാട്ടിൽ സായിപ്പ് കുഴിച്ച ഒരു കുളമുണ്ട്. പള്ളിക്കുളം.അത് നിറയെ പെണ്ണുങ്ങളുടെ കണ്ണുനീരാണെന്ന് അപ്പൻ പറഞ്ഞിട്ടുണ്ട്.”
ചുമ്മാർ അപ്പൻ പറഞ്ഞത് ഓർത്തുകൊണ്ട് സെമിത്തേരിയുടെ മതിൽ ചാടി. മഴ ചാറി. നേരം വെളുത്തിട്ടും സെമിത്തേരിയിൽ ഇരുട്ട് മൂടി കിടന്നിരുന്നു. ചുമ്മാർ കുതിരയുടെ കുഴിമാടം തിരഞ്ഞു പിടിച്ചു. അയാൾ സ്വപ്നത്തിൽ കണ്ടതുപോലെ മഴപെയ്തു. ഒരു നിമിഷം കണ്ണടച്ചു നിന്നപ്പോൾ ചുറ്റിലും ഉള്ള നൂറുകണക്കിന് കല്ലറകൾക്കു മുകളിൽ കുതിരകൾ കയറി നിൽക്കുന്നത് അയാൾ കണ്ടു. കണ്ണുതുറന്ന് കുരിശു വരച്ചതും എല്ലാം പൂർവ്വാവസ്ഥയിലായി. സ്വയം ധൈര്യപ്പെടുത്താൻ വേണ്ടിയാണ് പുലർക്കാലത്ത് സെമിത്തേരിയിൽ വന്നത്. ഇന്ന് രാത്രി താൻ ഇത് മാന്തും. ഇനി ഈ പകൽ കൂടിയേ കുതിരയ്ക്കി വിടെ അന്ത്യനിദ്രയുള്ളൂ.
പൊടുന്നനെ മഴ നിന്നു. ചുമ്മാർ, ആത്മാക്കളെ സാക്ഷിനിർത്തി വചന മെഴുതിയ മതിലിന്റെ മുകളിൽ നിന്നും കുതിരപ്പുറത്ത് നിന്നെന്നോണം താഴേക്കു ചാടി. നേരെ ധൃതിപ്പെട്ട്പോയത് അവറാച്ചന്റെ അറവുശാലയിലേക്കാണ്. ഈ ഗ്രാമത്തിൽ ആദ്യം ഉണരുന്നതും പണി തുടങ്ങുന്നതും അയാളാണ്. അപ്പന്റെ പ്രായമുണ്ടെങ്കിലും മെലിഞ്ഞ എണ്ണമിനുപ്പുള്ള ശരീരം മുഴുവനും മാംസപേശികളാണ്. അവറാൻ ഷർട്ട് ധരിച്ചു ആരും കണ്ടിട്ടേയില്ല. ചാട്ടവാറു കൊണ്ടെന്നേണം അടികിട്ടി കല്ലിച്ചു പോയ പാടുകൾ നാട്ടുകാരെ കാണിച്ചു കൊണ്ട് നടക്കും.
അയാൾക്ക് അറവില്ലാത്ത പ്രഭാതങ്ങളില്ല. ദിവസവും ചോര കണ്ടില്ലെങ്കിൽ അവറാന് അസുഖം വരും!
“എന്താടാ ഇത്ര രാവിലെ?”
അവറാൻ മിണ്ടാപ്രാണികളുടെ ചോര പടർന്ന കൈകൾ മുണ്ടിൽ തുടച്ചുകൊണ്ട് ചോദിച്ചു.
“ഒരു കാള വാൽ വേണം.”
അവറാൻ അകത്തേക്ക് കടന്ന് വളയം പോലെ ചുരുട്ടിയ വാലുമായി പുറത്തേക്ക് വന്നു.
“വെട്ടിവച്ചിട്ട് അധികനേരമായില്ല. ജീവനുണ്ട് മുറുക്കിപ്പിടിച്ചോണം”
ചുമ്മാർ വാലു വാങ്ങി പണം നീട്ടി.
