ഞാന്‍ ഒരു കഥ എഴുതിയിട്ടുണ്ട് 1994 ല്‍ ഒരു സ്ത്രീ മാസികയുടെ സ്ത്രീക്കഥാപതിപ്പില്‍. പേര് – നമ്പൂതിരിച്ചിത്രം.
നമ്പൂതിരി ഐ സി യു വില്‍ എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍, അക്കഥ ഓര്‍മ്മിക്കാന്‍ ശ്രമിച്ചു. എഴുതിവച്ചതെല്ലാം മറന്നു പോകുന്നതാണല്ലോ എന്റെ ശീലം. വായനക്കാരാരെങ്കിലും ഓര്‍മ്മിപ്പിക്കുമ്പോള്‍ ഓടിപ്പോയി ഒറിജിനലെടുത്തു വായിക്കും. അപ്പോള്‍ ഓര്‍മ്മ വ്യക്തമാവും.
നമ്പൂതിരി മരിച്ചു എന്ന വാര്‍ത്ത വന്നപ്പോള്‍ മനസ്സ് ശൂന്യമായി . കഥ തപ്പിയെടുക്കണം എന്ന് മനസ്സു പറഞ്ഞു. ഒരു ചെറിയ തിരക്കുണ്ടായിരുന്നു രാവിലെ. അതു കൊണ്ട് പറ്റിയില്ല .
എത്തേണ്ടിടത്ത് എത്തിയപ്പോള്‍, കാത്തിരിപ്പു ലോഞ്ചില്‍ പറ്റിക്കൂടിയിരുന്ന് വെറുതേ നമ്പൂതിരിയെ കുറിച്ചു തന്നെ ഓര്‍ത്തു.നമ്പൂതിരി മരിച്ചു എന്നറിഞ്ഞപ്പോള്‍, പ്രിയാമ്മ വല്ലതും എഫ് ബിയില്‍ എഴുതിയിട്ടുണ്ടാവും എന്നു കരുതിയെന്ന് അതിനിടെ ഗീതുവിന്റെ മേസേജ്.
അനേകം എഫ് ബി പോസ്റ്റുകളിലെ വരനമ്പൂതിരിയിലൂടെ കടന്നു പോകുമ്പോഴും ഒരു പോസ്റ്റെഴുതാന്‍ തോന്നിയില്ല .
പിന്നെ ദാമോദറിന്റെ ഫോണ്‍. “എനിക്ക് ഒരു നമ്പൂതിരിച്ചിത്രമാവണം എന്നു പറഞ്ഞ് ഒരു കഥയില്‍ എഴുതിയിട്ടില്ലേ പ്രിയേച്ചി” എന്നു ചോദിച്ചു ദാമോദര്‍. അങ്ങനെയെന്തോ ഒരു വരി സംഭവിച്ചിട്ടുണ്ട് നമ്പൂതിരിച്ചിത്രം എന്ന കഥയില്‍ എന്ന് കഷ്ടിച്ച് ഓര്‍ത്തെടുക്കാനായി. വര എനിക്ക് പ്രാണനാണെന്ന് ഗീതുവും ദാമോദറും ഈ അവസരത്തില്‍ ഓര്‍ത്തുവല്ലോ എന്ന് ഒരു സന്തോഷം വന്നുപോയി.
പിന്നെ വൈകുന്നേരം. പത്രങ്ങളിലെ പലപല പത്രങ്ങളിലെ ഒറ്റനമ്പൂതിരിയെ കുറിച്ചു വായിച്ചു.
അപ്പോഴും മനസ്സ് ശൂന്യം.
വെറുതേ ഓര്‍ത്തു, നമ്പൂതിരിവര എന്റെ കഥയ്ക്ക് എന്നത് എന്റെ വലിയ മോഹമായിരുന്നുവെങ്കിലും ഒരിക്കലും എന്റെ കഥയ്ക്കു വേണ്ടി വേണ്ടി അദ്ദേഹം വരയ്ക്കാനിട വന്നിട്ടില്ല. അദ്ദേഹം ഈ നമ്പൂതിരിച്ചിത്രകഥ കാണണമെന്ന് ഞാനാഗ്രഹിച്ചിരുന്നു. ആരെങ്കിലും പറഞ്ഞ് ഈ കഥയെക്കുറിച്ച് അദ്ദേഹമറിയണമെന്ന് കൊതിച്ചിരുന്നു. അദ്ദേഹത്തോട് ആരും പറഞ്ഞില്ല എന്നു തോന്നുന്നു. ഞാനാവട്ടെ സ്വതേയുള്ള ഉള്‍വലിയല്‍ കാരണമാവും, ഇക്കാര്യം നേരിട്ടും പറഞ്ഞില്ല. ഞാനദ്ദേഹത്തെ ഒരിക്കലും നേരില്‍ കാണാന്‍ ശ്രമിച്ചതുമില്ല. ഒരു കത്തു പോലും എഴുതിയതുമില്ല, അക്കഥയുള്ള ഒരു പുസ്തകം അയച്ചു കൊടുക്കാന്‍ പോലും തോന്നിയില്ല.
