കുട്ടിക്കാലം മുതല്‍ മാതൃഭൂമിയിലെ നമ്പൂതിരി വരച്ച ചിത്രങ്ങൾ കാണാറുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ നേരില്‍ കാണാനാകുമെന്നും പരിചയപ്പെടാനാകുമെന്നും സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല.
കലാകൗമുദിയില്‍ ചേര്‍ന്നതോടെ അതിനുള്ള അവസരങ്ങള്‍ ഒത്തുവരികയാണുണ്ടായത്. ബാങ്ക് ജിവനക്കാരുടെ സംഘടനയായ ബീം നമ്പൂതിരിയുടെ രേഖാചിത്രപ്രദര്‍ശനം നടത്തിയപ്പോളാണ് അദ്ദേഹത്തെ നേരില്‍ക്കാണാനിടയായത്. സ്നേഹബഹുമാനങ്ങളോടെ ആ ബന്ധം ഇന്നലെ വരെ തുടര്‍ന്നു.
ഇനി ആ രീതിയില്‍ സ്നേഹിക്കാനും ബഹുമാനിക്കാനും ഒരാള്‍ ഇല്ല. കലാകൗമുദിക്കാലത്ത് ചിത്രങ്ങള്‍ കോഴിക്കോട്ടുനിന്ന് വരച്ചയയ്ക്കുകയായിരുന്നു. ചിത്രങ്ങള്‍ കാണാനുള്ള കൗതുകത്താല്‍ അതു കാത്തിരിക്കും.
കലാകൗമുദിയുടെ എഡിറ്റർ ജയചന്ദ്രന്‍ സാറിനൊപ്പമിരിക്കുമ്പോഴാകും (എസ്. ജയചന്ദ്രൻ നായർ ) പലപ്പോഴും ചിത്രങ്ങളുമായി മെസെഞ്ചര്‍ വരുന്നത്. കവര്‍ തുറന്ന് ചിത്രങ്ങളെടുക്കാന്‍ ജയചന്ദ്രന്‍ സാറ്‍ എന്നെ ഏൽപ്പിക്കുന്നതും, ചിത്രങ്ങള്‍ ആദ്യമായികാണാനാകുന്നതും അഭിമാനത്തോടെയാണ് ഇന്നും ഓര്‍ക്കുന്നത്.
എന്നാല്‍ ‘രണ്ടാമൂഴ’ത്തിന്‍റെ ചിത്രങ്ങള്‍ വരുമ്പോള്‍ ജയചന്ദ്രന്‍ സാർ തുറന്നു നോക്കി ആസ്വദിച്ചശേഷമായിരിക്കും എനിക്കു തരുന്നത്. ആ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പേജ് ലേ-ഔട്ട് ചെയ്യുന്നതും എത്ര നല്ല ഓര്‍മ്മകളാണിന്നും.
ആദ്യമായി ഞാന്‍ കലിഗ്രഫി പ്രദര്‍ശനം നടത്തിയപ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ നമ്പൂതിരിയെയാണ് ക്ഷണിച്ചത്. മടികൂടാതെ വരികയും ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. എന്നെ വരച്ചു തരികയും ചെയ്തു.
നമ്പൂതിരിയുടെ ചിത്രങ്ങളുടെ എക്സിബിഷൻ തിരുവനന്തപുരത്ത് നടക്കുന്നു. മോഹൻലാലാണ് ഉദ്ഘാടകൻ. മകൻ ഇവിടെ വന്ന് എന്നെ ക്ഷണിച്ചു. മോഹൻലാലിനെ നേരിൽ കാണാനുള്ള ആഗ്രഹത്താൽ എന്റെ മക്കളായ അപ്പുവും രാമുവും – അവർ അന്ന് സ്കൂളിൽ പഠിക്കുന്നു – എന്നോടൊപ്പം വന്നു. ഉദ്ഘാടനം കഴിഞ്ഞ് ജയചന്ദ്രൻ സാറുമായി സംസാരിച്ചിരിക്കുന്ന നമ്പൂതിരിയുടെ അടുത്തേക്ക് എന്റെ മകൻ രാമു ഒരു ഓട്ടോഗ്രാഫിനായി ചെന്നു. ഒരു മടിയും കൂടാതെ നമ്പൂതിരി രാമുവിന് എം ടി യുടെ ഒരു ചിത്രം വരച്ചു നൽകി. എന്നിട്ട് ഒരു കമന്റും ‘ഇതാണ് ഇപ്പോഴത്തെ സ്റ്റൈൽ’ – കൊച്ചു കുട്ടികളോടു പോലും സ്നേഹത്തോടെ പെരുമാറുന്ന നമ്പൂതിരിയുടെ സ്വഭാവം എല്ലാവരിലും അദ്ദേഹത്തോടുള്ള ആദരവ് വർദ്ധിപ്പിക്കും.
നിരന്തരം നേരില്‍ക്കാണാറില്ലെങ്കിലും കാണുമ്പോഴെല്ലാം ഓര്‍മ്മിക്കാനെന്തെങ്കിലും തരാതെ നമ്പൂതിരി മടങ്ങാറില്ല. ചിലപ്പോള്‍ ഒരു വരയാകാം, ഒരു ഫലിതമാകാം, ചെറുപ്പകാലത്തെ അനുഭവങ്ങളാകാം, ചില അഭിപ്രായ-നിര്‍ദ്ദേശങ്ങളാകാം. വളരെ വിനയത്തോടെ, നര്‍മ്മത്തോടെ അവ ലഭിക്കുന്നത് ഒരു ധന്യതയാണ്.