“വേണ്ട. ഇതെന്റെ വക. കൊണ്ടുപോയി അപ്പന് സൂപ്പ് വെച്ച് കൊടുക്ക്.”
വഴിയിലുടനീളം അപ്പൻ പറഞ്ഞ കഥയോർത്താണ് ചുമ്മാർ നടന്നത്.
“അന്നൊക്കെ വറുതിയുടെ കാലമായിരുന്നു. എങ്കിലും അപ്പന് ഭക്ഷണം കിട്ടും.കാരണം എല്ലുമുറിയെ പണിയെടുക്കാനുള്ളതുകൊണ്ട് സായിപ്പ് വയറു നിറയെ തിന്നാൻ കൊടുക്കും. കുതിരക്കുള്ളതും അപ്പനാണ് ഉണ്ടാക്കുന്നത്. പുല്ലരിഞ്ഞു കൊടുക്കുന്നതു കൂടാതെ ദിവസവും പറകണക്കിന് മുതിര പുഴുങ്ങി കൊടുക്കണം. കുതിര പന്തി വൃത്തിയാക്കുന്നതും കുതിരയെ കുളിപ്പിക്കുന്നതും അപ്പന്റെ പണിയായിരുന്നു. ലാടമടിക്കാനും അറിയാം. എല്ലാ പണിയും ചെയ്യും. മടിയില്ലാത്ത മനുഷ്യനായിരുന്നു. എന്നിട്ടും സായിപ്പ് കുതിര കേറും. സായിപ്പിനെ പോലെയായിരുന്നില്ല മദാമ്മ അവർക്ക് കരുണയുണ്ടാ യിരുന്നു. പക്ഷേ അതൊന്നും അപ്പന് തുണയായില്ല.”
ചുമ്മാർ വീടെത്തുമ്പോഴേക്കും കാള വാലിലെ മുഴുവൻ ജീവനും പോയിരുന്നു.
മഴ നനഞ്ഞ മുറ്റം അടിച്ചു വാരുകയായിരുന്ന ഏലിയാമ്മ, ആങ്ങള മേലാസകലം നനഞ്ഞു വരുന്നത് കണ്ടു കോപപ്പെട്ടു.
“നിനക്കിത് എന്തിന്റെ കേടാണ്. ദീനം വന്നാ നോക്കാൻ ഞാനേ ഉള്ളൂ” സ്നേഹ ശാസനകൾ കേട്ടുകൊണ്ട് ചുമ്മാർ അടുക്കള വഴി അകത്തേക്ക് കയറി.
മേല് കഴുകി വന്നു. വെള്ളപ്പം തിന്നു കഴിയുമ്പോഴേക്കും അപ്പൻ ഉണർന്നിരുന്നു.
“നീ പുലർച്ചക്ക് എങ്ങു പോയി?”
“ഇറച്ചിക്കടയിൽ”
അപ്പൻ പിന്നെ കുറെ നേരത്തെക്കൊന്നും മിണ്ടിയില്ല.
ചുമ്മാർ കാള വാൽ തൊലി പൊളിച്ച് വൃത്തിയാക്കുമ്പോഴേക്കും, ഏലിയാമ്മ ഒരു വലിയ കലത്തിൽ വെള്ളം തിളപ്പിക്കാൻ വെച്ചു.
“അവറാൻ എന്തു പറഞ്ഞെടാ?” ലോന ചുമ നിർത്തി ചോദിച്ചു.
“എന്റെ ജീവിതം അവറാനോട് കടപ്പെട്ടതാണ്. അപ്പനെ തെമ്മാടിക്കുഴിയിൽ നിന്നും മാന്തിയെടുക്കാൻ ചെന്നപ്പോൾ കൂടെ വന്നത് അവനാണ്. നാട്ടുകാർ അറിഞ്ഞപ്പോൾ എന്നെക്കാൾ കൂടുതൽ തല്ലുകൊണ്ടതും അവനാടാ… അവറാനെ… മരിക്കുന്നതിനുമുമ്പ് ഒരിക്കലെങ്കിലും എന്നെയൊന്നു തള്ളിപ്പറയടാ.” ലോന ഉറക്കെ കരഞ്ഞു.