കഥ വായിച്ചു തീരവേ, നമ്പൂതിരിച്ചിത്രങ്ങള്‍ മനസ്സില്‍ തുള്ളിത്തുള്ളിപ്പടരാന്‍ തുടങ്ങി. നമ്പൂതിരിച്ചിത്രങ്ങളില്‍ മയങ്ങിപ്പോയ കണ്ണുകളുള്ള അന്നത്തെ ആ പെണ്‍കുട്ടി, നമ്പൂതിരിയെക്കുറിച്ചുള്ള എല്ലാ വാക്കും വരയും പരമ ശ്രദ്ധയോടെ വായിച്ച് ഉള്ളില്‍ കോറിയിട്ടിരുന്നു.അക്ഷരങ്ങളുടെ കാമ്പുകളില്‍ വരക്കമ്പം ചേര്‍ത്തുവച്ച് വാരികകളിലെ കഥകള്‍ക്കു വേണ്ടി കാത്തിരുന്ന ആ പെണ്‍കുട്ടി ഉള്ളില്‍ ഉണരുകയായി.വരയോ വാക്കോ വലുത് നിനക്ക് എന്നു ചോദിച്ചാല്‍ അവള്‍ എന്നും കുഴങ്ങിയിട്ടേയുള്ളു.
പതുക്കെ പ്രിയ എ എസ്സിന്റെ കഥകളില്‍ ( പൂര്‍ണ്ണ ബുക്സ്)നിന്ന് നമ്പൂതിരിച്ചിത്രം എടുത്തു വായിച്ചു. വാരികയിലെ ഒരു ഇലസ്ട്രേറ്റര്‍ സ്ത്രീയെക്കുറിച്ചുള്ളതാണ് അക്കഥ. അന്നാമറിയ എന്ന ആ സ്ത്രീയോട് അവരുടെ വരകള്‍ ശരിയാവുന്നില്ല എന്നു മാഗസിന്‍ എഡിറ്റര്‍, ക്യാബിനിലേക്കു വിളിച്ചു പറയുന്നിടത്താണ് കഥ തുടങ്ങുന്നത് . അതിനിടെ വാരികവരയുടെ പരമോന്നത ഉദാഹരണമായി അയാള്‍ നമ്പൂതിരിച്ചിത്രങ്ങളെക്കുറിച്ചു പറയുന്നു.
കഥ തീരുന്നതിങ്ങനെ-
വീണ്ടും വീണ്ടും കുരിശു വരച്ച് മറിയത്തിന്റെ കൈകള്‍ മുത്തി അന്നാ മറിയ തേങ്ങിപ്പറഞ്ഞു. എനിക്ക് നമ്പൂതിരിച്ചിത്രമാവണം. പ്രണയത്തിന്റെ കണ്ണുകളും വാത്സല്യത്തിന്റെ മുലകളും അഭയത്തിന്റെ മടിത്തട്ടും കവിത കിനിയുന്ന നീള്‍ വിരലുകളുമുള്ള നമ്പൂതിരിച്ചിത്രമാവണം എനിക്ക്.
കുഞ്ഞീശോ അതു കണ്ട് കൂടെക്കരയുകയും കുഞ്ഞിക്കൈ പരത്തിപ്പിടിച്ച് തന്റെയും അന്നയുടെയും കണ്ണീര്‍ തുടയ്ക്കുകയും പിന്നെയും കരയുകയും ചെയ്തു.
അക്കഥ വായിച്ച് അന്നെന്റെ ദില്ലിക്കൂട്ടുകാരനായിരുന്ന എൻ എസ് മാധവന്‍ പറഞ്ഞു , ഈ സ്ത്രീക്കഥാപതിപ്പില്‍ ഏറ്റവും നല്ല കഥ പ്രിയയുടേതാണ് .
