തിരുവനന്തപുരം: ഗുണനിലവാരവും വിലക്കുറവും ഉറപ്പാക്കി ഭക്ഷ്യോത്‌പന്നങ്ങൾക്ക് മിൽമ മാതൃകയിൽ സഹകരണ വിപണനശൃംഖല ഒരുങ്ങുന്നു. സഹകരണസംഘങ്ങളുടെ ഉത്‌പന്നങ്ങൾക്ക് വിപണി ഉറപ്പാക്കാൻ തയ്‌യാറാക്കിയ കോ-ഓപ് മാർട്ട് പദ്ധതിയാണ് വിപുലീകരിക്കുന്നത്.
സഹകരണസംഘങ്ങളുടെയും കർഷകക്കൂട്ടായ്മകളുടെയും ഉത്‌പന്നങ്ങൾ കോ-ഓപ് കേരള എന്നപേരിൽ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കും. കോഴിക്കോട്ടെ മാർക്കറ്റിങ് സഹകരണ സംഘമായ എൻ.എം.ഡി.സി.ക്കാണ് (നോർത്ത് മലബാർ ഡിസ്ട്രിക്‍ട് മാർക്കറ്റിങ് സഹകരണ സംഘം) വിപണനശൃംഖല ഒരുക്കാനുള്ള ചുമതല.
ബ്രാൻഡിങ് ആൻഡ് മാർക്കറ്റിങ് ഓഫ് കോ-ഓപ്പറേറ്റീവ് പ്രോഡക്‍ട് എന്നപേരിൽ കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ് പദ്ധതി തയ്‌യാറാക്കിയത്. കോ-ഓപ് മാർട്ട് എന്നപേരിൽ കൺസ്യൂമർ സ്റ്റോറുകൾ തുടങ്ങാനായിരുന്നു പദ്ധതി. എന്നാൽ, ഓരോ ജില്ലയിലും ഓരോ കോ-ഓപ് മാർട്ട് വീതം തുടങ്ങിയതുമാത്രമാണ് നടന്നത്.
പദ്ധതിനിർവഹണം നാലായി വിഭജിച്ച് നാല് സംഘങ്ങൾക്കാണ് നൽകിയത്. ഏകോപനച്ചുമതല ആർക്കുമുണ്ടായിരുന്നില്ല. ഉത്‌പന്നങ്ങൾ ശേഖരിക്കാനും സംവിധാനമുണ്ടായിരുന്നില്ല. ഇതോടെ പദ്ധതി നിലച്ചു.
സഹകരണസംഘം രജിസ്ട്രാറായി പി.ബി. നൂഹ് ചുമതലയേറ്റതോടെയാണ് പദ്ധതി പുതുക്കിയത്. സഹകരണ വിപണന ശൃംഖല എന്ന ആശയം മുൻനിർത്തി എൻ.എം.ഡി.സി. പദ്ധതിരേഖ തയ്‌യാറാക്കി. സഹകരണ സംഘങ്ങളിലൂടെ കാർഷികാധിഷ്ഠിത സംരംഭങ്ങളും മൂല്യവർധിത ഉത്‌പന്ന യൂണിറ്റുകളും തുടങ്ങി ഉത്‌പന്നങ്ങൾ കോ-ഓപ് മാർട്ടിലൂടെ വിറ്റഴിക്കുകയെന്ന കാഴ്ചപ്പാടാണ് എൻ.എം.ഡി.സി. മുന്നോട്ടുവെച്ചത്.
സ്ത്രീ-കർഷക കൂട്ടായ്മകൾക്കും സംരംഭകരാകാം. സഹകരണ ബാങ്കുകൾ വായ്പ നൽകും. ഉത്‌പന്നങ്ങൾ എൻ.എം.ഡി.സി. ഏറ്റെടുത്ത് കോ-ഓപ് മാർട്ടുകളിലെത്തിക്കും. ഇത് അംഗീകരിച്ചാണ് സഹകരണ വിപണനശൃംഖല ഒരുക്കാനുള്ള ചുമതല എൻ.എം.ഡി.സി.ക്ക് നൽകി ഉത്തരവായത്.
സഹകരണ ബാങ്കുകളിലൂടെ കാർഷിക വായ്പ നൽകി ഉത്‌പാദിപ്പിക്കുന്ന കാർഷികവിളകൾ, സഹകരണ സംഘങ്ങൾ തുടങ്ങുന്ന സംരംഭങ്ങൾ ഏറ്റെടുത്ത് എൻ.എം.ഡി.സി. വഴി കോ-ഓപ് മാർട്ടുകളിലൂടെ വിറ്റഴിക്കുകയാണ് ലക്ഷ്യം. പാൽ സംഭരണവും വിപണനവും മിൽമ ഏറ്റെടുത്ത മാതൃകയാണിത്. കർഷകർക്ക് വരുമാനവും സഹകരണ ബാങ്കുകൾക്ക് വായ്പത്തിരിച്ചടവും ഇതിലൂടെ ഉറപ്പാക്കാനാകുമെന്ന് പദ്ധതിരേഖയിൽ പറയുന്നു.
സംരംഭങ്ങൾ തുടങ്ങാനുള്ള സഹായം എൻ.എം.ഡി.സി. നൽകും. കേരളബാങ്ക്, നബാർഡ്, നാഫെഡ്, എൻ.സി.ഡി.സി. തുടങ്ങിയവയുടെ സാമ്പത്തികസഹായം ഇതിനായി ലഭ്യമാക്കും.
എല്ലാ പഞ്ചായത്തിലും കോ-ഓപ് മാർട്ടുകൾ സ്ഥാപിക്കുന്നതോടെ, സഹകരണ ഇ-കൊമേഴ്സിലേക്ക് കടക്കാനാകുമെന്നും പദ്ധതിരേഖ പറയുന്നു. 15,000 സഹകരണ സംഘങ്ങളാണ് കേരളത്തിലുള്ളത്. ഓരോ സംഘത്തിനുകീഴിലും ഒരു കോ-ഓപ് മാർട്ട് തുടങ്ങിയാൽ സംസ്ഥാനത്തെ ഏറ്റവും വലിയ കൺസ്യൂമർ ശൃംഖലയായി ഇത് മാറുമെന്നാണ് കണക്കാക്കുന്നത്.
Content highlights: cooperative network for food products on the model of milma, N.M.D.C wiil Cordinate