അടുപ്പിൽ പുകയുതുമ്പോൾ ഏലിയാമ്മയും കരഞ്ഞു.. ചുമ്മാർ വ്യസനമടക്കി, ചെറുതായി നുറുക്കിയ വാലിറച്ചി കഴുകി.
“ഞാനൊരു തെറ്റും ചെയ്തിട്ടില്ല എല്ലാരും എന്നെ പാപിയാക്കി” ലോന പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരുന്നു.
ഒറ്റയ്ക്ക് നടക്കാൻ കഴിയാതാകുമ്പോൾ മനുഷ്യരെല്ലാം തിരുപുസ്തകമാകും പിന്നീടുള്ള ജീവിതം വചനങ്ങളുടെ താളുകളാണ്. ആങ്ങളയും പെങ്ങളും സമാധാനപ്പെടാൻ ആഗ്രഹിച്ചുകൊണ്ട് കാളവാൽ സൂപ്പ് ഉണ്ടാക്കാൻ തുടങ്ങി.
“പാരമ്പര്യ ദുഃഖം ഒരു മാറാരോഗമാണ്”
വേദപുസ്തകം തുറന്നതുപോലെ ലോനയുടെ മുഖത്ത് പ്രകാശം ഉണ്ടായി.
ഏലിയാമ്മ തിളച്ച വെള്ളത്തിലേക്ക് വാലിറച്ചികഷ്ണങ്ങൾ ഇട്ടു. അരിഞ്ഞുവെച്ച ഒരു ബോംബായുള്ളിയും, നുറുക്കിവെച്ച അഞ്ചു പച്ചമുളകും, ചതച്ച ഒരു വലിയ കഷണം ഇഞ്ചിയും ചുമ്മാർ കലത്തിലേക്ക് തൂവി. കൂടുതൽ തിള വരുംമുമ്പ്, ഏലിയാമ്മ ആറ് നുള്ള് മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും കലത്തിൽ വിതറി.
ഇനി മസാല ചേർക്കണം.
ഒരു വെളുത്തുള്ളി, ആറ് ഏലക്കായ. അഞ്ചു നുള്ള് കുരുമുളക്. കറുവപ്പട്ട, ഗ്രാമ്പു എന്നിവ ചതച്ചെടുത്തത് ഏലിയാമ്മ ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റിവച്ചു. അതിൽനിന്ന് പകുതി എടുത്തു ചുമ്മാർ കലത്തിലേക്ക് ഇട്ടു അടിച്ചേറ്റി കൊണ്ട് മൂടിവെച്ചു.
ഇറച്ചി വെന്തം മണം പുറത്തേക്ക് വന്നപ്പോൾ ഏലിയാമ്മ അടുപ്പിലെ തീ കുറച്ചു.
സൂപ്പിന്റെ നറുമണം അടുക്കളയിൽ നിന്ന് കിടപ്പറയിലേക്ക് വന്നു.ലോന അത് മൂക്കിലേക്ക് വലിച്ചു കയറ്റി.
“സായിപ്പിന്റെ അടുക്കളയിൽ നിന്ന് മദാമ്മ വഴി അപ്പന് കിട്ടിയതാണ് കാള വാൽസൂപ്പിന്റെ പാചകരഹസ്യം.വല്ലപ്പോഴും മാത്രമേ അപ്പൻ സൂപ്പ് ഉണ്ടാക്കുമായിരുന്നുള്ളൂ.അപ്പൻ പോയതിൽ പിന്നെയാണ് എല്ലാ ആണ്ടിനും ഞാൻ സൂപ്പ് ഉണ്ടാക്കി ശീലിച്ചത്.” ലോന തല ചരിച്ചു കിടന്ന് കണ്ണുതുടച്ചു.
“തെമ്മാടിക്കുഴിയിലാണെങ്കിലും ആരും കാണാതെ ഒരു കോപ്പ സൂപ്പ് അപ്പന് നേർച്ച കൊടുക്കും. എന്തൊരു വിധിയാണ് എന്റേത് കർത്താവേ.”