ഇടയ്ക്ക് കഥയിലിങ്ങനെ…
വെറും വരകളാണ് കാര്യമൊക്കെ ശരി. പക്ഷേ വരകള്‍ക്ക് ആത്മാവ് വേണം. ഭാവം വേണം. വരകള്‍ കിലുങ്ങണം. സിഗററ്റില്‍ നിന്ന് പുക ഗന്ധമുയരണം. തീവണ്ടികള്‍ കൂവണം. ആശുപത്രികള്‍ കരയണം. വെറുതെ വരച്ചാല്‍ അത് വരയാവുമോ? ഇല്ലില്ല, അത് വെറും വട്ടവര, നീള്‍ വര, ചതുരവര.
അന്നയത് ശരിവച്ചപ്പോള്‍ അയാള്‍ തുടര്‍ന്നു- നമ്പൂതിരിച്ചിത്രങ്ങളിലെ പെണ്ണുങ്ങളുടെ മോഹിപ്പിക്കുന്ന ഉയരവും കവിത പുരണ്ട നീള്‍ വിരലുകളും കാറ്റടിച്ച് പറക്കുന്ന സാരിത്തുമ്പിന്റെ ലാസ്യവും കണ്ടിട്ടില്ലേ? നമ്പൂതിരിയോളം ഭംഗിയായി പെണ്ണുങ്ങളെ വരയ്ക്കാനറിയുന്നവര്‍ ഇനി എന്നുണ്ടാവും? അവര്‍ കഥയ്ക്കക്കനുസൃതമായി കുളക്കരയില്‍ നിന്ന് ഊഞ്ഞാല്‍പ്പലകയിലേക്ക് ഒഴുകിയിറങ്ങിയെന്നിരിക്കും.പുറം നിറഞ്ഞു കവിയുന്ന ഈറന്‍ തലമുടി വിടര്‍ത്തിയിട്ട് തുമ്പു മാത്രം കെട്ടി ഗ്രാമത്തെയാകെ വശീകരിച്ചെന്നിരിക്കും.മടമ്പുള്ള ചെരുപ്പുകളുടെ കാതടപ്പന്‍ ശബ്ദവും പാമ്പിന്റെ ചീറ്റല്‍ പോലുള്ള ഇംഗ്ലീഷ് ഉച്ചാരണവുമായി പുച്ഛരസത്തില്‍ നടന്നെന്നിരിക്കും. പൊക്കിള്‍ച്ചുഴി അശ്രദ്ധമായ ഒരു L പോലെ, പൂത്ത മുലകളുടെ ഉന്മത്ത ഭാവം കാണിക്കാന്‍ എങ്ങനെയോ ഒരു റ വര, അടിയിലേയ്ക്ക് കൂടുതല്‍ വളഞ്ഞ ഒരര്‍ദ്ധചന്ദ്രനിലൂടെ ഒരു ഗര്‍ഭത്തിന്റെ മുഴുപ്പുമാലസ്യവും…
ഒരു കഥയും തീരുന്നില്ല, ഒരു വരയും തീരുന്നില്ല.
അങ്ങ് ആകാശ മുകളിലിരുന്ന് നമ്പൂതിരി രണ്ടു മൂന്നു നീള്‍ വരകളാല്‍ മരിച്ചു കിടക്കുന്ന തന്നെത്തന്നെ വരയ്ക്കുകയാവാം.
എന്റെ പ്രിയ വരയാളേ, വിട പറയുന്നില്ല.
അങ്ങയുടെ വരകള്‍ അവസാനിക്കുന്നില്ലല്ലോ, അതൊരു നിലയ്ക്കാത്ത തുടര്‍ച്ചയാണല്ലോ…
നേരിട്ടു കാണാത്ത വരക്കാരാ, ഈ ഒരു കഥ തനിച്ചിരുന്ന് വായിക്കലല്ലാതെ ഞാന്‍ മറ്റെന്തു തരാന്‍ അങ്ങേക്ക് എന്റെ പ്രിയനമസ്‌ക്കാരത്തിന്റെ പ്രതീകമായി? ഇതങ്ങയ്ക്ക് വായിക്കാന്‍ തരാമായിരുന്നു എന്ന ഒരു ചെറുസങ്കടം ഉള്ളിലിരുന്ന് കുറുകുന്നു.
നീട്ടിപ്പരത്തി കൂടുതലെന്തു വരയ്ക്കാന്‍ ഞാനങ്ങയെക്കുറിച്ച് വാക്കുകള്‍കൊണ്ട്? എങ്ങനെ എഴുതിയാലാണ് വരയെക്കുറിച്ചുള്ള വാക്ക് പൂര്‍ണ്ണമാവുക ?