തിരുവനന്തപുരം: കെ.എസ്.ഇ.ബി ഭൂമി കൈമാറ്റം റദ്ദാക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമവിരുദ്ധ കൈമാറ്റം എംഎം മണി മന്ത്രിയായിരുന്ന കാലത്താണെന്നും കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതിന്റെ ഭാരം സാധാരണക്കാരന്റെ തലയിൽ ചാർജ് വർധനവിലൂടെ കെട്ടിവെയ്ക്കാമെന്ന് കരുതേണ്ടെന്നും വിഡി സതീശൻ വ്യക്തമാക്കി.
പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പിന്റെയോ സർക്കാരിന്റെയോ അനുമതി ഇല്ലാതെ നിയമവിരുദ്ധമായാണ് കൈമാറ്റം ചെയ്തത്. എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും സി.പി.എം സംഘങ്ങൾക്കും നൂറ് കണക്കിന് ഏക്കർ ഭൂമിയാണ് ഇത്തരത്തിൽ കൈമാറിയത്. എം.എം മണിയുടെ മരുമകൻ പ്രസിഡന്റായ ബാങ്കിനും ഭൂമി നൽകിയിട്ടുണ്ട്. പുറമ്പോക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനാണ്. സർക്കാരിന്റെ ഭൂമി ബന്ധക്കാർക്കും പാർട്ടിക്കാർക്കും കൊടുത്തതിനെയാണ് പ്രതിപക്ഷം എതിർക്കുന്നത്-വിഡി സതീശൻ വ്യക്തമാക്കി.
അഴിമതി കൊണ്ടും കെടുകാര്യസ്ഥത കൊണ്ടും കെ.എസ്.ഇ.ബിക്ക് ആയിരക്കണക്കിന് കോടി രൂപ നഷ്ടപ്പെടുത്തിയതിന്റെ ഭാരം സാധാരണക്കാരന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നീക്കത്തിൽ നിന്നും പിൻമാറണം. കെ.എസ്.ഇ.ബിക്ക് ഉണ്ടായിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അഞ്ച് വർഷക്കാലമായി നടന്ന അഴിമതിയും കെടുകാര്യസ്ഥതയുമാണ്. അതിന് കേരളത്തിലെ ജനങ്ങളെ ഇരകളാക്കാൻ പാടില്ല. ഈ സാഹചര്യത്തിൽ വൈദ്യുതി ചാർജ് വർധിപ്പിക്കമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യം റെഗുലേറ്ററി കമ്മിഷനിൽ നിന്നും പിൻവലിക്കണം. കോവിഡ് മഹാമാരിയിലും അതേത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയിലും ബുദ്ധിമുട്ടിലായ സാധാരണക്കാരെ ഇനിയും പീഡിപ്പിക്കരുതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Content Highlights: vd satheesan asks kerala government to quash unlawful land deals of kseb