അപ്പന്റെ സങ്കടങ്ങൾ കൂടി ചേർത്തിട്ടാണ് ഇന്ന് സൂപ്പ് ഉണ്ടാക്കുന്നതെന്ന് മക്കൾക്ക് തോന്നി.
ചുമ്മാർ ഒരു ബോംബായുള്ളി കൂടി നുറുക്കി. ഏലിയാമ്മ പതയ്ക്കുന്ന കലത്തിന്റെ അടിച്ചേറ്റി നീക്കി. രണ്ടു നുള്ള് മഞ്ഞൾ പൊടിയും മാറ്റിവെച്ച മസാലയും നുറുക്കിയ ഉള്ളിയിൽ കുഴച്ചെടുത്തു. ഇതെല്ലാം ചുമ്മാർ കലത്തിലേക്ക് ഇട്ടശേഷം ചിരട്ടക്കയിൽ കൊണ്ടിളക്കി.
അടുപ്പുകത്തും പോലെ ലോനയുടെ നെഞ്ചെരിഞ്ഞു.
“കുതിരയുടെ ചാണോം മൂത്രോം കോരും, കുളിപ്പിക്കും, വയറു നിറയെ തിന്നാൻ കൊടുക്കും. ഈച്ച വരാതിരിക്കാൻ നിത്യവും കുതിരപ്പന്തിയിൽ പുകയിട്ടു കൊടുക്കും. എന്നിട്ടും ആ ജന്തുവിന് അപ്പനോട് സ്നേഹമില്ലായിരുന്നു. മനുഷ്യനായാലും മൃഗമായാലും വെളുത്തവർക്ക് കറുത്തവരോട് പുച്ഛമാണല്ലോ. തക്കം കിട്ടുമ്പോഴൊക്കെ കാലുകൊണ്ട് തോഴിക്കും. അധികാരത്തിന് മനുഷ്യരോട് സ്നേഹമുണ്ടാവില്ല പിള്ളേരെ.” മരണം തൊടാൻ വരുന്നവന്റെ വാക്യം പോലെ ലോന പുലമ്പി.
കല്ലറയിൽ മനുഷ്യൻ ജീർണ്ണിക്കുന്നതിന് കുരിശ് കാവൽ നിൽക്കുന്നതുപോലെ, മക്കളായ ചുമ്മാറും ഏലിയാമ്മയും അപ്പന്റെ വാക്കുകൾ അന്തരീക്ഷത്തിൽ അലിയുന്നതിന് മൂകസാക്ഷിയായി.
തീയൂതി ഏലിയാമ്മയും ചുമ്മാറും തളർന്നപ്പോൾ സൂപ്പ് പാകമായി. അവസാനമായി മല്ലിയില ചേർക്കാൻ ഇല്ലാത്തതിനാൽ ചുമ്മാർ അടുപ്പ് കെടുത്തി കലം തെരികയിൽ ഇറക്കിവെച്ചു.
അപ്പൻ പണ്ട് ഉണ്ടാക്കിയിരുന്ന സൂപ്പിന്റെ അതേ മണം അയവിറക്കി ലോന ആഹ്ലാദവാനായി. ആരോഗ്യവാനായി.
“ഇന്നു ഞാൻ അപ്പനൊപ്പം സൂപ്പ് കുടിക്കും” അയാൾ നിർത്താതെ ചിരിച്ചപ്പോൾ ശരീരത്തിനൊപ്പം കട്ടിലും കുലുങ്ങി.
സൂപ്പിന്റെ മണം ചുമ്മാറിനെയും ഊർജ്ജസ്വലനാക്കി. അയാൾ ആരോടും മിണ്ടാതെ കൈകോട്ടും ചെറിയ പ്ലാസ്റ്റിക് ചാക്കുമെടുത്തു പൊടുന്നനെ ഇറങ്ങിപ്പോയി. വെയിൽ ഇല്ലാഞ്ഞിട്ടും, ഈർക്കിൽ ചൂലിന്റെ വരവീണ മുറ്റത്ത് അപ്പോഴേക്കും നനവ് തീർത്തും വറ്റിപ്പോയിരുന്നു.
“കന്നിമാസമാണ്. ഇന്ന് അപ്പൻ പോയ ദിവസമാണ്. സായ്‌പ്പിന്റെ കുതിര പ്രാണൻ തട്ടിപ്പറിച്ച നിമിഷമാണ്.”
“ഒന്ന് മിണ്ടാതിരിയപ്പാ. ഏതുനേരവും മരണത്തെപറ്റിയെ പറയാനുള്ളോ?” ഏലിയാമ്മ ഉച്ചത്തിൽ ചോദിച്ചു.
ലോന മറുപടി പറയാതെ കുരിശ് വരച്ചു കിടന്നു. അയാൾ ഉറക്കം ഉണരുമ്പോഴേക്കും ചുമ്മാർ നിറഞ്ഞ ചാക്കുമായി എത്തി. ബാധ കയറിയവനെ പോലെ അയാൾ അപ്പനെ കുലുക്കി വിളിച്ചു.
“അപ്പ ഇത് നോക്ക്.”
ലോന കണ്ണുതുറന്ന് ചാക്കിലേക്ക് നോക്കി.
“പൊടിഞ്ഞു തുടങ്ങിയ തലയോട്ടിയും അസ്ഥിക്കഷണങ്ങളും”
“അപ്പാ…” ലോന കരഞ്ഞു.
കണ്ണുനീർ തലയോട്ടിയിലേക്ക് വീണു.
അപ്പന്…
അപ്പന്റപ്പന്…
മൂവരും ചേർന്ന് സൂപ്പ് നേർച്ച കൊടുത്തു.
വെയിലില്ലാത്ത ദിവസമായതിനാൽ അന്ന് രാത്രിയാകാൻ അധികനേരമെടുത്തില്ല. ചാക്കുമായി ചുമ്മാർ ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി.
പച്ച മലനിരകളിൽ നിന്ന് മഞ്ഞുനീങ്ങി പോകുന്നത് ഇരുട്ടിലും വ്യക്തതയോടെ കാണാമായിരുന്നു. താഴ് വരയിലെ കടകളെല്ലാം അടഞ്ഞു കിടപ്പാണ്. ഒരു കടയിൽ നിന്ന് മാത്രം മഞ്ഞ വെളിച്ചം പുറത്തേക്ക് വരുന്നത് ചുമ്മാർ കണ്ടു. ഉറക്കം നഷ്ടപ്പെട്ട ഒരു ശവപ്പെട്ടി കടയായിരുന്നു അത്. അയാൾ പുതിയതായി ഒന്നും ആലോചിക്കാതെ നനഞ്ഞ പാതയിലൂടെ വേഗം നടന്നു. വിചാരിച്ചതിലും നേരത്തെ സെമിത്തേരിമുക്കിലെത്തി.
“സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ നിനക്ക് ഞാൻ തരും. – മത്താ 16:19”
ഇങ്ങനെ എഴുതിയ വൃത്തിയുള്ള മതിലിനു അപ്പുറത്തേക്ക് ചുമ്മാർ നിറചാക്ക് എറിഞ്ഞു. അതേ വേഗത്തിൽ മതിൽ ചാടി.
സെമിത്തേരിയിലെ ഇരുട്ടിൽ കുതിരയുടെ ശവക്കല്ലറ കണ്ടുപിടിക്കാൻ അയാൾക്ക് പ്രയാസമുണ്ടായില്ല. ഓർമ്മകൾ പോലെ പഴകിയ ഒരു അനുഭവത്തെ കുത്തിപ്പൊളിക്കാൻ ലോനയുടെ മകൻ ചുമ്മാറിന് ആവേശമായിരുന്നു. ഭയമോ അനാരോഗ്യമോ അപ്പോൾ അയാളെ പിടികൂടിയില്ല.
കല്ലറ തുറന്നപ്പോൾ കുതിരചാണകത്തിന്റേതെന്ന് തോന്നിക്കുന്ന പഴകിയ ദുർഗന്ധം പുറത്തേക്ക് വന്നു. ചുമ്മാറിന് തലകറങ്ങി. ഒരാശ്വാസത്തിനായി അയാൾ ദൂരെയുള്ള പള്ളിയിലേക്ക് നോക്കി സ്വയം ബലപ്പെട്ടു.
കുതിരയെ കുത്തനെ അടക്കിയ കല്ലറക്ക് നല്ല ആഴം ഉണ്ടായിരുന്നു. അയാൾ ടോർച്ച് കുഴിയിലേക്ക് പ്രകാശിപ്പിച്ചു.
ജീർണിച്ച് തീരാൻ കൂട്ടാക്കാത്ത ഏതാനും ചില അസ്ഥികൾ മാത്രം!
ഓടി നടക്കുകയും ബലംപ്രയോഗിക്കുകയും പേടിപ്പിക്കുകയും കൊല്ലുകയും ചെയ്ത അധികാരത്തിന്റെ കുളമ്പടികൾ. ചുമ്മാർ കുഴിയിലേക്ക് എടുത്തുചാടി അതെല്ലാം ഒറ്റയടിക്ക് വെടിപ്പാക്കി.
കുഴിയിൽ നിന്നും മുകളിലേക്ക് നോക്കിയപ്പോൾ പള്ളിക്കുരിശിന്റെ ഒരറ്റം മാത്രം കണ്ടു. ആ സന്തോഷത്തിൽ അയാൾ കുഴി കയറി. കൊണ്ടുവന്ന ചാക്കിലെ അസ്ഥികൾ പൂവിതറും പോലെ കുഴിയിലേക്ക് തള്ളി. കനപ്പെട്ട ഇരുട്ടിൽ പിന്നീട് അയാൾ ചെയ്തതൊന്നും ആരും കണ്ടില്ല. തിരിച്ചുവരുമ്പോൾ ടോർച്ചിലെ വെളിച്ചം കെട്ടിരുന്നു.
ഏലിയാമ്മ പ്രതീക്ഷിച്ചതിലും നേരത്തെയാണ് ആങ്ങള കയറിവന്നത്. വിയർപ്പുണങ്ങാൻ നിൽക്കാതെ ചുമ്മാർ കുളിക്കാൻ കയറി.
ഏലിയാമ്മ അപ്പനെ ഉണർത്തി. ലോന പരസഹായമില്ലാതെ എഴുന്നേറ്റ്, കൈപൊട്ടിയ മരക്കസേരയിൽ വന്നിരുന്നു. ഇടിമിന്നൽ ഉണ്ടായി ബൾബൊന്ന് മിന്നി.
മഴപെയ്യാൻ തുടങ്ങിയപ്പോൾ മൂന്നുപേരും ഒന്നിച്ച് അത്താഴം കഴിക്കാൻ ഇരുന്നു.
പുകക്കറ പിടിച്ച ബൾബിൽ നിന്നുള്ള മഞ്ഞ വെളിച്ചം അവരുടെ മാനസികാവസ്ഥയ്ക്ക് നന്നേ ചേരുന്നതായിരുന്നു.
“അന്നൊക്കെ പട്ടിണിയായിരുന്നു. ചോർന്നൊലിക്കുന്ന വീടായിരുന്നു. ചിമ്മിണി വിളക്കായിരുന്നു. കുടുംബത്തിന്റെ പശിയടക്കാൻ വേറെ മാർഗ്ഗമില്ലാതെ വന്നപ്പോൾ അപ്പൻ അത് ചെയ്തു. കുതിരക്കുള്ള പുഴുങ്ങിയ ഒരു സേറ് മുതിര ആരും കാണാതെ വീട്ടിലേക്ക് കടത്തിക്കൊണ്ടുവന്നു. എമ്പ്രാന്തിരിയുടെ വീട്ടിൽ നിന്ന് ഔദാര്യം കിട്ടിയ പഴംചൊറുകൂട്ടി തിന്നുകൊണ്ടിരിക്കുമ്പോഴാണ് കുതിരക്കുളമ്പടി കേട്ടത്. നാലാള് ചേർന്ന് അപ്പനെ പിടിച്ചുകൊണ്ടുപോയി. അന്ന് സായിപ്പ് കാള വാലുകൊണ്ടാണ് അപ്പനെ പൊതിരെ തല്ലിയത്. ചത്തില്ലെന്നേയുള്ളൂ.”
ലോന ഇത് പറഞ്ഞു കഴിഞ്ഞതും വിതുമ്പിക്കൊണ്ട് മേശമുകളിലേക്ക് തലകുത്തി കിടന്നു.
“അപ്പാ, എഴുന്നേൽക്കപ്പാ.”
ചൂടാക്കിയ സൂപ്പ്,ഏലിയാമ്മ മൂന്ന് കോപ്പകളിൽ വിളമ്പി. തിന്മശയിൽ ആവി പറന്നു.ഓർമ്മകളുടെ ഗന്ധം അകന്നപ്പോൾ ലോന തല ഉയർത്തി കണ്ണ് തുറന്നു.
“കഴിക്കപ്പാ…” ഏലിയാമ്മ ലോനയ്ക്കു അടുത്തിരുന്നു.
വായ പൊള്ളുന്നത് കണക്കാക്കാതെ ലോന യുവാവിനെ പോലെ സൂപ്പു കുടിച്ചു.
“എടാ കുതിരയുടെ അസ്ഥി നീ എന്ത് ചെയ്തു?” ലോന മകന്റെ മുഖത്തേക്ക് നോക്കി ആർജ്ജവത്തോടെ ചോദിച്ചു.
“ഞാനത് തെമ്മാടികുഴിയിൽ അടക്കി”
ഇതുകേട്ട് ലോന അഭിമാനത്തോടെ നിവർന്നിരുന്നു. സന്തോഷം കൊണ്ട് അയാൾക്ക് കൂടുതലൊന്നും മിണ്ടാനായില്ല.
“ഇനി അപ്പന് സമാധാനത്തോടെ കണ്ണടയ്ക്കാം.” ചുമ്മാറിനും അഭിമാനമുണ്ടായി.
“മക്കളെ, മുറ്റത്തൊരു കറുത്ത കുതിര നിൽപ്പുണ്ട്. നിങ്ങൾ കാണുന്നുണ്ടോ? അതിന്റെ പുറത്ത് ഒരാളുണ്ട്. അതു ഞാനാണ്. എന്റെ കയ്യിൽ ഒരു തുലാസ് ഉണ്ട്. തുലാസിന്റെ തട്ട് താഴോട്ടുമില്ല മേലോട്ടുമില്ല. സമം.” ലോന പണ്ട് നാടകത്തിൽ അഭിനയിച്ച അതേ ആവേശത്തോടെ പറഞ്ഞു.
ഏലിയാമ്മ ഒഴിഞ്ഞ കോപ്പകളിൽ വീണ്ടും സൂപ്പ് നിറച്ചു.
“ഞാൻ കുതിരയെ കണ്ടു. കുതിരപ്പുറത്ത് ഇരിക്കുന്നവനെ കണ്ടു. അയാളുടെ കയ്യിലുള്ള തുലാസ് കണ്ടു. തൂക്കം അധികവും ഇല്ല കുറവുമില്ല, സമം”ഏലിയാമ്മ ഇതും പറഞ്ഞു കുലുങ്ങി ചിരിച്ചു. അവൾക്കൊപ്പം ആങ്ങളയും അപ്പനും ചിരിച്ചു. മഴ കനത്തു.
മൂന്നുപേരും വയറു നിറയെ കാളവാൽ സൂപ്പു കുടിച്ചു. അതിൽ ഒരാളുടേത് അവസാനത്തെ അത്താഴമായിരുന്നു.
പിറ്റേന്ന് ഏലിയാമ്മയുടെ ശവമടക്കിന്, ചുമ്മാറിന്റെ കൈ പിടിച്ചാണ് ലോന പള്ളിയിലേക്ക് നടന്നത്.
ശവഘോഷയാത്രയുടെ പിറകിൽ, അവശനായ ഒരു കുതിര നടക്കുന്നുണ്ടായിരുന്നു. തല ഉയർത്തി നടക്കുന്ന ലോനയുടെ അടുത്തെത്താനാവാതെ കുതിര കുഴങ്ങി.